'ദുര്‍ഘടകാലം പിന്നിട്ട് നമ്മള്‍ ആ സ്വപ്നത്തിന്റെ അരികിലെത്തുന്നു. അപ്രതീക്ഷിത കാലാവസ്ഥയും അതി കഠിന സാഹചര്യങ്ങളും മനുഷ്യ ജീവന് പോലും ഭീഷണിയായപ്പോള്‍ അതിനെ മനക്കരുത്തോടെ നേരിട്ടു.' രാജ്യത്തിന്റെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കപാതയായ ജനാസു തുരങ്കത്തിന്റെ നിര്‍ണായകഘട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്.

To advertise here,

വെറും തുരങ്ക നിര്‍മാണം എന്നതിനപ്പുറം ടണല്‍ ബോറിംഗ് മെഷീനിന്റെ (ടിബിഎം) ആദ്യ പരീക്ഷണ സൈറ്റ് കൂടിയായിരുന്നു ജനാസു. ഡിസംബറില്‍ യാത്രയ്ക്ക് തയ്യാറാവുന്ന തുരങ്കത്തിന്റെ അവസാന അറ്റവും തുരക്കുന്ന ജോലി (ടണൽ ബ്രേക്​ത്രൂ) ടിബിഎം പൂര്‍ത്തിയാക്കിയപ്പോള്‍ അതിന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവും സാക്ഷിയായിരുന്നു. ശേഷം മേജര്‍ ബ്രേക് ത്രൂവെന്ന് പറഞ്ഞ് റെയിൽവേ മന്ത്രിയും എക്സ് പോസ്റ്റിലൂടെ ജനാസുവിന്റെ വിശേഷം പങ്കുവെച്ചു.

ഋഷികേശ്-കര്‍ണപ്രയാഗ് ലൈനിന്റെ നിര്‍ണായക ഘട്ടം

ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാന പദ്ധതിയായ ഋഷികേശ്-കര്‍ണപ്രയാഗ് പദ്ധതിയില്‍  ജനാസുവിനും ദേവപ്രയാഗിനും ഇടയിലുള്ള ഭാഗത്താണ് ജനാസു തുരങ്കം വരുന്നത്. അതായത് 14.58 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടതുരങ്കം.  

കശ്മീര്‍ ലൈനിലെ, അല്ലെങ്കില്‍ ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് - യു.എസ്.ബി.ആര്‍.എല്‍) കത്ര-ബനിഹാല്‍ സെക്ഷനില്‍ ഖാരിക്കും സുംബര്‍ സ്റ്റേഷനുകള്‍ക്കും ഇടയിലുള്ള 12.75 കിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ തുരങ്കപാത. ജനാസു തുരങ്കം പൂര്‍ത്തിയാവുന്നതോടെ ഈ ബഹുമതി പുതിയ തുരങ്കത്തിന് ലഭിക്കും. 

ടണല്‍ ബോറിംഗ് മെഷീന്‍ (ടിബിഎം) ഉപയോഗിച്ച് റെയില്‍വേ വിജയകരമായി നടപ്പിലാക്കുന്ന ആദ്യ തുരങ്ക നിര്‍മാണമെന്ന പ്രത്യേകതയും ജനാസുവിനുണ്ട്. ഹിമാലയന്‍ ഭൂപ്രദേശത്ത് ആദ്യമായാണ് ടിബിഎമ്മിന്റെ ഉപയോഗം. കഠിനമായ പാറകളിലൂടെ തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേക യന്ത്രമാണ് ടിബിഎം. സ്ഫോടന രീതിയില്‍ നിന്ന് വ്യത്യസ്തമായി, ഇത് ചുറ്റുപാടുകള്‍ക്ക് നാശമുണ്ടാക്കുന്നില്ല എന്ന് മാത്രമല്ല തുരങ്കത്തിന്റെ ലൈനിംഗ് ചെലവുകളും കുറയ്ക്കും.  

placeholder
ജനാസു തുരങ്കത്തിന്റെ രൂപരേഖ

ടിബിഎമ്മിനൊപ്പം നിയന്ത്രിതവും ചെറുതോതിലുള്ളതുമായ ഖനനം നടത്താന്‍ കഴിയുന്ന ന്യൂ ഓസ്ട്രിയന്‍ ടണലിംഗ് മെത്തേഡും(എന്‍എടിഎം) ഇവിടെ ഉപയോഗിക്കുന്നുണ്ട്. നേരത്തെ കത്ര-ബനിഹാല്‍ ഭാഗത്ത് തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ എന്‍എടിഎം ഉപയോഗിച്ചിരുന്നു. ജനാസു തുരങ്കത്തില്‍ ടിബിഎം 10.4 കിലോമീറ്റര്‍ തുരങ്കം നിര്‍മിച്ചപ്പോള്‍, 4.11 കിലോമീറ്ററിലാണ് എന്‍എടിഎം ഖനനം ചെയ്തത്.

ഋഷികേശ്-കര്‍ണപ്രയാഗ് ലൈന്‍

ആകെ 125.20 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഋഷികേശ്-കര്‍ണപ്രയാഗ് റെയില്‍ ലിങ്ക് പദ്ധതി. ഇതില്‍ 83 ശതമാനവും അതായത് 104 കിലോമീറ്റര്‍ തുരങ്കങ്ങളാണ്. ഒറ്റവരി ബ്രോഡ്-ഗേജ് പാതയെന്ന പ്രത്യേകതയുമുണ്ട്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍, തെഹ്രി ഗഡ്വാള്‍, പൗരി ഗഡ്വാള്‍, രുദ്രപ്രയാഗ്, ചമോലി എന്നീ അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പാതയില്‍ 12 പുതിയ സ്റ്റേഷനുകളും 16 പ്രധാന തുരങ്കങ്ങളും 19 വലിയ പാലങ്ങളുമുണ്ട്. പദ്ധതിയുടെ ഒരു ഭാഗം 2020 മുതല്‍ പ്രവര്‍ത്തനക്ഷമമാണ്.

നിലവിലുള്ള വീര്‍ഭദ്ര സ്റ്റേഷനും യോഗ് നഗരി ഋഷികേശ് സ്റ്റേഷനും ഇടയിലുള്ള ആകെ 5.7 കിലോമീറ്റര്‍ ദൂരം 2020 മാര്‍ച്ചില്‍ പ്രവര്‍ത്തനസജ്ജമാവകയും ചെയ്തു . ജനാസു ടണലിന്റെ ജോലികള്‍ ഈ വര്‍ഷം ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കാമെന്നാണ് അധികൃതര്‍ കണക്കുകൂട്ടന്നത്. പദ്ധതിയുടെ ഒരു ഭാഗം 2020 മുതല്‍ പ്രവര്‍ത്തനക്ഷമമാണ്. നിലവിലുള്ള വീര്‍ഭദ്ര സ്റ്റേഷനും യോഗ് നഗരി ഋഷികേശ് സ്റ്റേഷനും ഇടയിലുള്ള ആകെ 5.7 കിലോമീറ്റര്‍ ദൂരം 2020 മാര്‍ച്ചില്‍ പ്രവര്‍ത്തനസജ്ജമാക്കി.

16 പ്രധാന തുരങ്കങ്ങള്‍ക്ക് പുറമേ, ഈ പദ്ധതിയില്‍ 97.72 കിലോമീറ്റര്‍ നീളമുള്ള 12 അടിയന്തര തുരങ്കങ്ങളും 7.05 കിലോമീറ്റര്‍ നീളമുള്ള ക്രോസ് പാസേജുകളുമുണ്ടാകും. തീപ്പിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടാവുന്ന സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് സുരക്ഷിതമായി രക്ഷപ്പെടാനാണ് പ്രധാന തുരങ്കത്തിന് സമാന്തരമായി  അടിയന്തര തുരങ്കങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

ഗംഗയിലും ചന്ദ്രഭാഗയിലും ഓരോന്നും അളകനന്ദയ്ക്ക് മുകളില്‍ മൂന്ന് പാലങ്ങളുമായി പദ്ധതിയില്‍ അഞ്ച് പ്രധാന പാലങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. പദ്ധതിയിലെ ഏറ്റവും നീളം കൂടിയ പാലം  നമ്പര്‍ 9 ശ്രീനഗര്‍ പാലമാണ്. ഇതിന് അര കിലോമീറ്റര്‍ നീളമുണ്ടാകും. ഏറ്റവും ഉയരം കൂടിയ പാലം ഗൗച്ചാര്‍ പാലമാണ്, 46.9 മീറ്ററാണ് ഇതിന്റെ ഉയരം.

placeholder
റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ജനാസു തുരുങ്കത്തിന് സമീപം | X.com

ഇത്രയും ദുഷ്‌കരമായ ഭൂപ്രദേശത്ത് ഒരു റെയില്‍വേ ലൈന്‍ നിര്‍മിക്കുക എന്നത് തങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നുവെന്നാണ് പദ്ധതി നടപ്പാക്കുന്ന റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ (ആര്‍വിഎന്‍എല്‍)  മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയത്. ഉയര്‍ന്ന പ്രദേശത്തേക്ക് നിര്‍മാണ, യന്ത്ര സാമഗ്രികള്‍  എത്തിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാന വെല്ലുവിളി. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയായതിനാല്‍ സാധനങ്ങളുടെ വിതരണം തടസ്സമില്ലാതെ കിട്ടിയാല്‍ മാത്രമേ ടണല്‍ ബ്രേക്ക്ത്രൂ വിചാരിച്ച രീതിയില്‍ നടത്താന്‍ കഴിയുകയൂള്ളൂ.

ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൂടെയും മാറിക്കൊണ്ടിരിക്കുന്ന ഭൗമ സാഹചര്യങ്ങളിലൂടെയും പ്രവര്‍ത്തനം നിലയ്ക്കാതെ ടണല്‍ ബോറിംഗ് മെഷീന്‍ മുന്നോട്ടുപോവുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും അത്യാവശ്യമായിരുന്നു. മണ്ണിടിച്ചില്‍, റോഡ് അടയ്ക്കല്‍ തുടങ്ങിയ കാലവര്‍ഷ പ്രശ്‌നങ്ങള്‍ കാരണം പലപ്പോഴും വലിയ തടസ്സങ്ങള്‍ നേരിട്ടുവെങ്കിലും ടണല്‍ ബ്രേക്ക് ത്രൂ വിജയകരമായി പൂര്‍ത്തിയാക്കാനായി എന്നതാണ് തങ്ങളെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ കാര്യമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ പാതയിലൂടെയായിരുന്നു നിര്‍മാണ സാമഗ്രികള്‍ എത്തിച്ചത്‌. 2014 മുതല്‍ ഇതുവരെ ആകെ 468.08 കിലോമീറ്ററില്‍ തുരങ്ക നിര്‍മാണമാണ് റെയില്‍വേ പൂര്‍ത്തിയാക്കിയത്. അതുവരെയുണ്ടായ 125 കിലോമീറ്റര്‍ തുരങ്ക നിര്‍മാണമാണ് 3.7 ഇരട്ടിയായി വര്‍ധിപ്പിച്ചതെന്നും റെയില്‍വേ അവകാശപ്പെടുന്നുണ്ട്. മണാലി-ലേ ഹൈവേയിലെ 9.02 കിലോമീറ്റര്‍ നീളമുള്ള, അടല്‍ തുരങ്കമാണ് ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം.

ലക്ഷ്യം തീര്‍ഥാടനവും സാമ്പത്തിക സാധ്യതയും 

ഹിമാലയത്തിലെ തുരങ്ക നിര്‍മാണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി വിദഗ്ധര്‍ നിരവധി ആശങ്കകള്‍ ഉന്നയിച്ചിരുന്നുവെങ്കിലും യാത്രാസമയവും ചെലവും കുറച്ച് മലയോര പ്രദേശങ്ങളിലേക്ക് യാത്രാസൗകര്യം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിലെ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇത് സംസ്ഥാനത്തെ പുതിയ വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ വികസനത്തിന് സഹായിക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

വ്യവസായ വികസനത്തിന് പുറമെ പ്രദേശത്തെ കുടില്‍ വ്യവസായങ്ങള്‍ക്കും അവസരങ്ങള്‍ തുറക്കുകയും ഇത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും വിനോദസഞ്ചാര സാധ്യതകളെയും പുരോഗതിയിലെത്തിക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ദേവപ്രയാഗ്, ശ്രീനഗര്‍, രുദ്രപ്രയാഗ്, ഗൗച്ചാര്‍, കര്‍ണപ്രയാഗ് തുടങ്ങിയ പ്രധാന സ്ഥലങ്ങളെ ഇത് ബന്ധിപ്പിക്കുകയും ചെയ്യും. 

ചാര്‍ധാം യാത്രയില്‍ നിര്‍ണായകം

വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന ചാര്‍ധാം തീര്‍ഥാടനത്തെ കാര്യമായി സ്വാധീനിക്കുന്നതാണ് ഋഷികേശ്-കര്‍ണപ്രയാഗ് ലൈന്‍. ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനേത്രി എന്നീ പുണ്യസ്ഥലങ്ങളിലേക്കുള്ള ഈ യാത്രയില്‍ യാത്രാദൈര്‍ഘ്യം വലിയ രീതിയില്‍ കുറയ്ക്കാനാവും. ഈ റെയില്‍പാത യാഥാര്‍ഥ്യമാകുന്നതോടെ റോഡ് മാര്‍ഗം നിലവില്‍ ആറും ഏഴും മണിക്കൂർ എടുക്കുന്ന യാത്ര രണ്ട് മണിക്കൂറായി കുറയ്ക്കാനാവുമെന്ന് റെയില്‍വേ പറയുന്നു. ഇതുവരെ 70 ശതമാനത്തോളം ജോലിയും പൂര്‍ത്തിയായിയിട്ടുണ്ട്. ഡിസംബര്‍ 2026 ഓടെ പദ്ധതി പൂര്‍ണമായും നാടിന് സമര്‍പ്പിക്കാനാവുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നുണ്ട്. പലപ്പോഴും മണ്ണിടിച്ചിലും പ്രളയക്കെടുതിയുമൊക്കെയായി ഏറെ അപകടം പിടിച്ചതാണ്  റോഡ് വഴിയുള്ള ചാര്‍ധാം യാത്ര. എന്നാല്‍, റെയില്‍പാത പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സുരക്ഷിതമായ യാത്ര തീര്‍ഥാടകര്‍ക്ക് ഒരുക്കാന്‍  ഈ പദ്ധതിയിലൂടെ സാധിക്കും.