റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരേ ഇറക്കുമതിത്തീരുവ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ മറുപടി പറഞ്ഞത് ശക്തമായ ഭാഷയിലാണ്. മാന്യവും പക്വവുമായ ഭാഷയിലായിരുന്നു മറുപടിയെങ്കിലും 'ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം' എന്നു വ്യാഖ്യാനിക്കാവുന്ന പ്രതികരണം. ചൊവ്വാഴ്ച ഇന്ത്യയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ സന്ദര്‍ശനത്തിന് മോസ്‌കോയിലെത്തി. ഈ മാസം തന്നെ വിദേശമന്ത്രി എസ്. ജയശങ്കറിന്റെ സന്ദര്‍ശനവുമുണ്ടാവും. അമേരിക്കയ്ക്ക് ഇന്ത്യ നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്!

To advertise here,

ഇത്രയും രൂക്ഷമായി ഒരു വന്‍ശക്തിയോട് ഇന്ത്യ പ്രതികരിച്ചത് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ അത്യപൂര്‍വം. ആഗോള ഭൗമരാഷ്ട്രീയത്തില്‍ ഘടനാപരമായ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന തുടക്കമായി ഇന്ത്യയുടെ പ്രഖ്യാപനത്തെ കരുതുന്നവരുണ്ട്. ഏഷ്യയിലും ആഫ്രിക്കയിലുമുള്ള വികസ്വരരാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ഉറച്ച നിലപാട് പ്രചോദനമാവും.

റഷ്യയില്‍ നിന്നും തുടര്‍ന്നും എണ്ണ വാങ്ങിയാല്‍ ആഗസ്ത് ഏഴിന് നിലവില്‍ വരുന്ന 25 ശതമാനം അധികത്തീരുവയ്ക്കു പുറമേ പിഴത്തീരുവ ചുമത്തുമെന്നാണ് ട്രംപ് സ്വന്തം പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പ്രഖ്യാപിച്ചത്. അതു പോസ്റ്റു ചെയ്ത് ഒന്നര മണിക്കൂറിനുള്ളിലായിരുന്നു ഇന്ത്യയുടെ പ്രതികരണം. പ്രധാനമന്ത്രിയും വിദേശമന്ത്രിയുമൊക്കെ അറിഞ്ഞെടുത്ത തീരുമാനമെന്നതും വ്യക്തമാണ്. തങ്ങളെ ലക്ഷ്യം വെക്കുന്നത് 'അന്യായവും യുക്തിക്കു നിരക്കാത്തതുമാണെന്ന്' വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയം അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും സ്വീകരിക്കുന്ന നിലപാടുകളിലെ കാപട്യം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി. ഒരുതരത്തില്‍ പറഞ്ഞാല്‍ അമേരിക്ക നയിക്കുന്ന ഏകധ്രുവലോകക്രമത്തില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഇന്ത്യ നടത്തിയത്.

സാമ്പത്തികവും സൈനികവുമായ മേധാവിത്വം ഉപയോഗിച്ച് സ്വന്തം വിദേശനയ അജണ്ടകള്‍ മറ്റുരാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ അമേരിക്ക വിദഗ്ധരാണ്. ഒപ്പം നില്‍ക്കാത്തവരെ ഉപരോധം കൊണ്ട് വെള്ളം കുടിപ്പിക്കും, കുത്തുപാളയെടുപ്പിക്കും. ഭീകരതയ്‌ക്കെതിരായ യുദ്ധകാലത്ത് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞു, 'ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം, അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെ.' ഇപ്പോഴും ഏതാണ്ട് അതുതന്നെയാണ് അമേരിക്കയുടെ ചിന്താപദ്ധതി. അങ്ങനെ നോക്കുമ്പോള്‍ റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുകയും അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഇസ്രയേലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുകയും അമേരിക്ക ഉള്‍പ്പെട്ട ക്വാഡിലും വികസ്വരരാജ്യ കൂട്ടായ്മയായ ബ്രിക്‌സിലും അംഗമായിരിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ തന്ത്രപരമായ സ്വതന്ത്രനിലപാട് അമേരിക്കയ്ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല.

അതൊടൊപ്പം അവരെ ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണ് ആഗോളരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് ഉണ്ടായി വരുന്ന നേതൃസ്ഥാനം (ജി-20, ബ്രിക്‌സ് കൂട്ടായ്മകളില്‍ അതു വ്യക്തമാണ്.) അതിനാലാണ്  റഷ്യന്‍ എണ്ണയില്‍ ഇന്ത്യയെ തള്ളിയിടാന്‍ അവര്‍ ശ്രമിക്കുന്നത്. 

placeholder
ഡൊണാള്‍ഡ് ട്രംപ് | AFP

ഉപരോധത്തിന്റെ ചരിത്രപാഠങ്ങളും റഷ്യന്‍ എണ്ണയും

തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടെടുക്കുന്ന രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനും ഒറ്റപ്പെടുത്താനും അമേരിക്ക ഉപയോഗിക്കുന്ന ആയുധമാണ് ഉപരോധങ്ങള്‍. ഇറാനില്‍ ഇസ്ലാമിക ഭരണകൂടം വന്നതോടെ അവരുടെ എണ്ണ കയറ്റുമതിയേയും സാമ്പത്തികമേഖലയെയും മറ്റും ലക്ഷ്യംവെച്ച് നിരവധി ഉപരോധങ്ങളുടെ ശൃംഖല തന്നെ അമേരിക്ക അടിച്ചേല്‍പ്പിച്ചു. ഇറാനിയന്‍ സമ്പദ്‌വ്യവസ്ഥയെ ചങ്ങലക്കിടാനും അതിന്റെ പ്രാദേശികപ്രവര്‍ത്തനങ്ങളെയും തളര്‍ത്താനും ആണവപദ്ധതി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാക്കാനും വേണ്ടിയായിരുന്നു അത്. സാമ്രാജ്യത്വവിരുദ്ധവും സ്വതന്ത്രവുമായ നിലപാട് കൈക്കൊണ്ട ക്യൂബയും വെനസ്വേലയും പോലുള്ള രാജ്യങ്ങള്‍ക്കെതിരേ അമേരിക്ക കൈക്കൊണ്ട കടുത്ത നടപടികള്‍ ആ രാജ്യങ്ങളില്‍ സാമ്പത്തികദുരിതവും രാഷ്ട്രീയ അസ്ഥിരതയും വിതച്ചു.

ഈ തീരുമാനങ്ങള്‍ ഇന്ത്യയെയും പരോക്ഷമായി ബാധിച്ചു. 2019-ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇന്ത്യയ്ക്ക് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെക്കേണ്ടി വന്നു. ഇറാനെതിരായ അമേരിക്കന്‍ ഉപരോധങ്ങളായിരുന്നു കാരണം. അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം നിലനിര്‍ത്തുന്നതിന് ആ പിന്‍മാറ്റം അന്ന് അത്യാവശ്യമായിരുന്നു. അതുപോലെ, വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കന്‍ ഉപരോധം കാരണം അവിടത്തെ എണ്ണക്കമ്പനികളില്‍ നടത്തിയ നിക്ഷേപം ഇന്ത്യക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇറാനിലെന്ന പോലെ, അതും ഇന്ത്യയ്ക്ക് ഗണ്യമായ സാമ്പത്തികനഷ്ടം ഉണ്ടാക്കി. ഉപരോധത്തിന്റെ കാര്യത്തില്‍ അമേരിക്കയ്ക്ക് സ്ഥിരതയുള്ള ഒരു നയമില്ലെന്ന് ഇന്ത്യയ്ക്ക് പിന്നീട് ബോധ്യമായി. ബൈഡന്‍ ഗവണ്‍മെന്റ് വെനസ്വേലയ്ക്ക് മേലുള്ള ഉപരോധത്തില്‍ ഇളവ് വരുത്തുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തു. ഈ അനുഭവം റഷ്യയുമായുള്ള എണ്ണവ്യാപാരത്തില്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഇന്ത്യയ്ക്ക് പ്രേരകമായിക്കാണണം.

റഷ്യന്‍ എണ്ണയ്ക്കു മേല്‍ ഉപരോധമല്ല, ജി-7- യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലനിയന്ത്രണം മാത്രമാണുള്ളത്. അത് മുതലെടുത്താണ് ഇന്ത്യ എണ്ണ ഇറക്കുമതി ഊര്‍ജിതപ്പെടുത്തിയത്. 2022-ല്‍ ആരംഭിച്ച റഷ്യ-യുക്രെയിന്‍ യുദ്ധത്തിന് ശേഷമാണ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഗണ്യമായി വര്‍ധിച്ചത്. ഇപ്പോള്‍ ഇന്ത്യയ്ക്കു വേണ്ട എണ്ണയുടെ ഏതാണ്ട് 35 ശതമാനവും അവിടെ നിന്നാണ്. പാശ്ചാത്യ ഉപരോധം കാരണം റഷ്യന്‍ എണ്ണയ്ക്ക് വലിയ തോതില്‍ വിലകുറക്കേണ്ടി വന്നത് ഇന്ത്യയ്ക്ക് സഹായമായി. ആഭ്യന്തര ഇന്ധനവിലയെ പിടിച്ചുനിര്‍ത്താന്‍ റഷ്യന്‍ ഇറക്കുമതി സഹായകമായി, ഇന്ത്യയുടെ ഇന്നത്തെ പണപ്പെരുപ്പ നിരക്ക് വെറും 2.1 ശതമാനമാണ്! അമേരിക്കയുടേത് 2.7 ശതമാനവും.

placeholder
Ajit Doval
അജിത് ഡോവല്‍  | Photo: pti

ഇന്ത്യയുടെ മറുപടിയും പാശ്ചാത്യരുടെ ഇരട്ടത്താപ്പും

ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന റഷ്യയില്‍ നിന്നും ഇന്ത്യ ക്രൂഡ് പെട്രോളിയം വാങ്ങുന്നതിനു പിന്നിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നു. യുക്രെയിന്‍ യുദ്ധം ആരംഭിച്ചശേഷം പരമ്പരാഗതമായ എണ്ണവിതരണ ശൃംഖലകള്‍ യൂറോപ്പിലേക്കു മാറി. ആഗോള ഊര്‍ജവിപണിയെ ശക്തിപ്പെടുത്തുന്നതിന് റഷ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ അമേരിക്ക പ്രോത്സാഹിപ്പിച്ചിരുന്നു എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക സുരക്ഷയും രാജ്യതാല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ ഇന്ത്യ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പ്രസ്താവന പറയുന്നു.

ഒഴിച്ചുകൂടാന്‍ പാടില്ലാത്ത സാഹചര്യമില്ലാതിരുന്നിട്ടും റഷ്യയുമായി വ്യാപാരം നടത്തുന്നവരാണ് തങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടുന്നതെന്ന് കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നു ഇന്ത്യ. 2024-ല്‍ റഷ്യയുമായി യൂറോപ്യന്‍ യൂണിയന്‍ 67.5 ബില്യന്‍ യൂറോയുടെ വ്യാപാരം നടത്തി. 2023-ല്‍ 27.3 യൂറോ മൂല്യമുള്ള സേവനവ്യാപാരം നടത്തി. ഇത് ഇന്ത്യ- റഷ്യന്‍ വ്യാപാരത്തേക്കാള്‍ വലിയ തുകയാണ്. റഷ്യയില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതിയില്‍ ഇ.യു. 2024-ല്‍ റെക്കോഡിട്ടു- 16.5 ദശലക്ഷം ടണ്‍. എണ്ണ മാത്രമല്ല, മറ്റു നിരവധി റഷ്യന്‍ ഉല്‍പ്പന്നങ്ങളും യൂറോപ്പ് വാങ്ങിക്കൊണ്ടിരിക്കുന്നു- പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയെയും പ്രസ്താവന വെറുതെ വിടുന്നില്ല. ആണവവ്യവസായത്തിനു വേണ്ട യുറേനിയം ഹെക്‌സാഫ്‌ളൂറൈഡ്, വൈദ്യുതവാഹന വ്യവസായത്തിനായി പലേഡിയം എന്നിവ കൂടാതെ രാസവളങ്ങളും രാസവസ്തുക്കളും റഷ്യയില്‍ നിന്ന് അമേരിക്ക ഇറക്കുമതി ചെയ്യുന്നുണ്ട്. പാശ്ചാത്യരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കുന്ന പ്രസ്താവന ഇപ്പോഴത്തെ അമേരിക്കന്‍, പാശ്ചാത്യ നീക്കങ്ങള്‍ക്കു പിന്നില്‍ അവരുടെ സ്വാര്‍ത്ഥത മാത്രമാണെന്നു വ്യക്തമാക്കുന്നു. ആഗസ്ത് ഒമ്പതിനകം റഷ്യ, യുക്രെയിനുമായി സമാധാനക്കരാറുണ്ടാക്കിയില്ലെങ്കില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം അധികത്തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

placeholder
ഡോണാൾഡ് ട്രംപ്, വ്ലാദിമിർ പുതിൻ | Photo: Getty Images

ഇന്ത്യയുടെ നിലപാടും ലോകവും

രാജ്യത്ത് എണ്ണവിതരണത്തില്‍ തടസ്സമുണ്ടാകും എന്ന തരത്തിലെ ആശങ്കകളെ ഇന്ത്യയുടെ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തള്ളിക്കളഞ്ഞു. ഇന്ത്യ 40 രാജ്യങ്ങളില്‍ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാല്‍ മറ്റു വിതരണക്കാരിലേക്ക് അതിവേഗത്തില്‍ മാറാനാകുമെന്ന് അദ്ദേഹം അറിയിച്ചു. അമേരിക്കയില്‍ നിന്നടക്കം ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. എങ്കിലും പൂര്‍ണ്ണമായി റഷ്യന്‍ എണ്ണയെ മാറ്റിനിര്‍ത്തുന്നത് ഇന്ത്യയുടെ ഇറക്കുമതി ബില്ല് ഒരു വര്‍ഷം 9 മുതല്‍ 11 ബില്യണ്‍ വരെ ഡോളര്‍ കണ്ട് വര്‍ധിപ്പിക്കും. ഡോവലിന്റെ സന്ദര്‍ശനത്തിനിടെ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വില ഇന്ത്യക്കായി കൂടുതല്‍ കുറയ്ക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും നടന്നേക്കും. കഴിഞ്ഞയാഴ്ച വിലക്കൂടുതല്‍ കാരണം ഇന്ത്യയിലെ പൊതുമേഖലാ കമ്പനികള്‍ റഷ്യന്‍ ക്രൂഡ് വാങ്ങാതിരുന്നത് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു.

ഈ വര്‍ഷം വരെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആറര മുതല്‍ ഏഴുശതമാനം വരെ വളരുമെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. അതിനാല്‍ അമേരിക്കയുടെ അധികത്തീരുവകള്‍ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല. അമേരിക്കയില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞേക്കാം. പക്ഷേ, ഇന്ത്യയുടെ വൈവിധ്യവല്‍ക്കരിക്കപ്പെട്ട കയറ്റുമതി കമ്പോളങ്ങള്‍- യൂറോപ്യന്‍ യൂണിയനും മിഡിലീസ്റ്റും തെക്കുകിഴക്കനേഷ്യയും ഉള്‍പ്പെടെയുള്ളവ- ആഘാതത്തെ കുറയ്ക്കും. കയറ്റുമതിക്കാരെ സംരക്ഷിക്കാനായി 20,000 കോടി രൂപയുടെ പദ്ധതി തയ്യാറാവുന്നതായി റിപ്പോര്‍ട്ടുണ്ട്. ആഭ്യന്തര ഉല്‍പാദനത്തെ ശക്തിപ്പെടുത്താനും സ്വദേശിമനോഭാവം വളര്‍ത്താനും ഇന്ത്യന്‍ സര്‍ക്കാര്‍ കാര്യമായി ശ്രമിക്കുന്നുണ്ട്.

ഈയിടെ പുറത്തുവന്ന നിരവധി സാമ്പത്തിക വിശകലനങ്ങള്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണയ്ക്കുന്നതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പുറത്തിറക്കിയ റിപ്പോര്‍ട്ട് അധികത്തീരുവ ഇന്ത്യയെക്കാള്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. നടപടി അമേരിക്കയുടെ ജിഡിപിയില്‍ വലിയ കുറവുണ്ടാക്കുകയും പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുകയും ഡോളറിന്റെ മൂല്യം കുറയ്ക്കുകയും ചെയ്യുമെന്നും സാധാരണ അമേരിക്കന്‍ കുടുംബങ്ങളിലെ സാമ്പത്തിക ബാധ്യത കാര്യമായി കൂട്ടുമെന്നും അത് പറയുന്നു. അതേസമയം, കയറ്റുമതി കമ്പോളങ്ങളെ വൈവിധ്യവല്‍ക്കരിച്ചതിനാല്‍ ഇന്ത്യയിലെ പ്രത്യാഘാതം കുറയും. അമേരിക്കയില്‍ മരുന്നുക്ഷാമവും മരുന്നുവില വര്‍ദ്ധനവും ഉണ്ടാകാനുള്ള സാധ്യതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയ്ക്ക് ആവശ്യമായ മരുന്നുകളുടെ 47 ശതമാനം ഇന്ത്യയില്‍ നിന്നാണ് എത്തുന്നത്.

പ്രശസ്ത നിക്ഷേപകന്‍ വാറന്‍ ബഫറ്റിന്റെ ധനകാര്യസ്ഥാപനമായ ബെര്‍ക്ക്ഷയര്‍ ഹാഥവേ ട്രംപിയന്‍ നീക്കങ്ങളുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരുവകള്‍ വര്‍ധിക്കുന്നത് ആഗോളകമ്പോളത്തെ തടസപ്പെടുത്തുകയും അമേരിക്കന്‍ കമ്പനികളെ ക്ഷീണിപ്പിക്കുകയും ചെയ്യും എന്നാണ് ഹാഥവേ പറയുന്നത്. അമേരിക്കന്‍ വ്യവസായങ്ങളില്‍ ഗണ്യമായ നിക്ഷേപമുള്ള ഹാഥവേ, അമേരിക്കയുടെ വ്യാപാരപങ്കാളികള്‍ പ്രതികാരനടപടികള്‍ സ്വീകരിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നു. സമീപകാലത്ത് അമേരിക്കന്‍ ഓഹരിവിപണിയിലെ വലിയ തോതിലുള്ള ചാഞ്ചാട്ടം ഉല്‍ക്കണ്ഠകളുടെ പ്രതിഫലനമാണ്. ഇന്ത്യയ്ക്കു മേലുള്ള അധികതീരുവകള്‍ അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് മേലുള്ള നികുതിഭാരമാകും, ആഗോള വിപണികളെ തടസ്സപ്പെടുത്തും എന്ന് വാറന്‍ ബഫറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാനഡയിലെ ബിസിനസുകാരനായ കിര്‍ക്ക് ല്യൂബിമോഫ് ഇന്ത്യയെ ലക്ഷ്യം വെക്കുന്ന തീരുവകള്‍ 'കണക്കൂട്ടലിലെ വലിയ പിഴവാണ്' എന്നും തന്ത്രപരമായ ആത്മഹത്യയാണ് എന്നും അഭിപ്രായപ്പെട്ടിരുന്നു.

'ആഗോളതലത്തിലെ ഭൗമ രാഷ്ട്രീയമാറ്റത്തിന്റെ സ്വാഭാവിക ഗതിയെ മാറ്റിമറിക്കാന്‍ ആര്‍ക്കുമാവില്ല' എന്ന് റഷ്യയുടെ വിദേശകാര്യ വക്താവ് മരിയ സഖാറോവ് മുന്നറിയിപ്പു നല്‍കി.. അമേരിക്കയുടെ സാമ്പത്തികസമ്മര്‍ദ്ദം ഒരു നിയോകൊളോണിയല്‍ അജണ്ടയുടെ ഭാഗമാണെന്നും സ്വതന്ത്രമാര്‍ഗ്ഗം സ്വീകരിക്കുന്ന രാജ്യങ്ങളെ അടിച്ചമര്‍ത്താനുള്ള രാഷ്ട്രീയപ്രേരിത നീക്കമാണെന്നും അവര്‍ പറയുന്നു. റഷ്യയില്‍ നിന്നും ഇത്തരമൊരു പ്രസ്താവന സ്വാഭാവികമാണെങ്കിലും അതിനോട് യോജിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടുതലായിരിക്കും. ദക്ഷിണകൊറിയയെ പോലുള്ള ചില രാജ്യങ്ങള്‍ ഇന്ത്യയുടെ മാതൃക സ്വീകരിക്കാന്‍ ശ്രമിക്കുന്നു. നൈജീരിയയും ദക്ഷിണാഫ്രിക്കയും ബ്രസീലും മെക്‌സിക്കോയും വിയത്‌നാമും ഇന്‍ഡോനേഷ്യയുമൊക്കെ എണ്ണ വാങ്ങലില്‍ ഇന്ത്യ കൈക്കൊണ്ട വൈവിധ്യവല്‍ക്കരണം അനുകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. റഷ്യയും ചൈനയും ഇന്ത്യയുടെ നീക്കത്തെ അനുകൂലിക്കുന്നവരാണെന്ന് പറയേണ്ടല്ലോ.

ട്രംപിന്റെ തീരുവഭീഷണികള്‍ ഏറ്റവുമധികം കേള്‍ക്കേണ്ടി വന്ന ചൈന ഒരിക്കലും രാജ്യത്തിന്റെ പരമാധികാരം വിട്ട് കളിക്കാനോ സാമ്പത്തിക സുരക്ഷയെ കൈവിടാണോ തയ്യാറായിട്ടില്ല. ഈയിടെ നടന്ന വ്യാപാരചര്‍ച്ചകള്‍ക്ക് ശേഷം ചൈനീസ് വിദേശമന്ത്രാലയം തങ്ങള്‍ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു. 100 ശതമാനം അധികതീരുവ ഭീഷണി നേരിടുന്ന സമയത്താണ് അവരുടെ ഈ പ്രസ്താവന. ഇന്ത്യയെപ്പോലെ റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യമാണെങ്കിലും അവരുമായിട്ടുള്ള ഇടപാടുകളില്‍ കുറവ് വരുത്തിയിട്ടില്ല.

സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും പിടിച്ചുനില്‍ക്കാനും വേണ്ടിവന്നാല്‍ തിരിച്ചടിക്കാനും ഉള്ള ശേഷിയാണ് ചൈനയ്ക്ക് ആത്മവിശ്വാസം പകരുന്നത്. ഇന്ത്യയുടെ കാര്യത്തിലെന്ന പോലെ, വിശാലമായ ആഭ്യന്തരവിപണി ചൈനയുടെ ശക്തിയാണ്. പോരാത്തതിന്, അപൂര്‍വമൂലകങ്ങളുടെയും വിതരണശൃംഖലകളുടെയും കാര്യത്തിലുള്ള ആഗോള കുത്തകയുണ്ട്. ഇതു രണ്ടും അവര്‍ വിജയകരമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. അതിനാല്‍ ഉയര്‍ന്ന തീരുവകള്‍ ഒഴിവാക്കാന്‍ ചര്‍ച്ച നടത്തേണ്ടത് അമേരിക്കയുടെ ആവശ്യമാണ്! ഇത്രയും നാടകീയമായ ഭീഷണികള്‍ മുഴക്കിയിട്ടും ട്രംപിന്റെ പ്രത്യേകദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഈയാഴ്ച മോസ്‌കോയില്‍ ചര്‍ച്ചകള്‍ക്കായി പോകുന്നുണ്ട്. വര്‍ത്തമാനം വേറെ, കാര്യം വേറെ. ഈ മാസം ഡല്‍ഹിയില്‍ നടക്കുന്ന വ്യാപാരക്കരാര്‍ ചര്‍ച്ചകളിലും ഇതു കണ്ടേയ്ക്കാം. കൈയൂക്കും ചങ്കുറപ്പും ഉണ്ടെങ്കില്‍ മാത്രമേ ട്രംപിനെ നിലയ്ക്കു നിര്‍ത്താനാവൂ!