
മുഹമ്മദ് യൂനുസ് സാഹിർ ഷംഷാദ് മിർസയ്ക്ക് ആർട്ട് ഓഫ് ട്രയംഫ് സമ്മാനിക്കുന്നു | Photo: PTI
പാകിസ്താനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിൽ സർ ക്രീക്കിനരികിൽ ത്രിശൂൽ 2025 എന്നു പേരിട്ട വലിയ യുദ്ധാഭ്യാസത്തിനു തയ്യാറെടുക്കുകയാണ് ഇന്ത്യ. ഇരുപതിനായിരം സൈനികരെ അണിനിരത്തുന്ന ഈ പരിശീലനത്തിൽ കര, നാവിക, വ്യോമസേനാ വിഭാഗങ്ങൾ പങ്കെടുക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ നടത്തുന്ന ഈ വൻകിട സൈനികാഭ്യാസം മറ്റൊരു അപ്രതീക്ഷിത ആക്രമണത്തിന്റെ മുന്നോടിയാണോ എന്ന് സംശയിച്ച് (ഭയന്ന്!) പാകിസ്താൻ വലിയ ജാഗ്രതയിലാണ്. മേഖലയിൽ രണ്ടു ദിവസത്തേക്ക് നോട്ടാം (NOTAM, നോട്ടീസ് ടു എയർമെൻ) പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ വലിയ വ്യോമമേഖലകളിൽ പാകിസ്താൻ നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യയിലെ ഗുജറാത്തിനും പാകിസ്താനിലെ സിന്ധ് പ്രവിശ്യയ്ക്കും ഇടയിലെ 96 കിലോമീറ്റർ ദൈർഘ്യമുള്ള ചതുപ്പുപ്രദേശമാണ് സർ ക്രീക്ക്. ഈ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുന്നു. മേഖലയിൽ പാകിസ്താൻ വലിയ തോതിൽ സൈനികസന്നാഹം ഒരുക്കുന്നുവെന്നും നിലമറന്ന് കളിച്ചാൽ പാകിസ്താന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ മാറ്റിയെഴുതുമെന്നും ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മുന്നറിയിപ്പു നൽകിയത് ഏതാനും ആഴ്ചകൾക്കു മുമ്പാണ്. അതിന്റെ പിന്നാലെ വരുന്ന ഈ സംയുക്ത സൈനികാഭ്യാസം പലതരത്തിലുള്ള അഭ്യൂഹങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
ഒക്ടോബർ 30 മുതൽ 12 ദിവസം അരങ്ങേറുന്ന ഈ യുദ്ധാഭ്യാസത്തിൽ ഇന്ത്യയുടെ അത്യാധുനിക ആയുധങ്ങളും സാങ്കേതികവിദ്യകളും യുക്രൈൻ, ഗാസാ യുദ്ധങ്ങളിൽ നിന്നും ഓപ്പറേഷൻ സിന്ദൂരിൽ നിന്നും പഠിച്ച പാഠങ്ങളും പരിഹാരങ്ങളുമൊക്കെ പരീക്ഷിക്കും. അതിവേഗത്തിലുള്ള തിരിച്ചടിയും ആക്രമണവും മാത്രമല്ല, ഡ്രോൺ ബറ്റാലിയനും ഭൈരവ് കമാൻഡോകളും പോലുള്ള പുതിയ ആശയങ്ങളും ഏകോപനതന്ത്രങ്ങളുമൊക്കെ പയറ്റി യുദ്ധസന്നദ്ധത പരിശോധിച്ച് ഉറപ്പു വരുത്തുകയും ത്രിശൂലിന്റെ ലക്ഷ്യമാണ്. ഇത് വർഷംതോറുമുള്ള പതിവ് അഭ്യാസമാണെന്ന് ഇന്ത്യ പറയുന്നുണ്ടെങ്കിലും പാകിസ്താന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാണ്. അവർ മേഖലയിലേക്ക് നാവികമേധാവിയെ അയച്ചതും നാലു ബറ്റാലിയനുകളെ നിയോഗിച്ചതുമാണ് തെളിയിക്കുന്നത്. ആഭ്യന്തരപ്രശ്‌നങ്ങളും തെഹ്‌രീകെ താലിബാനും (ടിടിപി) ബലൂച് ലിബറേഷൻ ആർമിയുമായും (ബിഎൽഎ) നടക്കുന്ന ഏറ്റുമുട്ടലുകളും കാരണം സ്വൈരം നഷ്ടമായ പാകിസ്താന് സർ ക്രീക്കിലെ ഇന്ത്യൻ സൈനികാഭ്യാസം ചങ്കിടിപ്പ് കൂട്ടുന്നു.
ത്രിശൂലിൽ പൊതുശ്രദ്ധ പതിഞ്ഞിരിക്കുന്ന സമയത്ത് ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ രാജ്യത്തിന്റെ സുരക്ഷാസംവിധാനങ്ങൾക്ക് ഉൽക്കണ്ഠയുണ്ടാക്കുന്ന നിരവധി സംഭവങ്ങൾ അരങ്ങേറുകയാണ്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസ് പാകിസ്താന്റെ സംയുക്ത സൈനികാധ്യക്ഷസമിതിയുടെ മേധാവി ജനറൽ സഹീർ ഷംഷാദ് മിർസയ്ക്ക് ഒരു പുസ്തകം സമ്മാനിച്ചു. അതിന്റെ കവറിലെ ബംഗ്ലാദേശിന്റെ ഭൂപടത്തിൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. മറ്റൊരു സംഭവം വിവാദ ഇസ്ലാമിസ്റ്റ് പ്രഭാഷകൻ സാക്കിർ നായിക്കിന് വിലക്കു നീക്കിയതാണ്. അടുത്ത മാസം അയാൾ ബംഗ്ലാദേശിൽ പര്യടനത്തിന് എത്തിയേക്കും. സമീപകാലത്ത് അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ ഒരു പ്രധാന ഉദ്യേഗസ്ഥനും മൂന്ന് അമേരിക്കൻ സൈനിക കരാറുകാരും ഒരു ഐഎസ്‌ഐ ഓഫീസറുമൊക്കെ ദുരൂഹ സാഹചര്യത്തിൽ ബംഗ്ലാദേശിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. ഇന്ത്യാവിരുദ്ധശക്തികളുടെ വിളനിലമാവുകയാണ് 1971-ൽ ഇന്ത്യ വിമോചിപ്പിച്ച ഈ രാജ്യം.
വടക്കുകിഴക്കൻ മേഖലയും ബംഗ്ലാദേശും
ജനറൽ മിർസയ്ക്ക് യൂനുസ് സമ്മാനിച്ച 'മഹാബംഗ്ലാദേശി'ന്റെ ഭൂപടത്തിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയതിൽ അത്ഭുതപ്പെടേണ്ടതില്ല. അധികാരത്തിലെത്തിയശേഷം യൂനുസ് കൈക്കൊള്ളുന്ന ഇന്ത്യാവിരുദ്ധ, പാക്-ചൈനാ അനുകൂലനിലപാടിന്റെ തുടർച്ചയാണത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് കടൽത്തീരമില്ലെന്നും ബംഗാൾ ഉൾക്കടലിന്റെ കാവലാൾ തങ്ങളാണെന്നും കഴിഞ്ഞ ഏപ്രിലിൽ ചൈനീസ് സന്ദർശനത്തിനിടെ യൂനുസ് പ്രസ്താവിച്ചിരുന്നു. മാത്രമല്ല, മേഖലയിലേക്ക് ചൈനീസ് താൽപ്പര്യങ്ങൾ വ്യാപിപ്പിക്കാൻ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.
ഇതാദ്യമല്ല ഇത്തരം പ്രകോപനങ്ങൾ. പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ ഭീകരർ വധിച്ച സംഭവത്തെ തുടർന്ന് ഇന്ത്യ പാകിസ്താനെ ആക്രമിച്ചാൽ ചൈനയുടെ സഹായത്തോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അധിനിവേശം നടത്തണമെന്ന് യൂനുസിന്റെ വിശ്വസ്തനായ മേജർ ജനറൽ ഫസ്ലുർ റഹ്മാൻ പറഞ്ഞിരുന്നു. ഇത്തരം ഇന്ത്യാവിരുദ്ധ ആശയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കരമാർഗം ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്ത് എന്നു വിളിക്കപ്പെടുന്ന സിലിഗുരി ഇടനാഴിയെ വിച്ഛേദിക്കാനുള്ള പദ്ധതി. ഇന്ത്യയുടേതിനെക്കാൾ ദുർബലമായ രണ്ടു കോഴിക്കഴുത്തുകൾ ബംഗ്ലാദേശിനുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ മുന്നറിയിപ്പു നൽകിയിരുന്നു. ചിക്കൻനെക്കിനെ ഒഴിവാക്കി ബംഗ്ലാദേശ് തൊടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ കണക്ടിവിറ്റി നൽകുന്ന കലാദാൻ പദ്ധതി (കെഎംഎംടിടിപി- കൊൽക്കത്തയിൽ നിന്നും മ്യാൻമർ വഴി മിസോറാം) കഴിഞ്ഞ ജൂലായിൽ പൂർത്തിയാകേണ്ടതായിരുന്നു. മ്യാൻമറിലെ ആഭ്യന്തരയുദ്ധം കാരണം വൈകുന്ന പദ്ധതി മിക്കവാറും 2027-ൽ പ്രവർത്തനക്ഷമമാകുമെന്ന് കരുതുന്നു.
ഷേക്ക് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി ആയിരിക്കുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ചിറ്റഗോംഗ് തുറമുഖം വഴി ബംഗാൾ ഉൾക്കടലുമായി ബന്ധിപ്പിക്കാനുള്ള കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചിരുന്നു. പക്ഷേ, ഹസീനയെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഇടക്കാല സർക്കാർ തുടക്കം മുതൽതന്നെ പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും വടക്കുകിഴക്കിനെ അസ്വസ്ഥമാക്കാനുമാണ് ശ്രമിച്ചത്. ജമാ അത്തെ ഇസ്ലാമിക്കും മറ്റ് മതതീവ്ര ചിന്താഗതിക്കാർക്കും സ്വാധീനമുള്ള യൂനുസ് മന്ത്രിസഭ 1971-ലെ വിഭജനത്തിനു മുമ്പു പാകിസ്താനുമായുണ്ടായിരുന്ന ഉറ്റസൗഹൃദം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമാണ് ജനറൽ സഹീർ ഷംഷാദ് മിർസയുടെ ബംഗ്ലാദേശ് സന്ദർശനം. പാക് സൈന്യത്തിൽ ഫീൽഡ് മാർഷൽ അസീം മുനീർ കഴിഞ്ഞാൽ രണ്ടാമനായ മിർസ ചിക്കൻനെക്കും സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ആഭ്യന്തരപ്രശ്‌നങ്ങളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം യൂനുസ് സർക്കാർ ചൈനയുമായി കൂടുതൽ അടുക്കുകയാണ്. സാമ്പത്തികസഹായത്തിനും വായ്പയ്ക്കുമപ്പുറം, തന്ത്രപരമായ ബന്ധമായി അത് വികസിക്കുകയാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുന്ന തീസ്ത നദീജലപ്രശ്‌നത്തിൽ ഇടപെടാൻ യൂനുസ് ചൈനയെ ക്ഷണിച്ചതും സിലിഗുരിക്കടുത്തുള്ള മൊനീർഹാട്ട് വിമാനത്താവളം നടത്തിപ്പ് ചൈനയ്ക്ക് കൈമാറിയതും ഉദാഹരണം. അതിനു ബദലായി ഇന്ത്യ ത്രിപുരയിലെ കൈലാസഹർ വിമാനത്താവളം പുതുക്കിയെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ലാൽമൊനീർഹാട്ട് പോലെ രണ്ടാംലോകയുദ്ധകാലത്ത് ഉപയോഗിക്കപ്പെട്ടിരുന്ന വിമാനത്താവളമാണ്. 1971-ലെ യുദ്ധകാലത്ത് ഇന്ത്യൻവ്യോമസേനയുടെ പ്രധാന താവളങ്ങളിൽ ഒന്നായിരുന്ന ഇവിടം ചിക്കൻനെക്കിനു വളരെ അടുത്താണ്. ഇന്ത്യാ- ചൈനാ ചതുരംഗത്തിലെ പ്രധാനവേദിയായി ബംഗ്ലാദേശ് മാറിയിരിക്കുന്നു. ഇന്ത്യയോട് കൂടുതൽ അടുപ്പം പുലർത്തിയ ഹസീന അധികാരത്തിലുള്ളപ്പോൾ ഇതായിരുന്നില്ല സ്ഥിതി.
ഹാഫിസ് സയീദിന്റെ വലംകൈ എത്തി, സക്കീർ നായിക്ക് പിന്നാലെ
ലഷ്‌കറെ തോയ്ബ സ്ഥാപകൻ ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളിയും പാകിസ്താനിലെ മർക്കസി ജമിയത്ത് അഹ്ലെ ജനറൽ സെക്രട്ടറിയുമായ ഇബ്തിസാം ഇലാഹി സഹീർ കഴിഞ്ഞ 25-ാം തീയതി മുതൽ ബംഗ്ലാദേശിലുണ്ട്. അതിർത്തി ജില്ലകളിൽ മതവികാരം കത്തിക്കുന്ന പ്രസംഗങ്ങൾ നടത്തുകയും നാട്ടിലെ ഭീകരരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണയാൾ. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ടാം തവണയാണ് അയാൾ രാജ്യത്തെത്തുന്നത്. വടക്കുകിഴക്കൻ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള പാക്- ബംഗ്ലാ പദ്ധതിയുടെ ഭാഗമാണ് സഹീറിന്റെ വരവെന്ന് സംശയിക്കണം.
സഹീർ കഴിഞ്ഞ വർഷം പാകിസ്താനിലെത്തിയപ്പോൾ അടുത്ത ബന്ധം പുലർത്തുന്ന സക്കീർ നായിക്കിനെ കണ്ടിരുന്നു. 2016-ൽ ധാക്കയിൽ നടന്ന കഫെ സ്‌ഫോടനത്തെ തുടർന്ന് സാക്കിർ നായിക്കിന് ഹസീന സർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്ക് യൂനുസ് ഭരണകൂടം നീക്കിയിരിക്കുകയാണ്. അയാളുടെ ദീർഘ പര്യടനം നവംബർ 28 ന് ആരംഭിക്കും.. കഫെ സ്‌ഫോടനം നടത്തിയവർ നായിക്കിന്റെ പ്രഭാഷണങ്ങളാൽ തങ്ങൾ സ്വാധീനിക്കപ്പെട്ടെന്ന് സമ്മതിച്ചിരുന്നു. യുവാക്കളെ ഭീകരപ്രവർത്തനത്തിന് പ്രേരിപ്പിക്കുക, വർഗീയവിദ്വേഷം പ്രോത്സാഹിപ്പിക്കുക, വിദ്വേഷപ്രസംഗം നടത്തുക തുടങ്ങിയ കുറ്റങ്ങൾ നായിക്ക് ചെയ്തതായി എൻഐഎ ആരോപിക്കുന്നു. വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മലേഷ്യ വഴങ്ങിയിട്ടില്ല.
ഇതിനൊപ്പം ബംഗ്ലാദേശിലെ ഇസ്‌കോണിനെ (ഇന്റർനാഷണൽ സൊസൈറ്റി് ഫോർ കൃഷ്ണ കോൺഷസ്‌നെസ്) ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും പ്രവർത്തനം നിരോധിക്കുകയും വേണമെന്നാവശ്യപ്പെട്ട് അവിടെ നടന്ന വൻപ്രകടനങ്ങളെ ഈ സംഭവങ്ങളുമായി ചേർത്തുവായിക്കണം. സംഘടനയെ വിലക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ ഇടക്കാല സർക്കാർ ഇസ്‌കോണിനെ വിശേഷിപ്പിക്കുന്നത് മതമൗലികവാദി സംഘടനയെന്നാണ്! യൂനുസ് സർക്കാർ അധികാരമേറ്റശേഷം മതന്യൂനപക്ഷങ്ങൾ അക്രമത്തിരയാവുന്നത് പതിവായെന്ന് ആക്ഷേപമുണ്ട്.
മോദിക്കെതിരായ വധശ്രമ അഭ്യൂഹവും ബംഗ്ലാദേശും
കഴിഞ്ഞ ഓഗസ്റ്റ് 31-ന് ധാക്കയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ സിഐഎയുടെ സ്‌പെഷൽ ഫോഴ്‌സസ് ഓഫീസറായ ടെറൻസ് ആർവിൽ ജാക്‌സൺ ദുരൂഹസാഹചര്യത്തിൽ മരിച്ചത് നിരവധി അഭ്യൂഹങ്ങൾക്കു വഴിവെച്ചു. അന്നേ ദിവസമായിരുന്നു ചൈനയിലെ ടിയാൻജിനിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ പത്തു മിനിറ്റ് കാത്തുനിന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച തന്റെ അതിസുരക്ഷിത ഓറസ് കാറിൽ കയറ്റി 45 മിനിറ്റ് നേരം സംസാരിച്ചിരുന്നത്. ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും 15 മിനിറ്റ് അവർ കാറിലിരുന്നു സംഭാഷണം തുടർന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.
മോദിക്കെതിരായ വധശ്രമം സംബന്ധിച്ച രഹസ്യവിവരം കൈമാറുകയായിരുന്നു പുതിനെന്നും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുകയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. അമേരിക്കൻ എംബസിക്കാർ ജാക്‌സന്റെ മൃതദേഹം ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവുമില്ലാതെ കൊണ്ടുപോയതും അയാൾ താമസിച്ചിരുന്ന മുറി 'തൂത്തുവാരി' യതും ജാക്‌സന്റെ മരണം സംബന്ധിച്ച സിഐഎ മൗനവും അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. കഴിഞ്ഞയാഴ്ച ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ വന്ന റിപ്പോർട്ടിൽ ജാക്‌സന്റെ പിന്നാലെ മൂന്ന് അമേരിക്കൻ സെക്യൂരിറ്റി കരാറുകാരും ഒരു ഐഎസ്‌ഐ ഓഫീസറും ബംഗ്ലാദേശിൽ വച്ച് കൊല്ലപ്പെട്ടതായും പറയുന്നുണ്ട്. രാജ്യത്ത് തിരിച്ചെത്തിയ മോദി 'ഞാൻ ചൈനയിൽ പോയതിനാണോ അതോ തിരിച്ചെത്തിയതിനാണോ നിങ്ങൾ കൈയടിക്കുന്നത്' എന്ന് സദസ്യരോട് ചോദിച്ചത് ഊഹാപോഹങ്ങൾ വർധിപ്പിച്ചു.
അസാധാരണമായതെന്തോ സംഭവിച്ചു എന്നത് സംഭവത്തിലുൾപ്പെട്ട അഞ്ചു രാജ്യങ്ങളുടെയും- ഇന്ത്യ, റഷ്യ, യുഎസ്, ചൈന, ബംഗ്ലാദേശ്- മൗനത്തിൽ നിന്നും വ്യക്തമാണ്. മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയവരെ റഷ്യൻ ചാരസംഘടനയാണ് വധിച്ചതെന്നാണ് കൂടുതൽ പേരും കരുതുന്നത്. ജാക്‌സനെ കൊന്നത് പൊളോണിയം വിഷം- കെജിബി ഫെയിം- ഉപയോഗിച്ചാണത്രെ! റഷ്യ നൽകിയ രഹസ്യവിവരം അനുസരിച്ച് ഇന്ത്യയുടെ റോ ഏജന്റുമാർ ആണെന്ന് കരുതുന്നവരുമുണ്ട്. ഇത്തരം കാര്യങ്ങളിൽ ആരും സ്ഥിരീകരിക്കാനും നിഷേധിക്കാനും വരില്ലെന്നതു കൊണ്ട് ആർക്കും എന്തും പറയാവുന്നതേയുള്ളൂ. എന്തായാലും തുടർന്നുള്ള വിദേശയാത്രകൾ മോദി ഒഴിവാക്കി- ഈജിപ്തിലെ ഗാസ കരാറും ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ പൊതുയോഗവും മലേഷ്യയിലെ ആസിയാനുമൊക്കെ.
നിയമവ്യവസ്ഥ തകർന്ന, അരാജകത്വം വിളയാടുന്ന സാഹചര്യമാണ് ബംഗ്ലാദേശിൽ. അതുതന്നെയാണ് ചാരസംഘടനകളുടെ-സിഐഎയും ഐഎസ്‌ഐയും റോയും മൊസാദും റഷ്യൻ ചാരസംഘടന എസ്‌വിആറും ചൈനയുടെ എംഎസ്എസ്സും യുകെയുടെ എംഐ സിക്‌സുമൊക്കെ- ഇഷ്ടവേദിയായി ധാക്കയെ മാറ്റുന്നത്. എന്തും ചെയ്ത് അപ്രത്യക്ഷമാവാനുള്ള അസുലഭ അവസരം. പക്ഷേ, ഇത്തരം സംഭവങ്ങൾ ബംഗ്ലാദേശിന്റെ പ്രതിച്ഛായ കൂടുതൽ മോശമാക്കുകയേയുള്ളൂ. വലിയ ഒരു അനിഷ്ടസംഭവമുണ്ടായാൽ മതി, എല്ലാം താറുമാറാകാൻ.
Published: 29 Oct 2025, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented