എന്താണ് ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്രവ്യാപാര കരാർ? എങ്ങനെയാണ് ഇത് ഇരുരാജ്യങ്ങളെയും ബാധിക്കുക? എന്തുകൊണ്ടാണ് കരാറിനെതിരേ ന്യൂസീലൻഡിലെ ഒരു വിഭാഗം എതിർപ്പ് ഉയർത്തുന്നത്?

ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ തീരുവയില്ലാത്ത വ്യാപാരം സാധ്യമാക്കുന്ന സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇരുരാജ്യങ്ങൾക്കിടയിലുള്ള വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന കരാർ അടുത്ത വർഷത്തോടെ ഒപ്പുവെച്ചേക്കുമെന്നാണ് കരുതുന്നത്. മൂന്നുമാസത്തിനകം ഒപ്പുവെക്കുന്ന കരാർ ഏഴോ എട്ടോ മാസങ്ങൾക്കകം നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാർ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ന്യൂസീലൻഡ് നൂറുശതമാനം തീരുവയിളവു നൽകും. അതേസമയം ന്യൂസീലൻഡിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 70 ശതമാനം ഉത്പന്നങ്ങളുടെയും താരിഫ് ഇന്ത്യയും ഒഴിവാക്കും.
2025 മാർച്ചിൽ ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ഇന്ത്യ സന്ദർശിച്ചപ്പോൾ ആരംഭിച്ച ചർച്ചകൾ ഒമ്പത് മാസത്തെ റെക്കോഡ് കാലയളവിനുള്ളിലാണ് പൂർത്തിയായത്. യുകെ, ഒമാൻ എന്നിവയ്ക്കു പിന്നാലെ ഈ വർഷത്തെ ഇന്ത്യയുടെ മൂന്നാമത്തെ വ്യാപാരകരാറാണിത്. പക്ഷേ, കരാറിനെതിരേ ന്യൂസീലൻഡിൽ നിന്ന് തന്നെ എതിർപ്പുയർന്നു കഴിഞ്ഞു. എന്താണ് ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്രവ്യാപാര കരാർ? എങ്ങനെയാണ് ഇത് ഇരുരാജ്യങ്ങളെയും ബാധിക്കുക? എന്തുകൊണ്ടാണ് കരാറിനെതിരേ ന്യൂസീലൻഡിലെ ഒരു വിഭാഗം എതിർപ്പ് ഉയർത്തുന്നത്?
ഇന്ത്യ- ന്യൂസീലൻഡ് വ്യാപാരം
അതിവേഗത്തിൽ വളരുന്ന വ്യാപാര ബന്ധമാണ് ഇന്ത്യയും ഓഷ്യാനിയയിലെ ഉയർന്ന വരുമാനമുള്ള സമ്പദ് വ്യവസ്ഥകളിൽ ഒന്നായ ന്യൂസീലൻഡും തമ്മിലുള്ളത്. നിലവിൽ, ഓഷ്യാനിയയിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ന്യൂസീലൻഡ്. ഏതാനും വർഷങ്ങൾക്കുള്ളിൽ വ്യാപാരം ഇരട്ടിയാക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഔഷധങ്ങൾ, വിലയേറിയ ലോഹങ്ങൾ, രത്നങ്ങൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, മോട്ടോർ വാഹനങ്ങൾ, എൻജിനീയറിങ് ഉത്പന്നങ്ങൾ, ചില കാർഷിക-ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് പ്രധാനമായും ന്യൂസീലൻഡിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത്. തടി, വന ഉത്പന്നങ്ങൾ, കമ്പിളി, ഭക്ഷ്യയോഗ്യമായ പഴങ്ങൾ, പരിപ്പ്, മറ്റ് കാർഷിക അധിഷ്ഠിത വസ്തുക്കൾ എന്നിവയാണ് ന്യൂസീലൻഡിൽ നിന്നുള്ള ഇന്ത്യയുടെ പ്രധാന ഇറക്കുമതി. ഇന്ത്യൻ വിദ്യാർഥികളുടെയും വിനോദസഞ്ചാരികളുടെയും പ്രധാന ലക്ഷ്യംകൂടിയാണ് ന്യൂസീലൻഡ്.
ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള വ്യാപാരം 2015-16 സാമ്പത്തിക വർഷത്തിൽ ഏകദേശം 0.86 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 1.3 ബില്യൺ യുഎസ് ഡോളറായി വളർന്നു. കയറ്റുമതി 130 ശതമാനം വർധിച്ചപ്പോൾ ഇറക്കുമതിയിൽ 10 വർഷത്തിനുള്ളിൽ 7.21 ശതമാനം വർധനവാണുണ്ടായത്. 2024-25 വർഷത്തിൽ ഇന്ത്യയിൽ നിന്ന് ന്യൂസീലൻഡിലേക്കുള്ള കയറ്റുമതി ന്യൂസീലൻഡിൽ നിന്നുള്ള ഇറക്കുമതിയേക്കാൾ കൂടുതലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്ക് വ്യാപാരം 2024-25 ൽ 1.3 ബില്യൺ യുഎസ് ഡോളറായിരുന്നു. മുൻ വർഷത്തേക്കാൾ ഏകദേശം 49 ശതമാനം വർധനവാണിത്. ചരക്കുകളുടെയും സേവനങ്ങളുടേയുമുൾപ്പെടെ മൊത്തം വ്യാപാരമാകട്ടെ 2023-24 സാമ്പത്തിക വർഷത്തിൽ ഏകദേശം 1.75 ബില്യൺ യുഎസ് ഡോളറായിരുന്നു. 2024-25 ൽ ഇത് ഏകദേശം 2.4 ബില്യൺ ഡോളറായി വർധിച്ചു.
ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്രവ്യാപാര കരാർ
സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോളനില മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യ വ്യാപാര പങ്കാളിത്തങ്ങൾ ക്രമാനുഗതമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറ് സ്വതന്ത്ര വ്യാപാര കരാറുകളിലാണ് ഇന്ത്യ ഒപ്പുവെച്ചത്. ഈ മാസം ഒമാനുമായി ഏറ്റവും പുതിയത് ഒപ്പുവച്ചതിനുശേഷമാണ് ഇന്ത്യയും ന്യൂസീലൻഡും സ്വതന്ത്രവ്യാപാര കരാറിലേക്ക് എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളിലെ ചരിത്രപരമായ നാഴികക്കല്ലാണ് കരാർ. ഇന്ത്യയുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടും രാജ്യത്തിന്റെ മുൻഗണനകളുമായി പൊരുത്തപ്പെടുന്ന രീതിയിൽ സമഗ്ര വളർച്ച പ്രോത്സാഹിപ്പിക്കുന്ന കരാർ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
2025 മാർച്ചിലാണ് ഇരുരാജ്യങ്ങളും ഒരു സ്വതന്ത്ര വ്യാപാരകരാർ (എഫ്ടിഎ) സംബന്ധിച്ച ചർച്ചകൾ പ്രഖ്യാപിക്കുന്നത്. ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ഇന്ത്യാ സന്ദർശനവേളയിൽ വാണിജ്യമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയിൽ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. ചർച്ചകൾക്കുശേഷം, 2025 ഡിസംബറിൽ ഇത് സംബന്ധിച്ച് ധാരണയായി. ഡിസംബർ 21, 22 തീയതികളിൽ ചർച്ചകൾ അവസാനിച്ചതായി ഇരുരാജ്യങ്ങളുടെയും നേതാക്കൾ പ്രഖ്യാപിച്ചു. അടുത്ത വർഷം ആധ്യമോ, മധ്യത്തിലോ ഔപചാരികമായി ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.പ്രതീക്ഷിച്ചതുപോലെ ന്യൂസീലാൻഡിന്റെ പാർലമെന്റ് അംഗീകരിച്ചാൽ, ഏഴ് മാസത്തിനുള്ളിൽ കരാർ പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒന്നായി ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു, ഏകദേശം ഒമ്പത് മാസത്തിനുള്ളിൽ ഇത് പൂർത്തിയായി.
കരാർ വഴി ഇന്ത്യയുടെ കാർഷിക മേഖലയെ സംരക്ഷിക്കാനുള്ള മുൻകരുതലുകളോടെ, ന്യൂസീലൻഡിന് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശനം ലഭിക്കും. മറുവശത്ത് ഇന്ത്യൻ കയറ്റുമതിക്ക് ന്യൂസീലൻഡിലേക്ക് സമ്പൂർണ തീരുവരഹിത പ്രവേശനം കരാർ ഉറപ്പാക്കും. ആയുഷ്, യോഗ ഇൻസ്ട്രക്ടർമാർ, ഇന്ത്യൻ ഷെഫുകൾ, സംഗീത അധ്യാപകർ തുടങ്ങിയ മേഖലകളിലും ഐടി, എൻജിനീയറിങ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നിർമാണം തുടങ്ങിയ മേഖലകളിലെ സേവനങ്ങളിലും ഭാവിയിലെ സഹകരണത്തിനുള്ള സാധ്യതകൾക്കൊപ്പം, വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് അവസരങ്ങളും കരാർ തുറന്നിടുന്നു. വ്യാപാരത്തിനൊപ്പം കരാർ ഇന്തോ-പസഫികിന്റെ തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
സ്വതന്ത്രവ്യാപാര കരാറിലെന്ത്?
സ്വതന്ത്ര വ്യാപാര കരാർ വഴി ന്യൂസീലൻഡിലേയ്ക്കുള്ള 100 ശതമാനം ഇന്ത്യൻ കയറ്റുമതിക്കും തീരുവ ഒഴിവാക്കപ്പെടും. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, സെറാമിക്സ്, ഓട്ടോമൊബൈലുകൾ, ഘടകങ്ങൾ തുടങ്ങിയ ഇനങ്ങളുടെ 10 ശതമാനം വരെയുണ്ടായിരുന്ന മുൻ താരിഫുകൾ ഒഴിവാക്കും. ന്യൂസീലൻഡിൽ നിന്നുള്ള ഇറക്കുമതി ചെയ്യുന്ന 70 ശതമാനം ഉത്പന്നങ്ങളുടെയും താരിഫ് ഒഴിവാക്കുകയോ അല്ലെങ്കിൽ വലിയ തോതിലുള്ള ഇളവുകൾ നൽകുകയോ ചെയ്യും. ഇത് ന്യൂസീലൻഡിന്റെ ഇന്ത്യയിലേക്കുള്ള നിലവിലെ കയറ്റുമതിയുടെ ഏകദേശം 95 ശതമാനത്തോളം വരും. അതേസമയം ചില മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. ന്യൂസീലൻഡിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 57 ശതമാനം ആദ്യ ദിവസം മുതൽ തീരുവരഹിതമാകും. പൂർണമായി നടപ്പിലാക്കുമ്പോൾ ഇത് ഏകദേശം 82 ശതമാനമായി ഉയരും. ബാക്കിയുള്ളവ ഭാഗികമായി വെട്ടിക്കുറയ്ക്കപ്പെടും.
കർഷകരെയും വ്യവസായത്തെയും സംരക്ഷിക്കുന്നതിനായി ഇന്ത്യ പാലും പാലുൽപ്പന്നങ്ങളും, മൃഗ ഉത്പന്നങ്ങൾ, പച്ചക്കറികൾ, ഉള്ളി, കടല, പയർ, ചോളം, ബദാം, പഞ്ചസാര പോലുള്ളവ ഭക്ഷ്യ ഉത്പന്നങ്ങൾ, ഭക്ഷ്യ എണ്ണകൾ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, റബ്ബർ, ആയുധങ്ങൾ/വെടിമരുന്ന്, രത്നങ്ങൾ/ആഭരണങ്ങൾ, തിരഞ്ഞെടുത്ത ലോഹങ്ങൾ എന്നിവ കരാറിൽ നിന്ന് ഒഴിവാക്കി. ഇന്ത്യൻ കർഷകരുടെ ദീർഘകാല ആശങ്കകൾ പരിഗണിച്ചാണ് ഇത്തരം ഉത്പന്നങ്ങളെ കരാറിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇത് വിപണിയിൽ ഇത്തരം ഉത്പന്നങ്ങളുടെ അമിതമായ ഒഴുക്കിന് തടയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏകദേശം 20 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ ന്യൂസീലൻഡ് പ്രതിജ്ഞാബദ്ധമാണ്. വിപുലമായ സേവന പ്രതിബദ്ധതകളും കരാറിൽ ഉൾപ്പെടുന്നു. ഇത് പ്രകാരം വിവിധ സേവന മേഖലകളിലെ വിപണി പ്രവേശനവും ന്യൂസീലൻഡ് വാഗ്ദാനം ചെയ്യുന്നു.
സ്വതന്ത്രവ്യാപാര കരാറിൽ നേട്ടമാർക്ക്?
അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർന്ന താരിഫ് ഏർപ്പെടുത്തുമ്പോഴാണ് ന്യൂസീഡൻഡുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിലേക്ക് ഇന്ത്യ എത്തുന്നത്. ഇതിന് മുമ്പ് യുകെ, ഒമാൻ എന്നിവരോടും ഇന്ത്യ കരാറിൽ എത്തിയിരുന്നു. അതിനാൽ തന്നെ രാഷ്ട്രീയമായും കരാർ ഇന്ത്യയ്ക്ക് നേട്ടമാണ്. ആഭ്യന്തര കർഷകരുടെ ആശങ്കകൾ പരിഗണിച്ച് തന്നെയാണ് കരാറിലേക്ക് എത്തുന്നതെന്നതാണ് മറ്റൊരു വസ്തുത. പാലുൽപ്പന്നങ്ങൾ, ആട്ടിറച്ചി ഒഴികെയുള്ള മൃഗ ഉത്പന്നങ്ങൾ, ചില പച്ചക്കറി ഉത്പന്നങ്ങൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ന്യൂസീലൻഡിന്റെ ആഗോള കയറ്റുമതിയുടെ ഏകദേശം മൂന്നിലൊന്ന് പാലുൽപ്പന്നങ്ങളാണെന്നതിനാൽ ഇത് ചെറിയ ഇളവല്ല. സമാന വ്യവസ്ഥയുടെ അഭാവമാണ് ന്യൂസീലൻഡും ഓസ്‌ട്രേലിയയും പങ്കാളികളായിരുന്ന റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പിൽ നിന്ന് 2019-ൽ ഇന്ത്യ പുറത്തുപോകാൻ ഒരു പ്രധാന കാരണം.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങൾക്കിടയിലെ വ്യാപാരം ഇരട്ടിയാക്കാൻ ഈ കരാർ സഹായിക്കുമെന്നാണ് ഇരുസർക്കാരുകളും പറയുന്നത്. ഇന്ത്യയിലേക്കുള്ള 95 ശതമാനം സാധനങ്ങൾക്കും ന്യൂസീലൻഡ് കയറ്റുമതിക്കാർക്ക് താരിഫ് ഇളവ് ലഭിക്കുന്നു. ഇന്ത്യയുടെ 1.4 ബില്യൺ ഉപഭോക്താക്കളിലേക്കുള്ള പ്രവേശനം അവർക്ക് നേട്ടമാണ്. പകരമായി, എല്ലാ ഇന്ത്യൻ ഉത്പന്നങ്ങൾക്കും ന്യൂസീലൻഡ് വിപണിയിൽ തീരുവരഹിത പ്രവേശനം ലഭിക്കും. പക്ഷേ, ന്യൂസീലൻഡിന്റെ ക്ഷീരമേഖല അടക്കുള്ളവയെ പരിഗണിക്കാതെയുള്ള കരാറാണിതെന്നാണ് രാജ്യത്തെ ഒരു വിഭാഗം ഉയർത്തുന്ന വിമർശനം. ക്ഷീരോൽപ്പന്നങ്ങളെ ഒഴിവാക്കുന്നത് അവർക്ക് തിരിച്ചടിയാണ്. കുടിയേറ്റം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ കരാർ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ഒരു പക്ഷത്തിന്റെ ആരോപണം.
ഇതോടെ സ്വതന്ത്ര വ്യാപാര കരാറിനെതിരെ ന്യൂസീലൻഡ് ഭരണകൂടത്തിനുള്ളിൽ ഭിന്നതയും ഉടലെടുത്തു. രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ വിൻസ്റ്റൺ പീറ്റേഴ്സ് ഈ കരാറിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി. കരാർ സ്വതന്ത്രവും നീതിയുക്തവും അല്ലെന്നാണ് വിൻസ്റ്റൺ പീറ്റേഴ്സിന്റെ വിമർശനം. ന്യൂസീലൻഡിനെ സംബന്ധിച്ച് മോശം കരാറാണിതെന്നും പാർലമെന്റിലെത്തിയാൽ എതിർത്ത് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റത്തിലും നിക്ഷേപത്തിലും ഗുരുതരമായ വിട്ടുവീഴ്ചകൾ വരുത്തുന്നതായും ന്യൂസീലൻഡിന്റെ പ്രധാന കയറ്റുമതി മേഖലകൾക്ക്, പ്രത്യേകിച്ച് പാൽ ഉത്പന്നങ്ങൾക്ക് കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയാത്തതും അദ്ദേഹം ചോദ്യം ചെയ്തു. അതേസമയം ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ഈ കരാറിനെ രാജ്യത്തിന് വൻ നേട്ടങ്ങൾ നൽകുന്ന ഒന്നായിട്ടാണ് വിശേഷിപ്പിക്കുന്നത്.
Reference
Published: 26 Dec 2025, 10:03 am IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented