
'അപൂര്‍വ ധാതുക്കള്‍ ഒരു രാജ്യവും സ്വാര്‍ഥനേട്ടത്തിനായോ മറ്റുള്ളവര്‍ക്കെതിരായ ആയുധമായോ ഉപയോഗിക്കാന്‍ പാടില്ല. ഇവ സ്വന്തമാക്കാനുള്ള സാങ്കേതികവിദ്യ എല്ലാവര്‍ക്കും പ്രാപ്തമാക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം'. ബ്രസീലിലെ പ്രധാന നഗരമായ റിയോ ഡി ജനീറോ കഴിഞ്ഞ ദിവസമാണ് ബ്രിക്‌സ് ഉച്ചകോടിക്ക് സാക്ഷ്യം വഹിച്ചത്. ദ്വിദിന ഉച്ചകോടിയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ അപൂര്‍വധാതുക്കളുടെ വിതരണം സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഊന്നിപ്പറഞ്ഞത് ഇങ്ങനെയായിരുന്നു. അപൂര്‍വധാതുക്കളുടെ കയറ്റുമതിയില്‍ മുന്നില്‍നില്‍ക്കുന്ന ചൈന ഇക്കാര്യത്തില്‍ സുതാര്യത കാണിക്കുന്നില്ലെന്ന ആരോപണം ആഗോളതലത്തില്‍ നിലനില്‍ക്കെയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. ബ്രിക്‌സ് സമ്മേളനത്തിലെ ചൈനീസ് പ്രാതിനിധ്യം ചര്‍ച്ചയായിരിക്കെ മോദിയുടെ പ്രസ്താവന മറ്റ് ബ്രിക്‌സ് അംഗങ്ങളും ശരിവച്ചു. തൊട്ടുപിന്നാലെയിതാ പ്രധാനമന്ത്രി മോദി അപൂര്‍വ ധാധുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയുമായും ആഫ്രിക്കന്‍ രാജ്യങ്ങളുമായും കരാറിലെത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്. അപൂര്‍വ ധാതു മേഖലയില്‍ ചൈനയ്ക്കുള്ള മേൽക്കൈ വെല്ലുവിളിക്കാന്‍ മാത്രം സാധ്യമായേക്കാവുന്നതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അപൂര്‍വധാതുക്കള്‍ക്കായി പുതിയ ഉറവിടങ്ങള്‍ തേടുന്നത്. എന്താണ് അപൂര്‍വധാതുക്കള്‍? ചൈനയുടെ ആധിപത്യത്തെ നേരിടാന്‍ ഇന്ത്യയ്ക്കാവുമോ?
എന്താണ് അപൂര്‍വ ധാതുക്കള്‍?
ലോകത്തെമ്പാടുമായി നിക്ഷേപമുള്ള 17 ലോഹമൂലകങ്ങളാണ് റെയര്‍ എര്‍ത്ത് മിനറൽസ് അഥവാ അപൂര്‍വ ധാതുക്കള്‍ എന്നറിയപ്പെടുന്നത്. അപൂര്‍വ ഭൗമ ധാതുക്കളെന്നും ഇവയെ വിളിക്കുന്നുണ്ട്. സ്‌കാന്‍ഡിയം (Scandium), യിട്രിയം (Yttrium), ലാന്തനം (lanthanum), സീറിയം (cerium), പ്രീസിയോഡീമിയം (praseodymium), നിയോഡീമിയം (neodymium), പ്രോമീത്തിയം (promethium), സമേരിയം (samarium), യൂറോപ്യം (europium), ഗാഡോലിനിയം (gadolinium), ടെര്‍ബിയം (terbium), ഡിസ്‌പ്രോസിയം (dysprosium), ഹോള്‍മിയം (holmium), എര്‍ബിയം (erbium), തൂലിയം ( thulium ), യറ്റര്‍ബിയം ( ytterbium), ല്യൂട്ടീഷ്യം (lutetium) എന്നിവയാണ് അപൂര്‍വ ധാതുക്കളായി കണക്കാക്കുന്നത്. ഇവയെ ലൈറ്റ് റെയര്‍ എര്‍ത്ത്, ഹെവി റെയര്‍ എര്‍ത്ത് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിച്ചിട്ടുണ്ട്. അപൂര്‍വ ധാതുക്കള്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഭൂമിയില്‍ അവയുടെ നിക്ഷേപം അത്ര അപൂര്‍വമല്ല, ദൗര്‍ലഭ്യമാണ് പ്രശ്‌നം. പേരില്‍നിന്ന് വിഭിന്നമായി ഈ ലോഹങ്ങളുടെ നിക്ഷേപം ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും കാണപ്പെടുന്നു. എന്നാല്‍ വേര്‍തിരിച്ചെടുക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുള്ളതിനാലും ഖനനത്തിന് അനുയോജ്യമായ രീതിയിലുള്ള നിക്ഷേപങ്ങള്‍ കുറവായതിനാലുമാണ് ഈ ലോഹങ്ങളെ റെയര്‍ എര്‍ത്ത് എലമെന്റ്സ് എന്ന് വിളിക്കുന്നത്. റെയര്‍ എര്‍ത്ത് ധാതുക്കൾ ഒരിക്കലും വളരെ ഉയര്‍ന്ന സാന്ദ്രതയില്‍ കാണപ്പെടുന്നില്ല. അവ സാധാരണയായി പരസ്പരം അല്ലെങ്കില്‍ യുറേനിയം, തോറിയം പോലുള്ള റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കൂടിച്ചേര്‍ന്നാണ് കാണപ്പെടുന്നത്. ഇവയുടെ രാസഗുണങ്ങള്‍ കാരണം അയിരുകളില്‍നിന്നും അവയെ വേര്‍തിരിക്കുന്നത് സങ്കീര്‍ണമാണ്. ഈ പ്രക്രിയ ബുദ്ധിമുട്ടേറിയതും ചെലവേറിയതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. ഈ ലോഹങ്ങളുടെ ശുദ്ധീകരണ പ്രക്രിയയും അതീവ സങ്കീര്‍ണമാണ്. തുടക്കത്തില്‍, യുറേനിയം ഖനന പ്രക്രിയയില്‍ നിന്നാണ് റെയര്‍ എര്‍ത്ത് ധാതുക്കൾ ലഭിച്ചിരുന്നത്. പരമ്പരാഗത ഖനന-വേര്‍തിരിക്കല്‍ പ്രക്രിയകള്‍ വളരെ അധ്വാനം വേണ്ടതും ഗണ്യമായ മലിനീകരണം സൃഷ്ടിക്കുന്നതുമായിരുന്നു. നിലവിലെ ഉത്പാദനരീതിക്ക് ധാരാളം അയിര് ആവശ്യമാണ്. കൂടാതെ ചെറിയ അളവില്‍ പോലും ഇവ വേര്‍തിരിച്ചെടുക്കുന്നത് വലിയ തോതില്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍, ഫ്ളൂറിന്‍, ആസിഡുകള്‍ പോലുള്ള മാലിന്യങ്ങള്‍ ഇവയുടെ സംസ്‌കരണ പ്രക്രിയയുടെ ഭാഗമായുണ്ടാകുന്നു.
റെയര്‍ എര്‍ത്ത് ധാതുക്കള്‍ക്ക് വലിയ തോതില്‍ ഫ്ളൂറസെന്റ്, ചാലക, കാന്തിക ഗുണങ്ങളുണ്ട്. അതിനാല്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയറുകള്, എല്‍ഇഡി ലൈറ്റുകള്‍, ഹൈബ്രിഡ് കാറുകള്‍, എം.ആര്‍.ഐ. മെഷീനുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ ഇവ ഉപയോഗിക്കുന്നു. എണ്ണ ശുദ്ധീകരണത്തിലും ആണവസാങ്കേതികവിദ്യയിലും ചില റെയര്‍ എര്‍ത്ത് ധാതുക്കൾ ഉപയോഗിക്കുന്നുണ്ട്. പ്രതിരോധ സംവിധാനങ്ങള്‍, ക്ലീന്‍ എനര്‍ജി, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടറുകള്‍, ആശയവിനിമയ സാങ്കേതികവിദ്യ, ആരോഗ്യം, ഊര്‍ജ സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ റെയര്‍ എര്‍ത്ത് ധാതുക്കൾ നിര്‍ണായകമാണ്. പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണത്തിലും ഈ ലോഹങ്ങള്‍ക്ക് അതീവ പ്രാധാന്യമുണ്ട്.
ചൈനയുടെ കുത്തക
ലോകത്ത് അപൂര്‍വ ധാതുക്കളുടെ ചര്‍ച്ചകള്‍ ഉയര്‍ന്നാല്‍ അതിന്റെ കേന്ദ്രബിന്ദു എല്ലായ്‌പ്പോഴും ചൈന ആയിരിക്കും. കാരണം ഇവയുടെ നിക്ഷേപവും വേര്‍തിരിക്കലടക്കമുള്ള പ്രോസസിങ്ങും ഏറ്റവും കൂടുതല്‍ നടക്കുന്നത് ചൈനയിലാണ്. അതുമാത്രമല്ല വേര്‍തിരിക്കല്‍ സങ്കീര്‍ണമായ ചില ധാതുക്കളുടെ നിക്ഷേപം പോലും ചൈനയില്‍ മാത്രമാണുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ വ്യാപാര കൈമാറ്റത്തില്‍ ചൈന ആധിപത്യം തുടരുകയാണ്. മാവോ സെ തുങ് മുതല്‍ ഷി ജിന്‍ പിങ് വരെയുള്ള ഭരണാധികാരികളെല്ലാം ചൈനയിലെ അപൂര്‍വ ധാതുക്കളുടെ നിക്ഷേപം പൂര്‍ണമായി വിനിയോഗിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അടുത്തിടെ അമേരിക്ക താരിഫ് യുദ്ധത്തിലൂടെ ചൈനയടക്കമുള്ള രാജ്യങ്ങളെ വരുതിയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടാണ് ചൈന തിരിച്ചടിച്ചത്. താരിഫുമായി ബന്ധപ്പെട്ട് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ജൂണ്‍ അവസാനവാരത്തില്‍ ചൈനയും അമേരിക്കയും കരാറില്‍ ഒപ്പുവെയ്ക്കുകയും നിരോധനം നീക്കുകയും ചെയ്തത്.
ആഗോളതലത്തില്‍ അപൂര്‍വ ഭൗമ മൂലകങ്ങളുടെ ഏറ്റവും വലിയ ഉറവിടവും ഉത്പാദകരും ചൈനയാണ്. കഴിഞ്ഞ വര്‍ഷം ഈ മൂലകങ്ങളുടെ ആഗോള ഉത്പാദനത്തിന്റെ 70 ശതമാനവും സംഭാവന ചെയ്തതും ചൈനയായിരുന്നു. യു.എസ്. ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, 2024-ല്‍ ചൈനയുടെ ഉത്പാദനം 270,000 മെട്രിക് ടണ്‍ ആയിരുന്നു. തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 255,000 മെട്രിക് ടണ്‍ ആയിരുന്നു. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയുടെ ഉത്പാദനമാകട്ടെ 45,000 മെട്രിക് ടണ്‍ മാത്രവും. അതായത് അമേരിക്കയേക്കാള്‍ അഞ്ചിരട്ടിയാണ് ചൈനയുടെ ഉത്പാദനം. അതിനാല്‍ ടെസ്‌ലയും ആപ്പിളും ഉള്‍പ്പെടെ നിരവധി കമ്പനികള്‍ അവരുടെ റെയർ എര്‍ത്ത് ധാതുക്കള്‍ ചൈനയില്‍ നിന്നാണ് ശേഖരിക്കുന്നത്.
17 വ്യത്യസ്ത റെയര്‍ എര്‍ത്ത് ധാതുക്കളില്‍ ഭൂരിഭാഗത്തിന്റെയും ആഗോളതലത്തില്‍ ഉത്പാദനത്തില്‍ ചൈനയാണ് മുന്നില്‍. ഈ വസ്തുക്കളില്‍ ഏതാണ്ടെല്ലാം ചൈന ഖനനം ചെയ്ത് സംസ്‌കരിക്കുന്നു. ആധുനിക സാങ്കേതികവിദ്യകള്‍ക്കും വ്യവസായങ്ങള്‍ക്കും അത്യാവശ്യമായ ഈ ധാതുക്കളുടെ സംസ്‌കരണത്തിലും ശുദ്ധീകരണശേഷിയിലും മുന്നിലും ചൈന തന്നെ. റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ സംസ്‌കരണശേഷിയുടെ 85% ത്തിലധികവും ചൈന കൈകാര്യം ചെയ്യുന്നു. ആഗോള വിപണിയില്‍ ചൈനയുടെ ആധിപത്യത്തിനുള്ള പ്രധാന കാരണം ഡിസ്‌പ്രോസിയം, ടെര്‍ബിയം, നിയോഡീമിയം, പ്രീസിയോഡീമിയം തുടങ്ങിയ ധാതുക്കളുടെ സംസ്‌കരണത്തിലെ കുത്തകയാണ്. ന്യൂട്രോണ്‍ അബ്സോര്‍ബറുകള്‍, ന്യൂക്ലിയര്‍ റിയാക്ടറുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഡിസ്പ്രോസിയത്തിന്റെ 85 ഉത്പാദനവും ചൈനയില്‍ നിന്നാണ്. സോണാര്‍ സിസ്റ്റങ്ങള്‍, ഇന്ധന സെല്ലുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ടെര്‍ബിയത്തിന്റെ കാര്യത്തില്‍ ഇത് 89% വരും. റഡാര്‍ ഘടകങ്ങള്‍, സൂപ്പര്‍കണ്ടക്ടറുകള്‍ എന്നവയുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന യിട്രിയത്തിന്റെ 76% സംഭാവന ചെയ്യുന്നതും ചൈനയാണ്.
റെയര്‍ എര്‍ത്ത് ധാതുക്കളുടെ ഉത്പാദനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതില്‍ ചൈന പതിറ്റാണ്ടുകളായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആ ധാതുക്കളുടെ നിര്‍ണായക പ്രാധാന്യം തിരിച്ചറിഞ്ഞ ചൈനീസ് ഭരണാധികാരിയായ ഡെങ് സിയാവോ പിങ് വിപണിയില്‍ തന്ത്രപരമായ ആധിപത്യം നേടുന്നതിനുള്ള പ്രവര്‍ത്തനം പണ്ടുമുതല്‍ക്കേ തുടങ്ങിയിരുന്നു. ഇവയുടെ ഖനനവും ശുദ്ധീകരണവും മുതല്‍ ഉത്പന്നങ്ങള്‍ സൃഷ്ടിക്കുന്നത് വരെയുള്ള ഘട്ടങ്ങളില്‍ ചൈന വ്യക്തമായ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സുപ്രധാന ധാതുക്കളുടെ വിതരണ ശൃംഖലകളെ നിയന്ത്രിക്കുന്നതില്‍ ചൈനയ്ക്ക് നിലവില്‍ കാര്യമായ മുന്‍തൂക്കമുണ്ട്. ഖനനത്തിലെ മേധാവിത്വം മാത്രമല്ല, ആ ലോഹങ്ങള്‍ വേര്‍തിരിക്കാനുള്ള ശേഷിയുടെ 90 ശതമാനവും ചൈന കൈയാളുന്നു. ലോഹസങ്കരങ്ങളുടെ ഉത്പാദനത്തിന്റെ 85% വിപണി വിഹിതവും ചൈനയ്ക്ക് തന്നെയാണ്. 2024-ല്‍ ചൈന 54,000 ടണ്‍ അപൂര്‍വ എര്‍ത്ത് ഓക്സൈഡുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം ചൈന, അമേരിക്ക, മ്യാന്‍മര്‍, ഓസ്ട്രേലിയ, നൈജീരിയ, തായ്ലൻഡ്, ഇന്ത്യ, റഷ്യ, മഡഗാസ്‌കര്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് 2024ല്‍ ഏറ്റവും കൂടുതല്‍ റെയർ എര്‍ത്ത് ഖനനം ചെയ്ത 10 രാജ്യങ്ങള്‍. 2024-ല്‍ ലോകമെമ്പാടും 390,000 മെട്രിക് ടണ്‍ റെയര്‍ എര്‍ത്ത് മൂലകങ്ങളാണ് ഉത്പാദിപ്പിച്ചത്. 2017-ലെ ഉത്പാദനത്തിന്റെ (132,000 മെട്രിക് ടണ്‍) മൂന്നിരട്ടിയായിരുന്നു ഇത്.
ഘാന, നമീബിയ.. അപൂര്‍വ ധാതുക്കളുടെ പുതിയ സാധ്യതകള്‍
റിയോ ഡി ജനീറോയില്‍ നടന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ നിര്‍ണായക ധാതു വിതരണ ശൃംഖലകളുടെ ഭാവിയെ സംരക്ഷിക്കുന്നതിനായി അംഗരാജ്യങ്ങള്‍ കൂട്ടായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി വാദിച്ചിരുന്നു. ഏതെങ്കിലും രാജ്യത്തെ പേരെടുത്ത് പറയാതെ നടത്തിയ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അപൂര്‍വ ഭൗമ വിഭവങ്ങളില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന ആധിപത്യത്തിനുള്ള താക്കീതായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഇത്തരം വിഭവങ്ങളെ ആയുധവത്കരിക്കരുതെന്നും അതുവെച്ച് വിലപേശരുതെന്നുമായിരുന്നു പ്രധാനമന്ത്രി മോദി സൂചിപ്പിച്ചത്. ശുദ്ധമായ ഊര്‍ജം, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് മൊബിലിറ്റി തുടങ്ങിയ മേഖലകള്‍ക്ക് അത്യാവശ്യമായ തന്ത്രപ്രധാനമായ അപൂര്‍വധാതുക്കള്‍ ഒരു രാജ്യവും കുത്തകയാക്കുകയോ ആയുധമാക്കുകയോ ചെയ്യരുതെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. വിതരണ ശൃംഖലകളെ സുരക്ഷിതവും വിശ്വസനീയവും തുല്യവുമാക്കി മാറ്റുക എന്ന ആശയമായിരുന്നു അദ്ദേഹം വിശദീകരിച്ചത്.
അതേസമയം അപൂര്‍വ ധാതുക്കളുടെ കൈമാറ്റം സംബന്ധിച്ച് ഇന്ത്യ, ചൈന എന്നിവയ്ക്ക് പുറമേയുള്ള രാജ്യങ്ങളുമായി വ്യാപാരം നടത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഘാന, നമീബിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളുമായും ഓസ്‌ട്രേലിയയുമായും ഇന്ത്യ ഇതിനോടകം ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി മോദിയുടെ അടുത്തിടെ നടത്തിയ ഘാന സന്ദര്‍ശനത്തില്‍ ഇക്കാര്യം മുഖ്യ വിഷയമായതായാണ് സൂചനകള്‍. ഘാന സര്‍ക്കാരുമായി അപൂര്‍വ ഭൗമ ധാതു ഖനനവുമായി ബന്ധപ്പെട്ട് ഇന്ത്യ നിര്‍ണായക കരാറിന് രൂപം നല്‍കിയിട്ടുണ്ട്. ഘാന പ്രസിഡന്റ് ജോണ്‍ ഡ്രമാനി മഹാമയുമായി വിപുലമായ ചര്‍ച്ചകള്‍ക്കുശേഷം ഒപ്പുവെച്ച അപൂര്‍വ ധാതുക്കൾ സംബന്ധിച്ച കരാര്‍ സാമ്പത്തികമായും ഭൗമരാഷ്ട്രീയപരമായും നിര്‍ണായകമാണ്. ചൈനയുടെ അപൂര്‍വധാതുക്കളുടെ വിതരണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ് ഈ കരാര്‍. പൊതുവേ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ മേഖല തളര്‍ച്ചയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് ഊര്‍ജം പകരാന്‍ ഈ കരാറിലൂടെ സാധിക്കും. ഇതുകൂടാതെ ഊര്‍ജോത്പാദനത്തിനും അപൂര്‍വ ധാതുക്കളുടെ കൈമാറ്റം സഹായിക്കും.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ നമീബിയന്‍ സന്ദര്‍ശനമായിരുന്നു അഞ്ച് രാഷ്ട്രങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. യുറേനിയം അടക്കമുള്ള അപൂര്‍വധാതുക്കളുടെ നിക്ഷേപത്താല്‍ സമ്പന്നമാണ് നമീബിയ. ഇന്ത്യയുടെ ഊര്‍ജസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ യുറേനിയം നിര്‍ണായകഘടകമാണ്. നമീബിയയില്‍ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ലക്ഷ്യമിടുന്നുണ്ടെന്നും, നമീബിയയിലെ സമീപകാല എണ്ണ-പ്രകൃതിവാതക കണ്ടെത്തലുകളും ഇന്ത്യയ്ക്ക് താല്‍പര്യമുള്ള മേഖലയാണെന്നും നമീബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രാഹുല്‍ ശ്രീവാസ്തവ പ്രതികരിച്ചിട്ടുണ്ട്. ലിഥിയം, കോബാള്‍ട്ട്, യുറേനിയം, അപൂര്‍വ ഭൗമ ധാതുക്കൾ എന്നിവയുടെ നമീബിയയുടെ ശേഖരം പ്രയോജനപ്പെടുത്താന്‍ ഇന്ത്യ താല്പര്യം കാണിക്കുന്നുണ്ട്. നിര്‍ണായക ധാതുക്കളില്‍ മാത്രമല്ല, വജ്രവ്യാപാരത്തിലും ഇന്ത്യയ്ക്ക് കണ്ണുണ്ട്. നമീബിയ നിലവില്‍ ഇന്ത്യയിലേക്ക് നേരിട്ട് അസംസ്‌കൃത വജ്രങ്ങള്‍ കയറ്റി അയക്കുന്നില്ല. പോളിഷ്ഡ് വജ്രങ്ങള്‍ കയറ്റി അയക്കുന്നതില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാണെങ്കിലും സമീപ കാലത്ത് നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നമീബിയയുമായുള്ള കരാര്‍ ഇന്ത്യന്‍ വജ്ര വ്യവസായത്തിന് ഉത്തേജനം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഓസ്‌ട്രേലിയയുമായും ഇന്ത്യ ചര്‍ച്ച നടത്തിയിട്ടുണ്ട്. അപൂര്‍വധാതുക്കളുടെ ശേഖരത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. കൈമാറ്റത്തിനായി ഇന്ത്യ-ഓസ്‌ട്രേലിയ ചര്‍ച്ചകള്‍ നടന്നതായി ഓസ്ട്രേലിയയിലെ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷണര്‍ മാലിന് ദത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഖനന യൂണിറ്റുകളുമായുള്ള സഹകരണമാണ് ഇന്ത്യ ലക്ഷ്യംവെയ്ക്കുന്നത്. ക്വാഡ് അടക്കമുള്ള സഖ്യങ്ങളില്‍ പങ്കാളിയായ ഓസ്‌ട്രേലിയ ഇന്ത്യയുമായി മികച്ച സഹകരണത്തിലാണുള്ളത്. ഇത് വ്യാപാരത്തില്‍ ഇന്ത്യയ്ക്ക് ഗുണമാണ്. വിശ്വസ്തരായ വിതരണക്കാരായി ഓസ്‌ട്രേലിയയെ ഇന്ത്യ കരുതുന്നതും അതുകൊണ്ടുതന്നെ.
ഇന്ത്യയ്ക്ക് മേലുള്ള ചൈനീസ് സമ്മര്‍ദം
ഇലക്ട്രിക് വാഹനങ്ങള്‍, കാറ്റാടി യന്ത്രങ്ങള്‍ മുതല്‍ നൂതന പ്രതിരോധ ഇലക്ട്രോണിക്‌സ് വരെയുള്ള എല്ലാ ഉപകരണ സംവിധാനങ്ങള്‍ക്കും ഊര്‍ജം നല്‍കുന്ന അപൂര്‍വ ഭൗമ ധാതുക്കള്‍ ആധുനിക വ്യവസായത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. ഈ മേഖലയിലെ ആധിപത്യമാണ് ചൈന ആയുധമാക്കുന്നത്. ഇന്ത്യയിലേക്കുള്ള ഈ ധാതുക്കളുടെ കയറ്റുമതിയില്‍ ചൈന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. 2023 മുതല്‍ ഗാലിയം, ജര്‍മ്മേനിയം തുടങ്ങിയവയിലാണ് നിയന്ത്രണങ്ങള്‍ ആരംഭിച്ചതെങ്കില്‍ പിന്നീട് അത് പലതിലേക്കും വ്യാപിച്ചു. ഇന്ത്യയിലെ ഹൈടെക് ഉപകരണങ്ങളുടെ നിര്‍മാണത്തെ ഇത് ബാധിച്ചു. ഇത് ഇന്ത്യയുടെ ബാറ്ററി, ശുദ്ധ ഊര്‍ജ മേഖലകളെ നേരിട്ട് ബാധിച്ചിരുന്നു. ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് മേഖലയുടെ വിപുലീകരണത്തിന്റെ പ്രധാനഘട്ടങ്ങളിലൊന്നിലെ ഈ നടപടി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ കണക്കുകൂട്ടിയുള്ള ഒരു നീക്കമായിരുന്നതായി വിലയിരുത്തപ്പെട്ടിരുന്നു.
ചൈനയ്ക്ക് പകരം ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നത് ഇന്ത്യ മാത്രമല്ല. ലോകരാജ്യങ്ങളിലും മിക്കവരും മറ്റ് സ്രോതസ്സുകള്‍ തേടി പോകുമ്പോള്‍ അത് ചൈനീസ് ആധിപത്യത്തിനുള്ള പരോക്ഷമായ വെല്ലുവിളി കൂടിയാണ്. ആഫ്രിക്കയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യയുടെ സാന്നിധ്യം ഒരു ബഹുവിധ തന്ത്രമായാണ് കാണുന്നത്. ഘാനയ്ക്കും നമീബിയയ്ക്കും പുറമെ, ദക്ഷിണാഫ്രിക്ക, മൊസാംബിക്ക്, ടാന്‍സാനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ഉള്‍പ്പെടെ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഇന്ത്യ കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ കരാറുകള്‍ ഇന്ത്യയുടെ അടിയന്തിര ധാതു ആവശ്യങ്ങള്‍ മാത്രമല്ല, അതിന്റെ വിശാലമായ ഭൗമരാഷ്ട്രീയ അജണ്ടയും നിറവേറ്റുന്നുണ്ട്. ഇന്ത്യ മാത്രമല്ല, അപൂർവധാതുക്കളുടെ കൈമാറ്റത്തിന് വേണ്ടി ചൈനയെ ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങളും ഇതേവഴി തുടർന്നാൽ അത് ചൈനയുടെ ആധിപത്യത്തിനുള്ള വെല്ലുവിളിയാവുകയാണ്.
Content Highlights: India Challenges China`s Rare Earth Dominance
Published: 11 Jul 2025, 03:40 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented