'ഓപ്പറേഷൻ റൈസിംഗ് ലയൺ' ഇറാനിൽ തുടരുമ്പോൾ മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങൾ ഓരോന്നായി ഇസ്രയേൽ നടപ്പാക്കുകയാണ്. ഇറാനിൽ ഇസ്രയേലിന്റെ ചാരശൃംഖല എത്രമാത്രം നുഴഞ്ഞുകയറി എന്നതിന്റെ തെളിവായിരുന്നു പലതും. ഇറാന്റെ ഇന്റലിജൻസ് മേധാവി മുഹമ്മദ് കാസിമിയും ഉപമേധാവി ഹസ്സൻ മൊഹാഖിക്കും കൊല്ലപ്പെട്ടതുപോലെ, പ്രമുഖരായ സൈനികമേധാവികളെയും ആണവശാസ്ത്രജ്ഞരെയും തിരഞ്ഞുപിടിച്ച് വധിക്കുന്നതിന് നിർണായകമായത് മൊസാദിന്റെ ഏജന്റുമാർ നൽകിയ രഹസ്യവിവരങ്ങളാണ്. കുറച്ചുകാലമായി ഇറാനിലുടനീളം മൊസ്സാദ് ചാരൻമാർ വലവിരിച്ചിട്ട്.

To advertise here,

ജൂൺ പതിമൂന്നിന് പുലർച്ചെ ഇരുന്നൂറിലധികം ഇസ്രയേലി പോർവിമാനങ്ങളാണ് ഇറാനിൽ ആക്രമണം നടത്തിയത്. നതാൻസ് ആണവ സമ്പുഷ്ടീകരണ കേന്ദ്രവും ടെഹ്‌റാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി) ആസ്ഥാനവും ലക്ഷ്യത്തിൽ പെടുന്നു. കൊല്ലപ്പെട്ടവരിൽ ഐആർജിസി മേധാവി ഹൊസൈൻ സലാമിയും ഇറാന്റെ പട്ടാളമേധാവി മുഹമ്മദ് ബഗേരിയും അണുശാസ്ത്രജ്ഞരും പെടും.   ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിർവീര്യമാക്കിയായിരുന്നു ഇസ്രയേലിന്റെ പ്രിസിഷൻ ബോബിങ്. മൊസാദ് ഏജന്റുമാർ ടെഹറാനിൽ സ്ഥാപിച്ച ഡ്രോൺ താവളമാണ് ഇതിനു വഴിയൊരുക്കിയതെന്നും  റിപ്പോർട്ടുണ്ട്.

placeholder
ഇറാനിലെ ടെഹ്‌റാനിൽ ഉണ്ടായ സ്‌ഫോടനത്തെത്തുടർന്ന് പുക ഉയരുന്നു | Photo: AP/PTI

ഇറാന്റെ മൂക്കിനു താഴെ രഹസ്യ ഡ്രോണ്‍താവളം

ഈയിടെ റഷ്യൻ വ്യോമത്താവളങ്ങൾ തകർത്ത യുക്രൈന്റെ ഓപ്പറേഷൻ ചിലന്തിവലയ്ക്ക് വേണ്ടിവന്നത് ഒന്നരവർഷത്തെ തയ്യാറെടുപ്പായിരുന്നു. പക്ഷേ, റൈസിങ് ലയൺ നിരവധി വർഷങ്ങളെടുത്തുവെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ പറയുന്നത്. ഈ പദ്ധതിക്ക് മൂന്നു ഭാഗങ്ങളുണ്ടായിരുന്നുവെന്ന് ഇസ്രായേലി സുരക്ഷാവൃത്തങ്ങൾ പറയുന്നു- 1. ടെഹ്‌റാനടുത്ത് ഡ്രോൺ താവളം സജ്ജമാക്കുക 2. വിദൂരത്തുനിന്നു കൃത്യമായി ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കാവുന്ന ആയുധങ്ങൾ ഇറാനിൽ എത്തിക്കുക 3. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തെ തകർക്കുവാൻ കമാൻഡോ യൂണിറ്റുകളെ വിന്യസിക്കുക.

ടെഹ്‌റാനിലെ ഡ്രോൺ താവളത്തിന്റെ ലക്ഷ്യം ഐആർജിസിയുടെ എസ്ഫജാബാദ് സൈനികകേന്ദ്രമായിരുന്നു. ഇസ്രയേലിനെ ലക്ഷ്യംവെക്കുന്ന സർഫസ് ടു സർഫസ് മിസൈൽ ലോഞ്ചറുകൾ അവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇസ്രയേലിലേക്ക് ദീർഘദൂര മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ള താവളം. ഇസ്രയേൽ ആക്രമിച്ചാൽ ഇറാന്റെ തിരിച്ചടിയുടെ കേന്ദ്രമാകാൻ ഇടയുണ്ടായിരുന്ന സ്ഥാനം. മൊസാദ് ചാരൻമാർ ഡ്രോണുകളുടെ ഘടകഭാഗങ്ങൾ ഓരോന്നായി ഇറാനിലെത്തിച്ച് കൂട്ടിയോജിപ്പിച്ചു, ഇറാന്റെ ചാരസംഘടനകളുടെ കണ്ണിൽപെടാതെ ഒളിപ്പിച്ചുവെച്ചു. പൂർണസജ്ജമായ ഡ്രോണുകളെ വ്യോമാക്രമണ സമയത്ത് റിമോട്ടുപയോഗിച്ച് പ്രവർത്തനക്ഷമമാക്കി. സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഈ ചാവേർ ഡ്രോണുകൾ നിശ്ചിതസമയത്ത് മിസൈൽ കേന്ദ്രങ്ങളിൽ നാശം വിതച്ചു, 

സാധ്യമായ ഇറാൻ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറിയെങ്കിൽ മാത്രമേ പദ്ധതി വിജയിക്കുമായിരുന്നുള്ളൂ. താവളവും സജ്ജീകരണങ്ങളും പൂർത്തിയായപ്പോൾ ഭൂരിഭാഗം പേരെയും ഒഴിവാക്കി, ദൗത്യത്തിന്റെ അവസാനഘട്ടം നടപ്പാക്കാനായി കുറച്ചുപേരെ നിലനിർത്തി. ഈ താവളം ഉണ്ടാക്കാനായി മനുഷ്യരിൽനിന്ന് ശേഖരിക്കുന്ന രഹസ്യവിവരങ്ങളും (ഹ്യൂമിന്റ്- Humint) എതിരാളികളുടെ ആശയവിനിമയം പിടിച്ചെടുക്കുന്നതിൽ നിന്നുള്ള വിവരങ്ങളും (സിഗിന്റ്- Sigint) ഉപയോഗപ്പെടുത്തി. ഫീൽഡ് ഓപ്പറേഷനുകളെ അത്യാധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കാനുള്ള മൊസാദിന്റെ കഴിവ് ഈ ഓപ്പറേഷനും തുണയായി.

ഒരു ഇസ്രയേലി ഓഫീസർ ഫോക്‌സ് ന്യൂസിന് നൽകിയ പ്രതികരണം ഇങ്ങനെ: 'അവരെക്കുറിച്ച് ഞങ്ങൾ നന്നായി പഠിച്ചു. ആ വിവരങ്ങളുപയോഗിച്ച അവരുടെ പെരുമാറ്റത്തെ ഞങ്ങൾ സ്വാധീനിച്ചു. അന്നേരം അവരവിടെ ഒത്തുചേരുമെന്ന് ഞങ്ങൾ കരുതി. അങ്ങനെയുണ്ടായാൽ അവരെ അവിടെത്തന്നെ നിർത്താനും ഞങ്ങൾക്കറിയാമായിരുന്നു. ' അതായത്, സിഗിന്റ് വഴിക്കോ, വഴിതെറ്റിക്കുന്ന വിവരങ്ങൾ മുഖേനയോ നിശ്ചിതസമയത്ത് അവിടെ യോഗം ചേരുന്നതിന് ഐആർജിസിയെ പ്രേരിപ്പിക്കുകയായിരുന്നു!

ട്രംപ് ആദ്യം പ്രസിഡന്റായിരുന്നപ്പോൾ ഇറാന്റെ അണ്വായുധനിർമ്മാണം തടയാൻ സംയുക്ത സമഗ്ര കർമ്മപദ്ധതി (ജെസിപിഒഎ) ഒപ്പുവെക്കുന്നത് തടയാനാണ് ഇസ്രയേൽ ആർക്കൈവ് മോഷണം ആസൂത്രണം ചെയ്തത്. 2018 ജനുവരി 31-ന് രണ്ട് ഡസനോളം മൊസാദ് ഏജന്റുമാർ തെക്കൻ ടെഹ്‌റാനിലെ രഹസ്യകേന്ദ്രത്തിൽ നുഴഞ്ഞുകയറി ഒരു ലക്ഷത്തോളം രേഖകൾ മോഷ്ടിച്ചു. 1999 മുതൽ 2003 വരെയുള്ള കാലത്ത് അണ്വായുധ നിർമാണത്തിനായി ഇറാൻ നടത്തിയ പരിശ്രമങ്ങളെക്കുറിച്ചുള്ള രഹസ്യരേഖകളായിരുന്നു അവ.

placeholder
ഇറാനിലെ നടാൻസ് ആണവ കേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രം | Photo: Maxar Technologies via AP

സുരക്ഷാവീഴ്ച വെളിവായപ്പോള്‍ ആയിരക്കണക്കിന് ആള്‍ക്കാരെയാണ് മൊസാദ് ഏജന്റുമാരെ കണ്ടെത്താന്‍ ഇറാന്‍ നിയോഗിച്ചത്. ഇത്രയുമധികം രേഖകള്‍ ഇസ്രയേല്‍ എങ്ങനെയാണ് പുറത്തുകടത്തിയത് എന്നത് ഇനിയും വ്യക്തമല്ല. പിന്നീട് രേഖകള്‍ ലോറിയില്‍ അസര്‍ബൈജാനിലേക്ക് കടത്തുകയായിരുന്നു എന്ന് വെളിവായി.

ഇറാനിലെ മൊസാദ് വിളയാട്ടം

മൊസാദിനെ ചെറുക്കാനുള്ള യൂണിറ്റിന്റെ തലവനും ആ ടീമിലെ ഇരുപതോളം പേരും ഇസ്രയേലി ചാരന്മാരായിരുന്നുവെന്ന് 2021-ല്‍ അന്നത്തെ ഇറാന്‍ പ്രസിഡണ്ട് മഹമൂദ് അഹമ്മദി നെജാദ്‌ വെളിപ്പെടുത്തിയിരുന്നു. ഈ സംഘം ചോര്‍ത്തിനല്‍കിയ വിവരങ്ങളുപയോഗിച്ചാണ് ഇസ്രയേല്‍  2018-ല്‍ ടെഹ്റാനിലെ അണവ ആര്‍ക്കൈവ് മോഷ്ടിച്ചെടുത്തത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കുറഞ്ഞത് 2010 മുതല്‍ ഇറാനില്‍ മൊസാദിന്റെ രഹസ്യ ഓപ്പറേഷനുകള്‍ ശക്തിപ്പെടുകയായിരുന്നു. ആണവകേന്ദ്രങ്ങളിലുള്ള ആക്രമണം, ആണവ ശാസ്ത്രജ്ഞരെ വധിക്കല്‍, സൈനിക സ്ഥാപനങ്ങളിലെ അട്ടിമറി അങ്ങനെ നിരവധി സംഭവങ്ങള്‍ അവരുടെമേല്‍ ആരോപിക്കപ്പെടുന്നുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്നു പറയാം.

placeholder

ഇറാനില്‍ ഇന്റലിജന്‍സ് മന്ത്രിയായിരുന്ന അലി യൂനുസി 2021-ല്‍ ഇങ്ങനെ പറഞ്ഞു: 'നിര്‍ഭാഗ്യവശാല്‍ ഇറാന്റെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മൊസാദിന്റെ സ്വാധീനം വളരെയേറെ വര്‍ധിച്ചിരിക്കുന്നു- ജീവഭയത്തോടെ വേണം ഓരോ മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനും ജീവിക്കാന്‍.'  മൊസാദിന്റെ ഒരു മാര്‍ഗ്ഗം ഡബിള്‍ ഏജന്റുമാരെ കള്‍ട്ടിവേറ്റ് ചെയ്യുക എന്നതാണ്. 2007-ല്‍ ഇറാനില്‍നിന്നു കൂറുമാറിയ ജനറല്‍ അലി റീസ അസ്‌ക്കരിയുടെ കാര്യം നോക്കുക. 2003 മുതല്‍ അദ്ദേഹം മൊസാദിന് വിവരങ്ങള്‍ കൈമാറിയിരുന്നത്രെ. അദ്ദേഹത്തിന്റെ 'കവര്‍' പൊളിഞ്ഞപ്പോള്‍ രക്ഷപ്പെടുകയായിരുന്നു. ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തോട് ജനങ്ങള്‍ക്കിടയിലുള്ള വ്യാപകമായ അസംതൃപ്തിയും ചാരസംഘടന ഉപയോഗപ്പെടുത്തുന്നു.