"I gotta keep breathing. Because tomorrow the sun will rise, and who knows what the tide will bring in."- Chuck Noland (Cast Away)

ഴിഞ്ഞ ദിവസങ്ങളിലൊന്നും അയാളെ കടൽ കനിഞ്ഞിരുന്നില്ല. എന്നും വെറുംകയ്യോടെ മടങ്ങേണ്ട ​ഗതികേടാണെങ്കിലും കുടുംബത്തെയോർത്ത് ആ ദിവസവും സാന്തിയാ​ഗോ കടലിലേക്കിറങ്ങി. ഒരു ചെറുമീനെങ്കിലും കിട്ടിയിട്ട് ദിവസങ്ങളായി. എന്നാലും പ്രതീക്ഷയോടെ അദ്ദേഹം വഞ്ചി തുഴഞ്ഞു. ആ ദിവസം ഭാ​ഗ്യത്തിന് അദ്ദേഹത്തിന്റെ ചൂണ്ടിയിലൊരു മീൻ കൊത്തി. അതും 300 അടി താഴ്ചയിൽനിന്ന്. ചൂണ്ട വലിക്കാൻ നോക്കിയപ്പോൾ ചൂണ്ടയും വലിച്ച് മീൻ മുന്നോട്ട് കുതിച്ചു. മൂന്ന് ദിവസത്തിന് ശേഷം മീൻ പൊങ്ങിവന്നത് കണ്ട സാന്തിയാ​ഗോ അന്തംവിട്ട് നിന്നുപോയി. ആ വള്ളത്തേക്കാൾ വലിയ മീൻ. അതിശക്തമായ പോരാട്ടത്തിനൊടുവിൽ അയാൾ ആ മീനിനെ കീഴ്‌പ്പെടുത്തി. ദിവസങ്ങൾ നീണ്ട കടൽയാത്രയ്ക്ക് ശേഷം അവശനായി തിരികെയെത്തുന്ന സാന്തിയാ​ഗോയെ കാത്ത് ആ ​ഗ്രാമം മുഴുവൻ ആ കടൽത്തീരത്തുണ്ടായിരുന്നു.

To advertise here,

ഏതാണ്ട് ഏഴ് പതിറ്റാണ്ട് മുൻപ് ഏണസ്റ്റ് ഹെമിങ്‌വേ എഴുതിയ ‘കിഴവനും കടലും’ (‘ദ ഓൾഡ് മാൻ ആൻഡ് ദ സീ’) യഥാർഥ ജീവിതത്തിൽ ജീവൻവെക്കുന്നതാണ് കഴിഞ്ഞ ദിവസം പെറുവിലെ തീരദേശ പട്ടണമായ മാർക്കോണയിൽ കണ്ടത്. 95 ദിവസം കടലിൽ ഒറ്റപ്പെട്ടുപോയ 61-കാരനായ മക്സിമോ നാപ കാസ്ട്രോയ്ക്കായി ഒരു നാട് അവിടേയും കാത്തിരിപ്പുണ്ടായിരുന്നു. നിർജലീകരണം സംഭവിച്ച് ​ഗുരുതരമായ നിലയിലായിരുന്ന ഇദ്ദേഹത്തെ ഇക്വഡോറിയൻ പട്രോളിംഗ് കപ്പലായ ഡോൺ എഫിലെ നാവികരാണ് കണ്ടെത്തുന്നത്. കൊടുങ്കാറ്റിൽപ്പെട്ട് തീരത്തുനിന്ന് 1094 കിലോ മീറ്റർ അകലെ മരണം മുന്നിൽക്കണ്ട് കിടന്ന നാപയുടെ അതിജീവന കഥ ആശ്ചര്യത്തോടെയാണ് ലോകം കേട്ടത്. 

മരണം മുന്നിൽ കണ്ട് നടുക്കടലിൽ

2024 ഡിസംബർ ഏഴിനാണ് പെറുവിലെ മാർക്കോണ തുറമുഖത്തുനിന്ന് നാപ കാസ്ട്രോ രണ്ടാഴ്ച മാത്രം നീണ്ടുനിൽക്കുന്ന മത്സ്യബന്ധനത്തിനായി പുറപ്പെടുന്നത്. ആവശ്യത്തിനുള്ള ഭക്ഷണവും കരുതിയിരുന്നു. എന്നാൽ, നാപ പ്രതീക്ഷിച്ചതല്ലായിരുന്നു കടലും പ്രകൃതിയും അദ്ദേഹത്തിനായി കാത്തുവെച്ചത്. കടലിലെത്തി പത്താംനാൾ അദ്ദേഹത്തിന്റെ ബോട്ടിന്റെ എഞ്ചിൻ തകരാറിലായി. ഇതോടെയാണ് പദ്ധതികളെല്ലാം തകിടംമറിയുന്നത്. രണ്ടാഴ്ചത്തേക്ക് കടലിലെത്തിയ നാപ അതിജീവിച്ചത് 94 ദിനരാത്രങ്ങളെയാണ്. 

നേരത്തെ കരുതിയിരുന്ന ഭക്ഷണവും മഴവെള്ളം ശേഖരിച്ച് വെച്ചതുമാണ് നാപയെ ജീവിതത്തിലേക്ക് തിരികെക്കയറ്റിയത്. എന്നാൽ, കഴിക്കാൻ ഭക്ഷണവും കുടിക്കാൻ ഒരു തുള്ളിവെള്ളവും ലഭ്യമല്ലാത്ത നാളുകളും നാപയുടെ കടൽജീവിതത്തിലുണ്ടായിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം നാപ മഴവെള്ളം ശേഖരിച്ചുവെച്ചു. ഒരവസരത്തിൽ പാറ്റയേയും പക്ഷികളേയും ഭക്ഷിച്ചു. ഇവയും കിട്ടാതെ വന്നതോടെ ആമകളെ കൊന്നുതിന്നാൻ തുടങ്ങി. ആമയെ കൊല്ലുന്നത് തന്നെ സംബന്ധിച്ച് വലിയ വിഷമമുള്ള കാര്യമായിരുന്നു എന്നാണ് നാപ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ പറഞ്ഞത്. എന്നാൽ, ജീവനുവേണ്ടിയുള്ള പിടച്ചിലിൽ എന്തിനേയും കൊന്നുതിന്നാനുള്ള മാനസികാവസ്ഥയിലേക്ക് താൻ എത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. കാര്യങ്ങൾ ഇങ്ങനൊയൊക്കെ ആയിരുന്നെങ്കിലും രക്ഷപ്പെടുന്നതിന് 15 ദിവസം മുമ്പാണ് നാപയ്ക്ക് അവസാനഭക്ഷണം ലഭിച്ചത്. പട്ടിണി കിടന്ന് അവശനായ നിർജലീകരണം സംഭവിച്ച് ക്ഷീണിച്ച നാപയെ ആണ് നാവികർ രക്ഷപ്പെടുത്തി കുടുംബത്തിന് തിരികെനൽകിയത്. 

'അച്ഛൻ തിരിച്ചുവരും'

'എനിക്ക് അമ്മയും മക്കളുമുണ്ട്. അതിനാൽ ഞാൻ മരിക്കില്ല.' ഈ ആത്മവിശ്വാസത്തിലാണ് താൻ ജീവൻ തിരികെപ്പിടിച്ചതെന്നാണ്‌ നാപ പറയുന്നത്. രണ്ട് മാസം പ്രായമുള്ള കൊച്ചുമകളേയും കുടുംബത്തേയും പറ്റിയുള്ള ചിന്ത തനിക്ക് സഹനശേഷി നൽകി. ഓരോ ദിവസവും അമ്മയെക്കുറിച്ച് ചിന്തിച്ചാണ് കടന്നുപോയിരുന്നതെന്നും നാപ പറയുന്നു.

placeholder
നാപ ചികിത്സയ്ക്കിടെ | Photo: X@PTVph

നാപയുടെ ബോട്ടിൽ റേഡിയോ ബീക്കൺ ഇല്ലാതിരുന്നതാണ് തിരച്ചിൽ ദുഷ്കരമാക്കിയത്. പ്രാദേശിക മത്സ്യത്തൊഴിലാളികൾ തന്റെ പിതാവിനായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാപയുടെ മകൾ ഇനെസ് നാപ ടോറസ് പറയുന്നു. അധികൃതർ ഇടപെട്ടിട്ടും കാര്യമുണ്ടായില്ല. എന്നാലും കുടംബം എന്ന നിലയിൽ തങ്ങളുടെ പിതാവിനെ കണ്ടെത്തുമെന്ന കാര്യത്തിൽ അവർക്ക് സംശയമില്ലായിരുന്നു. പ്രതീക്ഷ കൈവിടാതെ പിടിച്ചുനിന്ന കുടുംബത്തിലേക്ക് കൂടിയാണ് നാപ തന്റെ ജീവനും തിരികെപ്പിടിച്ച് തിരികെക്കയറിയത്. 

തന്റെ മകനെ വീണ്ടും കാണണമെന്ന പ്രാർഥനയോടെ കഴിഞ്ഞ ഒരു അമ്മയും കാസ്ട്രോയ്ക്കുണ്ട്. ദിവസങ്ങൾ കഴിയുന്നതോടെ മകനെ ഇനി കാണാനാകില്ലേ എന്നതായിരുന്നു നാപയുടെ അമ്മ എലീന കാസ്ട്രോയുടെ മനസ്സിനെ അലട്ടിയ ഏറ്റവും വലിയ സംഘർഷം. ജീവനയോടെയോ ജീവനില്ലാതെയോ ഒരുനോക്ക് കാണുന്നതിന് മകനെ തിരികെ കരയിലെത്തിക്കണമെന്ന് അവർ കരഞ്ഞ് പ്രാർഥിച്ചു. തിരികെ നൽകിയതാകട്ടെ ജീവനോടെ തന്നെ. 

ട്യൂണ മത്സ്യം ലക്ഷ്യമിട്ട് വേട്ടയ്ക്കിടറങ്ങിയ ഒരു ഇക്വഡോറിയൻ ബോട്ട് ആണ് നാപയുടെ ബോട്ട് കണ്ടെത്തുന്നത്. ഭക്ഷണമോ കുടിവെള്ളമോ ലഭിക്കാതെ എല്ലും തോലുമായി മാറിയ ഒരു മനുഷ്യനെ ആ ബോട്ടിൽ കണ്ട് അവർ ഞെട്ടിപ്പോയി. ഉടൻതന്നെ വിവരം അധികൃതരെ അറിയിക്കുകയും നാപയെ എയർലിഫ്റ്റ് ചെയ്യുകയുമായിരുന്നു. പാറ്റകളും പക്ഷികളും ആമകളുമെല്ലാംകൊണ്ട് അലങ്കരിച്ച ഒരു കേക്കുമായിട്ടാണ് മൂന്ന് മാസത്തിന് ശേഷം തിരികെയെത്തുന്ന നാപയെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വരവേറ്റത്. 

കൊടുംതണുപ്പിൽ രണ്ട് മൃതദേഹങ്ങളോടൊപ്പം

ബോട്ടുകളുടെ തകരാർ മൂലമോ പ്രകൃതിദുരന്തങ്ങളിൽപ്പെട്ടോ ആളുകൾ ദിവസങ്ങളോളം കടലിൽ അതിജീവിച്ച സംഭവങ്ങൾ നിരവധിയാണ്. മഴവെള്ളം ശേഖരിക്കുന്നതും മത്സ്യം, ആമകൾ, പക്ഷികൾ എന്നിവയെ ഭക്ഷിക്കുന്നതും മാത്രമാണ് ഈ ദുരവസ്ഥയിൽ ജീവൻ നിലനിർത്താനുള്ള മാർ​ഗം. മാസങ്ങൾക്ക് മുമ്പാണ് തിമിംഗലത്തെ കാണാനായി ഒഖോത്സ്‌ക് കടലിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ദ്വീപുകളിലേക്ക് യാത്ര പോയ റഷ്യൻ സ്വദേശികളായ മൂന്നം​ഗ സംഘം കടലിൽപ്പെട്ടത്. 46-കാരനായ മിഖായേൽ പിച്ചുഗിൻ, 49 വയസ്സുള്ള തന്റെ സഹോദരനും 15 വയസ്സുള്ള അനന്തരവനുമായിരുന്നു യാത്ര പുറപ്പെട്ടത്. 

ഒഖോത്സ്‌ക് കടലിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ദ്വീപുകളിലേക്കായിരുന്നു മൂവരുടേയും യാത്ര. ചെറുബോട്ടായ ഡിങ്കിയിൽ യാത്ര പോയ സംഘം ഓ​ഗസ്റ്റ് ഒൻപതിന് തിരികെവരുമ്പോഴാണ് ബോട്ടിന്റെ എഞ്ചിൻ തകരാറിലാകുന്നതും കടലിൽ അകപ്പെടുന്നതും. ഈ സമയത്ത് 20 ലിറ്റർ വെള്ളവും വളരെക്കുറച്ച് ഭക്ഷണവും മാത്രമേ സംഘത്തിന്റെയടുത്ത് ഉണ്ടായിരുന്നുള്ളൂ. കുടിവെള്ളവും ഭക്ഷണവുമില്ലാതെ കടലിന് നടുവിൽ ഒറ്റപ്പെട്ടുപോയ സംഘത്തിന് കൊടുംതണുപ്പിനെ കൂടെ അതിജീവിക്കേണ്ടതുണ്ടായിരുന്നു. 

placeholder
മിഖായേൽ പിച്ചുഗിൻ | Photo: Facebook: Cultura Colectiva +

ഇവരെ കാണാതായെന്ന് അറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും സംഘത്തെ കണ്ടെത്താനായിരുന്നില്ല. അതിനിടെ, കൊടുംതണുപ്പിൽ ഭക്ഷണമില്ലാതെ അതിജീവിക്കാൻ സാധിക്കാതെ വന്ന പിച്ചു​ഗിന്റെ സഹോദരനും 15-കാരനായ അനന്തിരവനും കടലിൽവെച്ചു മരണത്തിന് കീഴടങ്ങി. അവർ ഒഴുകിപ്പോകാതിരിക്കാൻ പിച്ചു​ഗിൻ അവരുടെ മൃതദേഹങ്ങൾ സ്വന്തം ബോട്ടിനോട് ചേർത്ത് കെട്ടി.  

പിച്ചു​ഗിനെ സംബന്ധിച്ചുണ്ടായിരുന്ന ഏക ആശ്രയം ഒരു കമ്പിളി മാത്രമായിരുന്നു. കൊടുംതണുപ്പിൽനിന്ന് രക്ഷനേടാൻ അയാൾ കമ്പിളിക്കുള്ളിലേക്ക് ഊർന്നുകയറി. കുടിവെള്ളം ശേഖരിക്കാൻ ശ്രമിച്ചെങ്കിലും കൊടുംതണുപ്പ് വിനയായി. പിന്നീടുണ്ടായിരുന്നതാകട്ടെ അൽപ്പം നൂഡിൽസും. കടലിൽപ്പോയി 67 ദിവസങ്ങൾക്ക് ശേഷമാണ് കാംചത്ക പെനിൻസുലയിൽനിന്ന് പുറപ്പെട്ട മത്സ്യത്തൊഴിലാളികൾ പിച്ചു​ഗിനെ കണ്ടെത്തുന്നത്. യാത്ര പുറപ്പെടുമ്പോൾ ‍100 കിലോയോളം ഭാരമുണ്ടായിരുന്നു പിച്ചു​ഗിനെ കണ്ടെത്തുമ്പോൾ 50 കിലോയിലേക്ക് ചുരുങ്ങിയിരുന്നു. കിഴക്കൻ ഏഷ്യയിലെ ഏറ്റവും തണുപ്പുള്ളതും കൊടുങ്കാറ്റിന് പേരുകേട്ടതുമായ ഒഖോത്സ്‌ക് കടലിൽ അതിജീവിക്കാൻ പിച്ചു​ഗിന് സാധിച്ചു എന്നത് ഇന്നും ഒരു അത്ഭുതമാണ്. 

ഷാഡകും നായയും

2023 ഏപ്രിലിലാണ് ഓസ്ട്രേലിയൻ നാവികനായ ഷാഡക് മെക്സിക്കൻ തീരനഗരമായ ലാ പാസയിൽനിന്ന് അദ്ദേഹത്തിന്റെ നായ ബെല്ലയ്ക്കൊപ്പം സമുദ്രപര്യടനത്തിനിറങ്ങിയത്. 6000 കിലോമീറ്റർ സഞ്ചരിച്ച് ഫ്രഞ്ച് പോളിനേഷ്യയിൽ നങ്കൂരമിടാനായിരുന്നു ലക്ഷ്യമെങ്കിലും പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്. യാത്ര തുടങ്ങി അധികം വൈകാതെ കടൽക്ഷോഭത്തിൽപ്പെട്ട് ബോട്ട് തകർന്നു. ദിശയറിയാനും പുറംലോകവുമായി ബന്ധപ്പെടാനുമുള്ള ഉപകരണങ്ങളുടെയെല്ലാം പ്രവർത്തനവും നിലച്ചു. മഴവെള്ളം കുടിച്ചും മീൻ കഴിച്ചും തന്നെയാണ് ഇവരും ജീവൻനിലനിർത്തിയത്. സൂര്യാഘാതമേൽക്കാതിരിക്കാൻ പായയ്ക്കുകീഴിൽ അഭയംതേടി.

placeholder
ടിം ഷാഡക്കും നായയും | Photo:Twitter:@Darkwebhaber

നടുക്കടലിൽ അവർ ഒറ്റയ്ക്കായി. രണ്ട് മാസത്തോളം ഷാഡകും അദ്ദേഹത്തിന്റെ നായയും കടലിൽ അലഞ്ഞു. അപ്രതീക്ഷതമെന്ന് പറയട്ടെ, മെക്സിക്കൻ മീൻപിടിത്ത ബോട്ടിനു വേണ്ടി കടലിൽ നിരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന ഹെലികോപ്റ്റർ ഇരുവരേയും കാണുകയും തുടർന്ന് കരയിലേക്ക് സന്ദേശമയക്കുകയും ചെയ്തു. ഒരു മനുഷ്യനും നായയും കടലിൽ അലഞ്ഞു നടക്കുന്നുവെന്നായിരുന്നു ആ സന്ദേശം. പിന്നാലെ, മത്സ്യത്തൊഴിലാളികളുടെ ‘മരിയ ഡെലിയ’ എന്ന ബോട്ട് പ്രതീക്ഷയുടെ വെളിച്ചവുമായി അവരിലേക്കെത്തുന്നത്. രണ്ട് മാസം നീണ്ടുനിന്ന യാതനയ്ക്കുശേഷം മെക്സിക്കൻ തീരത്തെത്തിയപ്പോൾ അയാൾ കണ്ടാൽ തിരിച്ചറിയാനാകാത്തവിധം മാറിയിരുന്നു. ഭക്ഷണം കിട്ടാതെ മെലിഞ്ഞുണങ്ങി. താടിയും മുടിയും വല്ലാണ്ട് വളർന്നു. കടലിൽ ഒടുങ്ങിയേക്കാവുന്ന ജീവൻ തിരികെനൽകിയതിന് അന്ന് ആ മത്സ്യത്തൊഴിലാളികളെ നോക്കി ഷാഡക് ഒന്ന് കൈകൂപ്പി കാണണം. ക്ഷീണിച്ച് അവശനായെത്തിയ ഷാഡകിനെ കാത്ത് മെക്സിക്കൻ തീരത്തുണ്ടായിരുന്നവരോട് ആയാൾ പറഞ്ഞു. “ഇനി വിശ്രമിക്കണം, നല്ലഭക്ഷണം കഴിക്കണം.”