വൈദ്യുതവാഹനങ്ങള്‍, ഊര്‍ജ്ജ സാങ്കേതികവിദ്യ, സൈനിക ഉപകരണങ്ങള്‍, വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ എന്നിങ്ങനെ അധുനിക സാങ്കേതികവിദ്യകളില്‍ ഏറെ പ്രധാനപ്പെട്ടവയാണ് ഈ ലോഹങ്ങള്‍.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും| Photo: Susan Walsh/ AP (File)
റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ വീണ്ടും പിടിമുറുക്കി ചൈന! ആഗോളതലത്തിൽ തന്നെ അതിനിർണായകമായ റെയർ എർത്ത് ലോഹങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങൾ ചൈന കർശനമാക്കി. ഈ വർഷം ഏപ്രിലിൽ കയറ്റുമതി നിയന്ത്രണം പ്രഖ്യാപിച്ച ഏഴ് റെയർ എർത്ത് മൂലകങ്ങൾക്ക് പുറമേ അഞ്ച് എണ്ണത്തിന് കൂടിയാണ് ചൈന നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ നിയന്ത്രണമുള്ള ലോഹങ്ങളുടെ എണ്ണം 12 ആയി. കൂടാതെ ഈ ലോഹങ്ങൾ ശുദ്ധീകരിക്കാനുള്ള സാങ്കേതിക ഉപകരണങ്ങളുടെ കയറ്റുമതിയിലും നിയന്ത്രണമുണ്ട്. ഈ നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഈ മാസം അവസാനം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ചൈനയുടെ നിർണായക നീക്കം. ഇതോടെ ചൈനയ്ക്കുമേൽ നിലവിലെ തീരുവയ്ക്ക് പുറമേ 100 ശതമാനം അധികത്തീരുവ കൂടി പ്രഖ്യാപിച്ച ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കുകയും ചെയ്തു.
വൈദ്യുതവാഹനങ്ങള്‍, ഊര്‍ജ സാങ്കേതികവിദ്യ, സൈനിക ഉപകരണങ്ങള്‍, വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ എന്നിങ്ങനെ ആധുനിക സാങ്കേതികവിദ്യകളില്‍ ഏറെ പ്രധാനപ്പെട്ടവയാണ് ഈ ലോഹങ്ങള്‍. സാങ്കേതിക, വൈദ്യശാസ്ത്ര, പ്രതിരോധ, ഊര്‍ജ രംഗങ്ങളിലെല്ലാം നിര്‍ണായകമായ ഇവയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തിയേക്കും. ഈ ലോഹങ്ങള്‍ ഉപയോഗിച്ചുള്ള ചൈനയുടെ വിലപേശല്‍ ഇവയുടെ കയറ്റുമതിയില്‍ തങ്ങളുടെ ആധിപത്യം ആയുധമാക്കാനുള്ള വ്യക്തമായ സൂചനയായാണ് വിലയിരുത്തുന്നത്. എന്താണ് റെയർ എർത്ത് മൂലകങ്ങൾ? എന്തുകൊണ്ട് ഇവ പ്രാധാന്യം അർഹിക്കുന്നു? ചൈനയുടെ പുതിയ പ്രഖ്യാപനം എങ്ങനെ വിവിധ രാജ്യങ്ങളെ ബാധിക്കും?
എന്താണ് റെയർ എർത്ത് മൂലകങ്ങൾ?
സ്കാൻഡിയം, യിട്രിയം എന്നിവയ്ക്കൊപ്പം 15 ലാന്തനൈഡുകൾ (Lanthanide) ഉള്‍പ്പെടെ 17 മൂലകങ്ങളുടെ കൂട്ടമാണ് റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ (Rare-earth element) എന്ന് അറിയപ്പെടുന്നത്. അതായത് സ്‌കാൻഡിയവും യിട്രിയവും കൂടാതെ പീരിയോഡിക് ടേബിളിൽ അറ്റോമിക് നമ്പർ 57 മുതൽ 71 വരെയുള്ള മൂലകങ്ങളും റെയർ എർത്ത് വിഭാഗത്തിൽപ്പെടുന്നു. സ്കാൻഡിയം (Scandium), യിട്രിയം (Yttrium), ലാന്തനം (lanthanum), സീറിയം (cerium), പ്രീസിയോഡീമിയം (praseodymium), നിയോഡീമിയം (neodymium), പ്രോമീത്തിയം (promethium), സമേരിയം (samarium), യൂറോപ്യം (europium), ഗാഡോലിനിയം (gadolinium), ടെർബിയം (terbium), ഡിസ്പ്രോസിയം (dysprosium), ഹോൾമിയം (holmium), എർബിയം (erbium), തൂലിയം ( thulium ), ഇറ്റേർബിയം (ytterbium), ല്യൂട്ടീഷ്യം (lutetium) എന്നിവയാണ് റെയര്‍ എര്‍ത്ത് മൂലകങ്ങളായി കണക്കാക്കുന്നത്. ഇവയെ ലൈറ്റ് റെയര്‍ എര്‍ത്ത്, ഹെവി റെയര്‍ എര്‍ത്ത് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ എന്ന് വിളിക്കുന്നുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായി ഇതത്ര അപൂര്‍വമല്ല. പേരില്‍നിന്ന് വിഭിന്നമായി ഈ ലോഹങ്ങളുടെ നിക്ഷേപം ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും കാണപ്പെടുന്നു. ഭൂവല്‍ക്കത്തില്‍ താരതമ്യേന സമൃദ്ധമായി കാണാവുന്നതാണ്. ഓക്‌സൈഡ് രൂപങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടായിരുന്നതിനാലും ഖനനത്തിന് അനുയോജ്യമായ സാന്ദ്രീകൃത നിക്ഷേപങ്ങള്‍ വളരെ അപൂര്‍വമായതിനാലുമാണ് ചരിത്രപരമായി ഈ ലോഹങ്ങളെ റെയര്‍ എര്‍ത്ത് എലമെന്റ്‌സ് എന്ന് വിളിച്ചത്. റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ഒരിക്കലും വളരെ ഉയര്‍ന്ന സാന്ദ്രതയില്‍ കാണപ്പെടുന്നില്ല. അവ സാധാരണയായി പരസ്പരം അല്ലെങ്കില്‍ യുറേനിയം, തോറിയം പോലുള്ള റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കൂടിച്ചേര്‍ന്നാണ് കാണപ്പെടുന്നത്. ഇവയുടെ രാസഗുണങ്ങള്‍ കാരണം അയിരുകളില്‍നിന്നും അവയെ വേര്‍തിരിക്കുന്നത് സങ്കീര്‍ണമാണ്. ഈ പ്രക്രിയ ബുദ്ധിമുട്ടേറിയതും ചെലവേറിയതും പരിസ്ഥിതിക്ക് വലിയ തോതില്‍ നാശമുണ്ടാക്കുന്നതുമാണ്. ഈ ലോഹങ്ങളുടെ ശുദ്ധീകരണ പ്രക്രിയയും അതീവ സങ്കീര്‍ണമാണ്.
യുറേനിയം ഖനന പ്രക്രിയയില്‍ നിന്നാണ് തുടക്കത്തില്‍ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ലഭിച്ചിരുന്നത്. 60-കളില്‍, കളര്‍ ടെലിവിഷനുകളിലാണ് ഇവ ആദ്യമായി വാണിജ്യപരമായി ഉപയോഗിക്കുന്നത്. അവയില്‍ ഭൂരിഭാഗവും കാലിഫോര്‍ണിയയിലാണ് ഖനനം ചെയ്തത്. പരമ്പരാഗത ഖനന-വേര്‍തിരിക്കല്‍ പ്രക്രിയകള്‍ വളരെ അധ്വാനം വേണ്ടതും ഗണ്യമായ മലിനീകരണം സൃഷ്ടിക്കുന്നതുമായിരുന്നു. നിലവിലെ ഉത്പാദനരീതിക്ക് ധാരാളം അയിര് ആവശ്യമാണ്. കൂടാതെ ചെറിയ അളവില്‍ പോലും വേര്‍തിരിച്ചെടുക്കുന്നത് വലിയ തോതില്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍, ഫ്‌ളൂറിന്‍, ആസിഡുകള്‍ പോലുള്ള മാലിന്യങ്ങള്‍ സംസ്‌കരണ പ്രക്രിയയുടെ ഭാഗമായുണ്ടാകുന്നു.
എന്തുകൊണ്ട് പ്രാധാന്യം അർഹിക്കുന്നു?
ആധുനിക സാങ്കേതികവിദ്യകളിൽ റെയര്‍ എര്‍ത്ത് മൂലകങ്ങൾക്കുള്ള പ്രാധാന്യം വലുതാണ്. ഈ ലോഹങ്ങള്‍ക്ക് അസാധാരണമായ ഫ്‌ളൂറസെന്റ്, ചാലക, കാന്തിക, രാസ ഗുണങ്ങളുണ്ട്. അതിനാൽ തന്നെ ഇലക്ട്രോണിക്സ്, ഊർജം, പ്രതിരോധം, ആധുനിക ഉത്പാദന സാങ്കേതികവിദ്യ, ആരോഗ്യം, ക്ലീന്‍ എനര്‍ജി എന്നിവയിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ഹൈബ്രിഡ് കാറുകള്‍, എം.ആര്‍.ഐ. മെഷീനുകള്‍, എന്നിവയുള്‍പ്പെടെ നമ്മുടെ നിത്യോപയോഗ വസ്തുക്കളിൽ ഇവ ഉപയോഗിക്കുന്നു. ഗ്ലാസ് നിർമാണത്തിലും റിന്യൂവബിൾ എനർജി മേഖലയിലുമെല്ലാം ഇവയ്ക്ക് ഉപയോഗങ്ങളുണ്ട്. എണ്ണ ശുദ്ധീകരണത്തിലും ആണവ സാങ്കേതികവിദ്യയിലും ഈ മൂലകങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.
പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണത്തിലും ഈ ലോഹങ്ങള്‍ക്ക് അതീവ പ്രാധാന്യമുണ്ട്. ഒരൊറ്റ എഫ്-35 യുദ്ധവിമാനത്തിന് ഏതാണ്ട് 400 കിലോയിലധികം റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ആവശ്യമാണ്. ഉപഗ്രഹങ്ങളുടെയും ആളില്ലാ സൈനിക വാഹനങ്ങളുടെയടക്കം നിര്‍മാണത്തിനും പ്രധാന ഘടകങ്ങളാണ് ഇവ. ടെസ്ലയുടെ മോഡല്‍ 3 പെര്‍മനന്റ് മാഗ്‌നറ്റ് മോട്ടോര്‍ ഏകദേശം രണ്ട് കിലോഗ്രാം നിയോഡീമിയം ഉപയോഗിക്കുന്നു. സാങ്കേതികവിദ്യ, പ്രത്യേകിച്ച് നിര്‍മിതബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യകള്‍ കൂടുതല്‍ പ്രാധാന്യം നേടുന്ന സാഹചര്യത്തില്‍ നിയോഡീമിയം, ഡിസ്പ്രോസിയം, പ്രീസിയോഡീമിയം, യിട്രിയം തുടങ്ങിയവയ്ക്ക് ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. റോബോട്ടിക്‌സ്, ഹൈബ്രിഡ് വാഹനങ്ങള്‍, കാറ്റാടി യന്ത്രങ്ങള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകള്‍ പോലുള്ളവയിലും ഇത് ഉപയോഗിക്കുന്നു. ചുരുക്കത്തില്‍ ആധുനിക ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്തൊരു നിര്‍മാണ വസ്തുവായതിനാലാണ് ഈ മൂലകങ്ങള്‍ക്ക് സാമ്പത്തിക, രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്.
ടെർബിയം സോണാര്‍ ട്രാന്‍സ്ഡ്യൂസറുകളിലും യിട്രിയം ലേസര്‍ ടാര്‍ഗെറ്റിങ്ങിലും ഉപയോഗിക്കുന്നു. വിന്‍ഡ് ടര്‍ബൈന്‍ ജനറേറ്ററുകളില്‍ ഡിസ്പ്രോസിയം, ഇ.വി. മോട്ടോറുകളില്‍ നിയോഡീമിയം, എല്‍ഇഡി ഡിസ്പ്ലേകള്‍ക്ക് യൂറോപ്യം, ക്യാമറ ലെന്‍സുകള്‍ക്ക് ലാന്തനം എന്നിവ ഉപയോഗിക്കുന്നു. സ്കാൻഡിയത്തിന്റെ ലോഹ സങ്കരം വിമാനങ്ങളുടെയും ബഹിരാകാശവാഹനങ്ങളുടെയും ഘടനാപരമായ ഭാഗങ്ങൾ, മിസൈലുകളുടെ ഘടകങ്ങൾ, ജെറ്റ് എൻജിനുകളുടെ ഭാഗങ്ങൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നു. ഹൈ-ഇന്റൻസിറ്റി ഡിസ്ചാർജ് (HID) വിളക്കുകളിൽ സ്കാൻഡിയം അയഡൈഡ് ഒരു ഘടകമാണ്. എൽഇഡി വിളക്കുകളിലും സ്‌ക്രീനുകളിലും ഉപയോഗിക്കുന്ന ഫോസ്ഫറുകളിൽ യിട്രിയം ഒരു പ്രധാന ഘടകമാണ്. യിട്രിയത്തിന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പായ യിട്രിയം-90 (Y-90)ന് കാൻസർ ചികിത്സയിൽ പ്രാധാന്യമുണ്ട്.
റെയർ എർത്ത് എവിടെയല്ലാം?
യു.എസ്. ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം ചൈന, അമേരിക്ക, മ്യാന്‍മര്‍, ഓസ്‌ട്രേലിയ, നൈജീരിയ, തായ്‌ലന്‍ഡ്, ഇന്ത്യ, റഷ്യ, മഡഗാസ്‌കര്‍, വിയറ്റ്‌നാം എന്നിവരാണ് 2024-ല്‍ ഏറ്റവും കൂടുതല്‍ റെയർ എർത്ത് ലോഹങ്ങള്‍ ഖനനം ചെയ്ത 10 രാജ്യങ്ങള്‍. 2024-ല്‍ ലോകമെമ്പാടും 390,000 മെട്രിക് ടണ്‍ റെയര്‍ എര്‍ത്ത് മൂലകങ്ങളാണ് ഉത്പാദിപ്പിച്ചത്. 2017-ലെ ഉത്പാദനത്തിന്റെ (132,000 മെട്രിക് ടണ്‍) മൂന്നിരട്ടിയായിരുന്നു ഇത്. ആഗോളതലത്തില്‍ ഇവയുടെ ഏറ്റവും വലിയ ഉറവിടവും ഉത്പാദകനും ചൈനയാണ്. ആഗോള ഉത്പാദനത്തിന്റെ ഏകദേശം 70 ശതമാനവും സംസ്കരണത്തിന്റെ 90 ശതമാനത്തിലധികവും ചൈനയുടെ കൈകളിലാണ്. 2024-ല്‍ ചൈനയുടെ ഉത്പാദനം 270,000 മെട്രിക് ടണ്‍ ആയിരുന്നു. തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 255,000 മെട്രിക് ടണ്‍ ആയിരുന്നു. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയുടെ ഉത്പാദനമാകട്ടെ 45,000 മെട്രിക് ടണ്‍ മാത്രവും. അതായത് അമേരിക്കയേക്കാള്‍ അഞ്ചിരട്ടിയാണ് ചൈനയുടെ ഉത്പാദനം.
| രാജ്യം | ഉത്പാദനം (മെട്രിക് ടൺ) | ആഗോള വിഹിതം (%) | |
| 1 | ചൈന | 270,000 | ~70 |
| 2 | അമേരിക്ക | 45,000 | ~11.5 |
| 3 | മ്യാൻമർ | 31,000 | ~8 |
| 4 | ഓസ്ട്രേലിയ | 13,000 | ~3.5 |
| 5 | നൈജീരിയ | 13,000 | ~3.5 |
| 6 | തായ്ലൻഡ് | 13,000 | ~3.5 |
| 7 | ഇന്ത്യ | 2,900 | <1 |
| 8 | റഷ്യ | 2,500 | <1 |
| 9 | മഡഗാസ്കർ | 2,000 | |
| 10 | വിയറ്റ്നാം | 300 |
റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ആഗോളതലത്തില്‍ ഉത്പാദനത്തില്‍ ചൈനയാണ് മുന്നില്‍. ഖനനത്തിൽ മാത്രമല്ല ഇവയുടെ ശുദ്ധീകരണത്തിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നതും ചൈനയാണ്. ഡിസ്പ്രോസിയം, ടെർബിയം, നിയോഡീമിയം, പ്രീസിയോഡീമിയം തുടങ്ങിയവയുടെ സംസ്‌കരണത്തിലെ കുത്തകയാണ് ആഗോള വിപണിയില്‍ ചൈനയുടെ ആധിപത്യത്തിന് പ്രധാനമായും കാരണം. ന്യൂട്രോണ്‍ അബ്‌സോര്‍ബറുകള്‍, ന്യൂക്ലിയര്‍ റിയാക്ടറുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഡിസ്‌പ്രോസിയത്തിന്റെ 85 ഉത്പാദനവും ചൈനയില്‍ നിന്നാണ്. സോണാര്‍ സിസ്റ്റങ്ങള്‍, ഇന്ധന സെല്ലുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ടെര്‍ബിയത്തിന്റെ കാര്യത്തില്‍ ഇത് 89 ശതമാനം വരും. റഡാര്‍ ഘടകങ്ങള്‍, സൂപ്പര്‍കണ്ടക്ടറുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന യിട്രിയത്തിന്റെ 76 ശതമാനം സംഭാവന ചെയ്യുന്നതും ചൈനയാണ്. ലോഹസങ്കരങ്ങളുടെ ഉത്പാദനത്തിന്റെ 85 ശതമാനം വിപണി വിഹിതവും ചൈനയ്ക്ക് തന്നെയാണ്. അതിനാല്‍ തന്നെ സുപ്രധാന ധാതുക്കളുടെ വിതരണ ശൃംഖലകളെ നിയന്ത്രിക്കുന്നതില്‍ ചൈനയ്ക്ക് നിലവില്‍ കാര്യമായ മുന്‍തൂക്കമുണ്ട്.
ചൈനയുടെ പുതിയ പ്രഖ്യാപനം!
പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പാണ് റെയര്‍ എര്‍ത്ത് ലോഹങ്ങൾക്ക് ചൈന പുതിയ നിയന്ത്രണം പ്രഖ്യാപിക്കുന്നത്. നിലവിലുള്ള ഏഴ് എണ്ണത്തിന് പുറമേ അഞ്ച് എണ്ണത്തിന് കൂടി നിയന്ത്രണം കൊണ്ടുവന്നതോടെ 17 റെയർ എർത്ത് മൂലകങ്ങളിൽ 12 എണ്ണത്തിനും കയറ്റുമതി നിയന്ത്രണങ്ങളായി. ഹോൾമിയം, എർബിയം, തൂലിയം, യൂറോപ്പിയം, യെറ്റർബിയം എന്നിവയ്ക്കാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയത്. സമേരിയം, ഗാഡോലിനിയം, ടെർബിയം, ഡിസ്പ്രോസിയം, ല്യൂട്ടീഷ്യം, സ്കാൻഡിയം, യിട്രിയം എന്നീ ഏഴ് ലോഹങ്ങള്‍, അവയുടെ ലോഹസങ്കരങ്ങൾ, ഓക്‌സൈഡുകള്‍, സംയുക്തങ്ങള്‍, അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കാണ് ഈ വർഷം ആദ്യം ചൈന കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഖനനം, ഉരുക്കൽ, ശുദ്ധീകരണം, പുനരുപയോഗം, കാന്തം-നിർമ്മാണ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതിക്കും ലൈസൻസുകൾ ആവശ്യമാണ്.
വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ച ചട്ടങ്ങൾ പ്രകാരം റെയര്‍ എര്‍ത്ത് മൂലകങ്ങൾ ചെറിയ തോതിൽ അടങ്ങിയ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പോലും വിദേശ കമ്പനികൾ പ്രത്യേക അനുമതി വാങ്ങണം. ചൈനയിൽ നിന്ന് കുറഞ്ഞത് 0.1 ശതമാനം റെയര്‍ എര്‍ത്ത് ലോഹങ്ങൾ അടങ്ങിയ കാന്തങ്ങളും ചില അർദ്ധചാലക വസ്തുക്കളും കയറ്റുമതി ചെയ്യാൻ വിദേശ കമ്പനികൾ പ്രത്യേക അനുമതി നേടേണ്ടതുണ്ട് എന്നാണ് പ്രഖ്യാപനം. ലൈസൻസ് ലഭിക്കുന്നതിന്, വിദേശ കമ്പനികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉത്പന്നത്തിന്റെ ഉദ്ദേശ്യം വിശദീകരിക്കണം. പ്രത്യേകിച്ച് ഈ വസ്തുക്കൾ സൈനിക അല്ലെങ്കിൽ പ്രതിരോധ ഉപയോഗങ്ങൾക്ക് ഉപയോഗിക്കുന്നില്ല എന്ന് തെളിയിക്കേണ്ടതുണ്ട്. ചൈനീസ് റെയർ എർത്ത് മൂലകളങ്ങളുടെ ദുരുപയോഗം തടയുകയാണ് ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ മറ്റു രാജ്യങ്ങൾ സൈനിക ആവശ്യത്തിനുൾപ്പെടെ റെയർ എർത്ത് ഉപയോഗിക്കുന്നത് തടയാനാണ് ചൈനയുടെ ശ്രമമെന്ന് വ്യക്തം.
കണ്ടെത്തുമോ ഒരു ബദൽ?
ആഗോളതലത്തിൽ കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് ചൈനയുടെ റെയര്‍ എര്‍ത്ത് ലോഹ കയറ്റുമതി നിയന്ത്രണങ്ങൾ. ഈ നിർണായക വസ്തുക്കളുടെ ഉത്പാദനത്തിലും സംസ്കരണത്തിലും ആധിപത്യം ചൈനയ്ക്കാണ് എന്നത് തന്നെയാണ് പ്രധാന കാരണം. മുകളിൽ സൂചിപ്പിച്ചത് പോലെ ഇവയുടെ ആഗോള ഉത്പാദനത്തിന്റെ ഏകദേശം 70 ശതമാനവും സംസ്കരണശേഷിയുടെ 90 ശതമാനത്തിലധികവും ചൈന നിയന്ത്രിക്കുന്നു. കയറ്റുമതി നിയന്ത്രണങ്ങൾ അന്താരാഷ്ട്ര വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തും. പ്രത്യേകിച്ച് ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ സാങ്കേതികവിദ്യകൾ, സൈനിക ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി ചൈനീസ് ധാതുക്കളെ വളരെയധികം ആശ്രയിക്കുന്ന യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരെ ഇത് ബാധിച്ചേക്കാം. ഈ നിയന്ത്രണങ്ങൾ ലഭ്യത കുറയ്ക്കുകയും അവശ്യ ഘടകങ്ങളുടെ വില വർധനവിന് വഴിവെയ്ക്കുകയും ചെയ്യും.
ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങൾ വ്യാപാര ചർച്ചകളിലും അന്താരാഷ്ട്ര ബന്ധങ്ങളിലും സ്വാധീനം ചെലുത്തുന്ന ഒരു ഭൗമരാഷ്ട്രീയ ഘടകം കൂടിയാണ്. ഇവയുടെ പ്രതിരോധ രംഗത്തെ ഉപയോഗം കണക്കിലെടുക്കുമ്പോൾ ഇതിന് വലിയ പ്രസക്തിയുണ്ട്. ചൈനയുടെ നിയന്ത്രണങ്ങൾ പല രാജ്യങ്ങൾക്കും ദേശീയ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയേക്കാം. ഇതിനൊപ്പം യുഎസ്-ചൈന പിരിമുറുക്കങ്ങളും മറ്റുരാജ്യങ്ങളുമായുള്ള ബന്ധങ്ങളും വഷളായേക്കാം. പക്ഷേ ഇതിനൊരു മറുവശംകൂടിയുണ്ട്. ഈ നിയന്ത്രണങ്ങൾ വിവിധ രാജ്യങ്ങളെ ആഭ്യന്തര ഖനനം, പുനരുപയോഗം, സംസ്കരണ ശേഷികൾ എന്നിവ വികസിപ്പിക്കുന്നതിന് പ്രേരിപ്പിച്ചേക്കാം. കൂടാതെ ചൈനീസ് നിക്ഷേപങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കി ബഹുരാഷ്ട്രക്കമ്പനികൾ വിതരണ ശൃംഖലകളെ വൈവിധ്യവൽക്കരിക്കാനും ശ്രമം നടത്തിയേക്കാം. ഇതിന് പുറമേ റെയര്‍ എര്‍ത്ത് മൂലകങ്ങൾക്ക് പകരമാകാൻ കഴിയുന്ന ബദൽ വസ്തുക്കൾ കണ്ടെത്താൻ ഗവേഷണങ്ങളും പുരോഗമിക്കുന്നുണ്ട്.
Content Highlights: China tightens rare earth export controls, impacting key technologies.
Published: 12 Oct 2025, 02:22 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്‍, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില്‍ താല്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented