ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബി.എസ്.പി.) അധ്യക്ഷ മായാവതി തന്റെ പിന്‍ഗാമിയായി അനന്തരവന്‍ ആകാശ് ആനന്ദിനെ തിരിച്ചെടുത്തു! പാര്‍ട്ടിയുടെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ചുമതല തിരിച്ചുനല്‍കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് ആകാശ് ആനന്ദിനെ വീണ്ടും പാര്‍ട്ടിയുടെ തലപ്പത്തേക്ക് മായാവതി കൊണ്ടുവരുന്നത്. ഇത് രണ്ടാം തവണയാണ് ആകാശ് ആനന്ദിനെ മായാവതി തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നത്. ലണ്ടനില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആകാശ് 2017-ലാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ബി.എസ്.പി.യുടെ മുഖമായിരുന്നു ആകാശ്. 2023 ഡിസംബറില്‍ ആകാശിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച മായാവതി 2024 മേയില്‍ തീരുമാനം മാറ്റുകയും ദേശീയ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നുള്‍പ്പെടെ നീക്കുകയും ചെയ്തിരുന്നു. തീരുമാനത്തില്‍ വ്യക്തമായ കാരണം വെളിപ്പെടുത്താതിരുന്ന മായാവതി രാഷ്ട്രീയ പക്വത കൈവരിക്കുന്നത് വരെ ആകാശിനെ മാറ്റുന്നുവെന്നായിരുന്നു വിശദീകരണം നല്‍കിയത്. 

To advertise here,

എൺപതുകളുടെ അവസാനത്തിൽ തുടങ്ങി 2010 വരെ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായിരുന്നു ദളിത് കേന്ദ്രീകൃത പാര്‍ട്ടിയായ ബി.എസ്.പി. തുടർന്നിങ്ങോട്ട്  ശക്തി ക്ഷയിച്ച പാര്‍ട്ടിക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല. മാത്രമല്ല, പല സ്ഥാനാര്‍ഥികളും മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമാണ് എത്തിയതും. പാർട്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടി. 2022-ൽ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായിരുന്നു സ്ഥതി. ബി.ജെ.പിയും മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിയും അടക്കിവാഴുന്ന ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ ബി.എസ്.പി. അവരുടെ പ്രധാന വോട്ടുബാങ്കായ ദളിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയെ ഏതാണ്ട് കൈവിട്ട മട്ടാണ്. ഈ സാഹചര്യത്തിലാണ് ആകാശിനെ വീണ്ടും തന്റെ പിന്‍ഗാമിയായി മായാവതി പ്രഖ്യാപിക്കുന്നത്. പക്ഷേ, എത്രത്തോളം ഫലപ്രദമാകും മായാവതിയുടെ ഈ നീക്കം? പാര്‍ട്ടിയെ വിജയവഴിയില്‍ തിരിച്ചെത്തിക്കാന്‍ ആകാശിന്റെ തന്ത്രങ്ങള്‍ മതിയാകുമോ? 

മായാവതിയുടെ കൈപിടിച്ച് രാഷ്ട്രീയത്തിലേക്ക് 

ബി.എസ്.പി. അധ്യക്ഷ മായാവതിയുടെ ഇളയസഹോദരന്‍ ആനന്ദ് കുമാറിന്റെ മകനാണ് ആകാശ് ആനന്ദ്. ലണ്ടനില്‍നിന്ന് എം.ബി.എ. ബിരുദം നേടിയ ആകാശ് 2017-ല്‍ 22-ാം വയസിലാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. മായാവതി തന്നെയാണ് ആകാശിനെ പാര്‍ട്ടിയിലേക്ക് കൈപിടിച്ചു നടത്തിയത്. 2017 മേയ് മാസത്തില്‍ യു.പിയിലെ സഹരന്‍പുരില്‍ ദളിത് വിഭാഗവും ഠാക്കൂറുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് മായാവതിക്കൊപ്പം ആകാശും പ്രദേശം സന്ദര്‍ശിച്ചിരുന്നു. ആ വര്‍ഷം നടന്ന ബി.എസ്.പി. റാലിയിലായിരുന്നു ആകാശിന്റെ രാഷ്ട്രീയപ്രവേശം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി. പരാജയപ്പെട്ടതിന് പിന്നാലെ ആകാശിനെ മായാവതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഔദ്യോഗികമായി പരിചയപ്പെടുത്തി. 2019 ലോക്​സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും അദ്ദേഹം നിര്‍ണായക ചുമതല നിര്‍വഹിച്ചു. ആ ലോക്​സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരകരില്‍ ഒരാളായിരുന്നു ആകാശ്. ഒപ്പം മായാവതിയുമായി അടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു. ആ വര്‍ഷം മായാവതി പാര്‍ട്ടി സംഘടനാ സംവിധാനം പുനഃക്രമീകരിച്ചതോടെ ആകാശിനെ ബി.എസ്.പിയുടെ ദേശീയ കോ-ഓര്‍ഡിനേറ്ററായി നിയമിച്ചു. സമാജ്‌വാദി പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചതിന് പിന്നാലെയാണ് ആകാശ് ആനന്ദിനെ ബി.എസ്.പിയുടെ ദേശീയ കോര്‍ഡിനേറ്ററായി നിയമിച്ചത്. സംഘടന ദുര്‍ബലമായ സംസ്ഥാനങ്ങളിലെ പാര്‍ട്ടി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും അദ്ദേഹത്തെ ചുമതലപ്പെടുത്തി. 

placeholder
ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന ആകാശ് ആനന്ദ് | Photo : PTI
ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന ആകാശ് ആനന്ദ് | Photo : PTI 

2022-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തത് ആകാശാണ്. ആ വര്‍ഷം നടന്ന ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.എസ്.പിയുടെ താരപ്രചാരകരുടെ പട്ടികയില്‍ മായാവതിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ആനന്ദിന്റെ പേര്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കേഡറുകളെ സജ്ജരാക്കാനുള്ള ചുമതലയും അദ്ദേഹത്തെ മായാവതി ഏല്‍പ്പിച്ചു. അംബേദ്കറുടെ ജന്മദിനത്തില്‍ രാജസ്ഥാനിലെ അല്‍വാറില്‍ സംഘടിപ്പിച്ച 'സ്വാഭിമാന്‍ സങ്കല്പ് യാത്ര' നയിച്ചത് ആകാശായിരുന്നു. ആ ഘട്ടത്തില്‍ തന്നെ പാര്‍ട്ടിയില്‍ ആകാശ് നേതൃസ്ഥാനത്തേക്ക് നീങ്ങുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം ചൂണ്ടിക്കാണിച്ചിരുന്നു. പിന്നാലെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും പങ്കാളിയായി. മായാവതിയുടെ പ്രചാരണശൈലിയില്‍ നിന്ന് വ്യത്യസ്തമായി ആകാശ് മധ്യപ്രദേശിലും രാജസ്ഥാനിലും യാത്രകളും പ്രകടനങ്ങളും നടത്തി. രാജസ്ഥാനില്‍ ബി.എസ്.പി. രണ്ട് സീറ്റുകള്‍ നേടിയെങ്കിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും സീറ്റുകളൊന്നും ലഭിച്ചില്ല. പിന്നാലെ 2023 ഡിസംബറില്‍ ആകാശിനെ പിന്‍ഗാമിയായി മായാവതി പ്രഖ്യാപിച്ചു. പക്ഷേ, 2024 മേയില്‍ തീരുമാനം മാറ്റുകയും ദേശീയ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നുള്‍പ്പെടെ നീക്കുകയും ചെയ്തിരുന്നു. തീരുമാനത്തില്‍ വ്യക്തമായ കാരണം വെളിപ്പെടുത്താതിരുന്ന മായാവതി രാഷ്ട്രീയ പക്വത കൈവരിക്കുന്നത് വരെ ആകാശിനെ മാറ്റുന്നുവെന്നായിരുന്നു വിശദീകരണം നല്‍കിയത്.

ബി.എസ്.പിയുടെ അപ്രതീക്ഷിത വളര്‍ച്ച 

1984-ല്‍ ബി.ആര്‍. അംബേദ്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ കന്‍ഷിറാം സ്ഥാപിച്ച ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവയ്ക്കുവേണ്ടി, അവരെ ഉള്‍പ്പെടുത്തിക്കൊണ്ട് രൂപീകരിച്ച ബി.എസ്.പിയുടെ വളക്കൂറുള്ള മണ്ണ് സങ്കീര്‍ണജാതി സമവാക്യങ്ങളുള്ള ഉത്തര്‍പ്രദേശായിരുന്നു. 1985-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു പാര്‍ട്ടിയുടെ ആദ്യപരീക്ഷണം. മത്സരിച്ച ഏകസീറ്റില്‍ പക്ഷേ പാര്‍ട്ടി തോറ്റു. പക്ഷേ അടിത്തറ ഉറപ്പിച്ച് ബി.എസ്.പി വളര്‍ന്നു. 1989-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റുകളും ആ വര്‍ഷത്തെ ലോക്സഭാതിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളും നേടി ബി.എസ്.പി കുതിപ്പിന് തുടക്കമിട്ടു. 9.41% വോട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിച്ചത്. 1993-ല്‍ അത് 67 സീറ്റാക്കി ഉയര്‍ത്തി. ബി.ജെ.പിക്കും സമാജ്‌വാദി പാര്‍ട്ടിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു പാര്‍ട്ടി. ഇതോടെ എസ്.പിക്ക് മായാവതി പിന്തുണ പ്രഖ്യാപിക്കുകയും മുലായം സിങ് യാദവ് മുഖ്യമന്ത്രിയാകുകയും ചെയ്തു. പക്ഷേ, അധികാരത്തര്‍ക്കത്തിന് പിന്നാലെ 1995 ജൂണ്‍ രണ്ടിന് സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിച്ചു. ഇത് വലിയ വിവാദമായി. ഇതിന് പിന്നാലെയാണ് മായാവതിയും മുലായവും കടുത്ത ശത്രുതയിലാകുന്നത്. ബി.ജെ.പിയുടെ പിന്തുണയോടെ 1995 ജൂണ്‍ മൂന്നിന് മായാവതി അധികാരത്തിലെത്തി.

മുലായത്തെ താഴെയിറക്കി ബി.ജെ.പിയുടെ പിന്തുണയോടെ അധികാരം പിടിച്ചിട്ടും അധികകാലം മായാവതിക്ക് മുഖ്യമന്ത്രി കസേരയില്‍ തുടരാനായില്ല. 137 ദിവസം മാത്രമാണ് അവര്‍ക്ക് അധികാരത്തിലിരിക്കാന്‍ കഴിഞ്ഞത്. 1995 ഒക്ടോബറില്‍ ബി.ജെ.പി. പിന്തുണ പിന്‍വലിക്കുകയും സര്‍ക്കാര്‍ വീഴുകയും ചെയ്തു. രാഷ്ട്രപതി ഭരണത്തിന് പിന്നാലെ 1996-ല്‍ നടന്ന തിരഞ്ഞെടുപ്പിലും 67 സീറ്റുകള്‍ തന്നെയാണ് പാര്‍ട്ടിക്ക് ലഭിച്ചത്. വോട്ടു വിഹിതത്തില്‍ 8.5 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. 1997-ല്‍ ബി.ജെ.പിയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ മായാവതി രണ്ടാമതും മുഖ്യമന്ത്രിയായി. ഇത്തവണ 184 ദിവസമാണ് അധികാരത്തിലിരിക്കാന്‍ സാധിച്ചത്. 2002 തിരഞ്ഞെടുപ്പില്‍ ബി.എസ്.പി. വീണ്ടും നില മെച്ചപ്പെടുത്തി. 98 സീറ്റും 23% വോട്ടും പിടിച്ചു. ഇതോടെ വീണ്ടും ബി.ജെ.പിയും ബി.എസ്.പിയും സഖ്യമുണ്ടാക്കുകയും മായാവതി അധികാരത്തിലെത്തുകയും ചെയ്തു. 143 സീറ്റുകള്‍ നേടിയ മുലായം സിങ് യാദവിനെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താനാണ് ബി.ജെ.പിയും ബി.എസ്.പിയും വീണ്ടും കൈകോര്‍ത്തത്. 2003 ഓഗസ്റ്റ് 25-ന് ബി.ജെ.പി. പിന്തുണ പിന്‍വലിച്ചു. പിന്നാലെ ബി.എസ്.പി വിമതരുടേയും ചെറുപാര്‍ട്ടികളുടേയും പിന്തുണയോടെ മുലായം വീണ്ടും അധികാരം പിടിച്ചു. 

ബി.എസ്.പിക്ക് വലിയ നേട്ടം സമ്മാനിച്ച തിരഞ്ഞെടുപ്പായിരുന്നു 2007-ലേത്. എക്സിറ്റ്പോളുകള്‍ 110 മുതല്‍ 160 വരെ സീറ്റുകളാണ് ബി.എസ്.പിക്ക് പ്രവചിച്ചത്. എന്നാല്‍, എല്ലാ പ്രവചനങ്ങളേയും കടത്തിവെട്ടുന്നതായിരുന്നു ഫലം. 403 അംഗസഭയില്‍ 206 സീറ്റുകള്‍ നേടി ബി.എസ്.പി. അധികാരം പിടിച്ചു. 30.43% വോട്ടാണ് അവര്‍ ആ തിരഞ്ഞെടുപ്പില്‍ പിടിച്ചത്. തൊട്ടുമുമ്പത്തെ തിരഞ്ഞെടുപ്പിനേക്കാള്‍ 7.37 ശതമാനത്തിന്റെ വര്‍ധനവ്. 2002-നേക്കാള്‍ 108 സീറ്റുകള്‍ അധികം നേടിയാണ് മായാവതി അധികാരം പിടിച്ചത്. 97 സീറ്റുകള്‍ നേടിയ എസ്.പിയായിരുന്നു മുഖ്യപ്രതിപക്ഷം. 2007 മേയ് 13-ന് മായാവതി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അധികാര കസേരയിലെ നാലാം ഊഴമായിരുന്നു അത്. സംഭവബഹുലമായിരുന്നു മായാവതിയുടെ ഭരണകാലം. പാര്‍ട്ടിക്ക് വേണ്ടിയുള്ള ധനസമാഹരണ ശ്രമങ്ങള്‍ക്ക് അവര്‍ ഏറെ പഴികേട്ടു. അവരുടേയും പാര്‍ട്ടിയുടേയും സമ്പത്തിലെ വലിയ വര്‍ധന അഴിമതിയുടെ ലക്ഷണമായാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും പാര്‍ട്ടിയുടെ തകര്‍ച്ചയുടെ തുടക്കമായിരുന്നു അത്. വിവാദങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി എത്തിയതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ അമ്പേ തകര്‍ന്നടിഞ്ഞു. 

                                                                                                                                                                                       BSP's Lok Sabha Election results
Lok Sabha ElectionSeats contestedSeats won+/- SeatVoteshare %
19892454+42.07
19912313-11.61
199621011+84.02
19982515-64.67
199922514+94.16
200443519+55.33
200950021+26.17
20145030-214.19
201938310+103.67
20244240-102.07

ബി.എസ്.പിയുടെ വലിയ തകര്‍ച്ച 

ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും ലോക്​സഭാ തിരഞ്ഞെടുപ്പിലും ബി.എസ്.പി.യുടെ പതനം അതിവേഗമായിരുന്നു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ ബി.എസ്.പിക്കായില്ല. 2022-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും ഏതാണ്ട് സമാനമായിരുന്നു അവരുടെ സ്ഥിതി. 403 സീറ്റില്‍ മത്സരിച്ച ബി.എസ്.പിക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ആ തകര്‍ച്ച പക്ഷേ, പെട്ടന്നുണ്ടായതല്ലെന്ന് മുന്‍ തിരഞ്ഞെടുപ്പുകളിലെ അവരുടെ പ്രകടനം പരിശോധിച്ചാല്‍ വ്യക്തമാണ്. സംസ്ഥാനത്ത് അധികാരത്തിലിരുന്ന 2007-2012 കാലഘട്ടത്തിന് ശേഷം നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. 2007-ല്‍ 403-ല്‍ 206 സീറ്റുകളുമായി അധികാരത്തിലെത്തുമ്പോള്‍ 30.4% വോട്ടുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. അടുത്ത തിരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ മാത്രമാണ് അവര്‍ക്ക് നേടാനായത്. വോട്ടുവിഹിതം 25.9 ശതമാനമായി കുറഞ്ഞു. 126 സീറ്റുകള്‍ ഒറ്റയടിക്ക് പാര്‍ട്ടിക്ക് നഷ്ടമായി. 2017-ലേക്ക് എത്തുമ്പോള്‍ വീണ്ടും നഷ്ടം സംഭവിച്ചു. അത്തവണ 22.2% വോട്ട് നേടിയിട്ടും 19 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 1991-ലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരുന്നു അത്. ആ തിരഞ്ഞെടുപ്പോടെ പാര്‍ട്ടിയുടെ ഭാവി സംബന്ധിച്ച സംശയം പല നിരീക്ഷകരും ഉന്നയിച്ചിരുന്നു. 2022-ലെ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി. വീണ്ടും ദുര്‍ബലമായി. ഒറ്റ സീറ്റിലേക്ക് അവര്‍ ചുരുങ്ങി. 1989-ല്‍ ആദ്യമായി നിയമസഭ അങ്കത്തിനിറങ്ങിയപ്പോള്‍ പോലും അവര്‍ക്ക് 13 സീറ്റുകള്‍ ലഭിച്ചിരുന്നുവെന്നതാണ് മറ്റൊരു വസ്തുത. 

ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പക്ഷേ കാര്യങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമായിരുന്നു. ലോക്‌സഭയിലേക്ക് 1989-ല്‍ നാല് സീറ്റ് നേടിയ പാര്‍ട്ടി 91-ല്‍ മൂന്ന് സീറ്റാണ് നേടിയത്. 96-ല്‍ നില മെച്ചപ്പെടുത്തി. ഇത്തവണ 11 സീറ്റിലാണ് വിജയിച്ചത്. 98-ല്‍ അഞ്ച് സീറ്റിലും 99-ലും 14 സീറ്റുകളിലാണ് വിജയിക്കാനായത്. ഉത്തര്‍പ്രദേശില്‍ അധികാരം പിടിക്കുന്നതിന് തൊട്ടുമുമ്പ് 2004-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അവര്‍ സീറ്റ് ഉയര്‍ത്തി. ഇത്തവണ 19 സീറ്റുകളാണ് ബി.എസ്.പിക്ക് ലഭിച്ചത്. സംസ്ഥാനത്ത് നിന്ന് 24.67 ശതമാനം വോട്ടാണ് അവര്‍ പിടിച്ചത്. 2009-ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടിപ്പില്‍ അവര്‍ നില മെച്ചപ്പെടുത്തി. തൊട്ടുമുമ്പത്തെ തിരഞ്ഞെടുപ്പിനേക്കാള്‍ രണ്ട് സീറ്റുകള്‍ അധികം ലഭിച്ചു. അത്തവണ 21 പേരാണ് ബി.എസ്.പി. ടിക്കറ്റില്‍ സഭയിലെത്തിയത്. ലോക്‌സഭയിലെ അവരുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. അതേസമയം, 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാതെ പാര്‍ട്ടി ലോക്‌സഭയില്‍ നിന്ന് പുറത്തായി. ഉത്തർപ്രദേശിൽ 19.8% വോട്ടുനേടിയിട്ടും ഒറ്റസീറ്റില്‍ പോലും വിജയിക്കാനായത് പാര്‍ട്ടിയെ ഇരുത്തിചിന്തിപ്പിച്ചു. ഇതോടെയാണ് 2019-ല്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത്. 10 സീറ്റുകള്‍ നേടി പാര്‍ട്ടി തിരിച്ചുവരവിനുള്ള സൂചന നല്‍കി. 10 സീറ്റില്‍ വിജയിച്ചുവെങ്കിലും എസ്പിയുമായി ഒത്തുപോകാന്‍ സാധിച്ചില്ല. വൈകാതെ സഖ്യം പിരിയുകയും ചെയ്തു. 2024-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വീണ്ടും തകര്‍ന്നടിഞ്ഞു. ഒറ്റ സീറ്റ് പോലും ലഭിക്കാതിരുന്ന പാര്‍ട്ടിക്ക് 9.39% വോട്ടുകള്‍ മാത്രമാണ് നേടാനായത്. 

placeholder
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്| Photo: ANI
സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് | Photo: ANI

തിരിച്ചടികള്‍ക്ക് പിന്നിലെന്ത്? 

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 79 എണ്ണമടക്കം രാജ്യത്താകെ മത്സരിച്ച 424 സീറ്റിലും തോറ്റ ബി.എസ്.പി വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ. സഖ്യത്തിലോ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിലോ ഭാഗമാകാതെ തനിച്ചാണ് ഇത്തവണ ബി.എസ്.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്.പിയുമായും ആര്‍.എല്‍.ഡിയുമായും സഖ്യമുണ്ടാക്കിയ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ പത്ത് സീറ്റില്‍ വിജയിച്ചിരുന്നു. പക്ഷേ, ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പല ബി.എസ്.പി സ്ഥാനാര്‍ഥികളും മൂന്നാമതോ നാലാമതോ ആയിപ്പോയി. മികച്ചൊരു മത്സരം കാഴ്ചവെയ്ക്കാന്‍ പോലും പലര്‍ക്കുമായില്ല. രാജ്യത്താകമാനമുള്ള കണക്കുകള്‍ പ്രകാരം 2 ശതമാനം മാത്രമാണ് അവരുടെ വോട്ട് വിഹിതം. ഉത്തര്‍പ്രദേശിലാകട്ടെ ലഭിച്ചത് 9.39% വോട്ടും. 2022 നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് മൂന്ന് ശതമാനം വോട്ട് കുറഞ്ഞു. മുസ്ലീം, ദളിത് വിഭാഗത്തിന്റെ വോട്ട് ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് വേണം കരുതാന്‍. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി 30% മുസ്ലീം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. പക്ഷേ ഒരാള്‍ക്കും വിജയിക്കാനായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രം തന്നെയാണ് അവര്‍ പയറ്റിയത്. ദളിത് മുസ്ലീം വോട്ടുകള്‍ അകര്‍ഷിക്കാന്‍ 35 മുസ്ലീം സ്ഥാനാര്‍ഥികളെയാണ് അണിനിരത്തിയത്. 

ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകാതെ ബി.ജെ.പിയുടെ ബി ടീമായി ബി.എസ്.പി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് ഉയര്‍ന്ന ആരോപണം. മുസ്ലീം- ദളിത് വോട്ടുകള്‍ ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്ന് മാത്രമല്ല, വലിയ തോതില്‍ വോട്ടുകള്‍ ചോര്‍ന്നു പോകുകയും ചെയ്തുവെന്നാണ്  തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടിയുടെ എല്ലാക്കാലത്തേയും ശക്തമായ അടിത്തറായിരുന്ന ദളിത് വോട്ടുകള്‍ അതിവേഗം ചോര്‍ന്നുപോകുന്നത് അവര്‍ക്ക് വലിയ വെല്ലുവിളിയാണ്. മുസ്ലീം വോട്ടുബാങ്ക് ലക്ഷ്യമിട്ട് അണിനിരത്തിയ ഒട്ടുമിക്ക മുസ്ലീം സ്ഥാനാര്‍ഥികളും മൂന്നാം സ്ഥാനത്തേക്ക് പോയതും അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. മുഖ്യപ്രതിപക്ഷമെന്ന നിലയില്‍ എസ്.പിയും കോണ്‍ഗ്രസും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന കണക്കുകൂട്ടലില്‍ ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ അവര്‍ക്ക് അനുകൂലമായി കേന്ദ്രീകരിച്ചതാണ് ബി.എസ്.പിയുടെ തകര്‍ച്ചയുടെ കാരണമെന്നാണ് വിശദീകരണം. ബി.എസ്.പി. വോട്ടര്‍മാരില്‍ ഭൂരിഭാഗവും ബി.ജെ.പിയിലേക്കല്ല, എസ്.പിയിലേക്കാണ് പോയതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഈ വാദത്തെ ന്യായീകരിക്കുന്നത്. ബി.എസ്.പിക്ക് വോട്ട് ചെയ്യേണ്ടതില്ലെന്ന യാദവ ഇതര ദളിത് വോട്ടര്‍മാരുടെ തീരുമാനം വിവിധ മണ്ഡലങ്ങളില്‍ അവര്‍ക്ക് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. 

തൊണ്ണൂറുകളില്‍ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചതിന് പിന്നാലെയാണ് എസ്.പി.യും ബി.എസ്.പി.യും കളംപിടിക്കുന്നത്. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ വേഗത്തില്‍ ചുവടുറപ്പിച്ച പാര്‍ട്ടി ബി.ജെ.പി.യോടും എസ്.പി.യോടും പടവെട്ടിയാണ് അധികാരം പിടിച്ചത്. പക്ഷേ, പാര്‍ട്ടി തകര്‍ന്നതിന്റെ കാരണം ചികയുമ്പോള്‍ 2000-കളുടെ മധ്യത്തില്‍ തുടങ്ങിയ അവരുടെ സോഷ്യല്‍ എന്‍ജിനീയറിങ് മാതൃക പരിശോധിക്കേണ്ടതുണ്ട്. വരേണ്യവര്‍ഗത്തിന്റെ സഹകരണവും വോട്ട് ബാങ്ക് കൈമാറ്റവും സമന്വയിപ്പിച്ചാണ് ബി.എസ്.പി. വിജയത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്ത് ബി.ജെ.പി. ശക്തമാകുകയും രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുകയും ചെയ്തതോടെ അവര്‍ക്ക് വിജയം തുടരാനായില്ല. സ്ഥാപിതമായത് മുതല്‍ ജാതി അടിസ്ഥാനത്തിലുള്ള വോട്ടുബാങ്കുകള്‍ സമാഹരിച്ചുകൊണ്ട് രാഷ്ട്രീയ അടിത്തറയുണ്ടാക്കുന്ന തന്ത്രമാണ് പാര്‍ട്ടി ആവിഷ്‌കരിച്ചത്. ഒപ്പം അധികാരം പിടിക്കാന്‍ പിന്നോക്കക്കാരുടേയും ഒ.ബി.സി. വിഭാഗത്തിന്റെയും മുസ്ലീം സമുദായത്തിന്റെയും വോട്ടുകളും നിര്‍ണായകമായി. പക്ഷേ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ വോട്ടുകളില്‍ കാര്യമായ ചോര്‍ച്ച സംഭവിച്ചു. ബി.ജെ.പിക്ക് എതിരായി ജനം എസ്.പിയെ കണ്ടതും അവര്‍ക്ക് ദോഷം ചെയ്തു. 

placeholder
മായാവതിയും ആകാശ് ആനന്ദും ഉത്തര്‍പ്രദേശിലെ ഫരീദാബാദില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് റാലിക്കിടയില്‍ | Photo : PTI
മായാവതിയും ആകാശ് ആനന്ദും ഉത്തര്‍പ്രദേശിലെ ഫരീദാബാദില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിക്കിടയില്‍ | Photo : PTI 

ആകാശിന്റെ പുറത്താകലും തിരിച്ചുവരവും 

2024 മേയ് ഏഴിനാണ് പാര്‍ട്ടി ദേശീയ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും മായാവതി ആകാശിനെ നീക്കം ചെയ്യുന്നത്. 'പാര്‍ട്ടിയുടെയും പ്രസ്ഥാനത്തിന്റെയും വലിയ താല്‍പ്പര്യത്തിനായി, പക്വത വരുന്നത് വരെ മാറ്റിനിര്‍ത്തുന്നു എന്നാണ് ആകാശിനെ മാറ്റിയതിന് മായാവതി കാരണം പറഞ്ഞത്. ബി.ജെ.പി. സര്‍ക്കാരിനെ തീവ്രവാദികളുടെ സര്‍ക്കാരെന്ന് വിശേഷിപ്പിച്ചതിന് ആകാശിനെതിരെ സീതാപൂരില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി. ദേശീയ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തതിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ആകാശ് പ്രചാരണം അവസാനിപ്പിച്ചു. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മായാവതി തനിച്ചായി. പക്ഷേ, പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ അകാശിന് അനുകൂലമായാണ് നിലപാടെടുത്തത്. ആകാശ് പ്രചാരണം തുടര്‍ന്നിരുന്നുവെങ്കില്‍ പാര്‍ട്ടിയുടെ വോട്ടുബാങ്കായ യാദവ വോട്ടുകളും മുസ്ലീം വോട്ടുകളും എസ്.പി.- കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായി പോകില്ലായിരുന്നുവെന്നാണ് തോറ്റ സ്ഥാനാര്‍ഥികളില്‍ പലരും പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞത്. 

2019 മുതല്‍ പാര്‍ട്ടി ദേശീയ കോ-ഓര്‍ഡിനേറ്ററാണെങ്കിലും പാര്‍ട്ടിയില്‍ പരിമിതമായ അധികാരങ്ങള്‍ മാത്രമാണ് ആകാശിന് ഉണ്ടായിരുന്നത്. ലോക്​സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാര്യമായ റോളില്ലാതെ അദ്ദേഹം ഒതുക്കപ്പെട്ടു. പക്ഷേ 2027 നിയസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെ പോരെന്ന് നേതാക്കൾക്കും അണികൾക്കും വ്യക്തമായി അറിയാം. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഓടിയെത്താനും പ്രവര്‍ത്തകരെ കൈയിലെടുക്കാനും സാധിക്കുന്ന ഒരു യുവനേതാവിനെ പാര്‍ട്ടിക്ക് അത്യാവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എസ്.പിയേയും കോണ്‍ഗ്രസിനേയും കടന്നാക്രമിക്കുന്ന മായാവതിയുടെ ശൈലിയില്‍നിന്നു തികച്ചും വ്യത്യസ്തനായിരുന്നു ആകാശ്. പകരം ബി.ജെ.പിക്കെതിരായ ആരോപണങ്ങളാണ് ആകാശ് വലിയ തോതില്‍ ഉയര്‍ത്തിയത്. ആകാശിനെ പുറത്താക്കിയത് വഴി മായാവതി ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എന്ന സന്ദേശമാണ് മുസ്ലീം- ദളിത് വിഭാഗത്തിന് ലഭിച്ചതെന്നും നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. ആകാശിനെ തിരിച്ചുകൊണ്ടുവന്ന് ഇത് പരിഹരിക്കാം എന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. സ്ഥാനത്ത് നിന്ന് നീക്കുംമുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പദ്ധതികള്‍ രൂപീകരിക്കുകയായിരുന്നുവെന്നാണ് ആകാശിനോട് അടുത്തവ്യത്തങ്ങള്‍ സൂചിപ്പിച്ചത്.ലോക്‌സഭാ തിരഞ്ഞെടുപ്പിനെ വലിയ പരാജയം ബി.എസ്.പിയെ സംബന്ധിച്ച്  അടുത്ത നിയസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ്. ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ പരാജയമാണ് കാത്തിരിക്കുന്നതെന്നും പാർട്ടിക്ക് അറിയാം. അതുമുന്നിൽ കണ്ട് തന്നെയാണ് പുതിയ നീക്കങ്ങൾ.