വംശീയകലാപത്തില്‍ ആരോപണവിധേയനായ ബിരേന്‍ സിങ്ങ് മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന് രാജിവെച്ചത് യഥാര്‍ത്ഥത്തില്‍ മണിപ്പുരിന്റെ രക്ഷയ്‌ക്കോ സമാധാനത്തിനോ വേണ്ടിയായിരുന്നില്ല. കോണ്‍ഗ്രസ് കൊണ്ടുവരാനിരുന്ന അവിശ്വാസ പ്രമേയത്തിലൂടെ പാര്‍ട്ടി എം.എല്‍.എ.മാര്‍ കൂറുമാറുമെന്നായതോടെ ഗത്യന്തരമില്ലാതെയായിരുന്നു രാജി. ഒരു പിളര്‍പ്പില്‍നിന്ന് തത്കാലത്തേക്ക് അത് ബിജെപിയെ രക്ഷിക്കുകയും ചെയ്തു.

To advertise here,

ബിരേന്‍ സിങ്ങിന്റെ രാജിക്ക് പിന്നാലെ ഉണ്ടായ അഞ്ചുദിവസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയില്‍ കഴിഞ്ഞദിവസം സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. നിയമസഭയെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. വംശീയ കലാപം പുകയുന്ന സംഘര്‍ഷഭരിതമായ മണിപ്പുരിലെ അടുത്ത ചുവടുവെപ്പില്‍ എല്ലാ കണ്ണുകളും ഇപ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിലാണുള്ളത്. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തുടനീളം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.  ഗവര്‍ണര്‍ അജയ്കുമാര്‍ ബല്ല സിആര്‍പിഎഫ് ഐജിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി  നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

അറുപതംഗങ്ങളുള്ള നിയമസഭയില്‍ എന്‍ഡിഎ സഖ്യത്തിൽ 46 എംഎൽഎമാർ ഉണ്ടായിരുന്നിട്ടും ഡല്‍ഹിയിലും ഇംഫാലിലും ബി.ജെ.പി. കേന്ദ്രനേതൃത്വം നടത്തിയ മാരത്തണ്‍ ചര്‍ച്ചയില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനാവാത്തത് ബി.ജെ.പി.യെ തീര്‍ത്തും പ്രതിസന്ധിയിലാക്കിയിരുന്നു. മണിപ്പുരിന്റെ ചുമതലയുള്ള ബി.ജെ.പി. നേതാവ് സംബിത് പത്രയും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശാരദാദേവിയും നേതാക്കളുമായും എംഎല്‍എമാരുമായും പലവട്ടം ചര്‍ച്ചകള്‍ നടത്തിയ ശേഷം തീരുമാനമാകാതിരുന്നതോടെ ഗവര്‍ണര്‍ അജയ്കുമാര്‍ ബല്ലയെക്കണ്ട് നിലവിലെ സ്ഥിതി വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു വിജ്ഞാപനമിറക്കിയത്.

മണിപ്പുരിലെ രാഷ്ട്രപതി ഭരണം 

ബിരേന്‍ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പുര്‍ നിയമസഭ സസ്‌പെന്‍ഡ് ചെയ്തുവെങ്കിലും പിരിച്ചുവിട്ടിട്ടില്ല. 2027 വരെ നിലവിലെ നിയമസഭയുടെ കാലവധിയുള്ള മണിപ്പുരില്‍ രാഷ്ട്രപതി ഭരണത്തിനിടയില്‍ പാര്‍ട്ടിക്കുള്ളില്‍ സമവായം ഉണ്ടാക്കാനായാല്‍ ബിജെപിക്ക് വീണ്ടും മുഖ്യമന്ത്രിയുണ്ടാകും. ഇതാദ്യമായിട്ടല്ല മണിപ്പുര്‍ രാഷ്ട്രപതി ഭരണത്തിലേക്ക് പോകുന്നത്. 1967 മുതല്‍ 2001 വരെയുള്ള കാലയളവില്‍ പത്ത് തവണയോളം മുമ്പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൂക്കുസഭകളെ തുടര്‍ന്നും സംഘര്‍ഷങ്ങളെ തുടര്‍ന്നുമെല്ലാം മണിപ്പുര്‍ രാഷ്ട്രപതി ഭരണത്തിലേക്ക് പോയി. ഇതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ രാഷ്ട്രപതി ഭരണം 1969 ഒക്ടോബര്‍ 17 മുതല്‍ 1972 മാര്‍ച്ച് 22 വരെയായിരുന്നു. രണ്ട് വര്‍ഷവും 157 ദിവസവും നീണ്ടുനിന്നു. വിഘടനവാദികളുമായുള്ള സായുധ സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു ഇത്. രാഷ്ട്രീയ അസ്ഥിരതയെ തുടര്‍ന്ന് 2001-ലാണ് ഏറ്റവും ഒടുവിലായി മണിപ്പുരില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയത്. 2002 മാര്‍ച്ച് വരെ തുടര്‍ന്ന രാഷ്ട്രപതി ഭരണം 277 ദിവസം നീണ്ടുനിന്നു.

എന്താണ് രാഷ്ട്രപതി ഭരണം 

ഒരു സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടാലാണ് ആർട്ടിക്കിൾ 356 പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശയോടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുക. ഇതോടെ രാഷ്ട്രപതിയുടെ നിയന്ത്രണത്തില്‍ സംസ്ഥാനത്തിന്റെ അധികാരം ഗവര്‍ണറിലേക്ക് വന്നുചേരും. നിയമസഭ പിരിച്ചുവിടുകയോ താത്കാലികമായി മരവിപ്പിക്കുകയോ ചെയ്യാം. മണിപ്പുരില്‍ താത്കാലികമായി മരവിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അവിടുത്തെ നിയമനിര്‍മാണ അധികാരം പാര്‍ലമെന്റിലേക്ക് വരും. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ സമവായത്തിലെത്താന്‍ ബിജെപിക്ക് സാധിച്ചില്ലെങ്കില്‍ സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടും.

placeholder
മണിപ്പുരിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ വാഹനങ്ങള്‍ക്ക് തീയിട്ടപ്പോള്‍ |ഫോട്ടോ: ANII

സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ടാല്‍ സഭ പുനഃസ്ഥാപിക്കാമെന്നാണ് മണിപ്പുര്‍ ബിജെപി അധ്യക്ഷ ശാരദാദേവി രാഷ്ട്രപതി ഭരണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചത്. മണിപ്പുരില്‍ ഭരിക്കാനുള്ള കഴിവില്ലായ്മ ബിജെപി വൈകി സമ്മതിക്കുന്നതായി പുതിയ സംഭവവികാസങ്ങളോട് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ബിരേണ്‍ സിങ്ങിന്റെ രാജി

260 ഓളം പേര്‍ കൊല്ലപ്പെട്ടു, സ്ത്രീകള്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി. 60,000-ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. പോലീസ് ആയുധപ്പുരകളില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. രാജ്യത്താകമാനം പ്രതിഷേധങ്ങളുയര്‍ന്നു. പാര്‍ലമെന്റ് സ്തംഭിച്ചു. ജനപ്രതിനിധികളടക്കം അക്രമത്തിനിരയായി. സംസ്ഥനം ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ ആരോപണ വിധേയനായി. പാര്‍ട്ടി എംഎല്‍എമാരും മുന്നണിയിലെ ഘടകക്ഷികളും രാജിക്കായി മുറവിളി കൂട്ടി. എന്നാല്‍ 21 മാസം മുമ്പ് മണിപ്പുരില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തില്‍ മുഖ്യമന്ത്രി കസേരയ്ക്ക് ഒരു ചലനവും ഉണ്ടായില്ല. 

എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രി ബിരേന്‍ സിങ് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ രാജ്യതലസ്ഥാനത്തെത്തി. അമിത് ഷായേയും നഡ്ഡയെയും കണ്ടു. തൊട്ടടുത്ത ദിവസം നാടകീയമായി രാജി പ്രഖ്യാപിച്ചു. രാജ്യമൊട്ടാകെ പ്രതിഷേധമുയര്‍ന്നിട്ടും നിരവധി ആരോപണങ്ങളുയര്‍ന്നിട്ടും കുലുങ്ങാതെ നിന്ന ബിരേന്‍ സിങ്ങിന്റെ അപ്രതീക്ഷിത രാജിയില്‍ പലരും നെറ്റിചുളിച്ചു.  എന്നാല്‍ മണിപ്പുരില്‍ തിങ്കളാഴ്ച ആരംഭിക്കാനിരുന്ന 12-ാം നിയമസഭയുടെ ഏഴാം സമ്മേളനത്തില്‍ സര്‍ക്കാര്‍ വീണേക്കാം എന്ന അപകടം തിരിച്ചറിഞ്ഞാണ് ബിരേന്‍ സിങ് സമ്മേളനത്തിന് തൊട്ടുമുമ്പായി രാജി പ്രഖ്യാപിച്ചത്. ശനിയാഴ്ച ഡല്‍ഹിയിലേക്ക് പറക്കുംമുമ്പ് ബിരേന്‍ സിങ് വിളിച്ചുചേര്‍ത്ത എന്‍ഡിഎ എംഎല്‍എമാരുടെ യോഗത്തിനെത്തിയത് 46-ല്‍ 20 പേര്‍ മാത്രമായിരുന്നു.

placeholder
മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുന്നു | Photo: ANI

മണിപ്പുരില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍, 10 കുക്കി എംഎല്‍എമാര്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അസ്വസ്ഥത വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ, ഈ വര്‍ഷം ജനുവരിയില്‍ എന്‍പിപി എംഎല്‍എല്‍ എന്‍.കയിസി മരിച്ചതിനെത്തുടര്‍ന്ന ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയുമാണ്. നാല് ബിജെപി എംഎല്‍എമാര്‍ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുകയുമായിരുന്നു. അനിശ്ചിതത്വം വര്‍ധിപ്പിച്ചുകൊണ്ട് ബിജെപിയിലേക്ക് നേരത്തെ കൂറുമാറി എത്തിയ അഞ്ച് ജനതാദള്‍ എംഎല്‍എമാര്‍ അയോഗ്യതാ ഭീഷണിയിലാണ്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് തൊട്ടുപിന്നാലെ ബിജെപിയില്‍ ചേര്‍ന്ന ഈ അഞ്ച് എംഎല്‍എമാര്‍ക്കെതിരെ സമര്‍പ്പിച്ച അയോഗ്യത ഹര്‍ജികള്‍ സ്പീക്കറുടെ ട്രൈബ്യൂണലിലിന്റെ പരിഗണനയിലാണ്.

കൂടാതെ എന്‍ഡിഎ ഘടകകക്ഷികളായിരുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) കഴിഞ്ഞ നവംബറില്‍ ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തിരിക്കണമെന്ന ഇവരുടെ ആവശ്യം സഭാ സമ്മേളനത്തിന് മുമ്പായി സ്പീക്കര്‍ അനുവദിക്കുകയും ചെയ്തിരുന്നു.

മണിപ്പുരിന്റെ രാഷ്ട്രീയം

15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെ പിഴുതെറിഞ്ഞ് 2017-ല്‍ ശൂന്യതയില്‍നിന്നാണ് മണിപ്പുരില്‍ ബിജെപി താമര വിരിയിച്ചത്. വടക്കുകിഴക്കെ ഇന്ത്യയിലേക്ക് പടര്‍ന്നുകയറിയ ബിജെപി അസമില്‍ നേടിയവിജയം മണിപ്പുരിലും ആവര്‍ത്തിക്കുകയായിരുന്നു. 2012 ഒരു സീറ്റില്‍ പോലും ജയിക്കാതിരുന്ന 21 സീറ്റുകള്‍ നേടി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി. 28 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തുടര്‍ന്നെങ്കിലും അധികാരത്തിലേറാനുള്ള പിന്തുണ ഉണ്ടാക്കാനായില്ല. ബിജെപി മറ്റു ചെറുപാര്‍ട്ടികളെ ഒപ്പം കൂട്ടി അധികാരത്തിലേറി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരേയും ചൂണ്ടിക്കാട്ടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചുക്കാന്‍ പിടിച്ച പ്രചാരണത്തിലൂടെയാണ് ബിജെപി നേട്ടമുണ്ടാക്കിയത്. നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ബിരേന്‍ സിങ് ബിജെപിയുടെയും ഘടകകക്ഷ പാര്‍ട്ടി എംഎല്‍എമാര്‍ക്കും സര്‍വ്വസമ്മതനായാണ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. അഞ്ചുവര്‍ഷത്തെ ബിരേന്‍ സിങ്ങിന്റെ ഭരണത്തില്‍ മണിപ്പുര്‍ ജനത ബിജെപിക്ക് 2022-ല്‍ രണ്ടാമൂഴം നല്‍കി. 32 സീറ്റുകളോടെ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് ബിരേന്‍ സിങ്ങിനും ബിജെപിക്കും ലഭിച്ചത്.

placeholder
2024-ല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മണിപ്പുരില്‍ നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയില്‍നിന്ന്|ഫോട്ടോ:ANI

പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പതനം പക്ഷേ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തായി. നാലാം സ്ഥാനത്തേക്ക് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും പൊട്ടിപ്പുറപ്പെട്ട കലാപം മണിപ്പുരിനെയും ഒപ്പം എന്‍ഡിഎ സര്‍ക്കാരിനെയും കലുഷിതമാക്കി.

മെയ്ത്തി വിഭാഗത്തെ പട്ടികവര്‍ഗത്തിലുള്‍പ്പെടുത്തുന്നത് അടിയന്തരമായി പരിഗണിക്കണമെന്ന മണിപ്പുര്‍ ഹൈക്കോടതി ഉത്തരവു പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ പട്ടികജാതിവിഭാഗക്കാരായ കുക്കി ഗോത്രവിഭാഗക്കാരുടെ വിദ്യാര്‍ഥിസംഘടനകള്‍ 2023 മേയ് ഒന്നിന് പ്രതിഷേധവുമായി തെരുവിലിറങ്ങി. ഈ റാലിക്കെതിരേ മെയ്ത്തി വിഭാഗക്കാര്‍ അക്രമമഴിച്ചുവിട്ടതിനു പിന്നാലെയാണ് സംസ്ഥാനത്ത് വംശീയകലാപം പൊട്ടിപ്പുറപ്പെട്ടത്. മെയ്ത്തി വിഭാഗക്കാരനായ ബിരേന്‍ സിങ്ങിന് കലാപത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ക്കിടെ അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കകത്തും പുറത്തും വ്യാപകമായി പ്രതിഷേധങ്ങളുയര്‍ന്നു. ബിജെപി എംഎല്‍എമാരടക്കം ദീര്‍ഘകാലമായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കും നിസ്സഹകരണങ്ങള്‍ക്കും ഒടുവില്‍ സര്‍ക്കാര്‍ താഴെപ്പോകുമെന്നും പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്നും ഉറപ്പായതോടെയാണ് ബിരേന്‍ സിങ് രാജിവെച്ചത്. ഇതിനിടെ ദീര്‍ഘകാലമായി തുടരുന്ന കലാപം ബിജെപിയുടെ മരണമണി മുഴക്കി കൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. ബിരേന്‍ സിങിന് പകരക്കാനായി മറ്റൊരു നേതാവിനെ കണ്ടെത്തുന്നതില്‍ ബിജെപി പ്രതിസന്ധി നേരിടുമ്പോള്‍ അതൃപ്തരയെല്ലാം ഒപ്പംനിര്‍ത്തി സംസ്ഥാനത്ത് വന്‍ തിരിച്ചുവരവിന് സജ്ജമായിരിക്കുകയാണ്.