ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് അർണബിന്റെ ലൈൻ മാറ്റം. ഏറ്റവും സന്തോഷിക്കുന്നത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളാണ്. ബിജെപി ആശയക്കുഴപ്പത്തിലാണ്.

ആർക്കും വിശ്വസിക്കാനാവാത്ത മാറ്റമാണിത്. ബിജെപി സർക്കാരിന്റെയും നയങ്ങളുടെയും വലതുപക്ഷത്തിന്റെയും ഏറ്റവും വലിയ വക്താവായിരുന്ന അർണബ് രഞ്ജൻ ഗോസ്വാമി കേന്ദ്രസർക്കാരിനെ പരസ്യമായി തൊലിയുരിക്കുകയാണ്! ഏതാനും ആഴ്ചകളായി നരേന്ദ്രമോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിഷയങ്ങൾ ഒന്നിനു പുറകേ മറ്റൊന്നായി ചർച്ചയ്‌ക്കെടുക്കുകയാണ് അദ്ദേഹം. തിങ്കളാഴ്ച രാത്രി അദ്ദേഹം നടത്തിയ മൂന്നു ഡിബേറ്റുകളുടെയും വിഷയങ്ങൾ ബിജെപിയെ വിഷമിപ്പിക്കുന്നതായിരുന്നു. ആരാവല്ലി മലനിരകളെ തകർക്കാനുള്ള നീക്കം, അഗസ്ത വെസ്റ്റ്‌ലണ്ട് കോഴക്കേസിലെ പ്രതി ക്രിസ്റ്റ്യൻ മിഷേലിന് ജാമ്യം കിട്ടിയതിനു വഴിവെച്ച സാഹചര്യം, തുർക്കി യാത്രാവിമാനങ്ങൾക്ക് ഇന്ത്യയിൽ ഓപ്പറേഷൻ തുടരാൻ അനുമതി കൊടുത്തതിലെ ദേശവിരുദ്ധത. പിന്നാലെ വന്ന മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുമായുള്ള തൽസമയഅഭിമുഖം ആരും മറക്കാനിടയില്ല. അഭിമുഖം എന്നതിനെക്കാൾ ചോദ്യം ചെയ്യലെന്നു തോന്നിച്ച സംവാദം! എന്താണ് സംഭവിക്കുന്നത്? വർഷങ്ങളായി അദ്ദേഹത്തെ പിന്തുടരുന്ന ലക്ഷക്കണക്കായ പ്രേക്ഷകരും നിരീക്ഷകരും ചോദിക്കുകയാണ്, അർണബിനെന്തു പറ്റി?
കളി മാറി, പ്രതിക്കൂട്ടിൽ ഗാന്ധി കുടുംബമല്ല, കേന്ദ്രസർക്കാർ
കഴിഞ്ഞ ജൂണിൽ എയർ ഇന്ത്യയുടെ ഒരു വിമാനം അഹമ്മദാബാദിലെ ജനവാസ മേഖലയിൽ 230 യാത്രക്കാരുമായി തകർന്നുവീണു. രക്ഷപ്പെട്ടത് അവരിൽ ഒരാൾ മാത്രം. മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും ഉണ്ടായിരുന്നു. ഒരുപക്ഷേ, അവിടെയാവണം പതിവുകൾക്ക് വിരുദ്ധമായി അദ്ദേഹം എൻഡിഎ സർക്കാരിനെ കടന്നാക്രമിക്കാൻ തുടങ്ങിയത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) പ്രതിക്കൂട്ടിൽ നിർത്തിയ അദ്ദേഹം ടിഡിപി ഭരിക്കുന്ന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്നും ഉത്തരങ്ങൾ ആവശ്യപ്പെട്ടു. അപകടത്തിന് ശേഷവും ഒന്നിലധികം തവണ എയർ ഇന്ത്യയുടെ വിമാനങ്ങൾ അപകടത്തിൽപ്പെടുന്നതിന് അടുത്തെത്തിയത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എയർ സേഫ്റ്റിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഉത്കണ്ഠയെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ട മന്ത്രാലയത്തിന്റെയും വിമാനക്കമ്പനിയുടെയും വീഴ്ചകൾ മറച്ചുവെക്കാൻ അപകടത്തിനിരയായ വിമാനത്തിന്റെ പൈലറ്റിനെ പഴിചാരാനുള്ള ശ്രമങ്ങളെ അദ്ദേഹം തുറന്നുകാട്ടി.
ആദ്യമൊക്കെ എൻഡിഎയുടെ ഘടകകക്ഷിയെ മാത്രം ഉദ്ദേശിച്ചായിരുന്നു അർണബിന്റെ വിമർശനം എന്നാശ്വസിച്ചിരുന്നവർക്ക് തെറ്റി. ഡിസംബർ ആദ്യവാരം ഉണ്ടായ ഇൻഡിഗോ വിമാനപ്രതിസന്ധിയെ തുടർന്ന് രാജ്യമെമ്പാടും നൂറുകണക്കിന് വിമാനസർവീസുകൾ റദ്ദാക്കപ്പെട്ടത് ദിവസങ്ങളോളം അർണബ് ചർച്ചയ്‌ക്കെടുത്തു.ി പ്രതിസന്ധിക്കു വഴിവെച്ചത് ഇന്ത്യയുടെ വ്യോമയാന മേഖല ഇൻഡിഗോ, എയർ ഇന്ത്യ എന്നീ രണ്ട് വിമാനക്കമ്പനികൾക്ക് തീറെഴുതി കൊടുത്തിട്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിമാനക്കമ്പനികളുടെ സമ്മർദ്ദത്തിന് കേന്ദ്രം വഴങ്ങിയെന്നും യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചകൾ ചെയ്തുവെന്നും കേന്ദ്രം കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് കീഴടങ്ങി എന്നും അർണബ് വാദിച്ചു. ഒന്നും രണ്ടും കുത്തകകൾ മാത്രമുള്ള സാഹചര്യം രാജ്യത്തെ നിർണായകമായ നിരവധി മേഖലകളിലുണ്ടെന്നും അത് സാധാരണക്കാരനെ ദോഷകരമായി ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തെലുഗുദേശം പാർട്ടി റിപ്പബ്ലിക് ടിവി ബഹിഷ്‌കരിച്ചു. 'അർബൻ നക്‌സലു'കൾക്കെതിരെ ചന്ദ്രഹാസമിളക്കുന്ന, സ്വതന്ത്രകമ്പോള വ്യവസ്ഥിതിയുടെ പ്രചാരകനായ അർണബാണോ ഇതു പറയുന്നതെന്ന് അദ്ദേഹത്തിന്റെ നിശിതമായ വിമർശനങ്ങൾക്കും പരിഹാസത്തിനും പതിവായി ഇരയായിരുന്നവർ ചിന്തിച്ചു കാണും!
ഗോസ്വാമിയുടെ വിമർശന ശരങ്ങൾ ഏവിയേഷനും കടന്ന് ബിജെപിയുടെ കോട്ടകൾ ഭേദിക്കുന്ന കാഴ്ചയാണ് പിന്നെയുള്ള ദിവസങ്ങളിൽ കണ്ടത്. അർണബിന്റെ കോടതിയിലെ പതിവുപ്രതികളായ പ്രതിപക്ഷത്തിനു പകരം ബിജെപി എത്തി! മധ്യപ്രദേശിൽ നിന്നുള്ള ഒരു ബിജെപി എംഎൽഎ മകന്റെ വിവാഹദിനത്തിൽ വെടിക്കെട്ടിന് മാത്രം 70 ലക്ഷം രൂപ ചെലവാക്കിയത് അശ്ലീലമായ പണക്കൊഴുപ്പിന്റെ പ്രദർശനമാണെന്ന് അർണബ് കുറ്റപ്പെടുത്തി. ഡൽഹിയിലെ അന്തരീക്ഷ ഗുണനിലവാര സൂചിക (എക്യുഐ) അപകടകരമായ നിലകളിലേക്ക് കൂപ്പുകുത്തിയതായിരുന്നു കേന്ദ്രത്തെ അടിക്കാൻ അർണബിനു കിട്ടിയ അടുത്ത വടി. ഒരു കേന്ദ്രപദ്ധതിയുടെ പേരുമാറ്റത്തെക്കുറിച്ച് 48 മണിക്കൂർ ചർച്ച ചെയ്ത പാർലമെന്റ് ജനകോടികളെ ബാധിക്കുന്ന ഈ പ്രശ്‌നത്തിന് ഒരു മണിക്കൂർ പോലും നീക്കിവെക്കാത്തതിനെ അദ്ദേഹം അതിരൂക്ഷമായി വിമർശിച്ചു.
അന്തരീക്ഷ മലിനീകരണത്തിൽ പിടിച്ച് അർണബ് ആരാവല്ലി കുന്നുകളുടെ നശീകരണത്തിലെത്തി. ഗുജറാത്ത് മുതൽ രാജസ്ഥാൻ വരെ നീളുന്ന പ്രകൃതിദത്തമായ ഈ തടസ്സമില്ലെങ്കിൽ ഡൽഹി മരുഭൂമിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിരമിക്കുന്നതിനു മൂന്നുദിവസം മാത്രം മുമ്പ് മുൻ ചീഫ് ജസ്റ്റിസ് ബിആർ ഗവായി ഈ വിഷയത്തിൽ പുറപ്പെടുവിച്ച ഉത്തരവിനെ അർണബ് ചോദ്യം ചെയ്തു. നൂറു മീറ്ററിലധികം ഉയരമുള്ള കുന്നുകൾ ആരാവല്ലിയുടെ ഭാരമാണെന്നു പുനർനിർവചിച്ചത് മലനിരകളെ നാമാവശേഷമാക്കാൻ വൻകിട മൈനിങ് കമ്പനികൾക്ക് സഹായകമാവുമെന്ന് ഉറക്കെ പറയാൻ അർണബ് മടിച്ചില്ല. അഴിമതികളിൽ രോഷാകുലമായി താൻ പ്രതികരിച്ചിരുന്ന യുപിഎ കാലത്തെ ഓർമിപ്പിക്കുന്ന രീതിയിൽ അദ്ദേഹം കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് ഒരു കസേര ഒഴിച്ചിട്ടു. അഭിമുഖത്തിൽ അമിക്കസ് ക്യൂറിയുടെ ശുപാർശ മറികടന്ന് സർക്കാർ പ്രതിനി്ധി തലപ്പത്തുള്ള ഒരു കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ചതെന്തിന് എന്ന് ജസ്റ്റിസ് ഗവായിയോട് അർണബ് ചോദിച്ചു. സുപ്രീംകോടതിയല്ല ആരാവല്ലി കുന്നുകൾ സൃഷ്ടിച്ചത് എന്ന് പറയാൻ ഗോസ്വാമി മടിച്ചില്ല. ഒരുപക്ഷേ, ഒരു മുൻ ചീഫ് ജസ്റ്റിസിനോട് ഒരു അഭിമുഖകാരൻ ഇത്തരത്തിൽ സംസാരിച്ചത് ആദ്യമായിട്ടാവും!
അർണബിന്റെ മാറ്റത്തിനു പിന്നിൽ പിണക്കമോ, കുറയുന്ന ടിആർപിയോ?
ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് അർണബിന്റെ ലൈൻ മാറ്റം. ഏറ്റവും സന്തോഷിക്കുന്നത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളാണ്. ബിജെപി ആശയക്കുഴപ്പത്തിലാണ്. ഏതു വിഷയത്തിലും കേന്ദ്രത്തിനും ബിജെപിക്കും അനുകൂലമായി നിലപാടെടുത്തിരുന്ന അദ്ദേഹത്തിന്റെ നിലപാടുമാറ്റത്തെ പരസ്യമായി വിമർശിക്കാൻ പാർട്ടി തയ്യാറായിട്ടില്ല. വലതുപക്ഷ ചിന്താഗതിക്കാരായ ലക്ഷക്കണക്കിന് വിദ്യാസമ്പന്നർ ഗോസ്വാമിയുടെ ആരാധകരാണ് എന്നതാണ് കാരണം. 'ഗോദി മീഡിയ'യുടെ ഭാഗമെന്ന് പ്രതിപക്ഷം പറയുന്ന മറ്റ് ചാനലുകൾ അർണബിന്റെ വഴി പിന്തുടരണോ, പതിവുപോലെ സർക്കാർ പക്ഷത്ത് ഉറച്ചു നിൽക്കണോ എന്ന ആശയക്കുഴപ്പത്തിലാണ്. കാരണം, അർണബിന്റെ എല്ലാ സർക്കാർവിരുദ്ധ ഡിബേറ്റുകളും വൻവിജയമാണ്! നിലനിൽപ്പിന് അവശ്യം വേണ്ടത് പ്രേക്ഷകരാണല്ലോ!
പതിനൊന്നുവർഷമായി സർക്കാരിനു വേണ്ടി അലറിവിളിച്ചു അർണബിനു മടുത്തുകാണുമെന്ന് ഒരു കൂട്ടർ. തുടക്കത്തിൽ ബിജെപിക്കും വലതുപക്ഷത്തിനും വേണ്ടി സംസാരിക്കാൻ അർണബിന്റെ ചാനലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇപ്പോൾ നിരവധി പേരുണ്ട് ആ രംഗത്ത് മത്സരിക്കാൻ അതുകൊണ്ടു തന്നെ, കേന്ദ്രത്തിൽ നിന്നും പഴയ പരിഗണന കിട്ടാത്തതാവാം കാരണമെന്ന് ഊഹിക്കുന്നു അദ്ദേഹത്തിന്റെ വിരോധികൾ. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിന്റെ ഇന്റർവ്യൂ ആജ്തക്കിലെ അഞ്ജന ഓം കശ്യപിന് നൽകിയതും 15 കോടി രൂപ ശമ്പളത്തിൽ സുധീർ ചൗധരിയെ ദൂരദർശനിൽ നിയമിച്ചതുമൊന്നും അർണബിന് സഹിക്കാത്തതാണ് മനംമാറ്റത്തിന് കാരണമെന്നും പറയുന്നവരുണ്ട്.
ദീർഘകാലത്തെ അധികാരം ബിജെപിയെ ദുഷിപ്പിച്ചുവെന്ന് തിരിച്ചറിയുന്നതു കൊണ്ടാണ് അദ്ദേഹം പരസ്യവിമർശനത്തിന് തയ്യാറായതെന്നും വാദമുണ്ട്. അതേസമയം, തന്റെ ശരിക്കുള്ള സ്വഭാവത്തിലേക്കുള്ള തിരിച്ചുവരവാണ് ഈ ദിശമാറ്റത്തിനു പിന്നിലെന്ന് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നു. സംവിധാനത്തെ വെല്ലുവിളിച്ചും അധികാരികളോട് ഏറ്റുമുട്ടിയും പോവുന്നതാണ് അദ്ദേഹത്തിന് കൂടുതൽ നൈസർഗികമായ രീതി. അത്തരം ഒരു സാഹചര്യത്തിലാണ് ഒരു പത്രപ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിന്റെ സിദ്ധികളുടെ വിശ്വരൂപം ദൃശ്യമാവുക- അവർ പറയുന്നു. 2020-ൽ ഉദ്ധവ് ഠാക്കറെ സർക്കാർ ജയിലിലടച്ച് പീഡിപ്പിച്ചത് അധികാരിവർഗത്തെ മുഴുവൻ സംശത്തോടെ വീക്ഷിക്കാൻ അദ്ദേഹത്തിന് പ്രേരകമായെന്നും അതിന്റെ സ്വാഭാവികപരിണതിയാണ് ഇപ്പോൾ കാണുന്നതെന്നും കരുതുന്നവരുണ്ട്.
ഇത്തരം അഭ്യൂഹങ്ങളിലൊന്നും കാര്യമില്ല, അർണബ് മാറിയത് ടെലിവിഷൻ റേറ്റിംഗ് ഉയർത്താൻ വേണ്ടി മാത്രമാണെന്ന് പറയുന്നു ഒരുവിഭാഗം പത്രപ്രവർത്തകർ. അദ്ദേഹം എന്നും പിന്തുടർന്ന ആദർശം ടിആർപി ആയിരുന്നു. സർക്കാരിനെ പിന്തുണയ്ക്കുന്നതിൽ ഇനി കാര്യമായ മെച്ചമില്ലെന്ന് സോഷ്യൽ മീഡിയ വിശകലനത്തിൽ ബോധ്യമായിട്ടുണ്ടാവാം. 2017-ൽ ആരംഭിച്ച റിപ്പബ്ലിക്ക് ടിവിക്ക് തുടക്കത്തിൽ എതിരാളിയില്ലായിരുന്നെങ്കിലും ഇപ്പോൾ ന്യൂസ് 18, എൻഡിടിവി, ടൈംസ് നൗ തുടങ്ങിയ ചാനലുകൾ വലിയ വെല്ലുവിളി ഉർത്തുന്നു, പലപ്പോഴും മറികടക്കുകയും ചെയ്യുന്നു. അതാണ് അർണബ് പെട്ടെന്ന് ട്രാക്കു മാറ്റിയതിന് കാരണമെന്ന് അവർ പറയുന്നു. എപ്പോഴും സർക്കാർ പക്ഷത്തു നിൽക്കുന്നതിനാൽ ഇടിവുതട്ടിയ വിശ്വാസ്യത തിരിച്ചു പിടിക്കാനുള്ള 'നമ്പരാണ്' ചുവടുമാറ്റമെന്നും കുറച്ചുകാലം കഴിഞ്ഞ് പഴയ രീതി വീണ്ടെടുക്കുമെന്നും അഭിപ്രായമുള്ളവരുണ്ട്.
വക്കീലും കോടതിയും ആരാച്ചാരും
റിപ്പബ്ലിക് ടിവിയുടെ എഡിറ്ററും മുതലാളിയുമായ അർണബ് ഗോസ്വാമിയെ പോലെ ഇന്ത്യൻ വാർത്താമാധ്യമരംഗത്ത് പടർന്നു പന്തലിച്ച വ്യക്തിത്വങ്ങൾ കുറവായിരിക്കും. വാർത്താചാനലിലെ രജനീകാന്ത് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നവരുണ്ട്! താൻ വിശ്വസിക്കുന്ന വിഷയങ്ങളിൽ പക്ഷം ചേരുന്ന ഗോസ്വാമിയുടെ ചർച്ചകളിൽ അദ്ദേഹത്തിന്റെ എതിർഭാഗത്ത് വരുന്നവർ വെള്ളം കുടിക്കുക സ്വാഭാവികം മാത്രം. കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ കേട്ടിരിക്കണം, പലപ്പോഴും ഇത്തരം പറയാനുള്ള ഇടം കിട്ടുകയുമില്ല! അർണബിനെ സംബന്ധിച്ചിടത്തോളം എല്ലാം കറുപ്പും വെളുപ്പുമാണ്, അതിനിടയ്ക്ക് യാതൊന്നുമില്ല. ദേശീയതയുടെ പേരിൽ ഏതറ്റം വരെയും പോകുന്ന ഗോസ്വാമിയുടെ ചാനലുകളുടെ തത്വം 'രാഷ്ട്രം സർവോപരി' എന്നതാണ്. അർണബ് തീവ്രദേശീയതയുടെയും പൊളിറ്റിക്കൽ ഹിന്ദുത്വയുടെയും വക്താവാണെന്ന് വിമർശകർ ആരോപിക്കുന്നു. (കേന്ദ്രത്തോടുള്ള നിലപാടിൽ മാറ്റം വന്നെങ്കിലും അടിസ്ഥാനപ്രത്യയ ശാസ്ത്രത്തിൽ മാറ്റം വന്നിട്ടില്ലെന്ന് നിരീക്ഷകർ.)
അസമിൽ പട്ടാള ഓഫീസറുടെ മകനായി ജനിച്ച അർണബ് ഡൽഹി സർവകലാശാലയിലും ഓക്‌സ്ഫഡിലും കേംബ്രിജിലും പഠിച്ചു. കൊൽക്കത്തയിലെ ടെലഗ്രാഫ് പത്രത്തിൽ ജോലി ചെയ്ത ശേഷം അദ്ദേഹം 1998-ൽ പ്രണോയ് റോയിയുടെ എൻഡിടിവി ചാനലിലെത്തി. വിഷയങ്ങൾ പഠിച്ച്, പാകതയോടെ അവതരിപ്പിക്കുന്ന ആങ്കർ എന്ന നിലയിൽ അതിവേഗം ശ്രദ്ധേയനായ അർണബ് 2006-ൽ ആരംഭിച്ച ടൈംസ് നൗവിന്റെ തലപ്പത്തെത്തിയതോടെ മറ്റൊരാളായി. ഒന്നാംസ്ഥാനത്തിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലാത്ത അദ്ദേഹം പതുക്കെപ്പതുക്കെ തന്റെ വഴി തിരഞ്ഞെടുത്തു. എതിരാളികളെ അടിച്ചിരുത്തുന്ന, പാനലിസ്റ്റുകളെ രണ്ടു വിഭാഗമായി വേർതിരിച്ച് പോരിനിറക്കുന്ന ഒച്ചപ്പാടു നിറഞ്ഞ 'രക്തരൂഷിതമായ' യുദ്ധം. അർണബ് റഫറിയല്ല, ജയിക്കുന്ന പക്ഷത്തിന്റെ പടനായകനാണ്! ആ രീതി ഹിറ്റായി. മധ്യവർഗത്തിന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ ചർച്ചകളിലൂടെ അദ്ദേഹം അതിവേഗം ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ അവതാരകനായി മാറി.
2008-ലെ മുംബൈ ഭീകരാക്രമണവും യുപിഎ സർക്കാരിന്റെ അഴിമതിപരമ്പരകളും സർക്കാർ സംവിധാനങ്ങളോട് സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന രോഷാകുലനായ ചെറുപ്പക്കാരന്റെ പ്രതിച്ഛായ അദ്ദേഹത്തിന് സമ്മാനിച്ചു. എണ്ണമറ്റ അഴിമതിക്കഥകൾ ചാനൽ പുറത്തുകൊണ്ടുവന്നു. കോമൺവെൽത്ത് ഗെയിംസ് അഴിമതിയും ആദർശ് ഫ്‌ളാറ്റ് തട്ടിപ്പ് കേസും ഉദാഹരണങ്ങളാണ്. അദ്ദേഹത്തിന്റെ ഡിബേറ്റുകളെത്തുടർന്ന് സ്ഥാനം പോയ പ്രമുഖരുണ്ട്- സുരേഷ് കൽമാഡിയെയും പൃഥ്വിരാജ് ചവാനെയും പോലെ. അഴിമതിക്കാരും തട്ടിപ്പുകാരും അർണബിന്റെ കോടതിയിൽ ഹാജരാകാൻ ഭയന്നു. 2014-ലെ നിർണായകമായ പൊതുതിരഞ്ഞടുപ്പിനു മുമ്പ് അർണബിനു നൽകിയ അഭിമുഖം രാഹുൽ ഗാന്ധിയുടെ ഭാഗധേയത്തെ മാറ്റിമറിച്ചുവെന്ന് കരുതപ്പെടുന്നു. ആ പ്രതിച്ഛായാദുരന്തത്തിൽ നിന്നും മറികടക്കാൻ രാഹുലിന് ഏറെ വർഷങ്ങൾ വേണ്ടിവന്നു. (ഇപ്പോഴും അർണബ് അഭിമുഖത്തിന് രാഹുലിനെ 'ക്ഷണിക്കാറുണ്ട്!')
അർണബിന്റെ ചോദ്യശരങ്ങൾക്കു മുന്നിൽ അധികാരവും പ്രശസ്തിയുമൊന്നും വിഷയമല്ലായിരുന്നു. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോട് നേരിട്ട് ആൻട്രിക്‌സ്- ദേവാസ് കരാറിലെ അഴിമതിയെ കുറിച്ചു ചോദിച്ച അർണബ്, സച്ചിൻ ടെണ്ടുൽക്കറും നടി രേഖയും പോലുള്ള പ്രശസ്ത വ്യക്തികൾ രാജ്യസഭയിൽ വളരെ കുറച്ചു മാത്രം ഹാജരാവുന്നതിനെ വിമർശിച്ചു. മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന നടൻ സഞ്ജയ് ദത്തിനു നൽകിയ പ്രത്യേകസൗകര്യങ്ങളെ അദ്ദേഹം വിമർശിച്ചു. ഷീനാ ബോറ വധക്കേസിൽ വ്യവസായി പീറ്റർ മുഖർജി ജയിലിലാവുന്നതിന് കാരണമായത് അർണബിന്റെ രണ്ട് അഭിമുഖങ്ങളാണ്. സിബിഐയുടെ കുറ്റപത്രത്തിൽ ഈ അഭിമുഖങ്ങൾ പരാമർശിക്കുന്നുണ്ട്!
2017-ൽ റിപ്പബ്ലിക് ടിവി ആരംഭിക്കുമ്പോൾ അതിന്റെ നിക്ഷേപകരിൽ ഒരാൾ രാജീവ് ചന്ദ്രശേഖറായിരുന്നു. പിന്നീട് അദ്ദേഹം രാജീവിന്റെ ഓഹരികൾ തിരിച്ചുവാങ്ങി. തുടക്കം മുതൽ എൻഡിഎ- അനുകൂല ആഖ്യാനങ്ങൾ ചമക്കുന്നതിൽ മുന്നിൽനിന്ന ചാനൽ നോട്ടുനിരോധനവും സർജിക്കൽ സ്‌ട്രൈക്കും മുത്തലാക്ക് നിരോധനവും 370-ാം വകുപ്പ് റദ്ദാക്കലും പൗരത്വ നിയമ ഭേദഗതിയും പോലുള്ള എല്ലാ കേന്ദ്രനടപടികൾക്കും പൂർണപിന്തുണ നൽകി. അർബൻ നക്‌സലുകൾക്കെതിരെ കുരിശുയുദ്ധം നടത്തി, 'വ്യാജ മതേതരത്വ'ത്തിന്റെ പേരിൽ പ്രതിപക്ഷ കക്ഷികളെ അതിശക്തമായി വിമർശിച്ചു. തന്നോട് മത്സരിക്കുന്ന മറ്റു മാധ്യമങ്ങളെ പരസ്യമായി ലുട്ട്യൻസ് മീഡിയ എന്ന് ആക്ഷേപിച്ചു.
സർക്കാർ പക്ഷത്തുനിന്നും പൗരപക്ഷത്തേക്കുള്ള അർണബിന്റെ ചുവടുമാറ്റം താൽക്കാലികമാകാം. എങ്കിലും ശക്തമായ ഒരു വിമതശബ്ദത്തിന്റെ അഭാവം വ്യക്തമാക്കുന്നു അദ്ദേഹത്തിന്റെ ഡിബേറ്റുകളുടെ വൻവിജയം. ഒന്നാം മോദി സർക്കാരിനെതിരെ ഉയർന്ന ഏറ്റവും വലിയ അഴിമതി ആരോപണം അന്നത്തെ വിദേശമന്ത്രി സുഷമാ സ്വരാജിനെതിരെ അർണബ് ഗോസ്വാമി ഉയർത്തിയതാണെന്ന കാര്യം മറക്കാനാവില്ല.
Published: 23 Dec 2025, 07:39 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented