
ഇരുണ്ട ആകാശത്ത് ഒരു പുതിയ പോരാളിയുണര്‍ന്നു. അത് ഒരു യുദ്ധവിമാനം പോലെ ഗര്‍ജിക്കുകയോ മിസൈല്‍ പോലെ മിന്നുകയോ ചെയ്തില്ല. അത് കേട്ടു, ശ്രദ്ധിച്ചു, നിര്‍ദേശം നല്‍കി പിന്നെ പ്രഹരിച്ചു. മെയ് ഒമ്പത്, പത്ത് രാത്രികളില്‍ പാകിസ്താന്‍ ഇന്ത്യക്കെതിരേ തങ്ങളുടെ ഏറ്റവും മാരകമായ ആക്രമണം നടത്തിയപ്പോള്‍, മിസൈലുകളുടെയും ഡ്രോണുകളുടെയും വലിയ ആക്രമണത്തെ തടഞ്ഞുനിര്‍ത്തിയത് ഈ അദൃശ്യമതിലായിരുന്നു- കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രാലയം ഇന്ത്യയുടെ ആകാശ്തീര്‍ എന്ന തദ്ദേശീയ വ്യോമപ്രതിരോധ സംവിധാനത്തെ കുറിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞ വാക്കുകളാണിത്.
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിനിടെ എത്തിയ എല്ലാ ആക്രമണങ്ങളേയും തടയുകയും നിര്‍വീര്യമാക്കുകയും ചെയ്തതില്‍ നിര്‍ണായകമായ പങ്കാണ് പൂര്‍ണമായും തദ്ദേശീയവും ഓട്ടോമേറ്റഡും ആയ വ്യോമ പ്രതിരോധ നിയന്ത്രണ, റിപ്പോര്‍ട്ടിംഗ് സംവിധാനമായ ആകാശ്തീര്‍ നിര്‍വഹിച്ചത്. അതും എഐ സഹായത്തോടെ. ഇതോടെ എഐ സംവിധാനം ഉപയോഗിച്ച് ഇന്ത്യ നടത്തുന്ന ആദ്യ സൈനിക പ്രതിരോധം കൂടിയായി ആകാശ്തീരിന്റേത്.
എന്താണ് ആകാശ്തീര്‍
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ), ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി.ഇ.എല്‍) എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ആകാശ്തീര്‍. ശത്രു വ്യോമ ഭീഷണികളെ തത്സമയം നിരീക്ഷിക്കല്‍, കണ്ടെത്തല്‍, ട്രാക്കിംഗ്, നിര്‍വീര്യമാക്കല്‍ എന്നിവ സംയോജിപ്പിക്കുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വ്യോമ പ്രതിരോധ സംവിധാനം കൂടിയാണിത്. ഇസ്രയേലിന്റെ 'അയേണ്‍ഡോമിന്റെ' ഇന്ത്യയുടെ സ്വന്തം പതിപ്പായിട്ടാണ് ഉദ്യോഗസ്ഥര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. വിദേശ സമാഗ്രികളോ ബാഹ്യ ഉപഗ്രഹ ആശ്രയത്വമോ ഇല്ലാതെ പൂര്‍ണമായും തദ്ദേശീയമാണെന്ന അര്‍ഥത്തിലും സവിശേഷമാണ്. ഇന്ത്യയുടെ മൊത്തത്തിലുള്ള C4ISR (കമാന്‍ഡ്, കണ്‍ട്രോള്‍, കമ്യൂണിക്കേഷന്‍സ്, കമ്പ്യൂട്ടറുകള്‍, ഇന്റലിജന്‍സ്, സര്‍വൈലന്‍സ് ആന്‍ഡ് റീകണൈസന്‍സ്) സിസ്റ്റത്തിന്റെ ഭാഗവുമാണിത്.

പ്രവര്‍ത്തനം ഇങ്ങനെ
1-സെന്‍സറുകളുടെ ഏകീകരണം: ഏകീകൃതമായ വ്യോമാതിര്‍ത്തി ചിത്രം നല്‍കുന്നതിനായി, റഡാറുകളും ആശയവിനിമയ സംവിധാനങ്ങളും ഉള്‍പ്പെടെ വിവിധ നിരീക്ഷണോപാധികളില്‍ നിന്നുള്ള വിവരങ്ങള്‍ ആകാശ്തീര്‍ ഏകീകരിക്കുന്നുണ്ട്. ഈ ഏകീകരണം തത്സമയ ഭീഷണി വിലയിരുത്തലും ഇവയെ ഏകോപിപ്പിച്ച് പ്രതികരണ തന്ത്രങ്ങളും സാധ്യമാക്കുന്നു.
2-എ.ഐ സംവിധാനം: ശത്രുക്കളെ കണ്ടെത്തല്‍, നിരീക്ഷണം, ഇടപെടല്‍ എന്നിവയെല്ലാം സ്വയം പ്രവര്‍ത്തിതമാക്കാന്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നു. ഇത് പിശകുകള്‍ കുറയ്ക്കുകയും പ്രതികരണ സമയം വേഗത്തിലാക്കുകയും ചെയ്യുന്നു. മാത്രമല്ല വിവിധ തലങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുക്കാനും അനുവദിക്കുന്നുണ്ട്.
3-ദേശീയ സംവിധാനങ്ങളുമായുള്ള സംയോജനം: ആകാശ്തീര്‍ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങളുമായും നാവിക് ജിപിഎസ് സംവിധാനവുമായും യോജിച്ച് പ്രവര്‍ത്തിക്കുന്നു. ഒന്നിലധികം പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള ഡാറ്റ സംയോജിപ്പിച്ച് സമഗ്രമായ വ്യോമ ഭീഷണി രേഖ തയ്യാറാക്കുന്നു. ഈ സംയോജനം വേഗത്തില്‍ ഭീഷണി തിരിച്ചറിയാനും അവയെ നേരിടാനും സാധ്യമാക്കുന്നു.

ഇന്ത്യയുടെ ന്യൂജന്‍ താരം
ആധുനിക യുദ്ധരംഗത്തേക്കുള്ള ആകാശ്തീറിന്റെ കടന്നുവരവ് ഇന്ത്യയുടെ സൈനിക സംവിധാനത്തില്‍ ഒരു ന്യൂജന്‍ മാറ്റമാണ്. ഇത് ശത്രു ഭീഷണികള്‍ക്കെതിരെ ബുദ്ധിപരമായി മുന്‍കൈയ്യെടുക്കുന്നതിനും വേഗത്തിലുള്ളതുമായ പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ കാലത്ത് പരമ്പരാഗത യുദ്ധതന്ത്രങ്ങള്‍ മാത്രമല്ല രാജ്യങ്ങള്‍ പരീക്ഷിക്കുന്നത്. സൈബര്‍ യുദ്ധം, ഡ്രോണ്‍ അതിക്രമങ്ങള്‍, മിസൈല്‍ ആക്രമണങ്ങള്‍ എന്നിവ ഏറ്റുമുട്ടലുകളുടെ നിര്‍ണായക ഘടകങ്ങളായി മാറിയിരിക്കുന്നു. ഇവിടെയാണ് ആകാശിന്റെ പ്രധാന്യം. ഈ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനം ഏത് ആകാശ വെല്ലുവിളികളേയും ഒരു പുതുതലമുറ സമീപനത്തോടെയാണ് നേരിടുന്നത്. ഇത് വികസിച്ചുകൊണ്ടിരിക്കുന്ന ഏത് ഭീഷണിക്കും മുന്നില്‍ ഇന്ത്യയെ മുന്‍പന്തിയില്‍ നിര്‍ത്തുമെന്നും വിലയിരുത്തുന്നുണ്ട്.
തത്സമയ ഓട്ടോമേറ്റഡ് പ്രതികരണ സംവിധാനം മാനുവല്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും, പ്രതികരണ സമയം ഗണ്യമായി കുറയ്ക്കുകയും, മനുഷ്യ സഹജമായ പിഴവുകള്‍ ലഘൂകരിക്കുകയും ചെയ്യുന്നു. ആകാശ് തീരിന്റെ ഏറ്റവും വിജയകരമായ പരീക്ഷണമെന്ന് വേണമെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ നമുക്ക് വിലയിരുത്താം. ഓപ്പറേഷന്‍ സിന്ദൂറിലൂടെ, ആകാശ് തീരിന്റെ പരീക്ഷണത്താല്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി അത്ര പെട്ടെന്ന് ഭേദിക്കാനാവാത്തതാണെന്ന് ഇന്ത്യ അതിന്റെ എതിരാളികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കിയിട്ടുണ്ട്. ഈ സംവിധാനം ദേശീയ സുരക്ഷ ശക്തിപ്പെടുത്തുക മാത്രമല്ല, നൂതന വ്യോമ പ്രതിരോധ സാങ്കേതികവിദ്യയില്‍ ഇന്ത്യയെ ഒരു ആഗോള നേതാവ് എന്ന നിലയില്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ആകാശ്തീര്‍ ഇന്ത്യയുടെ പ്രതിരോധ ആയുധശേഖരത്തില്‍ ഒരു നിര്‍ണായകമായ മുതല്‍ക്കൂട്ടായും നാഴികക്കല്ലായും മാറിയിട്ടുണ്ട്.
പാകിസ്താനെ ഞെട്ടിച്ച സൈലന്റ് പോരാളി
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയെ പ്രകോപ്പിക്കാന്‍ പാകിസ്താന്‍ അവര്‍ ഇറക്കുമതി ചെയ്ത എച്ച്ക്യൂ-9 എച്ച്ക്യൂ-16 എന്നീ സംവിധാനങ്ങളെ ആശ്രയിച്ചപ്പോള്‍ ഇത് ഇന്ത്യന്‍ ആക്രമണങ്ങള്‍ കണ്ടെത്താനും തടയാനും പരാജയപ്പെടുകയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ പ്രത്യാക്രമണം പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് പരമ്പരാഗത രീതിയിലായിരിക്കുമെന്നായിരുന്നു അവര്‍ കരുതിയത്.
നേരത്തെ ഉറി ആക്രമണത്തിന് പകരമായി നിയന്ത്രണരേഖ കടന്നാണ് പാകിസ്താനിലെ ഏതാനും ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്. ഇതേപോലുള്ള പ്രത്യാക്രമണമാണ് ഇത്തവണയും പാകിസ്താന്‍ പ്രതീക്ഷിച്ചത്. അതുകൊണ്ടു തന്നെ കുഴിബോബുകള്‍ നിറച്ചും മറ്റും അവര്‍ കരുതിയിരുന്നതുമാണ്. അതുപോലെ തന്നെ 2021 ലെ പുല്‍വാമ ആക്രമണത്തിന് പകരമായി ഇന്ത്യന്‍ വ്യോമസേന ബാലാകോട്ട് ഭീകരതാവളം മിസൈല്‍ ആക്രമണത്തിലായിരുന്നു തകര്‍ത്തത്. ഇത്തവണ അത്തരത്തിലുള്ളതും പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് വ്യോമപ്രതിരോധവും അവര്‍ ശക്തമാക്കിയിരുന്നു. പക്ഷെ ഇത് രണ്ടും ഉപേക്ഷിച്ച് എല്ലാവരേയും ഞെട്ടിച്ച് ആകാശ്തീരിന്റെ സഹോയത്തോടെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ നിന്നുകൊണ്ടു തന്നെ ഇന്ത്യ ശക്തമായ മറുപടി നല്‍കി. പാകിസ്താന്റെ ഒമ്പത് ഭീകരകേന്ദ്രത്തിലേക്ക് മിസൈലുകള്‍ അയച്ചു. 24 ഭീകരകേന്ദ്രങ്ങള്‍ നാമാവശേഷമാക്കി. ഇതിന് പുറമെ പാക് പഞ്ചാബിലെ ബഹാവല്‍പുരിലേക്കും ലഹോറിലേക്കും വരെ മിസൈല്‍ ആക്രമണം നടത്തി.
ഹൈബ്രിഡ് നായകന്‍
ഭാവി യുദ്ധമുഖത്ത് ഇന്ത്യയുടെ ഹൈബ്രിഡ് നായകനെന്നാണ് ആകാശ്തീരിനെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. കാരണം ഭാവിയുദ്ധങ്ങള്‍ അതിവേഗമുള്ളതും സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതും വ്യോമാക്രമണ ഭീഷണികളാല്‍ നിറഞ്ഞതുമായിരിക്കും. അതുകൊണ്ടുതന്നെ തദ്ദേശീയമായ ആകാശ് ഉപരിതല-വ്യോമ മിസൈലിന്റെ നൂതനമായ ഒരു പതിപ്പ് എന്ന നിലയില്‍ അഞ്ചാം തലമുറ പോര്‍വിമാനങ്ങള്‍, സ്റ്റെല്‍ത്ത് വിമാനങ്ങള്‍, ക്രൂയിസ് മിസൈലുകള്‍, ഡ്രോണ്‍ കൂട്ടങ്ങള്‍ എന്നിവ ഉയര്‍ത്തുന്ന അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ പൂര്‍ണസജ്ജവുമാണ്.
ഭാവിയിലെ സംഘര്‍ഷങ്ങളില്‍, വ്യോമാധിപത്യത്തിനും കൃത്യമായ ആക്രമണങ്ങള്‍ക്കും നിര്‍ണായക പ്രാധാന്യമുള്ളപ്പോള്‍, യഥാര്‍ഥ സമയത്ത് ഭീഷണികളെ തടയാനും നിര്‍വീര്യമാക്കാനുമുള്ള കഴിവാണ് പോര്‍മുഖത്തെ വിജയം നിശ്ചിയിക്കുക. ആകാശ്തീരിന് ദീര്‍ഘദൂര പരിധി, മെച്ചപ്പെട്ട റഡാര്‍ ശേഷി, നൂതന മാര്‍ഗനിര്‍ദേശ സംവിധാനങ്ങള്‍, ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങളെ ചെറുക്കാനുള്ള കഴിവ് എന്നിവയുണ്ട് എന്നതുകൊണ്ടു തന്നെ ശത്രുക്കള്‍ക്ക് ഇതിനെ എളുപ്പത്തില്‍ പ്രതിരോധിക്കുക അസാധ്യമാവും.
ഇന്ത്യയുടെ സംയോജിത വ്യോമ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റവുമായുള്ള ഇതിന്റെ സംയോജനം റഡാര്‍, മിസൈല്‍, കമാന്‍ഡ് യൂണിറ്റുകള്‍ എന്നിവ തമ്മില്‍ തടസ്സമില്ലാത്ത ഏകോപനം സാധ്യമാക്കുന്നുണ്ട്. ആകാശ്തീര്‍ ഒരു സാങ്കേതികവിദ്യയുടെ നവീകരണം എന്നതിനപ്പുറം 'ആത്മനിര്‍ഭര്‍ ഭാരത്' സംരംഭത്തിന് കീഴില്‍ പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തതയ്ക്കായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്ന ഒരു തന്ത്രപരമായ മുതല്‍ക്കൂട്ട് കൂടിയാണ്.
വിദേശ മിസൈല്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക വഴിയും പ്രാദേശിക ഭീഷണികള്‍ക്ക് അനുയോജ്യമായ പ്രതികരണങ്ങള്‍ സാധ്യമാക്കുക വഴിയും, ആകാശ് തീര്‍ ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാവകാശവും ബഹുതല മുന്നണികളിലെ സന്നദ്ധതയുമാണ് വര്‍ധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ പ്രതീക്ഷിക്കുന്ന കഴിവ് ഭാവിയിലെ ഹൈബ്രിഡ് യുദ്ധത്തിന്റെ സ്വഭാവവുമായി യോജിക്കുന്നതാണ്. മൊത്തത്തില്‍, ആകാശ് തീര്‍ സുപ്രധാനമായ സൈനിക, അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഒരു നിര്‍ണായക കവചമായി പ്രവര്‍ത്തിക്കും. ഇന്ത്യയുടെ ബഹുതല മിസൈല്‍ പ്രതിരോധ തന്ത്രത്തില്‍ ഒരു അനിവാര്യമായ തലമായി മാറുകയും അടുത്ത തലമുറയിലെ യുദ്ധ സന്നദ്ധതയില്‍ ഒരു പ്രധാന പങ്കാളിയെന്ന നിലയില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യും.

ഓപ്പറേഷന്‍ സിന്ദൂറില്‍ കൂട്ടാക്രമണത്തെ നിര്‍വീര്യമാക്കിയ ആകാശ്തീര്‍
പാകിസ്താനുമായുള്ള നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടലിനിടെ, അവരുടെ ഡ്രോണുകളും മിസൈലുകളും ഉള്‍പ്പെടെയുള്ള വ്യോമാക്രമണ പരമ്പരയെ നിര്‍വീര്യമാക്കുന്നതില്‍ നിര്‍ണയാക പങ്കാണ് ആകാശ്തീര്‍ നിര്‍വഹിച്ചത്. ഇക്കാര്യം പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെല്‍) നിര്‍മിച്ച ആകാശ്തീര്‍ ഏകദേശം ഒരു വര്‍ഷം മുമ്പാണ് ഇന്ത്യന്‍ കരസേനയുടെ ഭാഗമായത്. 'ഈ അദൃശ്യമായ കവചം ആകാശ്തീര്‍ പ്രതിരോധ പ്രസിദ്ധീകരണങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്ന ഒരു ആശയം മാത്രമല്ല ഇന്ത്യന്‍ വ്യോമ പ്രതിരോധത്തിന്റെ മൂര്‍ച്ചയേറിയ മുനയും അദൃശ്യമായ ഭിത്തിയുമാണെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. 'ലോകം വിന്യസിച്ച മറ്റെന്തിനേക്കാളും വേഗത്തില്‍ ആകാശ് ശത്രുക്കളെ കാണുകയും തീരുമാനിക്കുകയും ആക്രമിക്കുകയും ചെയ്യന്നുവെന്ന് തെളിയിച്ചുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
മൊബൈല്‍ ലോഞ്ചര്‍ പ്രതിരോധ സംവിധാനമെന്ന നിലയ്ക്ക് ആകാശ്തീറിനെ വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ കൊണ്ടുപോകാനും വിന്യസിക്കാനും സഹായിക്കുന്നുവെന്നതാണ് ഏറ്റവും നിര്‍ണായകായ കാര്യം. ഏത് ഭൂപ്രദേശത്തും പ്രവര്‍ത്തിക്കാനുള്ള കഴിവുമുണ്ട്. ടാര്‍ ചെയ്ത റോഡുകള്‍, മണ്‍പാതകള്‍, നിരപ്പല്ലാത്ത പ്രതലങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഭൂപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തരത്തിലുള്ളതാണ് ഇതിന്റെ രൂപകല്‍പ്പന. പെട്ടെന്ന് വിന്യസിക്കാന്‍ സാധിക്കുമെന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഏകദേശം 15-20 മിനിറ്റിനുള്ളില്‍ വിന്യാസം പൂര്‍ത്തിയാക്കാമെന്നതും ഗുണകരമാണ്.
Content Highlights: Akash-Teer India`s indigenous AI-based air defence system
Published: 17 May 2025, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented