
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക അപവാദക്കേസിന്റെ ഗൂഢാലോചനയില്‍ പങ്കുകാരായത് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ആണെന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് മൊഴികൊടുത്തെന്ന രീതിയില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇത്തരത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിതമായ പരാതി കൊടുത്തിട്ടുള്ളത് ജീന സജി തോമസ് എന്നയാളാണെന്നും ഇവര്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
നിരവധി സാമ്പത്തികത്തട്ടിപ്പ് കേസുകളില്‍ പ്രതി ആയിട്ടുള്ള ജീനയ്‌ക്കെതിരേ 2021-ല്‍ ചിങ്ങവനം പോലീസ് വഞ്ചനാകുറ്റത്തിന് കേസ് എടുത്തിട്ടുള്ളതാണെന്നും കാനഡയില്‍ നഴ്‌സ് ആയി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര തര്‍ക്കമുണ്ടെന്ന് വരുത്തിതീര്‍ക്കാനും സമുന്നതരായ കോണ്‍ഗ്രസ് നേതാക്കളെ സംശയ നിഴലില്‍ നിര്‍ത്തുവാനുമുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഓരോ പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നും കുറിപ്പില്‍ പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് കേരളയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
രാഹുല്‍ മാങ്കുട്ടം ലൈംഗിക അപവാദ കേസില്‍ ഗൂഢാലോചനയില്‍ പങ്കുകാരായത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായ രമേശ് ചെന്നിത്തലയും ആണെന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവും മൊഴി കൊടുത്തു എന്ന രീതിയില്‍ വന്ന വാര്‍ത്ത അടിമുടി വ്യാജമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അടിസ്ഥാന രഹിതമായ പരാതി കൊടുത്തിട്ടുള്ളത് ജീന സജി തോമസ് എന്ന വ്യക്തിയാണ്. ഇവര്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹി അല്ല എന്ന് മാത്രമല്ല യൂത്ത് കോണ്‍ഗ്രസുമായി ഇവര്‍ക്ക് യാതൊരു ബന്ധവും ഇല്ല. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതി ആയിട്ടുള്ള ഇവര്‍ക്കെതിരെ 2021ല്‍ ചിങ്ങവനം പോലീസ് വഞ്ചന കുറ്റത്തിന് കേസ് എടുത്തിട്ടുള്ളതാണ്. കാനഡയില്‍ നേഴ്‌സ് ആയി ജോലി വാങ്ങി തരാം എന്ന് കാട്ടി 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എഫ്‌ഐആര്‍ ഈ പോസ്റ്റിന് ഒപ്പം ചേര്‍ക്കുന്നുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുവാനും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര തര്‍ക്കമുണ്ടെന്ന് വരുത്തിതീര്‍ക്കുവാനും സമുന്നതരായ കോണ്‍ഗ്രസ് നേതാക്കളെ സംശയ നിഴലില്‍ നിര്‍ത്തുവാനുമുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഓരോ പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിയന്ത്രിക്കുന്ന ബിജെപിയും സിപിഎമ്മിനും വേണ്ടി വീടുപണി ചെയ്യുന്ന ഇത്തരക്കാര്‍ ഭരണകൂടങ്ങളുടെ കൊള്ളരുതായ്മകള്‍ മറക്കുവാനും കോണ്‍ഗ്രസിനെ സംശയ നിഴലില്‍ നിര്‍ത്തുന്നതിനും ആരുടെയെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കേണ്ടതാണ്.
യൂത്ത് കോണ്‍ഗ്രസ് പോലൊരു സംഘടനയുടെ ഭാരവാഹിയായി ചമഞ്ഞ് വ്യാജ പരാതി നല്‍കിയത് ആള്‍മാറാട്ട കുറ്റമാണ്. ഇവര്‍ക്കെതിരെ ഡിജിപിക്ക് രേഖാമൂലം പരാതി നല്‍കാനാണ് തീരുമാനം. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എന്ന ചമഞ്ഞ് ആരെങ്കിലും ഒരു പരാതി കൊടുത്താല്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നേതാക്കള്‍ക്കെതിരെ മൊഴി കൊടുത്തു എന്ന നിലയില്‍ വാര്‍ത്ത നല്‍കുന്നവരും ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മാധ്യമങ്ങള്‍ക്ക് ഇത്തരം വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കി കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് ക്രൈം ബ്രാഞ്ച് ആണെങ്കില്‍ ഈ അന്വേഷണസംഘത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ക്രിമിനലുകളെ സംരക്ഷിക്കുകയും തീറ്റിപ്പോറ്റുകയും ചെയ്യുന്ന ഒരു ഭരണകൂടവും ഭരണകക്ഷിയായ പാര്‍ട്ടിയും അത്തരക്കാരെ രാഷ്ട്രീയ എതിരാളികളെ താറടിക്കുവാന്‍ ഉപയോഗിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവം. നഗ്‌നമായ അധികാര ദുര്‍വിനിയോഗവും, സത്യപ്രതിജ്ഞ ലംഘനവും ആണ് പിണറായി സര്‍ക്കാരും അതിലെ ഓരോ അംഗങ്ങളും നടത്തുന്നത്. കേരളം കട്ടുമുടിച്ച് ഭരണത്തില്‍ തുടരുവാന്‍ സിപിഎം ഇതിനപ്പുറവും കാണിക്കും എന്നും, അവരെ ഇതിനു സഹായിക്കുവാന്‍ ബിജെപി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുവാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് യൂത്ത് കോണ്‍ഗ്രസിന്റെ ഓരോ പ്രവര്‍ത്തകരും നേതാക്കളും തെരുവിലിറങ്ങേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലുമായി ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്.
സുബിന്‍ മാത്യു
സംസ്ഥാന ജനറല്‍ സെക്രട്ടറി
ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്
Content Highlights: youth congress on statement against vd satheesan and ramesh chennithala on rahul mamkoottathil case
Published: 11 Sept 2025, 02:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented