
രഘുവും ഭാര്യയും വെൽഡിങ് സെന്ററിൽ (ഇടത് ), രഘുവിന്റെ വെല്‍ഡിങ് കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ചപ്പോള്‍ ( വലത്)
പേരോൽ (നീലേശ്വരം): റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത കെട്ടിടത്തിലെ വെൽഡിങ് കട ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരോടും പോലീസിനോടും എതിർത്ത് നിൽക്കവെ തൊഴിലാളി കുഴഞ്ഞുവീണു. മടിക്കൈ കൂലോം റോഡിലെ കെ. രഘുവാണ് (64) കുഴഞ്ഞുവീണത്. രഘുവിനെ നീലേശ്വരം താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് നീലേശ്വരം പോലീസും കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരും പേരോലിലെ വെൽഡിങ് സെന്ററിലെത്തിയത്. കട ഒഴിയാൻ പറയുന്നതിനിടെയാണ് കുഴഞ്ഞുവീണത്. രഘുവിനെ ആസ്പത്രിയിലേക്കു കൊണ്ടുപോയതിന് പിന്നാലെ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു. ഒഴിഞ്ഞുകിടക്കുന്ന രണ്ടു മുറികളും രഘുവിന്റെ വെൽഡിങ് സെന്റർ മുറിയുമുള്ള ഒറ്റനില കെട്ടിടമാണിത്. ഒഴിഞ്ഞുകിടന്ന രണ്ടു മുറികളുള്ള ഭാഗം പൊളിച്ചു. വെൽഡിങ് സാധനങ്ങളും മറ്റും എടുത്തുമാറ്റണമെന്നും ഈ മുറി ബുധനാഴ്ച പൊളിക്കുമെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
സിപിഎം അനുഭാവികളാണെന്നും ഉപജീവനം വഴിമുട്ടുമ്പോൾ ആരും സഹായിക്കുന്നില്ലെന്നും രഘുവും ഭാര്യ ശോഭനയും പറഞ്ഞു. നീലേശ്വരം-എടത്തോട് റോഡ് വികസനത്തിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്ത സ്ഥലത്താണ് രഘുവിന്റെ വെൽഡിങ് കട ഉൾപ്പെടുന്ന കെട്ടിടമുള്ളത്.
’മാറാൻ തയ്യാറാണ്. പകരമെന്തെങ്കിലും സംവിധാനമൊരുക്കിത്തരണമെന്ന് സർക്കാരിനോടും കെട്ടിട ഉടമയോടും കരഞ്ഞുപറഞ്ഞു. ആരും കേട്ടില്ല-രഘു പറഞ്ഞു. റോഡ് കടന്നുപോകുന്ന നീലേശ്വരം മുനിസിപ്പാലിറ്റിയിൽ ആറരയേക്കർ ഭൂമിയാണ് ഏറ്റെടുത്തത്. 40 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചത്. റോഡിൽനിന്നു ഒന്നരമീറ്റർ ദൂരത്ത് സർവേക്കല്ല് ഇട്ടിട്ടുണ്ട്. ഇത് കണക്കാക്കിയാണ് കെട്ടിടം പൊളിക്കുന്നതെങ്കിൽ മുൻഭാഗം മാത്രമേ പൊളിക്കേണ്ടിവരികയുള്ളൂ. എന്നാൽ കെട്ടിട ഉടമ ആ സ്ഥലം മുഴുവൻ സർക്കാരിന് കൈമാറി. ഇത്രയും സ്ഥലം റോഡിന് വേണ്ടി ഏറ്റെടുത്തത്, പഴയ കെട്ടിടമാണെന്നും പാതി പൊളിക്കാൻ പ്രയാസമാണെന്നും ഉടമ പറഞ്ഞതിന്റെ അടിസ്ഥാനത്തിലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
2018-ലാണ് രഘു ഇവിടെ വെൽഡിങ് കട തുടങ്ങിയത്. ഒരു വർഷം കഴിഞ്ഞപ്പോൾ സ്ഥലവും കെട്ടിടവും ഉടമ കാഞ്ഞങ്ങാട്ടെ കെ.ജെ. ജോയി എന്നയാൾക്ക് വിറ്റു. അന്നുമുതൽ രഘു വാടക നൽകുന്നത് ജോയിക്കാണ്. 2024 ഫെബ്രുവരിവരെ പ്രതിമാസം 2000 രൂപ പ്രകാരം വാടക കൊടുത്തതിന്റെ രസീത് രഘുവിന്റെ കൈവശമുണ്ട്.
കെട്ടിടം വിൽക്കുമ്പോൾ വാടകക്കാരന് നഷ്ടപരിഹാരം നൽകേണ്ടത് കെട്ടിട ഉടമയാണെന്നും സ്ഥലം ഏറ്റെടുത്ത സ്ഥിതിക്ക് ഇതു പൊളിക്കാതിരിക്കാനാകില്ലെന്നും കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം തനിക്ക് മറ്റൊരു മാർഗമാക്കിത്തരാൻ ആരോടാണ് പറയേണ്ടതെന്ന് പറഞ്ഞ് സങ്കടപ്പെടുന്നു രഘു.
വാടകക്കാരന് സർക്കാർ ആനുകൂല്യം നൽകുന്ന സമയത്ത് രഘു രേഖകൾ കാണിച്ച് ആവശ്യമുന്നയിച്ചില്ലെന്നും എന്നാൽ ഏഴരവർഷത്തോളം വാടക നൽകുന്നയാളെ ഒഴിപ്പിക്കുമ്പോൾ കെട്ടിട ഉടമയ്ക്ക് മാനുഷിക പരിഗണന കാണിക്കാമായിരുന്നുവെന്നും സിപിഎം ജില്ലാ കമ്മിറ്റിയംഗവും നീലേശ്വരം നഗരസഭാ വൈസ് ചെയർമാനുമായ പി.പി. മുഹമ്മദ് റാഫി പറഞ്ഞു.
Content Highlights: A welding shop owner collapsed while resisting eviction for a road development project in Perole. Officials and police were present during the incident.
Published: 29 Oct 2025, 07:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented