
ഉപ്പുതറ: വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ജബക്കനി പത്താംക്ലാസ് എഴുതിയെങ്കിലും തോറ്റിരുന്നു. എന്നാല്‍, ആ തോല്‍വി അങ്ങനെ മറക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. തോട്ടംതൊഴിലാളിയായി മാറിയ ജബക്കനി 35 വര്‍ഷത്തിനുശേഷം വീണ്ടുമെഴുതി. ഇക്കുറി ഉയര്‍ന്ന ഗ്രേഡോടെ വിജയം. സാക്ഷരതാ മിഷന്റെ കഴിഞ്ഞ ബാച്ചിലാണ് ജബക്കനി പത്താംക്ലാസ് പരീക്ഷയെഴുതി ഉന്നത വിജയം നേടിയത്.
തമിഴ് ഭാഷക്കാരിയായ ജബക്കനി മലയാളത്തിന് എ പ്ലസും ഹിന്ദി, സോഷ്യല്‍ സയന്‍സ് എന്നിവയ്ക്ക് എ ഗ്രേഡും, മറ്റെല്ലാ വിഷയത്തിനും ബി പ്‌ളസും നേടിയാണ് വിജയം കൊയ്തത്.
പത്താം ക്ലാസില്‍ തോറ്റപ്പോള്‍ വീണ്ടും എഴുതി വിജയിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ, അന്ന് വീട്ടുകാര്‍ അനുവദിച്ചില്ല. തൊട്ടുപിന്നാലെ വിവാഹം നടന്നതോടെ ആഗ്രഹം ഉപേക്ഷിച്ച് ഭര്‍ത്താവിന് തുണയാകാന്‍ ലോണ്‍ട്രി എസ്റ്റേറ്റില്‍ താത്കാലിക (വാരത്താള്‍) തൊഴിലാളിയായി. തോട്ടം തൊഴിലാളിയായി ജീവിതം മുമ്പോട്ടു പോകുന്നതിനിടെ 2000-ല്‍ ഉടമ തോട്ടം ഉപേക്ഷിച്ചുപോയി. ഇതോടെ കുടുംബം പട്ടിണിയിലായി. കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാം മുടങ്ങുന്ന സ്ഥിതിയായി. തോട്ടം തൊഴിലാളിയായിരുന്ന ഭര്‍ത്താവിന് ഹൃദയസംബന്ധമായ അസുഖവും ബാധിച്ചു.
ഇതോടെ 2003-ല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്നു. 2003-ല്‍തന്നെ തൊഴിലുറപ്പ് പണിയുടെ നടത്തിപ്പുകാരിയായി(മേറ്റ്) പഞ്ചായത്ത് അംഗീകരിച്ചു. ഇതിനൊപ്പം സാമൂഹികപ്രവര്‍ത്തനത്തിലും സജീവമായി ആര്‍.എസ്.പി.യുടെ സജീവ പ്രവര്‍ത്തകയായ ജബക്കനി 2014-ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ചു. 2019-ല്‍ യു.ഡി.എഫ്. പ്രതിനിധിയായി മത്സരിച്ചെങ്കിലും അന്നും വിജയം കൈവിട്ടു. അതിനിടെ പത്താം ക്ലാസ് വിജയിച്ചവര്‍ മാത്രമേ മേറ്റായി പ്രവര്‍ത്തിക്കാവൂ എന്ന് 2021 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ കൊണ്ടുവന്നു. ഇതോടെ 18 വര്‍ഷം മേറ്റായി പ്രവര്‍ത്തിച്ച ജബക്കനിക്ക് ഈ സ്ഥാനം ഒഴിഞ്ഞ് സാധാരണ തൊഴിലാളിയാകേണ്ടിവന്നു. അവിടെനിന്നാണ് പത്താം ക്ലാസ് വിജയിക്കണം എന്ന ആഗ്രഹം വീണ്ടുമുണ്ടായത്.
സാക്ഷരതാ മിഷനില്‍ രജിസ്റ്റര്‍ചെയ്ത് പഠനം തുടങ്ങി. ഭര്‍ത്താവ് സ്വാമിദാസും മക്കളും കൊച്ചു മക്കളും നിറഞ്ഞ പിന്തുണ നല്‍കി പഠിച്ചു, പരീക്ഷയെഴുതി. തിങ്കളാഴ്ച ഫലം വന്നു. വണ്ടിപ്പെരിയാര്‍ സെന്ററില്‍ പരീക്ഷ എഴുതിയവരില്‍ ഏറ്റവും ഉയര്‍ന്ന വിജയം ജബക്കനിക്കായിരുന്നു. 1988-ല്‍ എംപ്‌ളോയ്മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്റ്റര്‍ചെയ്ത പേരിനൊപ്പം പത്താംക്ലാസ് വിജയംകൂടി ചേര്‍ക്കണം, സാക്ഷരതാ മിഷന്റെ പ്ലസ് ടു പരീക്ഷ എഴുതി വിജയിക്കണം, അധികൃതര്‍ അനുവദിച്ചാല്‍ മേറ്റായി പ്രവര്‍ത്തിക്കണം. ഇതൊക്കെയാണ് അന്പത്തിയഞ്ചുകാരിയായ ജബക്കനിയുടെ മോഹം.
Content Highlights: kerala state education, literacy exam, 10 th results
Published: 11 Nov 2022, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented