കല്പറ്റ: ഗർഭിണിയടക്കം മൂന്ന് സ്ത്രീകളെ കല്പറ്റ ടൗണിൽവെച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥ അപമാനിച്ചെന്നാരോപിച്ച് ജില്ലാപോലീസ് മേധാവിക്ക്‌ പരാതിനൽകി. ബുധനാഴ്ച രാവിലെ കല്പറ്റയിലെ വസ്ത്രവ്യാപാരസ്ഥാപനത്തിലേക്ക് വസ്ത്രങ്ങൾ വാങ്ങാനെത്തിയ പുല്പള്ളി മീനംകൊല്ലി സ്വദേശികളായ യുവതികളെയാണ് പോലീസ് അപമാനിച്ചതായി പരാതി.

To advertise here,

ദേശീയപാതയോരത്തുവെച്ച് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥരുടെപേരിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതികളുടെ വീടിരിക്കുന്ന വാർഡിനെ പ്രതിനിധാനംചെയ്യുന്ന പുല്പള്ളി ഗ്രാമപ്പഞ്ചായത്തംഗം കലാരാജ് എസ്.പി.ക്ക് പരാതിനൽകിയത്.

പഴയ ബസ്‌ സ്റ്റാൻഡിന് സമീപത്തെ വസ്ത്രവ്യാപാരസ്ഥാപനത്തിലേക്കുള്ള വഴിയിൽ രാവിലെ പത്തുമണിയോടുകൂടിയാണ് പോലീസ് യുവതികളെ തടഞ്ഞ്‌ ചോദ്യംചെയ്തത്. തിരിച്ചറിയൽ രേഖ കാണിക്കുകയും കൃത്യമായ വിവരങ്ങൾ പറഞ്ഞിട്ടും ഇവരെ കടയിലേക്ക് കയറാൻ സമ്മതിച്ചില്ല.

മാലമോഷ്ടാക്കളാണ് ഇവരെന്നരീതിയിൽ സംശയമുണ്ടെന്ന് സംസാരിച്ച് പൊതുമധ്യത്തിൽ അധിക്ഷേപിച്ചു. യുവതികൾ വിലാസം പറഞ്ഞതോടെ വനിതാ പോലീസ് എ.എസ്.ഐ. എന്നുപറഞ്ഞ് വാർഡംഗമായ കലാ രാജിനെ ഫോണിൽ വിളിച്ച ഉദ്യോഗസ്ഥ വീണ്ടും വനിതകളെ അധിക്ഷേപിച്ചു.

ഇതോടെ സ്ഥലത്ത് ആളുകൂടി. യുവതികൾ പോലീസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ വാർഡംഗം കലാ രാജ് പുല്പള്ളിയിൽനിന്ന് നേരിട്ട് കല്പറ്റയിലെത്തി. പ്രശ്നം വഷളായതോടുകൂടി സ്ഥലത്തേക്ക് ഇൻസ്പെക്ടർ എ.യു. ജയപ്രകാശ് നേരിട്ടെത്തുകയും പോലീസ് ഉദ്യോഗസ്ഥയെ സംഭവസ്ഥലത്തുനിന്ന്‌ മാറ്റുകയും ചെയ്തു.

ഇതിനുപിന്നാലെയാണ് വാർഡംഗം പരാതിനൽകിയത്. യുവതികൾ കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരാണെന്നും വർഷങ്ങളായി ഇവരെ അറിയാമെന്നും പറഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥ ഇത് വിശ്വാസത്തിലെടുക്കാൻ തയ്യാറായില്ലെന്ന് വാർഡംഗം കലാ രാജ് പറഞ്ഞു.

എന്തിനാണ് ഇവരെ ചോദ്യംചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ സംശയാസ്പദമായി ചോദ്യംചെയ്തതാണെന്നും ഇവരെപ്പോലെയുള്ളവരെ കണ്ടാൽ ഏതുസാഹചര്യത്തിലും എങ്ങനെയും ചോദ്യംചെയ്യാമെന്ന മറുപടിയാണ് ഉദ്യോഗസ്ഥ പറഞ്ഞത്.

ജനക്കൂട്ടത്തിന്റെ മുൻപിൽവെച്ച് ചോദ്യംചെയ്തത് യുവതികൾക്ക് മാനസികമായും പ്രയാസമുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് പരാതിനൽകിയതെന്നും കലാരാജ് പറഞ്ഞു.