പാലക്കാട്: ഓവുചാലിന് മുകളിൽ വഴുതിവീണ് യുവതിയുടെ കാൽ ഇരുമ്പുകമ്പികൾക്കിടയിൽ കുടുങ്ങി. ഇടതുകാൽമുട്ടിന് പരിക്കേറ്റു. അഗ്നിരക്ഷാസേനയെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഐഎംഎ ജങ്ഷന് സമീപം സ്റ്റേഡിയം സ്റ്റാൻഡിലേക്കുള്ള റോഡിന്‌ സമീപത്താണ് സംഭവം.

To advertise here,

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഞ്ജന(23)യാണ് അപകടത്തിൽപ്പെട്ടത്. വൈകീട്ട് നാലുമണിയോടെ ഓഫീസിൽനിന്ന് റോഡിനപ്പുറമുള്ള കടയിലേക്ക് ചായ കുടിക്കാൻ പോയതായിരുന്നു. മഴയത്ത് തെന്നിവീഴുകയായിരുന്നു. ഓവുചാലിന്റെ മുകളിൽ വെച്ച കമ്പികളുള്ള മൂടിയിൽ കാൽമുട്ട് കുടുങ്ങി.

കാൽ പുറത്തെടുക്കാനായി ആകുംവിധം ശ്രമിച്ചെങ്കിലും നടന്നില്ല. വേദനകൊണ്ട് യുവതി കരഞ്ഞു നിലത്തിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഏറെ പണിപ്പെട്ടിട്ടും രക്ഷപ്പെടുത്താനാകാതെ വന്നതോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് കമ്പികൾ മുറിച്ചാണ് കാൽ പുറത്തെടുത്തത്.

സീനിയർ ഫയർ ഓഫീസർ എസ്. സനൽകുമാർ, ഫയർ ഓഫീസർമാരായ രാജേന്ദ്രപ്രസാദ്, ആർ. രതീഷ്, പ്രവീൺ, നവനീത് കണ്ണൻ, ഫയർ ഓഫീസർ ഡ്രൈവർ ശിവദാസൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.