
കോഴിക്കോട്: ഫറോക്കിൽ യുവതിയേയും കുഞ്ഞിനേയും ഭർത്താവ് വീട്ടിൽ കയറ്റുന്നില്ലെന്ന് പരാതി. ഭർത്താവ് വീടുപൂട്ടി പോയതോടെ കഴിഞ്ഞ എട്ട് ദിവസമായി വീടിന്റെ വരാന്തയിലാണ് ചേളാരി സ്വദേശിയായ പരാതിക്കാരിയും മകനും കഴിയുന്നത്. നീതി തേടി കോടതി കയറിയിറങ്ങി അനുകൂല വിധി സമ്പാദിച്ചിട്ടും ഭർത്തൃവീടിന്റെ വരാന്തയിൽ പിഞ്ചുകുഞ്ഞുമായി അഭയം തേടേണ്ടി വന്നിരിക്കുകയാണെന്ന് യുവതി പറയുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതയേയും നിറത്തേയും ചൊല്ലി ഭർത്താവ് തലാഖ് ചൊല്ലിയെന്നും ഇവർ പറയുന്നു.
2018-ലെ പെരുന്നാൾ ആഘോഷങ്ങൾക്കായി സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെ പിന്നീട് ഭർത്താവ് തിരികെ കൂട്ടിക്കൊണ്ടുപോയിരുന്നില്ല. നിറം കുറവാണെന്നും വിദ്യാഭ്യാസ യോഗ്യത പോരെന്നും പറഞ്ഞാണ് ഭർത്താവ് തന്നെ മാറ്റിനിർത്തുന്നതെന്ന് ഹസീന ആരോപിക്കുന്നു. ഇതിനിടയിൽ ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുകയും ആ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം വേറെ വീട്ടിൽ താമസിക്കുകയുമാണെന്ന് യുവതി വെളിപ്പെടുത്തി.
ഭർത്താവ് തലാഖ് ചൊല്ലിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ വിവാഹമോചനം നടന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവിന്റെ കൂടെ താമസിക്കാൻ കോടതി ഉത്തരവുമായാണ് യുവതി എത്തിയതെങ്കിലും ഇതറിഞ്ഞ ഭർത്താവും വീട്ടുകാരും വീട് പൂട്ടി പോവുകയായിരുന്നു.
വീടിന്റെ വരാന്തയിൽ കഴിയുന്ന യുവതിക്കും കുഞ്ഞിനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും ഭർത്തൃവീട്ടുകാർ തടസ്സം നിൽക്കുന്നതായി സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കയിൽ പറഞ്ഞു. കുടിക്കാൻ പൈപ്പിൽ നിന്ന് വെള്ളമെടുക്കാതിരിക്കാൻ കണക്ഷൻ അടച്ചുവെക്കുകയും കിണറ്റിൽ നിന്ന് വെള്ളം കോരാതിരിക്കാൻ പാളയും കയറും അറുത്തുമാറ്റുകയും ചെയ്തു. കൂടാതെ, യുവതിയുടെ സഹോദരങ്ങൾ ഭക്ഷണം എത്തിക്കുന്നത് തടയാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭർത്താവിനൊപ്പം താമസിക്കാനുള്ള കോടതി ഉത്തരവ് ഹസീനയുടെ പക്കലുണ്ടെങ്കിലും, വീട് പൂട്ടി ഭർത്താവ് മാറിനിൽക്കുന്നത് പോലീസിനെ കുഴപ്പിക്കുന്നു. 'റെസിഡൻഷ്യൽ ഓർഡർ' ഇല്ലാത്തതിനാൽ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറ്റാൻ പോലീസിന് സാങ്കേതിക തടസ്സമുണ്ടെന്നാണ് വിശദീകരണം. നിലവിൽ ഇവർ നിയമപരമായി ദമ്പതികളാണെന്നും എന്നാൽ ഭർത്താവ് ഏകപക്ഷീയമായി ചൊല്ലിയ തലാഖ് നിയമവിരുദ്ധമാണെന്നും നൗഷാദ് പറഞ്ഞു.
Content Highlights: A woman and her child are stranded on their porch in Feroke after her husband allegedly locked them out. She claims he divorced her over her appearance and education, despite a court order to return.
Published: 02 Jan 2026, 06:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented