മലപ്പുറം: സത്യത്തിനും നീതിക്കുംവേണ്ടി ഇനിയും പോരാട്ടം തുടരുമെന്ന് മുൻ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ. ഒരു കൊല്ലത്തിൽത്താഴെയാണ് മലപ്പുറത്ത് ഉണ്ടായിരുന്നത്. ഇക്കാലത്ത് മുൻപെന്നത്തെയുംപോലെ സത്യസന്ധമായും ആത്മാർത്ഥമായും പ്രവർത്തിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 

To advertise here,

2008-ൽ മലപ്പുറത്ത് അഡ്മിനിസ്‌ട്രേഷൻ ഡിവൈ.എസ്.പി.യായി ചുമതലവഹിച്ചിട്ടുള്ള എസ്. ശശിധരൻ 2023 നവംബർ 22-നാണ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റത്. വിവാദത്തിൽപ്പെട്ട എസ്. സുജിത്ദാസ് സ്ഥലംമാറിപ്പോയ ഒഴിവിലായിരുന്നു അത്. എസ്.പി.യായി ചുമതലയേറ്റതുമുതൽ ശശിധരൻ ജില്ലയിലെ രാഷ്ട്രീയ നേതാക്കളുടെ കണ്ണിലെ കരടായി.

കഴിഞ്ഞവർഷം പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി വി. അബ്ദുറഹ്‌മാൻ അദ്ദേഹത്തെ കടുത്തഭാഷയിൽ വിമർശിച്ചു. കേസുകളുടെ എണ്ണംകൂട്ടാൻ അനാവശ്യമായി കേസുകളെടുക്കുന്നുവെന്നായിരുന്നു ആരോപണം. ഈവർഷത്തെ പോലീസ് അസോസിയേഷൻ ഉദ്ഘാടനച്ചടങ്ങിൽ പി.വി. അൻവർ എം.എൽ.എ.യും ശശിധരനെ വേദിയിലിരുത്തി അവഹേളിച്ചു. അദ്ദേഹവും കേസുകളുടെ എണ്ണത്തിൽത്തന്നെയാണ് ഊന്നിയത്. സുജിത്ദാസിന്റെ കാലത്തുനടന്ന ഒരു കയർമോഷണത്തിന്റെ പ്രതികളെ പിടികൂടിയില്ലെന്ന ആരോപണവും അൻവർ ഉന്നയിച്ചു.

സുജിത് ദാസിന്റെ കാലത്ത് ജില്ലയിലെ പെറ്റിക്കേസുകളുടെ എണ്ണംകൂട്ടാൻ കർശനനിർദേശം നൽകിയതിന്റെ പേരിൽ പോലീസുകാർ ജനങ്ങളോട് വേട്ടക്കാരെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന് വലിയ ആരോപണമുണ്ടായിരുന്നു. മുസ്‌ലിംലീഗ് പലതവണ ഇതിനെതിരേ പ്രതിഷേധവും സംഘടിപ്പിച്ചു. ശശിധരനും പഴയ കണക്കിനെ മറികടക്കാൻ ശ്രമിക്കുന്നുവെന്ന് പോലീസുകാരിൽനിന്നുതന്നെ പരാതിയുയർന്നു. അതുകൊണ്ടുതന്നെ അൻവറിന്റെ അധിക്ഷേപത്തിൽ പോലീസുകാർ ഉള്ളുകൊണ്ട് സന്തോഷിക്കുകയാണു ചെയ്തത്. .

കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ. ഗവർണർക്കെതിരേ നടത്തിയ പ്രക്ഷോഭത്തിൽ സർവകലാശാലയ്ക്കുള്ളിൽ ബാനർ കെട്ടിയതിൽ ഗവർണർ കടുത്തഭാഷയിൽ എസ്.പി.യെ ശകാരിച്ചത് വാർത്തയായിരുന്നു. ഈ സംഭവത്തിൽ എസ്.പി.ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെങ്കിലും പഴികേട്ടത് അദ്ദേഹമായിരുന്നു. സുജിത് ദാസിന്റെ കാലത്ത് ക്യാമ്പ് ഓഫീസിൽനിന്ന് മരം മുറിച്ചുകടത്തിയെന്ന പരാതിയിൽ നടപടിയെടുക്കാത്തതിന്റെ കുറ്റവും അദ്ദേഹത്തിന്റെ തലയിലായി. ഏറ്റവുമൊടുവിൽ 2009-ൽ പാനായിക്കുളം എൻ.ഐ.എ. കേസിലെ പ്രതി നിസാമിന് ജാമ്യം അനുവദിച്ചതിന്റെ പേരിൽ ശശിധരൻ തന്നെ സസ്‌പെൻഡ് ചെയ്യാൻ ശ്രമിച്ചെന്ന് റിട്ട. മുൻസിഫ് മജിസ്‌ട്രേറ്റ് എം. താഹയും ആരോപണമുന്നയിച്ചു. ഇതിന്റെയൊക്കെ അവസാനമാണ് ഈ ഉത്തരവിറങ്ങിയത്.

ഡിവൈ.എസ്.പി.മാരുടെ മാറ്റം ഇങ്ങനെ
: മലപ്പുറം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. പി. അബ്ദുൾ ബഷീറിനെ തൃശ്ശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റി. മലപ്പുറം ഡിവൈ.എസ്.പി. എ. പ്രേംജിത്തിനെ തൃശ്ശൂർ എസ്.എസ്.ബി.യിലേക്കും പെരിന്തൽമണ്ണ ഡിവൈ.എസ്.പി. സജു കെ. എബ്രഹാമിനെ കൊച്ചി സിറ്റി ട്രാഫിക്കിലേക്കും തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജുവിനെ ഗുരുവായൂരിലേക്കും കൊണ്ടോട്ടി ഡിവൈ.എസ്.പി. പി. ഷിബുവിനെ തൃശ്ശൂർ വിജിലൻസിലേക്കും മാറ്റി. നിലമ്പൂർ ഡിവൈ.എസ്.പി. പി.കെ. സന്തോഷിനെ പാലക്കാട് ക്രൈംബ്രാഞ്ചിലേക്കും താനൂർ ഡിവൈ.എസ്.പി. വി.വി. ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ സി-ബ്രാഞ്ചിലേക്കും മലപ്പുറം എസ്.എസ്.ബി. ഡിവൈ.എസ്.പി. മൂസ വള്ളക്കാടനെ പാലക്കാട് എസ്.എസ്.ബി.യിലേക്കുമാണ് മാറ്റിയത്.

പാലക്കാട് എസ്.എസ്.ബി.യിലെ കെ.എം. പ്രവീൺകുമാറിനെ മലപ്പുറം ജില്ലാ എസ്.ബി.യിൽ നിയമിച്ചു. ഗുരുവായൂർ ഡിവൈ.എസ്.പി ടി.എസ്. സിനോജിനെ മലപ്പുറത്തും തൃശ്ശൂർ റൂറൽ എസ്.ബി.യിൽ നിന്ന് ടി.കെ. ഷൈജുവിനെ പെരിന്തൽമണ്ണയിലും നിയമിച്ചു.

തൃശ്ശൂർ എസ്.എസ്.ബി. ഡിവൈ.എസ്.പി ഇ. ബാലകൃഷ്ണനെ തിരൂരിലേക്ക് മാറ്റി. തൃശ്ശൂർ വിജിലൻസിലെ കെ.സി. സേതുവിനെ കൊണ്ടോട്ടിയിലും കോഴിക്കോട് റൂറൽ സി-ബ്രാഞ്ചിലെ ജി. ബാലചന്ദ്രനെ നിലമ്പൂരിലും മാറ്റി നിയമിച്ചു. കൊച്ചി ട്രാഫിക്കിലെ പയസ് ജോർജിനെ താനൂരിലും പാലക്കാട് ക്രൈംബ്രാഞ്ചിലെ എം.യു. ബാലകൃഷ്ണനെ മലപ്പുറം എസ്.എസ്.ബി.യിലും നിയമിച്ചിട്ടുണ്ട്.