തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തന്നെ അദ്ദേഹത്തെ പുകഴ്ത്തുന്ന പരാമര്‍ശങ്ങളുള്ള ഗാനം ആലപിക്കുമെന്ന് കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി. ഹണി. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി മന്ദിരം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുമെന്ന് അറിയിച്ചപ്പോള്‍ തന്നെ ഇത്തരം ഒരു ഗാനം ചിട്ടപ്പെടുത്തണമെന്ന് മനസ്സില്‍ ഉണ്ടായിരുന്നുവെന്നും ഹണി പറഞ്ഞു.  

To advertise here,

'ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുമെന്ന് അറിയിച്ചപ്പോള്‍ തന്നെ ഇത്തരം ഒരു ഗാനം ചിട്ടപ്പെടുത്തണമെന്ന് മനസ്സില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന കാലഘട്ടത്തില്‍ സഖാവിനെ അടുത്തറിയാവുന്നത് ഞങ്ങളെപ്പോലുള്ള ജീവനക്കാര്‍ക്കാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ ഈ ഗാനത്തില്‍ ഉണ്ടാകണമെന്ന് നിര്‍ദ്ദേശം ഗാനരചയിതാവിന് നല്‍കിയിരുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നേതാവായി കാണുന്നത് പിണറായി വിജയനെയാണ്. അദ്ദേഹത്തെ കുറിച്ചുള്ള വിപ്ലവഗാനം ഒരുക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. 
അദ്ദേഹത്തെ പുകഴ്ത്തി കൊണ്ടുള്ള ഗാനമല്ല അദ്ദേഹം ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്. മുഖ്യമന്ത്രി വേദിയില്‍ എത്തുമ്പോള്‍ പാട്ടുണ്ടാവും', ഹണി പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ കാരണഭൂതനെന്ന് പറഞ്ഞ് അവതരിപ്പിച്ച മെഗാതിരുവാതിര  വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഘഗാനം. 'ചെമ്പടയ്ക്ക് കാവലളാല്‍, ചെങ്കനല്‍കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായ് സമരധീര സമരധീര സമരധീര സാരഥി പിണറായി വിജയന്‍..' എന്നു തുടങ്ങുന്ന ഗാനം പുറത്തായതോടെ വലിയ ചര്‍ച്ചയായിരുന്നു. 

'മര്‍ദനങ്ങളേറ്റിടുമ്പോഴും തലകുനിച്ചിടാതെ 
കാക്കിയിട്ട കോമരങ്ങളെ ധീരനായ് മറികടുന്നതും 
അടിയന്തരാവസ്ഥയില്‍ തച്ചുടച്ച ദേഹവും 
ശോണവസ്ത്ര ധാരിയായ് സഭയി
ലേക്ക് വന്നതും
ഇരളടഞ്ഞ പാതയില്‍ ജ്വലിച്ച സൂര്യനായി പിണറായി വിജയന്‍ മാതൃകയായി'
എന്നും പാട്ടില്‍ പറയുന്നു.

വ്യാഴാഴ്ച സി.പി.എം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ ജീവനക്കാര്‍ ചേര്‍ന്നാണ് ഗാനം ആലപിക്കുന്നത്.