കാളികാവ്: അരനൂറ്റാണ്ടോളം കുടുംബത്തിന്റെ ജീവനോപാധിയായിരുന്ന അഞ്ചേക്കർ കൃഷിഭൂമിയിൽ ഹംസ കാലുകുത്തിയിട്ട് ഇപ്പോൾ ഒരുവർഷത്തോളമായി. കൃഷിതന്നെ അസാധ്യമാക്കുന്നതരത്തിൽ വന്യജീവികൾ ഇവിടെ താവളമാക്കിയിരിക്കുകയാണ്. വന്യജീവിശല്യം മലയോര കർഷകരുടെ പൊറുതിമുട്ടിക്കുന്നതിന്റെ നേർക്കാഴ്ചയാണ് കാളികാവ് ചെങ്കോടിലെ ഭഗവതിവളപ്പിൽ ഹംസയുടെയും കുടുംബത്തിന്റെയും അനുഭവം.

To advertise here,

അടയ്ക്കാക്കുണ്ട് ഉമ്മച്ചൻകാട്ടിലാണ് ഹംസയുടെ പിതാവ് മുഹമ്മദിന്റെ പേരിൽ അഞ്ചേക്കറുള്ളത്. ചെറുപ്പംമുതലേ ഈ ഭൂമിയിൽ നട്ടുവിളയിച്ചാണ് കുടുംബം ജീവിച്ചിരുന്നത്. പിതാവിന്റെ വഴിയേ ഹംസയും കൃഷിക്കാരനായി. കുരുമുളകായിരുന്നു പ്രധാന കൃഷി. വർഷം പത്ത് കിന്റൽ കുരുമുളകുവരെ വിളവ് ലഭിച്ചിരുന്നു. കൃഷിയിൽനിന്നുള്ള ആദായംമാത്രമായിരുന്നു കുടുംബത്തിന്റെ വരുമാനം.

കാട്ടാനശല്യമായിരുന്നു കൃഷിഭൂമി നേരിട്ട പ്രധാന വെല്ലുവിളി. ആനകളിറങ്ങി കുരുമുളക് വള്ളികൾ ചവിട്ടിനിരത്തി. ഹംസ വീണ്ടും പൊരുതി നോക്കി. കുരുമുളക് മാറ്റി കവുങ്ങ് നട്ടു. കവുങ്ങിൻതൈകൾ തളിർത്തുതുടങ്ങിയതോടെ ആനകളിറങ്ങി ഒക്കെയും നശിപ്പിച്ചു. ഒപ്പം പന്നിയും കുരങ്ങുമൊക്കെ എത്താൻ തുടങ്ങിയതോടെ ഒരു കൃഷിയും വിജയിക്കാതായി.

ഒരു വർഷമായി കൃഷിയിടത്തിൽ ഒന്ന് എത്തി നോക്കിയിട്ടുപോലുമില്ലെന്ന് ഹംസ പറഞ്ഞു. ഈ പ്രദേശത്തെ അടുത്ത കൃഷിയിടങ്ങൾ പലതും ഉപേക്ഷിക്കപ്പെട്ടനിലയിലാണ്. റബ്ബർ ഒഴികെയുള്ള എല്ലാ കൃഷികളും വന്യമൃഗഭീതിയിൽ ഉപേക്ഷിക്കപ്പെടുന്നതാണ് സ്ഥിതി.

കൃഷിയുടെ ഇടവേളകളിൽ കാടുവെട്ട് യന്ത്രത്തിന്റെ റിപ്പയറിങ് ഹംസ വശത്താക്കിയിരുന്നു. ആ ജോലിചെയ്താണ് ഇപ്പോൾ കുടുംബം പോറ്റുന്നത്. ഈ വർഷം കൃഷിഭൂമി തിരിച്ചുപിടിക്കണമെന്ന് ഹംസ തീരുമാനിച്ചിരുന്നതാണ്. അപ്പോഴാണ് കൃഷിയിടത്തിനു സമീപത്തുള്ള റാവുത്തൻകാട്ടിൽ ടാപ്പിങ് തൊഴിലാളിയെ കടുവ പിടികൂടി കൊന്നത്. അതോടെ മലയോരത്തെ കൃഷിയിടങ്ങളിൽ തൊഴിലാളികളെ കിട്ടാതായി.

ഭൂമി വെറുതെ നൽകിയാൽപോലും ആർക്കും വേണ്ടാത്ത അവസ്ഥയാണിവിടെ.