
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ഇടത് മുന്നണി സര്‍ക്കാര്‍ സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ ആരോപണങ്ങള്‍ ഉയര്‍ന്നത് സ്വന്തം കൂടാരത്തില്‍ നിന്ന് തന്നെയായിരുന്നു. നിലമ്പൂരിലെ സി.പി.എം. സ്വതന്ത്ര എം.എല്‍.എ. പി.വി. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മുന്നണിയെ തന്നെ പിടിച്ചുകുലുക്കി. തൃശ്ശൂര്‍ പൂരം കലക്കിയത് ബി.ജെ.പിക്കുവേണ്ടി എ.ഡി.ജി.പി. എം.ആര്. അജിത്കുമാറാണെന്ന ആരോപണമുയര്‍ന്നു. ഇതിനിടെ എ.ഡി.ജി.പി., ആര്.എസ്.എസ്. നേതാക്കളെ കണ്ടതും ഇതിനോട് കൂട്ടിവായിച്ച് തൃശ്ശൂരിന് വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതോടെ മുന്നണിയിലെ മുഖ്യ ഘടകകക്ഷിയും തൃശ്ശൂര്‍ പൂരം അലങ്കോലമായതിന്റെ ഇരയെന്ന് പലരും വിശേഷിപ്പിക്കുന്ന സി.പി.ഐ. ആകെ വ്രണപ്പെട്ടു. മുന്നണിക്കുള്ളിലും പുറത്തും കടുത്ത ഭാഷയില്‍ പ്രതികരണങ്ങള്‍ വന്നിട്ടും എ.ഡി.ജി.പിയെ മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
പി. ശശിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അന്‍വര്‍, വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെ എ.ഡി.ജി.പിയുടെ ആഡംബര വീടിനെ കുറിച്ചും കവടിയാറില്‍ വാങ്ങിയ ഫ്ളാറ്റ് വന്‍ തുകയ്ക്ക് മറിച്ചുവിറ്റതുമൊക്കെ പലതവണയായി അന്‍വര്‍ ഉന്നയിച്ചു. ഇതിനെല്ലാം എണ്ണിയെണ്ണി മറുപടി നല്‍കുന്നതായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. അന്‍വര്‍ നടത്തിയ പരസ്യ പരാമര്‍ശങ്ങളോട് മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തില്‍ എല്ലാമടങ്ങിയിരുന്നു. ഇടത് പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളല്ല അന്‍വര്‍ എന്നാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇതിന് പുറമെ അൻവര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് പാര്‍ട്ടി പിന്തുണയെന്ന കവചം ഒരുക്കി മുഖ്യമന്ത്രിയുടെ പൂര്‍ണ സംരക്ഷണമൊരുക്കുകയും ചെയ്തു.
പി.വി. അന്‍വറല്ല, പി. ശശിക്കെതിരെ ആര് പരാതി പറഞ്ഞാലും അവജ്ഞയോടെ തള്ളുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്‍വര്‍ ആവശ്യപ്പെടുന്നത് നിയമവരുദ്ധ കാര്യങ്ങളാണെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി വാദിയെ പ്രതിയാക്കുകയും ചെയ്തതോടെ നാടകങ്ങള്‍ക്ക് ശേഷം ആരാണ് പുറത്തേക്ക് പോകേണ്ടി വരുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായി. ആര്.എസ്.എസ്. നേതാക്കളെ കണ്ട എ.ഡി.ജി.പിയോട് അതൃപ്തി പ്രകടിപ്പിച്ച എം.വി. ഗോവിന്ദനെയും എല്‍.ഡി.എഫ്. ഘടകക്ഷികളേയും കൂടി മുഖ്യമന്ത്രി ഇന്ന് തള്ളി പറഞ്ഞതോടെ എല്ലാവരേക്കാളും പ്രാധാന്യം ഇരുവര്‍ക്കും മുഖ്യമന്ത്രി നല്‍കുന്നുവെന്ന പ്രതീതി പൊതുബോധത്തിലുണ്ടായി. ഇത് പ്രതിപക്ഷം കൃത്യമായി മുതലെടുക്കുമെന്ന് അറിഞ്ഞിട്ടും അതില്‍ നിന്ന് പിന്മാറാതെ മുഖ്യമന്ത്രി നിലപാടെടുത്തത് അവരേപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്.
ഒരു മാസമായി മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് പി.വി. അന്‍വര്‍ യുദ്ധം തുടങ്ങിയത്. പി. ശശിയും, എ.ജി.ഡി.പിയുമാണ് ഉന്നമെങ്കിലും ലക്ഷ്യം താനാണെന്ന് മുഖ്യമന്ത്രിയ്ക്ക് മനസിലായി. പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പടപ്പുറപ്പാട് ഒരുങ്ങുന്നുവെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് അന്‍വറന്റെ ആരോപണ കൂരമ്പുകള്‍ സര്‍ക്കാരിന് നേരെ തിരിഞ്ഞത്. അതിനെതിരെ പരിചയെടുത്ത മുഖ്യമന്ത്രിയുടെ യുദ്ധപ്രഖ്യാപനമാണ് ഇന്ന് കണ്ടത്. ഒപ്പം കൂടെനില്‍ക്കുന്നവരെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവും
പി. ശശി സര്‍ക്കാരിനെ ചീഞ്ഞ അവസ്ഥയിലെത്തിച്ചു. മുഖ്യമന്ത്രിയ്ക്കായി ശശി കിണര്‍ കുത്തിവച്ചിരിക്കുന്നു. ആഭ്യന്തര വകുപ്പ് പി. ശശി ഭരിക്കുന്നു - ഇങ്ങനെ പോകുന്നു അന്‍വറിന്റെ ആരോപണങ്ങള്‍. അതിലൂടെ തന്നെ പ്രതിക്കൂട്ടിലാക്കിയ അന്‍വറിന്റെ ആരോപണങ്ങളെല്ലാം നിഷ്കരുണം തള്ളിയാണ് പി. ശശിക്കുള്ള കവചം മുഖ്യമന്ത്രിയൊരുക്കിയത്. ഇതോടെ വാദി പ്രതിയായി. നിയമപരമായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് ശശിയെ ഇരുത്തിയിരിക്കുന്നത്. അങ്ങനെ ചെയ്യാത്തതിന്റെ പേരില്‍ എന്തെങ്കിലും പറഞ്ഞ് ആരോപണമുന്നയിച്ചാല്‍ വെറുതെ നടപടിയെടുക്കില്ല എന്ന് കൃത്യമായി തന്നെ മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ അന്‍വര്‍ ആവശ്യപ്പെട്ട കാര്യം നടപ്പിലാക്കി കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് ഇപ്പോളത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്ന് പറയാതെ പറഞ്ഞ് വാദിയായി രംഗത്തിങ്ങിയ അന്‍വറിനെ മുഖ്യമന്ത്രി പ്രതിയുമാക്കി.
എ.ഡി.ജി.പി. എം.ആര്. അജിത്ത് കുമാറിന്റെ ആര്.എസ്.എസ്. ബന്ധം തന്നെ രാഷ്ട്രീയമായി തകര്‍ക്കാനാണെന്ന് പിണറായി മനസിലാക്കുന്നുണ്ട്. അതും സി.പി.എം. സമ്മേളനങ്ങള്‍ നടക്കുന്ന ഈ കാലത്ത്. അതിനാല്‍ നടപടിയെടുത്ത് പരാജിതനാകാന്‍ ഒരുക്കമല്ലെന്നാണ് പ്രഖ്യാപനം. നടപടിയെടുത്താല്‍ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെന്ന വ്യാഖ്യാനം വരും. അതിന് മുഖ്യമന്ത്രി ഒരുക്കമല്ല. തൃശൂര്‍ പൂരം കലക്കലിന്റെ ഇരയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സി.പി.ഐയും. എ.ഡി.ജി.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് അരയും തലയും മുറുക്കി രംഗത്തിറങ്ങി. മുഖ്യമന്ത്രി സംരക്ഷിക്കുന്ന എ.ഡി.ജി.പി., ആര്.എസ്.എസ്. നേതാക്കളെ കണ്ടതിലുള്ള അതൃപ്തി സി.പി.ഐ. സംസ്ഥാന സെക്രട്ടറി പരസ്യമായി പറയുകയും ചെയ്തു. എന്നിട്ടും വെറുമൊരു ആരോപണത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയില്ലെന്ന് അസന്ദിഗ്ധമായാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നു. എം.വി. ഗോവിന്ദന് എ.ഡി.ജി.പിക്കെതിരെ പ്രകടിപ്പിച്ചത് സി.പി.എമ്മിനുള്ളിലെ വികാരമാണ്. എല്‍.ഡി.എഫ്. യോഗത്തില്‍ സി.പി.ഐയും, ആര്.ജെ.ഡിയും, എന്‍.സി.പിയുമെല്ലാം ആഞ്ഞടിച്ചതാണ്. പക്ഷെ മുഖ്യന് കുലുങ്ങിയില്ല. ഘടകക്ഷികളല്ല, സ്വന്തം പാര്‍ട്ടി എതിരാണെങ്കില്‍ പോലും അന്വേഷണ റിപ്പോര്‍ട്ട് വരാതെ എ.ഡി.ജി.പിയെ തൊടില്ലെന്നാണ് പിണറായിയുടെ പ്രഖ്യാപനം. സമ്മേളനകാലത്ത് തനിക്കെതിരെ പടപുറപ്പാടിന് ഒരുങ്ങേണ്ടെന്ന മുന്നറിയിപ്പാണ് പിണറായി പാര്‍ട്ടിയിലെ അസംതൃപ്തര്‍ക്ക് നല്‍കിയിരിക്കുന്നത്. ഒപ്പം മുന്നണി ബന്ധമൊന്നും തന്റെ രാഷ്ട്രീയവഴിയില്‍ തടസമല്ലെന്ന് ഘടകക്ഷികള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലും.
Content Highlights: Why chief minister Pinarayi Vijayan rejected PV Anvar MLA and safeguarded P Sasi and ADGP
Published: 21 Sept 2024, 07:51 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented