
കൊല്ലം: കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററും, 500 രൂപയുടെ നോട്ട് അച്ചടിക്കാനായി മുറിച്ച പേപ്പർകെട്ടുകളും വീട്ടിൽനിന്ന് പിടിച്ചെടുത്തു. കൊല്ലം വാടി കൈക്കുളങ്ങര കല്ലേലിവയൽ പുരയിടത്തിൽ സിബിയോണി(37)ന്റെ വീട്ടിൽനിന്നാണ് ഇവ കണ്ടെടുത്തത്. ഇയാളെ കൊല്ലം പള്ളിത്തോട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പിടിച്ചെടുത്ത പേപ്പർകെട്ടുകളുടെ വശത്ത് 500 രൂപ നോട്ടിന്റെ ഡിസൈൻ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇവയുടെ അച്ചടി പൂർത്തിയായിരുന്നെങ്കിൽ രണ്ടരക്കോടിയോളം രൂപയുടെ കള്ളനോട്ട് വരുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പരിശോധനയിൽ 400 ഗ്രാമോളം സ്വർണവും നാലുലക്ഷത്തിലധികം രൂപയും കണ്ടെടുത്തിട്ടുണ്ട്. ഇതും കള്ളനോട്ടാണോയെന്നു സംശയിക്കുന്നു.
സിബിയോൺ നോട്ട് ഇരട്ടിപ്പിക്കൽ സംഘത്തിലെ കണ്ണിയാണെന്നു സംശയമുള്ളതായി പരിശോധനയ്ക്ക് നേതൃത്വം നൽകിയ പള്ളിത്തോട്ടം എസ്.എച്ച്.ഒ. പ്രതിഭ ജി.നായർ പറഞ്ഞു. 50,000 രൂപയുടെ യഥാർഥ നോട്ട് നൽകുമ്പോൾ രണ്ടുലക്ഷം രൂപയുടെ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ ഭാഗമാണെന്നാണ് നിഗമനം. ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്ത, വശങ്ങളിൽമാത്രം പ്രിന്റ് ചെയ്ത പേപ്പർകെട്ടുകൾ കള്ളനോട്ട് അച്ചടിക്കാനായി മുറിച്ചതാണോയെന്നും അല്ലെങ്കിൽ ഇടപാടിനെത്തുന്ന തട്ടിപ്പുസംഘത്തെ കബളിപ്പിക്കാൻ നോട്ടുകളുടെ മാതൃകയിൽ വശങ്ങളിൽമാത്രം പ്രിന്റ് ചെയ്തതാണോയെന്നും സംശയിക്കുന്നുണ്ട്. വശങ്ങളിൽമാത്രം പ്രിന്റുചെയ്ത കെട്ടുകൾക്കു മുകളിൽ 500 രൂപയുടെ നോട്ടുെവച്ചാൽ താഴെയുള്ളതും സമാനമായ നോട്ടുകളാണെന്നു തോന്നും.
കുടുക്കിയത് തട്ടിക്കൊണ്ടുപോകൽ പരാതി
: സിബിയോണിനെ തട്ടിക്കൊണ്ടുപോയെന്നു കാട്ടി ദിവസങ്ങൾക്കുമുൻപ് ഭാര്യ നൽകിയ പരാതിയാണ് കള്ളനോട്ട് അച്ചടി കണ്ടെത്തുന്നതിന് വഴിയൊരുക്കിയത്. 17-നാണ് സ്കൂട്ടറിലെത്തിയ സംഘം സിബിയോണിനെ തട്ടിക്കൊണ്ടുപോയതായി ഇയാളുടെ ഭാര്യ പള്ളിത്തോട്ടം പോലീസിൽ പരാതി നൽകുന്നത്. അന്വേഷണം നടക്കുന്നതിനിടെ സിബിയോൺ സ്റ്റേഷനിൽ ഹാജരായി. തട്ടിക്കൊണ്ടുപോയ സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടതാണെന്നും തന്റെ സ്കൂട്ടറും സ്വർണമോതിരവും അവർ കൈക്കലാക്കിയതായും ഇയാൾ പോലീസിനോട് പറഞ്ഞു.
അടുത്തദിവസം സിബിയോണിന്റെ സ്കൂട്ടർ കൊല്ലം ക്യു.എ.സി.റോഡിൽനിന്ന് പോലീസ് കണ്ടെടുത്തു. നഷ്ടമായെന്നാരോപിച്ച മോതിരവും സ്കൂട്ടറിലുണ്ടായിരുന്നു. ഇത് സംശയങ്ങൾക്കിടവെച്ചു. തുടർന്ന് പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു സിബിയോൺ. അതിനിടെ വെള്ളിയാഴ്ച വൈകീട്ട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളുടെ വീട്ടിൽ മിന്നൽപ്പരിശോധന നടത്തിയത്.
Content Highlights: Fake currency printing equipment and paper bundles seized from a house in Kollam., Potential counterfeit value estimated at around 2.5 crore rupees., Police recovered 400 grams of gold and over four lakh rupees, suspecting fraudulent activities., The raid was initiated following a kidnapping complaint filed by the suspect's wife.
Published: 24 Oct 2026, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented