പാലക്കാട്: ക്ഷേമപെൻഷൻ കൈപ്പറ്റുന്നവർ അതിന് അർഹതപ്പെട്ടവരാണോയെന്നു ഉറപ്പാക്കാൻ ഓഡിറ്റ് നടത്തണമെന്ന് കേന്ദ്രസർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാനസർക്കാർ വേണ്ട പരിഗണന നൽകിയില്ല. പെൻഷനിലെ കേന്ദ്രവിഹിതത്തിന്റെ വിനിയോഗം സംബന്ധിച്ച് ഓഡിറ്റ് നടത്തണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. സർക്കാർ ജീവനക്കാർ ക്ഷേമപെൻഷൻ കൈപ്പറ്റിയ സംഭവം പുറത്തുവന്നിട്ടും ഓഡിറ്റ് തുടങ്ങാനായിട്ടില്ല.
സംസ്ഥാനസർക്കാർ നൽകുന്ന വിഹിതത്തോടൊപ്പം ദേശീയ സാമൂഹികസഹായ പദ്ധതി (നാഷണൽ സോഷ്യൽ അസിസ്റ്റന്റ്സ് പ്രോഗ്രാം-എൻ.എസ്.എ.പി.) പ്രകാരം കേന്ദ്രസർക്കാർ നൽകുന്ന തുകയും ചേർത്താണ് ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നത്. വാർധക്യ, വിധവ, ഭിന്നശേഷി വിഭാഗങ്ങളിലായി എട്ടു ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് പെൻഷനിലെ കേന്ദ്രവിഹിതം ലഭിക്കുന്നുണ്ട്. പ്രായപരിധി ബാധകമല്ലാത്ത വിധവ, ഭിന്നശേഷി പെൻഷൻ വാങ്ങുന്നവർക്ക് 300 രൂപയാണ് കേന്ദ്രവിഹിതം.
കുടുംബ വാർഷികവരുമാനം, ബി.പി.എൽ. കാർഡ്, തൊഴിൽമേഖല തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടത്. ഇതു മറികടന്ന് അനർഹർ കടന്നുകൂടിയിട്ടുണ്ടെങ്കിൽ ഓഡിറ്റിൽ കണ്ടെത്താനാവും. എൻ.എസ്.എ.പി.യുടെ കീഴിലുള്ള പദ്ധതികളുടെ നടത്തിപ്പിലും നിരീക്ഷണത്തിലും സാമൂഹിക ഓഡിറ്റ് അനിവാര്യമാണ്. വിവരാവകാശനിയമപ്രകാരം ഗുണഭോക്താക്കളുടെ വിവരങ്ങൾ സ്വമേധയാ പ്രസിദ്ധപ്പെടുത്തണമെന്ന വ്യവസ്ഥകളും നിലനിൽക്കുന്നുണ്ടെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല.
2021-ലാണ് ഓഡിറ്റ് വേണമെന്ന് കേന്ദ്രസർക്കാർ നിർബന്ധം പിടിച്ചുതുടങ്ങിയത്. 2022-ലും 2023-ലും ഓഡിറ്റ് സംബന്ധിച്ച പല ചർച്ചകളും നിർദേശങ്ങളുമുണ്ടായി. ഓഡിറ്റ് നടത്താൻ ആരെ ചുമതലപ്പെടുത്തുമെന്ന് തീരുമാനിക്കാനും സംസ്ഥാനം വൈകി. ഒടുവിൽ 2024 ഏപ്രിലിലാണ് ഓഡിറ്റ് തുടങ്ങാൻ നോഡൽ ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചത്. ഓഡിറ്റ് നടത്താൻ ഏജൻസിയെ ചുമതലപ്പെടുത്തിയെങ്കിലും വിവിധ കാരണങ്ങളാൽ നടപടികൾ വീണ്ടും വൈകി.
Content Highlights: welfare pensions audit state government did not give consideration central government request
Published: 30 Nov 2024, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented