കല്പറ്റ: ജീവകാരുണ്യതത്പരൻ, താമസം ആഡംബരവീട്ടിൽ. സഞ്ചരിക്കാൻ മുന്തിയയിനം വാഹനങ്ങൾ... കല്പറ്റ ഗ്രാമത്തുവയലിലെ ഒരു വീട്ടിൽനിന്ന് ഒൻപത് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെത്തേടി കണ്ണൂരിലെ വീട്ടിലെത്തിയപ്പോൾ പോലീസ് അന്പരന്നു- ആളൊരു 'മാന്യനായ' കള്ളൻ.
സംസ്ഥാനത്തിനകത്തും പുറത്തുമായി 150-ഓളം മോഷണകേസുകളിലുൾപ്പെട്ട കണ്ണൂർ ആലക്കോട് കൊല്ലപറമ്പിൽ വീട്ടിൽ കെ.യു. മുഹമ്മദിനെയാണ് (46) പോലീസ് പിടികൂടിയത്. ഒപ്പം കൂട്ടാളി പുല്പള്ളി, പാടിച്ചിറ കട്ടിത്താനത്ത് വീട്ടിൽ കെ.ടി. ജോസും (കമ്പളക്കാട് ജോസ്-72) അറസ്റ്റിലായി. ഏപ്രിൽ 23-ന് രാത്രിയും 24-ന് പുലർച്ചയ്ക്കുമിടെയാണ് കല്പറ്റ ഗ്രാമത്തുവയലിലെ വീട്ടിൽനിന്ന് ഇവർ ആഭരണങ്ങൾ കവർന്നത്. ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കാറിൽ സഞ്ചരിക്കവെ പ്രതികളെ വലയിലാക്കിയത്. മുഹമ്മദിനെ ആലക്കോട് പൂവഞ്ചാലിൽനിന്നും ജോസിനെ മാനന്തവാടി ബോയ്സ് ടൗണിൽനിന്നുമാണ് പിന്തുടർന്ന് പിടികൂടിയത്.
മഴക്കാല പൂർവ പരിശോധനയുടെ ഭാഗമായി നാട്ടിലെ ലൈനുകൾ പരിശോധിക്കാൻ മഫ്തിയിലെത്തിയ വയനാട്ടിലെ പോലീസുകാർ മുഹമ്മദ് നാട്ടിലും വീട്ടിലുമുണ്ടെന്ന് ഉറപ്പിച്ചിരുന്നു. ഒരാഴ്ചയോളം അയാളുടെ നീക്കങ്ങളും നിരീക്ഷിച്ചായിരുന്നു അറസ്റ്റ്.
നാട്ടിൽ ജീവകാരുണ്യപ്രവർത്തനങ്ങളിലും സന്നദ്ധസംഘടനകൾക്ക് അകമഴിഞ്ഞ് സഹായധനം നൽകി മതിപ്പുണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധചെലുത്തുന്നയാളുമാണ് മുഹമ്മദ്. 18-ാം വയസ്സിലാണ് മോഷണം തുടങ്ങിയത്.
അടച്ചിട്ട വീടുകളെക്കുറിച്ചുള്ള വിവരങ്ങൾ ജോസ് മുഹമ്മദിന് കൈമാറും. ഇവിടെ ആളില്ലെന്ന് ഉറപ്പാക്കിയശേഷം പൂട്ട് പൊളിച്ച് അകത്തുകയറി മോഷണം നടത്തും. കണ്ണ് ഒഴികെയുള്ള ശരീരഭാഗങ്ങൾ പൂർണമായും മറച്ച്, ഇടയ്ക്കിടെ വേഷംമാറി, ക്യാമറകളിൽ കുടുങ്ങാതെ ശ്രദ്ധിച്ചായിരുന്നു മോഷണം.
കോഴിക്കോട് നടന്ന കവർച്ചക്കേസിൽ 2017 സെപ്റ്റംബറിൽ മുഹമ്മദിനെ അറസ്റ്റു ചെയ്തിരുന്നു. രണ്ടുകോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച വീട്ടിൽ പ്രത്യേകം അറകളിലായിരുന്നു അന്ന് കളവുചെയ്ത സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്.
Content Highlights: Serial thief K.U. Muhammed arrested with accomplice K.T. Jose., Accused involved in over 150 theft cases across states.
Published: 03 May 2026, 07:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented