
ഉപ്പുതറ: ചപ്പാത്ത് ധർമശാസ്താ ക്ഷേത്രത്തിൽ പൂട്ടുപൊളിക്കാതെ താക്കോലുപയോഗിച്ച് വൻ കവർച്ച. പ്രധാന ശ്രീകോവിലിലെ ശീവേലിവിഗ്രഹം, ദേവീവിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന മൂന്ന് സ്വർണത്താലി, വിഗ്രഹങ്ങളിലെ 1ആടയാഭരണങ്ങൾ, അഞ്ച് കാണിക്കവഞ്ചിയിലെ പണം എന്നിവയാണ് കവർന്നത്.
ചൊവ്വാഴ്ച രാത്രി 11.40-ഓടെ കരിന്തരുവി എസ്റ്റേറ്റിന്റെ വേലിയും ക്ഷേത്രമതിലും കടന്നെത്തിയ മോഷ്ടാക്കൾ, മേൽശാന്തിയുടെ തിടപ്പള്ളിയിൽനിന്ന് താക്കോൽക്കൂട്ടം കൈക്കലാക്കിയാണ് ശ്രീകോവിലുകൾ തുറന്നത്. സി.സി.ടി.വി. ക്യാമറകൾ തുണിയിട്ട് മറച്ചശേഷമായിരുന്നു മോഷണം. കാണിക്കവഞ്ചിയിലുണ്ടായിരുന്ന നാണയങ്ങൾ ക്ഷേത്രാങ്കണത്തിൽ ഉപേക്ഷിച്ചു. ബുധനാഴ്ച പുലർച്ചെ 5.30-ന് മേൽശാന്തി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് കവർച്ചവിവരം അറിയുന്നത്. മാസ്കും കൈയുറയും ധരിച്ച രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം, പീരുമേട് ഡിവൈ.എസ്.പി. എസ്. ഷിജു, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. രാജൻ കെ. അരമന എന്നിവരുടെ നേതൃത്വത്തിൽ പോലീസും ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി.
ക്ഷേത്രത്തിനുപിന്നിലൂടെ മണംപിടിച്ചുപോയ പോലീസ്‌നായ എസ്റ്റേറ്റുവഴി മലയോരഹൈവേയിലാണ് ചെന്നുനിന്നത്. അതിനാൽ, മോഷ്ടാക്കൾ വാഹനത്തിലാണ് രക്ഷപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും മുൻകാല ക്ഷേത്രമോഷണക്കേസുകളിലെ പ്രതികളെയും കേന്ദ്രീകരിച്ച് ഉപ്പുതറ പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഉപ്പുതറ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലും ഏലപ്പാറ, വാഗമൺ, ചീന്തലാർ മേഖലകളിലും മോഷണം നടന്നു
Published: 05 Nov 2026, 07:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented