കല്‍പ്പറ്റ: വയനാട്, പനമരം പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ച് യുഡിഎഫ് ഭരണം പിടിച്ചു. ജെഡിഎസ് വിമതനായി മത്സരിച്ച് വിജയിച്ച ബെന്നി ചെറിയാന്‍ യുഡിഎഫിന് വോട്ട് ചെയ്തതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. ജനതാദള്‍ വിമതനായി മത്സരിച്ച ബെന്നിയെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ മത്സരിച്ച് ജയിച്ചുകഴിഞ്ഞ് ഇദ്ദേഹം എല്‍ഡിഎഫിനാണ് പിന്തുണ നല്‍കിയിരുന്നത്.
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടാകാത്തതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തിരുന്നത്. ബെന്നിയുടെ പിന്തുണയുടെ ബലത്തിലാണ് ഭരണസമിതി നിലനിന്നത്. എന്നാല്‍ ബെന്നി അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതിന് ശേഷം യുഡിഎഫിനൊപ്പമായി ഇദ്ദേഹം. പിന്നാലെ കഴിഞ്ഞദിവസം യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയും അത് പാസാകുകയും ചെയ്തതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു.
പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ മുഖമായി മാറിയതിന് പിന്നാലെ സിപിഎമ്മിന് ഭരണം നഷ്ടപ്പെടുന്ന ആദ്യത്തെ പഞ്ചായത്തായി പനമരം മാറി. യുഡിഎഫിന്റെ ഭാഗമാകാന്‍ ശ്രമം നടത്തിവരികയാണ് പി.വി.അന്‍വര്‍ എംഎല്‍എ. ഇതിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനറുമായിരുന്നു. യുഡിഎഫുമായി സഹകരിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മലയോര സമര യാത്രയില്‍ നിലമ്പൂരില്‍ വെച്ച് അന്‍വര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
ലക്ഷ്മി ആലക്കമറ്റമാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി യുഡിഎഫില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. അവിശ്വാസപ്രമേയം പാസായതിന് പിന്നാലെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ബുധനാഴ്ച രാവിലെ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ യു.ഡി.എഫ്. അംഗങ്ങള്‍ പങ്കെടുത്തില്ല. എല്‍.ഡി.എഫിലെ പത്ത് അംഗങ്ങള്‍ രാവിലെ 10.50-ഓടെത്തന്നെ തിരഞ്ഞെടുപ്പിന് ഹാജരായിരുന്നു.
എന്നാല്‍, വരണാധികാരി പതിനഞ്ച് മിനിറ്റ് അധികം സമയം അനുവദിച്ചിട്ടും യു.ഡി.എഫ്. അംഗങ്ങളാരും എത്തിയില്ല. 23 അംഗങ്ങളുള്ള ഗ്രാമപ്പഞ്ചായത്തില്‍ 12 അംഗങ്ങള്‍ എത്തിയാലേ ക്വാറം തികയുള്ളൂ. എല്‍.ഡി.എഫില്‍നിന്ന് കൂറുമാറിയ ബെന്നി ചെറിയാനും ബി.ജെ.പി. അംഗവും എത്തിയില്ല. ഇതോടെ ക്വാറം തികയാതെ തിരഞ്ഞെടുപ്പ് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇന്ന് വീണ്ടും യോഗം ചേര്‍ന്നാണ് ലക്ഷ്മി ആലക്കമറ്റത്തിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
Content Highlights: wayanad panamaram panchayat udf win
Published: 30 Jan 2025, 05:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented