മേപ്പാടി: ‘‘ഒരുനിമിഷംകൊണ്ട് മണ്ണ് ചിതറിത്തെറിച്ചു. തിരിഞ്ഞോടി ചെളിയിൽ വീണു. രക്ഷിക്കണേ എന്നു ഞാൻ ഉറക്കെ വിളിച്ചു അതുമാത്രം ഓർമ്മയുണ്ട്’’ -ആശുപത്രിക്കിടക്കയിൽനിന്ന് തന്മയ് ഘോഷ് ദുരന്തനിമിഷം ഓർത്തെടുത്തു. ‘‘ഏകദേശം ഇരുനൂറുമീറ്ററോളം അകലെയായിരുന്നു ഞാൻ. പക്ഷേ, ഒറ്റനിമിഷംകൊണ്ട് വെള്ളവും ചെളിയും കാൽച്ചുവട്ടിലെത്തി. ഈ നീലക്കോട്ടിട്ട് ഓടിവന്നുവീഴുന്ന ആളില്ലേ അത്‌ ഞാനാണ്’’ -ഫോണിൽ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് തന്മയ് പറഞ്ഞു.

To advertise here,

‘‘ഗ്രീൻലാക്സ് ഹോട്ടലിൽനിന്ന് ചായ കുടിച്ച് ഇറങ്ങിയപ്പോഴായിരുന്നു ദുരന്തം. ജീവനുംകൊണ്ട് ഓടിയാണ് ഒരുവിധത്തിൽ രക്ഷപ്പെട്ടത്. അവസാനം വീണു. അങ്ങനെയാണ് പരിക്കുപറ്റിയത്. അപ്പോഴേക്കും റോഡിൽ ചെളിയും വെള്ളവും നിറഞ്ഞിരുന്നു. എങ്ങനെയോ രക്ഷപ്പെട്ടു എന്നേ പറയാൻ പറ്റുള്ളൂ’’ -തന്മയ് ദുരന്തം വിവരിച്ചു. ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന പുറത്തുവന്ന ദൃശ്യത്തിലാണ് തന്മയ് അതിസാഹസികമായി രക്ഷപ്പെടുന്നതും ഉള്ളത്.

അഞ്ചുമാസം മുൻപാണ് തന്മയ് പശ്ചിമബംഗാളിൽനിന്ന് ജോലിക്കായി എത്തിയത്. അപകടവിവരം ഇതുവരെ വീട്ടിൽ അറിയിച്ചിട്ടില്ലെന്നും അവർ വെറുതേ പേടിക്കണ്ടല്ലോയെന്നും തന്മയ് പറഞ്ഞു. ഝാർഖണ്ഡിൽ നിന്നെത്തിയ സഞ്ജയ് തപ്പോറിന് ദുരന്തം ഉള്ളുലയ്ക്കുന്ന ഓർമ്മയാണ്. പലരും തലനാരിഴയിടയ്ക്കാണ് രക്ഷപ്പെട്ടത് -സഞ്ജയ് താപ്പോർ പറഞ്ഞു. ‘‘ഷെഡിന് സമീപത്തു നിൽക്കുമ്പോഴായിരുന്നു അപകടം. ഞങ്ങൾ രണ്ടുപേരും രണ്ടുവഴിക്കാണ് ഓടിയത്. ഒരുനിമിഷം ആലോചിക്കാനുള്ള സമയംപോലും ഉണ്ടായില്ല അത്ര വേഗതയിലായിരുന്നു മണ്ണിടിച്ചിൽ’’ -സഞ്ജയ്ക്ക് കൂട്ടിരിക്കാനെത്തിയ മുകേഷ് കീർക്കട്ട പറഞ്ഞു. താനോടിയ വഴിയിൽ അപകടമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. വീട്ടുകാരെക്കുറിച്ച് പറഞ്ഞപ്പോൾ സഞ്ജയുടെ മുഖത്ത് വിഷമം നിറഞ്ഞു. ‘‘അച്ഛനെയും അമ്മയെയും ഭാര്യയെയും മക്കളെയും അപകടവിവരം അറിയിച്ചിട്ടുണ്ട്. കാര്യമായ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചിരിക്കുകയാണ്’’ -സഞ്ജയ് പറഞ്ഞു. അഞ്ചുമാസം മുൻപാണ് സഞ്ജയും വയനാട്ടിലെത്തിയത്. പ്രതീക്ഷയോടെ എത്തിയ അതിഥിത്തൊഴിലാളികളെല്ലാം ദുരന്തത്തിന്റെ വേദനയിലാണ്. ദുരന്തത്തിന്റെ നിമിഷങ്ങളാണ് മനസ്സുനിറയെ. ഒപ്പം, സഹപ്രവർത്തകരുടെ വേർപാടും സാരമായുള്ള പരിക്കുമെല്ലാം അവരെ നൊമ്പരപ്പെടുത്തുകയാണ്.