മേപ്പാടി: മീനാക്ഷിപ്പുഴയുടെ തണുപ്പിൽനിന്ന് മൂന്നുദിനങ്ങൾക്കിപ്പുറം രാഹുലിന്റെ മൃതദേഹം കണ്ടെടുക്കുമ്പോൾ കല്പന അതറിയാതെ യാത്രയിലായിരുന്നു. അതിരാവിലെ വയനാട്ടിൽനിന്ന് പുറപ്പെട്ട് ബെംഗളൂരുവഴി വിമാനമാർഗം ഹിമാചൽപ്രദേശിലേക്ക്. ആ യാത്രയിൽ അവൾ ഒന്നുമറിയേണ്ടെന്ന് കുടുംബം തീരുമാനിച്ചു.

To advertise here,

ഹിമാചലിലെ മൺഡിയിലെ വീട്ടിൽ അമ്മയുടെ അരികിലെത്തിയപ്പോഴേ അവൾ അറിഞ്ഞുകാണൂ ഇനി കാത്തിരിക്കേണ്ടെന്ന്, പ്രിയതമൻ ഇനിയൊരിക്കലും മടങ്ങിയെത്തില്ലെന്ന്. കുടുംബത്തിന്റെ ചേർത്തുപിടിക്കലുകളിൽ അവളിപ്പോഴും വിങ്ങിപ്പൊട്ടുന്നുണ്ടാവും.

രാവിലെ പത്തുമണിയോടെ, മീനാക്ഷിപ്പുഴയിൽ വീണുകിടന്നിരുന്ന ബസിന് സമീപത്തായിരുന്നു രാഹുലിന്റെ ദേഹം. അടുത്തെത്തി ഒന്നു നോക്കിയതേയുള്ളു; ‘ഭയ്യാ...’ എന്നുവിളിച്ചു സഹോദരൻ റോഹിത് കരഞ്ഞു. ഒപ്പമുണ്ടായിരുന്ന ബന്ധു രാംവീർ ശർമ ചേർത്തുപിടിച്ചു. ‘‘ബാബിയോട് (സഹോദര ഭാര്യ) എന്തുപറയും അമ്മയോടും അച്ഛനോടും എന്തുപറയും’’ - റോഹിതിന്റെ ഓരോ വാക്കിലും കണ്ണീരൊഴുകി. ആശ്വസിപ്പിക്കാനാവാതെ കണ്ടുനിന്നവരും വിങ്ങിപ്പൊട്ടി.

ഹിമാചലിൽ കാത്തിരിക്കുന്ന രാഹുലിന്റെ അമ്മ മഞ്ജുകുമാരിയെയും ഭാര്യ കല്പനയുടെ വീട്ടുകാരെയും എങ്ങനെ വിവരങ്ങൾ ധരിപ്പിക്കുമെന്ന ആശങ്കയിലായിരുന്നു കുടുംബം. കല്പനയാവട്ടെ, അവസാന നിമിഷംവരെയും ഭർത്താവ് തിരികെയെത്തുമെന്ന പ്രതീക്ഷയിലുമായിരുന്നു. നാട്ടിലേക്ക് മടങ്ങുംമുൻപും ‘അദ്ദേഹം തിരിച്ചുവന്നാൽ മാത്രംമതി’യെന്നായിരുന്നു അവൾ പറഞ്ഞുകൊണ്ടിരുന്നത്. സിന്ദൂരവും നവവധുവിന്റെ ചുവന്ന വളകളും (ചൂട) അണിഞ്ഞുകൊണ്ടാണ് ഈ മൂന്നുദിവസവും കല്പന ഭർത്താവിനെ കാത്തിരുന്നത്.

തുരങ്കപാതയുടെ കരാർക്കമ്പനിയായ ദിലീപ് ബിൽഡ് കോണിൽ എൻജിനിയറായിരുന്നു രാഹുൽശർമ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹം. നവവധുവുമായി വയനാട്ടിലെത്തി മേപ്പാടി ചെമ്പ്ര റോഡിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്നു. ‘‘മലയാളം അറിയില്ലെങ്കിലും എല്ലാവരോടും വലിയ സ്നേഹത്തിലായിരുന്നു ഇടപെട്ടിരുന്നത്’’ - വാടകവീടിനുസമീപം കട നടത്തിയിരുന്ന ശിവൻ ഓർമ്മിക്കുന്നു.