കല്പറ്റ: ആദിവാസി യുവാവ് പോലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് മേധാവിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. 

To advertise here,

യുവാവ് ശൗചാലയത്തില്‍ പോയി പുറത്തുവരാന്‍ വൈകിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചില്ലെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തുകൊണ്ടാണ് യുവാവ് തിരികെവരാത്തതെന്ന് പെട്ടെന്ന് നോക്കിയില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് സൂചന. അതിനിടെ, യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് വൈകാതെ ഉത്തരവിറങ്ങും. 

അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി വീട്ടില്‍ ഗോകുല്‍ ആണ് കഴിഞ്ഞദിവസം രാവിലെ കല്പറ്റ പോലീസ് സ്‌റ്റേഷനിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. പോലീസ് കസ്റ്റഡിയിലായിരുന്ന ഗോകുല്‍ 7.45-ഓടെ ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ടെന്നും എട്ടുമണിയായിട്ടും യുവാവ് പുറത്തുവരാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് ധരിച്ചിരുന്ന ഫുള്‍കൈ ഷര്‍ട്ട് ഊരി ശൗചാലയത്തിലെ ഷവറില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നുമാണ് പോലീസ് പറയുന്നത്. ഉടന്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ഗോകുലിനെയും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍നിന്ന് കാണാതായത്. ഈ കേസിലാണ് ഗോകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. തിങ്കളാഴ്ച ഇരുവരെയും കോഴിക്കോട് ബീച്ചില്‍വെച്ച് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് വനിതാ സെല്ലില്‍ ഹാജരാക്കിയ ഇരുവരെയും പിന്നീട് കല്പറ്റ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാരെ വിവരമറിയിക്കുകയും രേഖകളുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും പെണ്‍കുട്ടിയെ സഖി സെന്ററിലും ഗോകുലിനെ കസ്റ്റഡിയിലും വെച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം. ഗോകുലിനെ ഒരുകേസിലും പ്രതിചേര്‍ത്തിട്ടില്ലെന്നും പോക്‌സോ ഉള്‍പ്പെടെയുള്ളവ പരിശോധിക്കാനാണ് കസ്റ്റഡിയില്‍ വെച്ചതെന്നും രണ്ടുവീട്ടുകാരെയും വിവരമറിയിച്ചിരുന്നുതായും പോലീസ് പറഞ്ഞിരുന്നു.

അതിനിടെ, പോലീസ് കസ്റ്റഡിയിലെടുത്ത ഗോകുലിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌കൂള്‍ രേഖകള്‍ പ്രകാരം 2007 മെയ് 30-നാണ് ഗോകുലിന്റെ ജനനം. ഇതനുസരിച്ച് സംഭവസമയത്ത് ഗോകുലിന് 18 വയസ്സ് തികഞ്ഞിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയശേഷം ഒപ്പമുണ്ടായിരുന്ന ഗോകുലിനെ സ്‌റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത ഗോകുലിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ നിര്‍ത്തിയതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. 

സംഭവത്തില്‍ പോലീസിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ഗോകുലിന്റെ ബന്ധുക്കളും പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള നാട്ടുകാരും രംഗത്തെത്തി. പെണ്‍കുട്ടിയെ കാണാതയതിന്റെ പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘം ഭീഷണിപ്പെടുത്തിയതായും ഫോണുകള്‍ പിടിച്ചുവാങ്ങിയതായും ബന്ധുക്കള്‍ ആരോപിച്ചു. എത്രയുംവേഗം പെണ്‍കുട്ടിയുമായി തിരികെ എത്തിയില്ലെങ്കില്‍ ഗോകുലിനെ പുറംലോകം കാണിക്കില്ലെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞു. 

പെണ്‍കുട്ടിയെ കാണാതായ ശേഷം പലതവണ ഗോകുലിന്റെ വീട്ടില്‍ പോലീസ് എത്തിയിരുന്നു. ഗോകുലിനെ കണ്ടാല്‍ വെറുതെ വിടില്ലെന്ന് പോലീസ് ഭീഷണി മുഴക്കി. ഗോകുലിന്റെ അമ്മയെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യംചെയ്തു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഫോണുകള്‍ പോലീസ് കൊണ്ടുപോയെന്നും ഇവര്‍ ആരോപിച്ചു. പോലീസില്‍നിന്ന് സമാന രീതിയിലുള്ള മാനസിക പീഡനം ഗോകുലും നേരിട്ടുണ്ടാകാമെന്നും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)