കല്പറ്റ(വയനാട്): മുള്ളന്‍കൊല്ലി കോണ്‍ഗ്രസില്‍ രണ്ടുമാസമായി തുടരുന്ന വിഭാഗീയതയും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഡിസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തിനിടെ അടിപിടി. കെപിസിസി നേതാക്കളായ ജമീല ആലിപ്പറ്റ, പി.എം. നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് വാക്തര്‍ക്കവും അടിപിടിയും ഉണ്ടായത്. മുള്ളന്‍കൊല്ലി റബ്ബര്‍ ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റ് സൊസൈറ്റി പ്രസിഡന്റ് സാജന്‍ കടുപ്പിലും സുഹൃത്തായ ജെയ്‌സണ്‍ പി. ജോസഫും തമ്മിലുള്ള സാമ്പത്തിക ഇടപാടും തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് ഡിസിസി ഓഫീസിലെ അടിപിടിയിലേക്കെത്തിയത്.

To advertise here,

സാജന്‍ തന്റെ പക്കല്‍നിന്ന് എട്ടുലക്ഷംരൂപ വായ്പയായി വാങ്ങിയിരുന്നെന്നും കൂടാതെ, വീടുപണിക്ക് സാധനമിറക്കിനല്‍കിയ വകയില്‍ 5,60,000 രൂപ തരാനുണ്ടെന്നും ജെയ്‌സണ്‍ പി. ജോസഫ് പറഞ്ഞു. സൗഹൃദത്തിന്റെപേരിലാണ് സാമ്പത്തികസഹായം നല്‍കിയത്. പണം തിരികെച്ചോദിച്ചപ്പോള്‍ തന്നില്ലെന്നും പകരം സാജനെ താന്‍ ഭീഷണിപ്പെടുത്തിയതായി കാണിച്ച് പുല്പള്ളി സ്റ്റേഷനില്‍ പരാതി നല്‍കുകയാണുണ്ടായതെന്നും ജെയ്‌സണ്‍ പി. ജോസഫ് പറഞ്ഞു.

സാജന്റെ ബന്ധുവും കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം പ്രസിഡന്റുമായ ഷിനോ കടുപ്പിലിന്റെ മധ്യസ്ഥതയില്‍ 2024 ഫെബ്രുവരിയില്‍ സ്റ്റേഷനില്‍ തീര്‍പ്പുണ്ടാക്കി. ആറുമാസത്തിനകം പണം നല്‍കാനായിരുന്നു ധാരണ. എന്നാല്‍, ആറുമാസം കഴിഞ്ഞിട്ടും കിട്ടിയില്ലെന്ന് ജെയ്‌സണ്‍ പറഞ്ഞു. ഇതുസംബന്ധിച്ച് നേതാക്കള്‍ക്ക് പരാതി നല്‍കാനായി തിങ്കളാഴ്ച ഡിസിസി ഓഫീസിലെത്തിയപ്പോള്‍ സാജന്‍ ഫോണില്‍ ദൃശ്യം പകര്‍ത്തുകയും മര്‍ദിക്കുകയുമായിരുന്നെന്ന് ജെയ്‌സണ്‍ പറഞ്ഞു. വിഷയത്തില്‍ ഷിനോ കടുപ്പിലും സാജന്‍ കടുപ്പിലും ഒത്തുകളിക്കുകയാണെന്നും ജെയ്‌സണ്‍ പറഞ്ഞു.

യോഗത്തില്‍ മുള്ളന്‍കൊല്ലിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ പറഞ്ഞു.