മലപ്പുറം: മലബാര്‍ കലാപചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവങ്ങളിലൊന്നാണ് 1921 നവംബര്‍ 19-നുണ്ടായ വാഗണ്‍ ട്രാജഡി. മലബാറിലെ 220-ലേറെ ഗ്രാമങ്ങളില്‍ അന്ന് കലാപം പടര്‍ന്നിരുന്നു. കലാപത്തിന്റെപേരില്‍ ഇവിടങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകളെ അറസ്റ്റുചെയ്തു.

To advertise here,

നവംബര്‍ 10 മുതല്‍ അറസ്റ്റുചെയ്തവരെക്കൊണ്ട് നാട്ടിലെ ജയിലുകളെല്ലാം നിറഞ്ഞപ്പോളാണ് കൂടുതലാളുകളെ തമിഴ്നാട്ടിലെ ജയിലുകളിലേക്ക് അയച്ചത്. 100 പേരെ വീതം ബെല്ലാരി ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു ബ്രിട്ടീഷ് പോലീസിന്റെ തീരുമാനം.

കലാപകാരികളെ മറ്റുള്ളവര്‍ കാണുന്നത് ഒഴിവാക്കാന്‍ അവരെ ചരക്കുവാഗണുകളില്‍ പൂട്ടിയിട്ട് കൊണ്ടുപോകാനുള്ള തീരുമാനം സര്‍ജന്റ് ആന്‍ഡ്രൂസിന്റേതായിരുന്നു. കോഴിക്കോട്ടുനിന്ന് കോയമ്പത്തൂരിലേക്കുള്ള 77-ാം നമ്പര്‍ തീവണ്ടിയിലേക്ക് തിരൂരില്‍വെച്ച് തടവുകാരുടെ വാഗണ്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. നാല് ഹിന്ദുക്കളും 96 മുസ്‌ലിങ്ങളും ആയി 100 തടവുകാര്‍.

വൈകീട്ട് 7.15-ന് തിരൂരില്‍നിന്ന് തീവണ്ടി പുറപ്പെട്ടു. വായുകടക്കാത്ത ഷട്ടറുകളാണ് വാഗണിന് ഉണ്ടായിരുന്നത്. രാത്രി 12.30-ന് പോത്തന്നൂരില്‍ എത്തിയപ്പോഴാണ് പട്ടാളക്കാര്‍ വാഗണ്‍ പരിശോധിച്ചത്. അതിനകം 56 പേര്‍ ശ്വാസംമുട്ടി മരിച്ചിരുന്നു. ഈ 56 പേരുടെ മൃതദേഹങ്ങള്‍ അതേ വാഗണില്‍ത്തന്നെ തിരൂരിലേക്ക് തിരിച്ചയച്ചു. ബാക്കി 44 പേരുമായി പുലര്‍ച്ചെ 4.30-ന് ട്രെയിന്‍ കോയമ്പത്തൂരിലേക്ക് പോയി. ആശുപത്രിയില്‍ എത്തുമ്പോഴേയ്ക്ക് ആറുപേര്‍കൂടി മരിച്ചു. അടുത്ത ദിവസങ്ങളിലായി എട്ടുപേര്‍കൂടി മരിച്ചു. ആകെ 70 പേര്‍.

പുലാമന്തോളിലെ പാലം പൊളിച്ചൂവെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയവരാണ് ഈ 100 പേരുടെ കൂട്ടത്തിലുണ്ടായിരുന്നത്. തിരൂരിലെ കോരങ്ങത്ത് പള്ളിയിലും ജുമുഅത്ത് പള്ളിയിലും മുത്തൂര്‍കുന്നിലുമായാണ് മൃതദേഹങ്ങള്‍ അടക്കംചെയ്തത്.

മലബാര്‍ കാര്യങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ കമ്മിഷണര്‍ എ.ആര്‍. ക്‌നാപ്പിനെ സ്‌പെഷ്യല്‍ കമ്മിഷണറായി വാഗണ്‍ ട്രാജഡി അന്വേഷിക്കാന്‍ നിയോഗിച്ചു. ഈ ക്‌നാപ്പിന്റെ പേരില്‍നിന്നാണ് മലബാറില്‍ ക്ണാപ്പന്‍ എന്ന പ്രയോഗം ഉണ്ടായത്.

32 തവണയായി 2,500 തടവുകാരെ ഇത്തരം വാഗണുകളില്‍ കൊണ്ടുപോയിട്ടുണ്ടെന്നും അപ്പോഴൊന്നും അപകടമുണ്ടായിട്ടില്ല എന്നുമായിരുന്നു കണ്ടെത്തല്‍.

വാഗണ്‍നിര്‍മിച്ച കമ്പനിയേയും അതില്‍ തടവുകാരെ കൊണ്ടുപോകാന്‍ അനുവദിച്ച ട്രാഫിക് ഇന്‍സ്‌പെക്ടറെയും മറ്റുമാണ് കുറ്റക്കാരായി കണ്ടെത്തിയതെങ്കിലും ബ്രിട്ടീഷ് കോടതി എല്ലാവരെയും വെറുതേ വിട്ടു. ആഗോളതലത്തില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട ഈ കൂട്ടക്കൊലയുടെ സ്മാരകമാണ് തിരൂരിലെ വാഗണ്‍ട്രാജഡി സ്മാരക ഹാള്‍.