കണ്ണൂർ: കണ്ണൂരിൽ മന്ത്രി വീണാ ജോർജിനെതിരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിൽ ഉയർന്ന സ്ത്രീവിരുദ്ധ മുദ്രാവാക്യങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് വി.ടി ബൽറാം. വ്യാഴാഴ്ച തൻ്റെ ഫേസ്ബുക്ക് കുറിപ്പിലാണ് വി.ടി ബൽറാം നിലപാടറിയിച്ചത്.

To advertise here,

ബുധനാഴ്ച ചിന്ത ജെറോം നയിച്ച പ്രതിഷേധ ജാഥയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വിളിച്ച മുദ്രാവാക്യങ്ങൾ അങ്ങേയറ്റം സ്ത്രീവിരുദ്ധവും സംസ്കാരശൂന്യവുമാണെന്ന് വി.ടി ബൽറാം പറഞ്ഞു. പ്രകോപനപരമായ ഈ മുദ്രാവാക്യങ്ങളിലെ ഓരോ വാക്കും അക്രമോത്സുകവും ജനാധിപത്യവിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എം പ്രവർത്തകരായതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളിൽ സാംസ്‌കാരിക നായകരുടെ ഭാഗത്തുനിന്ന് വിമർശനമോ മറ്റ് സാമൂഹിക ഓഡിറ്റിങ്ങോ ഉണ്ടാകാൻ സാധ്യതയില്ലെന്നും ബൽറാം പരിഹസിച്ചു. എന്നിരുന്നാലും, ചിന്ത ജെറോമിന്റേയും കൂട്ടരുടേയും ഈ പ്രവൃത്തി വളരെ മോശമായിപ്പോയെന്നും തന്റെ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി വീണാ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ച സംഭവത്തിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യംവിളി ഉണ്ടായത്. സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.