തിരുവനന്തപുരം: കർണാടകയിലെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഫേയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് പിൻവലിച്ച് വി.ടി. ബൽറാം. ട്രോൾ രൂപത്തിൽ ഉദ്ദേശിച്ച പോസ്റ്റ് അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് ബൽറാം പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

To advertise here,

ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ച് സിദ്ധരാമയ്യ സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുക്കുന്ന സമയത്ത്, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാർട്ടി നേതാക്കളും എത്തിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറിൽ സീതാറാം യെച്ചൂരി, സ്റ്റാലിൻ അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. 

പ്രതിപക്ഷ പാർട്ടി നേതാക്കളും മുഖ്യമന്ത്രിമാരും അടക്കമുള്ളവർ കൈകോർത്തുപിടിച്ച ഫോട്ടോയും വ്യാപകമായി പ്രചരിച്ചിരുന്നു. ഇ ഫോട്ടോ പങ്കുവെച്ചു കൊണ്ടായിരുന്നു വി.ടി. ബൽറാമിന്റെ ആദ്യത്തെ പോസ്റ്റ്. എന്നാൽ ഇത് വലിയ തോതിൽ ചർച്ചാ വിഷയമായതോടെയാണ് പോസ്റ്റ് പിൻവലിച്ച് വിശദീകരണ കുറിപ്പുമായി അദ്ദേഹം വീണ്ടും എത്തിയത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് പരിപാടിയിൽ ക്ഷണം ഉണ്ടായിരുന്നില്ല. ഇതിനെച്ചൊല്ലി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് നേതാക്കൾ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രിയെ ക്ഷണിക്കാത്ത കോൺഗ്രസ് സമീപനം അപക്വമെന്ന് ഇ.പി. ജയരാജൻ പറഞ്ഞിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും വിമർസനവുമായി രംഗത്തെത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം 

"കർണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിൻവലിക്കുകയാണ്. ട്രോൾ രൂപത്തിൽ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. ദേശീയ രാഷ്ട്രീയത്തിൽ മതേതര ചേരിക്ക് നേതൃത്വം നൽകുന്നതിൽ കോൺഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാൻ ഇക്കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിൽപ്പോലും കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സിപിഎമ്മിന്റെ നേതൃത്വത്തിന് തുടർന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോൺഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സിപിഎം നേതൃത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താൻ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ."