തിരുനന്തപുരം: മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് രാജ്യം പത്മവിഭൂഷൺ പുരസ്കാരം നൽകി ആദരിച്ചതിലുള്ള സന്തോഷവും അഭിമാനവും പങ്കുവെച്ച് മകൻ വി.എ. അരുൺ കുമാർ. ദശാബ്ദങ്ങൾ നീണ്ട തന്റെ അച്ഛന്റെ പൊതുപ്രവർത്തനത്തിന് രാജ്യം നൽകുന്ന വലിയൊരു ആദരമാണിതെന്ന് അദ്ദേഹം ഞായറാഴ്ച പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

To advertise here,

പുന്നപ്ര-വയലാർ സമരത്തിന്റെ കനൽവഴികളിലൂടെ ആരംഭിച്ച്, ജയിലറകളിലെ മർദനമുറകളെയോ അധികാര പ്രലോഭനങ്ങളെയോ ഭയക്കാതെ കേരളത്തിലെ സാധാരണക്കാർക്കും പരിസ്ഥിതിക്കും സ്ത്രീകളുടെ നീതിക്കും വേണ്ടി പോരാടിയ ജീവിതമാണ് വി.എസ്സിന്റേതെന്ന് അരുൺ കുമാർ അനുസ്മരിച്ചു. ഒരു പുരസ്കാരവും പ്രതീക്ഷിച്ചല്ല അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പോരാട്ടങ്ങളെല്ലാം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയും ഈ നാടിന്റെ പച്ചപ്പുമാണ് വി.എസ്സിനെ സംബന്ധിച്ച് ഏറ്റവും വലിയ ബഹുമതിയെന്ന് അരുൺ കുമാർ കുറിച്ചു. പുരസ്കാരങ്ങൾ ലക്ഷ്യം വെച്ചല്ല, മറിച്ച് തന്റെ രാഷ്ട്രീയ വിശ്വാസങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം കേരളത്തിലെ തെരുവുകളിൽ നടന്നു കയറിയത്.

ഒരു രാഷ്ട്രം നൽകുന്ന പത്മവിഭൂഷൺ എന്ന വലിയ അംഗീകാരത്തിൽ കുടുംബം അതീവ സന്തുഷ്ടരാണെങ്കിലും, പതിറ്റാണ്ടുകളായി കേരളത്തിലെ സാധാരണ ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹവും വിശ്വാസവുമാണ് ഏറ്റവും വലിയ പുരസ്കാരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനഹൃദയങ്ങളിൽ നിന്നുള്ള ഈ സ്നേഹമാണ് അച്ഛന്റെ യഥാർഥ 'പത്മം' എന്നും അരുൺ കുമാർ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.