കൊച്ചി: മുസ്ലിംലീഗിന്റെ മധ്യകേരളത്തിലെ സമുന്നതനായ നേതാവും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയുമായിരുന്നു അന്തരിച്ച വി.കെ. ഇബ്രാഹിംകുഞ്ഞ്. എറണാകുളം ജില്ലയിലെ കളമശ്ശേരി, മട്ടാഞ്ചേരി മണ്ഡലങ്ങളിൽ നിന്ന് എംഎൽഎയായി ദീർഘകാലം സേവനമനുഷ്ഠിച്ചു. 2011 മുതൽ 2016 വരെയുള്ള ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി ചുമതല വഹിച്ച അദ്ദേഹം, അതിന് മുൻപ് കുഞ്ഞാലിക്കുട്ടി രാജിവെച്ചത് പ്രകാരം വ്യവസായ മന്ത്രിയായും പ്രവർത്തിച്ചിരുന്നു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില വഷളായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെവെച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു.

To advertise here,

കുഞ്ഞാലിക്കുട്ടിക്ക് പകരം ഇബ്രാഹിംകുഞ്ഞ്

2005-ൽ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെയാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയാവുന്നത്. അന്ന് ഐസ്‌ക്രീം പാർലർ കേസിൽ വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരായ ജനവികാരം ശക്തമായിരുന്നു. വിവാദം കത്തിപ്പടർന്നതോടെ  2005 ജനുവരിയിൽ കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവെച്ചു.  പകരക്കാരനായി ലീഗിൽനിന്ന് വി.കെ. ഇംബ്രാഹിംകുഞ്ഞിനെ വ്യവസായമന്ത്രിയായി നിശ്ചയിച്ചു. രജിസ്‌ട്രേഷൻ, വഖഫ് തുടങ്ങിയ വകുപ്പുകളും ഇബ്രാഹിംകുഞ്ഞ് ഏറ്റെടുത്തു.

കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വിശ്വസ്തനായ അനുയായിയും സഹപ്രവർത്തകനുമായിരുന്നു ഇബ്രാഹിംകുഞ്ഞ്. ഇരുവരും ലീഗിന്റെ സംസ്ഥാന നേതാക്കളായും പ്രവർത്തിച്ചു. കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയകാരണങ്ങളാൽ മന്ത്രിസ്ഥാനമൊഴിയേണ്ടിവന്നപ്പോഴും പാർട്ടിയിലെ തനിക്കേറ്റവും വിശ്വസ്തനായ നേതാവ് എന്ന നിലയിലാണ്, പദവി ഇബ്രാഹിംകുഞ്ഞിന് കൈമാറിയത്. 2005 ജനുവരി മുതൽ 2006 മേയ് വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു.

400 ദിവസം 100 പാലം

ഉമ്മൻ ചാണ്ടി ഭരണകാലത്ത് പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒട്ടേറെ പാലങ്ങൾ നിർമിച്ചത് ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരുന്നപ്പോഴാണ്. 400 ദിവസങ്ങൾക്കുള്ളിൽ നൂറ് പാലം പൂർത്തിയാക്കാനായി എന്ന നേട്ടം അദ്ദേഹത്തിന്റെ ശ്രമഫലമായുണ്ടായതാണ്. ദേശീയപാത 45 മീറ്ററാക്കി വികസിപ്പിച്ചത്, സംസ്ഥാന പാതകളിൽ ആധുനിക രീതിയിലുള്ള ടാറിങ്ങുകൾ കൊണ്ടുവന്നത്, നിരവധി റോഡ് നവീകരണങ്ങൾ, കേരളത്തിന് നഷ്ടമായ ലോകബാങ്ക് സഹായം വീണ്ടും ലഭ്യമാക്കിയത് തുടങ്ങി ഒട്ടേറെ വികസനപ്രവർത്തനങ്ങൾ അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്നു.

മന്ത്രിയായുള്ള പ്രവർത്തന മികവിന് ഇന്ത്യയിലെ പ്രമുഖ പത്രമായ ഡെക്കാൻ ക്രോണിക്കിളിന്റെ 2012-ലെ മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചു. സർവേ അടിസ്ഥാനമാക്കിയാണ് പത്രം മികച്ച മന്ത്രിയെ തിരഞ്ഞെടുത്തത്. 2012-ൽ കേരള രത്‌ന പുരസ്‌കാരവും ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ പുരസ്‌കാരവും യുഎസ്എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

അടിത്തറയിളക്കിയ പാലാരിവട്ടം പാലം

ഇത്രമേൽ പാലങ്ങളെല്ലാം കൊണ്ടുവന്നെങ്കിലും പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇബ്രാഹികുഞ്ഞിന്റെ പേര് പ്രധാനമായും വാർത്തകളിൽ നിറഞ്ഞത്. അത് അദ്ദേഹത്തിനുണ്ടാക്കിയ ക്ഷതം ചെറുതായിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ (2021) അദ്ദേഹത്തിന് മത്സരിക്കാനാവാതെ പോയതും ഈ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു. പകരം കളമശ്ശേരിയിൽനിന്ന് അദ്ദേഹത്തിന്റെ മകൻ വി.ഇ. അബ്ദുൽ ഗഫൂറാണ് മത്സരിച്ചിരുന്നത്. എന്നാൽ മന്ത്രി പി. രാജീവിനോട് തോൽക്കാനായിരുന്നു നിയോഗം. മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് എൽഡിഎഫ് വിജയം നേടിയത്.

പാലാരിവട്ടം പാലം നിർമാണത്തിൽ അഴിമതി നടന്നെന്നും ഗുണനിലവാരമില്ലാത്ത നിർമാണത്തിന് മന്ത്രി കൂട്ടുനിന്നെന്നുമായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. തുടർന്ന് വിജിലൻസ് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും 2020 നവംബർ 18-ന് അറസ്റ്റിലാവുകയും ചെയ്തു. അന്ന് എംഎൽഎ ആയിരുന്നു. എറണാകുളത്തെ ലേക്‌ഷോർ ആശുപത്രിയിലെത്തിയായിരുന്നു അറസ്റ്റ്. ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാൻഡ് ചെയ്തത്.

സുരക്ഷിതമല്ലെന്ന് കണ്ട് പിന്നീട് എൽഡിഎഫ് സർക്കാർ പാലം പൊളിച്ചുപണിതു. പുതുക്കിപ്പണിയണമെന്ന സർക്കാർ തീരുമാനം സുപ്രീംകോടതി ശരിവെച്ചതോടെയായിരുന്നു ഇത്. പുനർനിർമാണം പൂർത്തിയാക്കി പാലം 2021 മാർച്ച് ഏഴിന് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.

എംഎസ്എഫിൽ തുടങ്ങി മന്ത്രിപദവിയോളം

എംഎസ്എഫിലൂടെ വളർന്നുവന്ന ഇബ്രാഹിംകുഞ്ഞ് 1952 മേയ് 20-ന് യു.വി. ഖാദറിന്റേയും ചിത്തുമ്മയുടേയും മകനായി ആലുവ കൊങ്ങോരപ്പള്ളിയിലാണ് ജനിച്ചത്. ലീഗിനെ പ്രതിനിധാനം ചെയ്ത് നാലുതവണ തുടർച്ചയായി എംഎൽഎയും രണ്ടുതവണ മന്ത്രിയുമായി. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി അംഗവും  ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമാണ്. എംഎസ്എഫിലൂടെ വളർന്ന് യൂത്ത് ലീഗ്, ജില്ലാ മുസ്ലിംലീഗ് ഭാരവാഹിത്വങ്ങൾ വഹിച്ചു. 2001-ൽ മട്ടാഞ്ചേരി നിയോജക മണ്ഡലത്തിൽനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2006-ൽ വീണ്ടും മട്ടാഞ്ചേരിയിൽനിന്ന് എംഎൽഎയായി. 2011-ലും 2016-ലും കളമശ്ശേരിയിൽനിന്നും നിയമസഭയിലെത്തി.

കൊച്ചി അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ, ഗോശ്രീ ഐലന്റ് ഡെവലപ്‌മെന്റ് അതോറിറ്റി എക്സിക്യുട്ടീവ് കമ്മിറ്റിയിലെ ഏക അനൗദ്യോഗിക അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കേരള നിയമസഭയുടെ അഷുറൻസ് കമ്മറ്റി ചെയർമാൻ, ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, കൊച്ചി എഡിഷൻ ഗവേണിങ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു.

നദീറയാണ് ഭാര്യ. അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ, അബ്ബാസ്, അനൂബ് എന്നിവർ മക്കളാണ്.