തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. രാവിലെ 10:30നാണ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തിൽ പങ്കെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും കേന്ദ്ര മന്ത്രിമാരുമടക്കം ചടങ്ങില്‍ പങ്കെടുക്കും.

To advertise here,

പഹൽ​ഗാം ഭീകരാക്രമണമത്തിന്റെയും വ്യാജ ബോംബ് ഭീഷണികളുടെയും പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് തലസ്ഥാനം. അതേസമയം വിഴിഞ്ഞം തുറമുഖത്തിനായി കരാർ ഉണ്ടാക്കി തറക്കല്ലിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിസ്മരിച്ചു, പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടികാട്ടി പ്രതിപക്ഷം ചടങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് വിവരം.

രാജ്യത്തിന്റെ വ്യാവസായികചരിത്രത്തിൽ മുൻപന്തിയിൽ ഇടംപിടിക്കാനൊരുങ്ങുന്ന വമ്പൻ വികസനപദ്ധതികളിലൊന്നാണ് വിഴിഞ്ഞം തുറമുഖം. പ്രവർത്തനസജ്ജമായി നാലുമാസത്തിനുള്ളിൽത്തന്നെ ദക്ഷിണേഷ്യയിലെ മുൻനിര തുറമുഖങ്ങളോടു കിടപിടിക്കുന്ന പ്രകടനമാണ് വിഴിഞ്ഞത്തിന്റേത്. കഴിഞ്ഞ ജൂലായിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽറൺ ആരംഭിച്ചത്. തുറമുഖത്തെത്തിയ സാൻ ഫെർണാൺഡോയെന്ന കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ട്രയൽറൺ ഉദ്ഘാടനം ചെയ്തത്. ഡിസംബറിൽ തുറമുഖം പൂർണതോതിൽ പ്രവർത്തനവും തുടങ്ങി. ഇക്കാലയളവിൽ ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളിൽ ചിലത് വിഴിഞ്ഞത്തെത്തി.

ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡുമായി (വിസിൽ) ചേർന്ന് അദാനി ഗ്രൂപ്പിനാണ് തുറമുഖത്തിന്റെ നിർമാണത്തിന്റെയും നടത്തിപ്പിന്റെയും ചുമതല. തുറമുഖത്തിന്റെ ഭാഗമായി റെയിൽ, റോഡ് കണക്ടിവിറ്റി പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ കടൽവഴി ഏറ്റവും കൂടുതൽ ചരക്കുനീക്കം നടക്കുന്ന അന്തർദേശീയ കപ്പൽപ്പാതയുടെ 10 നോട്ടിക്കൽമൈൽ അടുത്ത് സ്ഥിതിചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് 20 മീറ്റർ സ്വഭാവിക ആഴവുമുണ്ട്. 2015-ന് ഓഗസ്റ്റ് 17-നാണ് വിഴിഞ്ഞം തുറമുഖനിർമാണത്തിനു കരാർ ഒപ്പിട്ടത്. ഡിസംബർ 5-ന് തറക്കല്ലിട്ട് നിർമാണവും തുടങ്ങി. അഞ്ചുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 2024-ൽ പദ്ധതി പൂർത്തിയായി. 10000 കോടി നിക്ഷേപം വേണ്ടിവരുന്ന തുറമുഖത്തിന്റെ രണ്ടുംമൂന്നുംഘട്ട നിർമാണവും അദാനി ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.

കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.