പാലക്കാട്: നല്ലേപ്പിള്ളി ഗവ. യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെയും കുട്ടികളെയും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സൗഹൃദ കരോളുകൾ നടത്തി യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും. 

To advertise here,

തിങ്കളാഴ്ച  രാവിലെ പതിനൊന്ന് മണിയോടെയാണ് ഇരുകൂട്ടരും സൗഹൃദ കരോള്‍ ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് മാട്ടുമന്തയില്‍ നിന്നും നല്ലേപ്പിള്ളി യുപി സ്‌കൂളിലേക്കും ഡിവൈഎഫ്‌ഐ യുപി സ്‌കൂളില്‍ നിന്ന് നല്ലേപ്പിള്ളി ജംഗ്ഷനിലേക്കും സൗഹൃദ കരോള്‍ നടത്തി. ഇരുകൂട്ടരും കണ്ടുമുട്ടിയ സ്ഥലത്ത് രാഷ്ട്രീയം മറന്ന് സൗഹൃദം പങ്കിടുകയും ചെയ്തു. 

placeholder
ഡിവൈഎഫ്ഐയുടെ സൗഹൃദകരോളിൽ നിന്ന് | Photo: അരുൺ കൃഷ്ണൻകുട്ടി /മാതൃഭൂമി

രാഷ്ട്രീയത്തേക്കാളപ്പുറം മതസൗഹാര്‍ദമാണ് കാത്തുസൂക്ഷിക്കേണ്ടത്. അത് യുവജനസംഘടനയെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്വമാണെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. 

"ക്രിസ്മസ് ആഘോഷം തടഞ്ഞു എന്നതിലുപരിയായി അവര്‍ പറഞ്ഞൊരു വാചകമുണ്ട്. നിങ്ങള്‍ ക്രിസ്മസ് ആഘോഷിക്കാന്‍ പാടില്ല ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടത് എന്നാണ്. ഇത് എന്ത് സന്ദേശമാണ് നല്‍കുന്നത്. ഇതിനെ തള്ളിപ്പറയാന്‍ ബിജെപി തയ്യറായോ", ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

ക്രിസ്മസ് ആഘോഷം തടഞ്ഞതില്‍ പ്രതിഷേധം രേഖപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയത്. ആഘോഷം തടഞ്ഞത് വര്‍ഗീയ സമീപനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. ക്രിസ്മസ് ആഘോഷം കലക്കിയതിനു പിന്നില്‍ ബിജെപി നേതൃത്വമാണെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ക്രിസ്മസ് ആഘോഷം നടത്തിയതിന്റെ പേരില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാഭാരവാഹിയടക്കം മൂന്നുപേര്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചത്. വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പ്രധാനാധ്യാപിക ചിറ്റൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

അധ്യാപകരുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് പ്രകോപനപരമായി സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി നല്ലേപ്പിള്ളി വടക്കുംതറ കെ. അനില്‍കുമാര്‍ (52), ബജ്രംഗ്ദള്‍ ജില്ലാ സംയോജക് തെക്കേദേശം കറുത്തേടത്തുകളം വി. സുശാസനന്‍ (52), വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തെക്കുമുറി കെ. വേലായുധന്‍ (58) എന്നിവരെ ചിറ്റൂര്‍ പോലീസ് കഴിഞ്ഞ ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു.