കൊല്ലം: 38 വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലം വെള്ളിനല്ലൂര്‍ ദേശത്തിന്റെ സ്വന്തമായവനാണ് വെള്ളിനല്ലൂര്‍ മണികണ്ഠന്‍ എന്ന ഗജവീരന്‍. മൂന്നു പതിറ്റാണ്ടിലേറെക്കാലം അവന്റെ പേരില്‍ അറിയപ്പെട്ട ഗ്രാമം തങ്ങളുടെ പ്രിയപ്പെട്ട മണികണ്ഠന്റെ 50-ാം പിറന്നാള്‍ ആഘോഷമാക്കി മാറ്റി.

To advertise here,

12-ാം വയസില്‍ വെള്ളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടക്കിരുത്തിയതാണ് മണികണ്ഠനെ. ഗജവീരന്റെ ചിത്രം പതിച്ച കേക്കുമുറിച്ചും പായസം വിതരണം ചെയ്തും വെള്ളിനല്ലൂരുകാര്‍ അവരുടെ പ്രിയപ്പെട്ട മണികണ്ഠന്റെ പിറന്നാള്‍ ആഘോഷമാക്കി. മണികണ്ഠന് പ്രിയപ്പെട്ട പഴങ്ങളും മധുരപലഹാരങ്ങളുമായാണ് നാട്ടുകാര്‍ പിറന്നാളാഘോഷിക്കാനെത്തിയത്.

ദേവസ്വം ബോര്‍ഡിന്റേയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലായിരുന്നു പിറന്നാളാഘോഷം. വെള്ളിനല്ലൂര്‍ സ്വദേശി ഗോപിനാഥന്‍ നായരാണ് 38 വര്‍ഷങ്ങള്‍ക്കു മുമ്പ് മണികണ്ഠനെ നടയ്ക്കിരുത്തിയത്. ശബരിമലയടക്കം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കിഴിലുള്ള മിക്ക ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളിലെ സ്ഥിരസാന്നിധ്യമാണ് മണികണ്ഠന്‍. എടുത്തകന്ന കൊമ്പുകളും ഭംഗിയാര്‍ന്ന വാല്‍ച്ചെവികളും, നിലംതൊടുന്ന തുമ്പിക്കൈയും മദഗിരിയുമെല്ലാം ഇവന്റെ പ്രത്യേകതകളാണ്.