കൊച്ചി: ദീർഘനാൾ നീണ്ട നിയമപോരാട്ടത്തിന്റെ തുടർച്ചയായാണ് വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്ക് എസ്.എൻ.ഡി.പി. യോഗം ഡയറക്ടർമാരായി തുടരാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒട്ടേറെത്തവണ വിഷയം ഹൈക്കോടതിയിലെത്തുകയും ഒന്നിലേറെത്തവണ രജിസ്‌ട്രേഷൻ ഐ.ജി.യുടെ തീരുമാനത്തിനു വിടുകയും ചെയ്ത ശേഷമാണ് സിംഗിൾ ബെഞ്ച് യോഗം ജനറൽ സെക്രട്ടറി അടക്കമുള്ളവർക്ക് തുടരാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
യോഗത്തിന് ബാധകമായത് 1956-ലെ കേന്ദ്ര കമ്പനി നിയമമാണോ 1961-ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ടാണോ എന്ന നിയമപ്രശ്‌നങ്ങൾക്കടക്കം തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു. 1903 മേയ് 15-ന് ട്രാവൻകൂർ റെഗുലേഷൻ പ്രകാരമാണ് യോഗം കമ്പനിയായി ആദ്യം രജിസ്റ്റർ ചെയ്തത്. പിന്നീട് 1956-ലെ കമ്പനി ആക്ടിലേക്ക് രജിസ്ട്രേഷൻ മാറ്റി. 1961-ൽ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ട് നിലവിൽവന്നെങ്കിലും യോഗം 1956-ലെ കമ്പനീസ് ആക്ട് പ്രകാരം പ്രവർത്തനം തുടർന്നു.
എന്നാൽ, 2005 ഓഗസ്റ്റ് 23-ലെ കേന്ദ്രസർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാന സർക്കാരിനും അധികാരമുണ്ടെന്ന് വ്യക്തമാക്കി. ഇതിനുശേഷം കേരള നിയമപ്രകാരമാണ് യോഗം പ്രവർത്തിക്കുന്നത് എന്നായിരുന്നു ഹർജിക്കാരുടെ വാദം.
പബ്ലിക് കമ്പനി എന്നനിലയിൽ വാർഷിക അക്കൗണ്ട്സും റിട്ടേൺസും തുടർച്ചയായി മൂന്നുവർഷം ഫയൽചെയ്തില്ലെങ്കിൽ ഡയറക്ടർമാർ അയോഗ്യരാക്കപ്പെടും. ഇക്കാര്യത്തിൽ 2006-07 മുതൽ 2016-17 വരെയുള്ള കാലയളവിൽ യോഗത്തിനു വീഴ്ചയുണ്ടായി. എന്നാൽ, 2020-ലെ കമ്പനീസ് ഫ്രെഷ് സ്റ്റാർട്ട് സ്‌കീം പ്രകാരം ഇളവ് അനുവദിച്ചതിനാൽ പിന്നീട് റിട്ടേൺ സമർപ്പിച്ചെന്നും അതിനാൽ ഡയറക്ടർമാർക്ക് അയോഗ്യതിയില്ലെന്നുമായിരുന്നു യോഗം നിലപാട്.
യോഗത്തിന് കേരള നിയമമാണ് ബാധകമെന്ന കേന്ദ്രസർക്കാർ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി ഇതിൽ വീണ്ടും തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകിയതും യോഗം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി പരിഗണിച്ചില്ല.
എല്ലാ അംഗങ്ങൾക്കും വോട്ടുചെയ്യാനാകാത്തതിനാൽ 2015-ലെ തിരഞ്ഞെടുപ്പുപോലും നിയമപരമായി ന്യായീകരിക്കപ്പെടുമോയെന്ന നിരീക്ഷണവും കോടതി ഉന്നയിക്കുന്നു.
Content Highlights: High Court rules SNDP Yogam directors ineligible to continue., Legal dispute centered on the applicability of the 1956 Companies Act vs 1961 Kerala Non-Trading Companies Act., Failure to file annual accounts and returns for consecutive years led to disqualification., Court questioned the validity of the 2015 SNDP elections.
Published: 13 Mar 2026, 08:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented