കൊച്ചി: എസ്.എൻ. ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ എതിരാളികൾക്ക് തിരിച്ചടിയുണ്ടായെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 'പെട്ടി പൊട്ടിച്ചപ്പോൾ എതിരാളികൾ പൊട്ടി' എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. മൈക്രോ ഫിനാൻസ് കേസിൽ കുറ്റപത്രത്തിൽ താൻ പ്രതിയല്ലെന്നും തന്നെ പ്രതിയാക്കാനുള്ള നീക്കം മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കഴിഞ്ഞ 30 വർഷമായി ചിലർ തന്നെ വേട്ടയാടുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ചിലർ മാറിനിന്ന് വേട്ടയാടുകയാണ്. ഒരു കേസിൽ പോലും തനിക്കെതിരേ വിധി നേടാൻ ആർക്കും കഴിഞ്ഞിട്ടില്ല. മൈക്രോ ഫിനാൻസ് കേസിൽ തന്നെ പ്രതിചേർക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ കേസിൽ പ്രതിയാക്കാനുള്ള നീക്കങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ മുന്നണികളിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. എൽ.ഡി.എഫിലും പോരില്ലേയെന്നും ജയരാജൻമാർ തമ്മിൽ പോലും തർക്കങ്ങളുണ്ടെന്നും അദ്ദേഹം ചോദിച്ചു. യു.ഡി.എഫിൽ ചക്കളത്തിപ്പോരും കോൺഗ്രസിലെ തർക്കങ്ങളും പുതിയ കാര്യമല്ല. മുന്നണികൾക്കുള്ളിൽ പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. മുസ്ലിം ലീഗിന് കൂടുതൽ സ്ഥാനങ്ങൾ നൽകിയെന്നോ നൽകാത്തതെന്നോ ഉള്ള പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി.ഡി സതീശനെ വെള്ളാപ്പള്ളി പുകഴ്ത്തി. മുഖ്യമന്ത്രി മിടുമിടുക്കനാണെന്നും എല്ലാവരും ഇതിനകം അദ്ദേഹത്തിന് ഈ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയുടെ കാറിൽ കയറിയതിൽ തെറ്റൊന്നുമില്ല. അങ്ങനെ ചെയ്യരുതെന്ന് താൻ വിശ്വസിക്കുന്നില്ല. പിണറായി തനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിൽ തോറ്റ ചില മോഹഭംഗക്കാരാണ് എനിക്കതിരെ പറയുന്നത്. തള്ളിപ്പറഞ്ഞതിന് ഊക്കു പോരെന്നൊക്കെയാണ് ചില ഊക്കൻമാർ പറയുന്നത്. പത്തുവർഷം ഭരിച്ചിട്ടും മൂന്നാം തവണയും അധികാരം ലഭിക്കാത്തതിലുള്ള വിഷമം ചില പാർട്ടി നേതാക്കൾക്കുണ്ടാകാം. പിണറായിക്കും അത്തരം വിഷമമുണ്ടാകാം. രണ്ടാം ഭരണകാലത്ത് എന്തൊക്കെയാണ് നടന്നതെന്ന് ജനങ്ങൾ കണ്ടതാണ്. ജനം ഇത്രയും സഹിച്ചില്ലേ. എസ്.എൻ.ഡി.പി. യോഗത്തിന്റെ പരമ്പരാഗത വോട്ടുകൾ ഉൾപ്പെടെ ലഭിക്കാതെ പോയതിനാലാണ് പരാജയം നേരിട്ടതെങ്കിൽ അതിലും വലിയ തിരിച്ചടി ഉണ്ടാകുമായിരുന്നുവെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

പി. ജയരാജനെതിരേയും അദ്ദേഹം വിമർശനമുന്നയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രതിപക്ഷമാണ് പി. ജയരാജനെന്നും അദ്ദേഹം തന്നെ വിടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജയരാജൻ തിരഞ്ഞെടുപ്പിൽ തോറ്റത് തന്റെ കുറ്റംകൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.

വി.ഡി. സതീശനോട് തനിക്ക് പിണക്കമില്ല. പണ്ടുമുതലേ അങ്ങനെയൊരു പിണക്കമില്ലായിരുന്നു. പണ്ട് പലതും പറഞ്ഞുകാണും, വിഷയാധിഷ്ഠിതമായാണ് താൻ അഭിപ്രായങ്ങൾ പറഞ്ഞിട്ടുള്ളത്. എൻഎസ്എസ് പറഞ്ഞത് അവിടെ കയറി പോകരുതെന്നാണ്. ഞാൻ അങ്ങനൊന്നും പറഞ്ഞിട്ടില്ല. സതീശൻ കണിച്ചുകുളങ്ങരയിൽ വന്നാൽ സ്വീകരിക്കും. അദ്ദേഹത്തിന് ഭ്രാന്താണെന്ന് പറയാൻ തനിക്ക് ഭ്രാന്തില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായശേഷം വി.ഡി സതീശനോ താനോ പരസ്പരം വിളിച്ചിട്ടില്ലെന്നും എൻ.എസ്.എസുമായുള്ള പിണക്കവും ഇണക്കവുമെല്ലാം അവരുടെ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.