
ആലപ്പുഴ: തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെ ക്രൂശിക്കുന്നത് നീതികേടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ല. പാർട്ടി ഓഫീസുകൾ ദല്ലാളുമാരും കച്ചവടക്കാരും കൈയടക്കി. അധികാരലഹരിയിൽ നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നുവെന്നും വെള്ളാപ്പള്ളി വിമർശിച്ചു. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിൽ ‘സഖാക്കളോട്’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം.
പിണറായി വിജയനെ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്തുവർഷം വാഴ്ത്തിപ്പാടിയ സ്വന്തം പാർട്ടിക്കാരിൽ ഒരു വിഭാഗം മൂന്നാമതും ഭരണത്തുടർച്ച കിട്ടാതെ വന്നപ്പോൾ അതിന്റെ എല്ലാ കുറ്റങ്ങളും അദ്ദേഹത്തിന്റെ തലയിൽ കെട്ടിവച്ച് ആക്ഷേപശരങ്ങളെയ്യുന്ന തിരക്കിലാണ്. ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ് ബ്യൂറോ വരെയും പൊതുവേദികളിലും ഇതാണവസ്ഥ. ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം നേടിക്കൊടുത്ത നേതാവാണ് പിണറായി വിജയൻ.
അധികാരത്തിന്റെ മധുരം നുകർന്ന് രസിച്ച് ഉല്ലസിച്ചവർ ഭരണം നഷ്ടമായി ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങേണ്ടി വന്നപ്പോൾ തോൽവിയുടെ ഉത്തരവാദിത്വം ഒരാളുടെ ചുമലിലേക്ക് കെട്ടിവയ്ക്കുന്നതും വേട്ടയാടുന്നതും ശരിയല്ല. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ 2021ൽ ഇടതുമുന്നണി തോറ്റു തുന്നംപാടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പിണറായിയുടെ നേതൃത്വത്തിൽ തന്നെ മുന്നണി ഉജ്ജ്വലവിജയം നേടിയത് ചെറിയ കാര്യമായിരുന്നില്ല. രണ്ടാമതും ഭരണം ലഭിച്ചപ്പോൾ നേതാക്കളും അണികളും സുഖലോലുപരായെന്നതാണ് വസ്തുത.
ജനങ്ങളെയും ജനകീയപ്രശ്നങ്ങളെയും മറന്ന് സാമ്പത്തിക നേട്ടത്തിനായി പായുകയായിരുന്നു കഴിഞ്ഞ അഞ്ചുവർഷമായി നല്ലൊരു വിഭാഗം നേതാക്കളും. അധികാരലഹരി നുകരുന്ന തിരക്കിൽ പാർട്ടിയുടെ മേൽത്തട്ടു മുതൽ കീഴ്ത്തട്ടുവരെയുള്ള ഇക്കൂട്ടർ ചെയ്ത പാപങ്ങളാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്.
പാർട്ടി ഒന്നുമല്ലാതിരുന്ന കാലത്ത് പൊലീസിന്റെയും എതിരാളികളുടെയും ശാരീരികമായ ആക്രമണങ്ങളെ ഉൾപ്പെടെ മറികടന്ന ത്യാഗോജ്വലമായ സമരപാരമ്പര്യം പിണറായി വിജയനുണ്ട്. പാർട്ടിയുടെ പ്രതിസന്ധി ഘട്ടത്തിൽ ശക്തമായ നേതൃത്വം നൽകി അണികളെ ഒന്നിച്ച് നിർത്തി വീണ്ടും അധികാരം നേടിയത് കർക്കശക്കാരനായ അദ്ദേഹത്തിന്റെ നേതൃഗുണത്താലാണ്. പിണറായിയെപ്പോലുള്ള സമുന്നത നേതാക്കൾ നിലമൊരുക്കി, വിത്തെറിഞ്ഞ്, കളപറിച്ച്, വളമിട്ട കൃഷിയിടത്തിലെ വിളവ് കൊയ്യാനെത്തിയ പല പുത്തൻകൂറ്റ് കമ്മ്യൂണിസ്റ്റുകാർക്കും ലാഭേച്ഛ മാത്രമേയുള്ളൂ. ഇവരുടെ തമ്പ്രാൻ മനോഭാവമാണ് ഇടതുമുന്നണിയെ തിരഞ്ഞെടുപ്പിൽ ഒന്നുമല്ലാതാക്കിയത്. ജനപ്രിയരല്ലാത്ത സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതും തിരിച്ചടിയുടെ ആക്കം കൂട്ടിയെന്നും ലേഖനത്തിൽ പറയുന്നു.
സിപിഐ സൃഷ്ടിച്ച പ്രശ്നങ്ങളും മുന്നണിയുടെ രണ്ടാം ഭരണകാലത്ത് സർക്കാരിന്റെ ശോഭ കെടുത്തിയിട്ടുണ്ടെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സർക്കാരിന്റെയും മുന്നണിയുടെയും കെട്ടുറപ്പിനെ ബാധിക്കുന്ന പ്രതിസന്ധികളും ഇവർ സൃഷ്ടിച്ചു. സി.പി.ഐ ഭരിച്ച വകുപ്പുകൾ പലപ്പോഴും അമ്പേ പരാജയമായി. സിവിൽ സപ്ളൈസ്, റവന്യൂ വകുപ്പുകളിൽ നവകമ്മ്യൂണിസ്റ്റുകാരുടെ അഴിമതി വാഴ്ചയായിരുന്നു. ഇവരും ഇപ്പോൾ പിണറായിയെ വിമർശിക്കുന്ന തിരക്കിലാണെന്നും ലേഖനത്തിൽ പറയുന്നു.
പാർട്ടിയാണ് ഓഫീസ് സ്റ്റാഫിനെ നിശ്ചയിക്കുന്നത്. വിവാദപുരുഷനായ പി.ശശിയുടെ നിയന്ത്രണത്തിലെ ഓഫീസ് പലപ്പോഴും ഉപജാപകസംഘത്തിന്റെ പിടിയിലായിരുന്നു. മുഖ്യമന്ത്രി അറിയാതെ പലവിധ ഇടപെടലുകളും മറ്റിടപാടുകളും ഈ സംഘം നടത്തിയിട്ടുണ്ട്. ഒരുഘട്ടത്തിൽ സെക്രട്ടറിയും കേരളത്തെ വിഴുങ്ങുന്ന പലിശരാജാക്കന്മാരിലെ പ്രമുഖനും ചേർന്ന് ഓഫീസ് ഭരിച്ചെന്നു പറഞ്ഞാലും തെറ്റാവില്ല. ഇവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതല നൽകിയത് വലിയ വീഴ്ചയാണ്.
എല്ലാ ദോഷങ്ങളും പിണറായിയുടെ തലയിൽ വച്ച് പാപികൾ പുണ്യാളവേഷം കെട്ടുകയാണിപ്പോൾ. ഈ ഉപജാപക സംഘം കേരളത്തിൽ സമാന്തര ഭരണകൂടമായി പ്രവർത്തിച്ചതിന്റെ കൂടി കേടാണ് ഇപ്പോൾ പിണറായി വിജയനും പാർട്ടിയും അനുഭവിക്കുന്നത്. സി.പി.എം നേതൃത്വം ആത്മപരിശോധനയും സ്വയം വിമർശനവും നടത്തേണ്ട സമയമാണിതെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.
Content Highlights: Vellappally Natesan argues that blaming Pinarayi Vijayan alone for election defeats is unjust., Claims party offices were dominated by brokers and merchants, alienating the public., Criticizes 'new-age' communists for prioritizing personal gain over party ideology., Highlights internal failures and the negative influence of the Chief Minister's office staff., Urges CPM leadership to conduct serious self-criticism.
Published: 02 Jun 2026, 01:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented