
ആലപ്പുഴ: മൈക്രോ ഫിനാൻസ് കേസിലും എസ്.എൻ.ഡി.പി യൂണിയൻ നേതാവ് കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും തനിക്കെതിരെ നീക്കങ്ങൾ നടത്തുന്നത് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം. സുധീരനാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
സുധീരൻ കഴിഞ്ഞ 30 വർഷമായി തന്നെ വേട്ടയാടുകയാണെന്നും പണ്ട് ആലപ്പുഴയിൽനിന്ന് സുധീരനെ രാഷ്ട്രീയമായി കെട്ടുകെട്ടിച്ചതിൽ തനിക്ക് പങ്കുള്ളതിന്റെ വിരോധമാണ് ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സുധീരൻ കട്ടപ്പുറത്തിരിക്കുന്ന വണ്ടിയാണ്. രാഷ്ട്രീയത്തിൽ എങ്ങും എത്താതെ വീലെല്ലാം പഞ്ചറായി ഓടാനും ഓടിക്കാനും കഴിയാതെ തുരുമ്പുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ് സുധീരനെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സുധീരൻ കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലത്ത് താൻ വർഗീയ പ്രസംഗം നടത്തിയെന്ന് എഴുതിക്കൊടുത്തതിനാലാണ് തനിക്കെതിരെ കേസ് എടുത്തത്. അക്കാരണം കൊണ്ടാണ് കോൺഗ്രസിന് പത്തുകൊല്ലം ഭരണത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ പ്രസംഗത്തിൽ വർഗീയതയില്ലെന്നും താൻ പറഞ്ഞതാണ് സത്യമെന്നും പിന്നീട് ഹൈക്കോടതിതന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ, കോൺഗ്രസിനെ ജയിപ്പിച്ചത് താനാണെന്ന ഭാവത്തിൽ വി.ഡി. സതീശന്റെ പുറകെ നടക്കുകയാണ് സുധീരനെന്നും വെള്ളാപ്പള്ളി പറഞ്ഞു. മഹേഷിന്റെ മരണവുമായി ബന്ധപ്പെട്ട്, ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറായ മഹേഷിന്റെ അനന്തരവനെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയത് സുധീരന്റെ പണിയാണെന്നും ചുണയുണ്ടെങ്കിൽ കുറ്റം തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താൻ മോഷണം നടത്തിയെന്ന് തെളിയിക്കാൻ ആർക്കും കഴിയില്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളതിനാലാണ് ആരുടെയും മുന്നിൽ വളയാതെ ധൈര്യമായി നിൽക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. മഹേഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും പോലീസിന്റെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചാൽ സത്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Vellappally Natesan labels VM Sudheeran as a politically defunct figure., Claims Sudheeran's actions are driven by a 30-year-old grudge from Alappuzha politics., Denies allegations regarding the SNDP microfinance case and Mahesh's death., Challenges political opponents to prove any wrongdoing against him., Criticizes Sudheeran's alleged influence over current opposition leaders.
Published: 21 Jun 2026, 08:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented