ആലപ്പുഴ: ആര്യാ രാജേന്ദ്രനെതിരേ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആളുകളോടുള്ള മോശം പെരുമാറ്റം തിരുവനന്തപുരം നഗരസഭ ഇടതുപക്ഷത്തിന് നഷ്ടപ്പെടുന്നതിന് കാരണമായി. അധികാരത്തിലിരിക്കുന്നവർക്ക വിനയമാണ് വേണ്ടത് എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

To advertise here,

വെള്ളാപ്പള്ളിയുടെ വാക്കുകൾ:

കല്യാണം കഴിച്ചിട്ടില്ല, വിദ്യാഭ്യാസം ഉണ്ട് എന്ന് പറഞ്ഞ് ആര്യാ രാജേന്ദ്രനെ എല്ലാവരും പൊക്കി. പുള്ളിക്കാരി വളരെ പൊങ്ങുകയും ചെയ്തു. ഈ പൊങ്ങച്ചത്തിന്റെ ദോഷം അവിടെ ഉണ്ടായി. ആളുകളോട് മോശം പെരുമാറ്റം. ഒരു വണ്ടി വന്നപ്പോൾ ഡ്രൈവറെ പിടിച്ചുനിർത്തി കേസെടുപ്പിച്ചേ? അധികാരത്തിന്റെ ധാർഷ്ട്യമല്ലേ? അധികാരത്തിലിരിക്കുന്നവർക്ക് വിനയമല്ലേ വേണ്ടത്?

വിനയം കാണിക്കാതെ ചെറുപ്പത്തിന്റെ ധാർഷ്ട്യവും അഹങ്കാരവും ചർച്ചാ വിഷയമായി. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇതൊരു കാരണമായി. പൊതുപ്രവർത്തനത്തിൽ ആര്യാ രാജേന്ദ്രന് പൊതുപ്രവർത്തകന്റെ പൊതുശൈലി ഉണ്ടായിട്ടില്ല. ഇനിയും വളയണം- വെള്ളാപ്പള്ളി പറഞ്ഞു.

ചെയ്ത നല്ല കാര്യങ്ങൾ താഴേത്തട്ടിലെത്തിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചില്ല. കൂടാതെ പെരുമാറ്റം കൂടി വിനയായി. താഴേത്തട്ടിലെ നേതാക്കൾ നന്നായി പെരുമാറിയാൽ ഇതിനേക്കാൾ മെച്ചമാകും. ചിലർക്ക് മസിൽ പിടിത്തവുമുണ്ട്. ഇത് പഴയ കാലമല്ല. ആളുകളോട് മാന്യമായും സ്നേഹത്തോടെയും പെരുമാറണം. അല്ലെങ്കിൽ മക്കൾ പോലും പോടാ അച്ഛാ എന്ന് പറയുന്ന കാലമാണ്. കഴിഞ്ഞ മന്ത്രിമാരേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാൻ ഇത്തവണ പല മന്ത്രിമാർക്കും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.