തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ പടിയിറങ്ങുമ്പോൾ 6,000 കോടിയോളം രൂപ ബാക്കിയുണ്ടെന്ന ഇടതുപക്ഷത്തിന്റെ അവകാശവാദത്തെ കണക്കുകൾ നിരത്തി നേരിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ ധവളപത്രം സമർപ്പിച്ച് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. പട്ടിക ജാതി-പട്ടികവർഗ വിദ്യാർഥികൾക്കടക്കം നൽകാനുള്ള കോടികൾ നൽകാതെ 6,000 കോടി രൂപ ബാക്കിവെച്ചെന്ന് ഒരു കഥയുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് സതീശൻ പറഞ്ഞു. 6,000 കോടി രൂപയുണ്ടെന്ന വാദം തെറ്റാണെന്നും എൽഡിഎഫ് സർക്കാർ പിടിയിറങ്ങുമ്പോൾ 2,212 കോടി രൂപ മാത്രമാണ് ബാക്കിയെന്നും കണക്കുകൾ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.

To advertise here,

ആളുകളെ കബളിപ്പിക്കുകയാണ് എൽഡിഎഫ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. '6,000 കോടിരൂപ ട്രഷറിയിൽ ബാക്കിവെച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവർ പ്രചാരണം നടത്തുന്നത്. ട്രഷറിയിൽ പലരീതിയിൽ പണം വരും. ഇവർ പടിയിറങ്ങുന്ന മെയ് 16-ന് രണ്ടായിരം കോടി രൂപ മാത്രമേ ട്രഷറിയിൽ ഉള്ളൂ. അതിന് ശേഷം ഗ്രാൻഡുകളും മറ്റുമായി പണം വന്നിട്ടുണ്ട്. ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്.' സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി സഭയിൽ ഒരു ഉദാഹരണവും ചൂണ്ടിക്കാട്ടി. നിയമസഭയിലെ ഒരു ജീനക്കാരന് ശന്പളം 50,000 രൂപയുണ്ടെന്ന് സങ്കൽപ്പിക്കുക. അയാൾക്ക് ശമ്പളം ലഭിച്ചു. അയാൾ പലചരക്ക് കടയിലും പാലിനും പത്രത്തിനും ഒക്കെയായി ഒരുപാട് പണം കൊടുക്കാനുണ്ട്. എന്നാൽ, ഇയാൾ ഇവർക്കൊന്നും പണംകൊടുക്കാതെ എന്റെ കൈയിൽ 50,000 രൂപ ബാക്കിയുണ്ടെന്ന് പറഞ്ഞ് നടക്കുകയാണ്. കടക്കാർ വാതിൽക്കൽ വന്നുനിൽക്കുമ്പോൾ വാതിലടച്ചിട്ട് എന്റെ കൈയിൽ പണമുണ്ടെന്ന് പറയുന്നു. ഇതാണ് അവസ്ഥയെന്നും സതീശൻ പറഞ്ഞു.

ഇടതുസർക്കാർ കൊടുക്കാനുള്ള തുകയും സതീശൻ നിരത്തി. 'നിങ്ങളുടെ കൈയിൽ 6,000 കോടി രൂപ ബാക്കി ഉണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് തദ്ദേശസ്ഥാപനങ്ങളുടെ മൂന്നാംഗഡു കൊടുത്തില്ല. 1982 കോടി രൂപയാണ് മൂന്നാം ഗഡു കൊടുക്കാനുള്ളത്. പട്ടികജാതി-പട്ടിക വർഗ വിദ്യാർഥികൾക്ക് 377 കോടി രൂപ കൊടുക്കാനുണ്ട്. സർക്കാർ ജീവനക്കാർക്ക് 21,000 കോടി രൂപയുടെ ഡിഎ കുടിശ്ശിക ബാക്കിവെച്ചാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്. പെൻഷൻകാർക്ക് 14,387 കോടിരൂപ കുടിശ്ശികയുണ്ട്. സപ്ലൈകോയ്ക്ക് 2,893 കോടി രൂപ നൽകാനുണ്ട്. വിലകയറ്റം നിലനിൽക്കുന്ന സംസ്ഥാനത്ത് അത് തടഞ്ഞുനിർത്തേണ്ട ഒരു ഏജൻസിയല്ലേ സപ്ലൈകോ. മെഡിക്കൽ സർവീസ് കോർപ്പറേഷന് കൊടുക്കാനുണ്ട് 476 കോടി രൂപ. ഇതുമൂലം മരുന്ന് വിതരണം മുടങ്ങി. 2,017 കോടിരൂപ കാരണ്യയിൽ കൊടുക്കാനുണ്ട്. എന്നിട്ട് 6,000 കോടി രൂപ ബാക്കിവെച്ചെന്ന് ഒരു കഥയുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക. കടക്കാർ വാതിൽക്കൽ വന്ന് നിൽക്കുകയാണ്. എന്നിട്ടാണ് പറയുന്നത് ഞങ്ങൾ പൈസ ബാക്കിവെച്ചിട്ടാണ് പോയിരിക്കുന്നതെന്ന് പറയുന്നത്', സതീശൻ പറഞ്ഞു.

ഒരു സർക്കാരും അഭിമുഖീകരിക്കാത്ത ഗുരുതരമായ പ്രശ്‌നമാണ് തങ്ങൾ നേരിടുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു. 'കെ.എൻ. ബാലഗോപാൽ അവസാനമായി അവതരിപ്പിച്ച ബജറ്റിൽ 35,000 കോടിരൂപയുടെ പദ്ധതിയാണ് ഉണ്ടായിരുന്നത്. എന്നാൽ, ഞങ്ങൾ അധികാരത്തിലെത്തി കണക്ക് പരിശോധിച്ചപ്പോൾ കഴിഞ്ഞ ബജറ്റിൽ 35,000 കോടിരൂപയുടെ പദ്ധതിയിൽ 20,000 കോടി രൂപ ഇല്ല. ഈ വർഷം ആദ്യം റവന്യൂ കമ്മി ഗ്രാൻഡ് കിട്ടുമെന്ന് കരുതിയാണ് ഇവർ പ്ലാൻ തയ്യാറാക്കിയത്. 16-ാം അത് ധനകാര്യ കമ്മിഷൻ ഗ്രാൻഡ് നിർത്തി. അങ്ങനെ കിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെങ്കിലും പ്ലാൻ തയ്യാറാക്കുമോ. 35,000 കോടി രൂപയിൽ 25,500 കോടി രൂപ ഇല്ല. അതാണ് ഞങ്ങൾ നേരിടുന്ന വെല്ലുവിളി', സതീശൻ പറഞ്ഞു.