കൊച്ചി: മതത്തിന്റെ ആചാരത്തിലേക്കും സംസ്‌കാരത്തിലേക്കും സാമൂഹികമായ സംവിധാനത്തിലേക്കും നുഴഞ്ഞുകയറാനുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് വഖഫ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വഖഫില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ളതായിരുന്നു ഭേദഗതികള്‍. അതിനെ മുനമ്പം വിഷയവുമായി കൂട്ടിക്കെട്ടാന്‍ ചില ശക്തികള്‍ ശ്രമിച്ചു. മുനമ്പം വിഷയവും വഖഫ് ഭേദഗതിയും തമ്മില്‍ ഒരു ബന്ധവുമില്ല. മുനമ്പത്തെ വിഷയം സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന വഖഫ് ബോര്‍ഡിനും പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ എന്നും സതീശൻ പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ മുസ്ലീം സംഘടനകളും ക്രൈസ്തവ സംഘടനകളും മുനമ്പത്തെ ജനങ്ങളെ അവിടെനിന്ന് ഇറക്കി വിടരുതെന്നും സ്ഥിരമായ ആവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അത് സംബന്ധിച്ച് ഒരു തര്‍ക്കവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മതസംഘടനകള്‍ക്കുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'മുനമ്പത്തിന്റെ മറവില്‍ വഖഫ് ബില്‍ പാസാക്കാന്‍ ശ്രമം നടത്തി. വഖഫ് ബില്‍ പാസാക്കിയതുകൊണ്ട് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കപ്പെടുമോ? തീരാന്‍ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല. എന്നിട്ടും ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്. രണ്ട് മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പ് രാഷ്ട്രീയം നടത്താനുള്ള ശ്രമമാണ് നടത്തുന്നത്', സതീശൻ പറഞ്ഞു.
'വഖഫ് ബില്‍ പാസായാല്‍ അതിന് പിന്നാലെ ചര്‍ച്ച് ബില്‍ വരുമെന്ന് അന്നേ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. മോദി സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിന്റെ വെബ് പോര്‍ട്ടലില്‍ ഇന്നലെ ഒരു ലേഖനം വന്നിട്ടുണ്ട്. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഭൂ ഉടമ കത്തോലിക്കാ സഭയാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഏഴ് കോടി ഹെക്ടര്‍, അതായത് 17.29 കോടി ഏക്കര്‍ സ്ഥലത്തിന്റെ ഉടമകളാണ് കത്തോലിക്കാ സഭ. അനധികൃതമായി ബ്രിട്ടീഷുകാരുടെ കാലത്ത് പാട്ടത്തിനെടുത്ത് കൈവശം വച്ചിരിക്കുന്ന ഈ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ആര്‍.എസ്.എസ് പറഞ്ഞിരിക്കുന്നത്. വഖഫ് ബില്‍ പാസാക്കിയ അതേദിവസമാണ് ആര്‍.എസ്.എസ് ഇതു പറഞ്ഞിരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ രത്‌നകിരീടവുമായി പോകുന്നതിന്റെയും ഈസ്റ്റര്‍ ദിനത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെയും രഹസ്യം മനസിലായല്ലോ', സതീശൻ പറഞ്ഞു.
'ജബല്‍പുരില്‍ തൃശൂര്‍ ജില്ലയിലെ വൈദികനായ ഫാ. ഡേവിസ് പൊലീസിന് മുന്നില്‍വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. വഖഫ് ബില്ലിന്റെ പേരില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോഴാണ് ഒഡീഷയില്‍ ഫാദര്‍ ജോഷി ജോര്‍ജ്ജ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പള്ളിയിലേക്ക് മുന്നൂറോളം പൊലീസ് കയറിവന്ന് അടി തുടങ്ങിയെന്നാണ് ഫാദര്‍ ജോഷി എന്നോട് പറഞ്ഞത്. സഹവികാരിയുടെ തോളെല്ല് ഒടിഞ്ഞു. ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തുടനീളം വ്യാപക അക്രമം നടത്തുന്നവരാണ് കേരളത്തില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാന്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് കഴിയുമെന്നാണ് വിശ്വാസം', വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Content Highlights: vd satheesan response waqf bill jabalpur issue
Published: 05 Apr 2025, 02:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented