ന്യൂഡല്‍ഹി: ഓര്‍ത്തോഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലുള്ള എല്ലാ പള്ളികളുടെയും വിശദാംശങ്ങള്‍ കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മലങ്കര സഭയുടെ കീഴിയിലുള്ള പള്ളി ഭരണത്തില്‍ തല്‍സ്ഥിതി തുടരാനും സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം ആവശ്യമായ സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായി ഇടപെടാം എന്നും സുപ്രീംകോടതി വ്യക്തമാക്കി.

To advertise here,

ഓര്‍ത്തോഡോക്‌സ്, യാക്കോബായ തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പതിനേഴാം തീയതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ പകര്‍പ്പ് ഇന്നാണ് പുറത്തുവന്നത്. സംസ്ഥാന സര്‍ക്കാരിനോട് അഞ്ച് വിഷയങ്ങളിലെ വിശദാംശങ്ങള്‍ കൈമാറാനാണ് ജസ്റ്റിസ് മാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

1. കേരളത്തിലെ ഓര്‍ത്തോഡോക്‌സ്, യാക്കോബായ വിശ്വാസികളുടെ എണ്ണം. പഞ്ചായത്ത് അടിസ്ഥാനത്തിലോ, സബ് ഡിവിഷന്‍ അടിസ്ഥാനത്തിലോ ആകണം ഇരുവിഭാഗത്തില്‍പെട്ട വിശ്വാസികളുടെയും എണ്ണം സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് കൈമാറേണ്ടത്.

2. സംസ്ഥാനത്തെ പള്ളികളുടെ കണക്ക്. വില്ലേജ് അടിസ്ഥാനത്തിലോ, സബ് ഡിവിഷന്‍ അടിസ്ഥാനത്തിലോ ഉള്ള കണക്കാണ് കൈമാറേണ്ടത്.

3. ഓരോ പള്ളിയുടെയും ഭരണം ആരാണ് നടത്തുന്നത് എന്ന് അറിയിക്കണം. അതായത് പള്ളി ഭരണം ഓര്‍ത്തോഡോക്‌സ് വിഭാഗത്തിനാണോ, യാക്കോബായ വിഭാഗത്തിനാണോ എന്ന കാര്യം അറിയിക്കണം.

4. തര്‍ക്കത്തിലുള്ള പള്ളികളുടെ വിശദാംശങ്ങള്‍

5. ഈ പള്ളി ഇടവക അംഗങ്ങളില്‍ ആരൊക്കെ, ഏത് വിഭാഗത്തില്‍ ആണെന്നതിന്റെ വിശദാംശങ്ങള്‍.

ഇടവക രജിസ്ട്രികള്‍ കൈമാറാന്‍ ഇരുവിഭാഗങ്ങള്‍ക്കും സുപ്രീംകോടതി അനുമതി നല്‍കി. കേസില്‍ ജനുവരി 29, 30 തീയതികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്.