
1989-ൽ കെ.എസ്.യു. പ്രസിഡന്റ് പദവിക്ക് തൊട്ടരികിലെത്തിയിട്ടും ദൗർഭാഗ്യകരമാംവിധം പുറന്തള്ളപ്പെട്ട ഒരു 24-കാരന്റെ നിരാശയിൽനിന്നുവേണം വി.ഡി. സതീശൻ എന്ന നിയുക്ത കേരള മുഖ്യമന്ത്രിയുടെ കഥ തുടങ്ങാൻ. അന്ന് ന്യായമായും സതീശനാണ് കെ.എസ്.യു. പ്രസിഡൻറ് ആവേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സതീശനെ സ്ഥാനാർഥിയാക്കിയതുമാണ്. എന്നാൽ, ഇപ്പോഴുമറിയാത്ത എന്തൊക്കെയോ കാരണങ്ങളുടെ പേരിൽ ആ വർഷം തിരഞ്ഞെടുപ്പ് നടന്നില്ല.
പിന്നീട് കെ.സി. വേണുഗോപാൽ വിദ്യാർഥിയായി തിരുവനന്തപുരത്തേക്ക് വന്നു. സതീശനെക്കാൾ സീനിയറും കെ.എസ്.യു. വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹമാണ് പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായത്. ഇപ്പോൾ തത്കാലം ഭാരവാഹിയായിരിക്ക്, അടുത്തതവണ നോക്കാം എന്നൊക്കെ എല്ലാവരും അന്ന് ആശ്വസിപ്പിച്ചു. പിന്നീട് ആറുമാസം കഴിഞ്ഞപ്പോൾ ഭാരവാഹി ലിസ്റ്റിലും പേരുണ്ടായിരുന്നില്ലെന്ന് സതീശൻ ഒരു ഓർമക്കുറിപ്പിൽ പറയുന്നുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദത്തിലേക്കും അത് ആവർത്തിക്കപ്പെട്ടു. കപ്പിനും ചുണ്ടിനുമിടയിൽ അത് നഷ്ടമായി.
2011-ൽ ഉമ്മൻ ചാണ്ടി സർക്കാർ രൂപവത്കരണ വേളയിലും കയ്‌പേറിയ മറ്റൊരനുഭവമുണ്ടായി. തോമസ് ഐസക്കിനെതിരായ സംവാദത്തിൽ മുന്നിട്ടുനിന്ന് മികച്ച വാഗ്മിയും പാർലമെന്റേറിയനുമായി തിളങ്ങി നിന്ന കാലം. സ്വാഭാവികമായും മന്ത്രിയാകേണ്ടതായിരുന്നു. അന്ന് ഉമ്മൻചാണ്ടി മന്ത്രിസഭ അധികാരമേൽക്കുമ്പോൾ കേരളം ഒന്നടങ്കം കരുതിയിരുന്നു, വി.ഡി. സതീശൻ എന്ന ചടുലനായ നേതാവ് മന്ത്രിയാകുമെന്ന്. പട്ടികയിൽ പേരുണ്ടായിരുന്നു, പ്രതീക്ഷകളുണ്ടായിരുന്നു. ഗ്രൂപ്പ് വീതംവെപ്പിൽ ഐ ഗ്രൂപ്പിന്റെ അക്കൗണ്ടിൽ സതീശന്റെ പേരുമുണ്ടായിരുന്നു. എന്നാൽ, ഗ്രൂപ്പ് സമവാക്യങ്ങളുടെയും സമുദായ താത്പര്യങ്ങളുടെയും പേരിൽ അവസാന നിമിഷം ആ പേര് വെട്ടിമാറ്റപ്പെട്ടു. അന്ന് സതീശനെ തഴയാൻ ചരടുവലിച്ചവരായിരുന്നു കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയുമെന്നാണ് അണിയറക്കഥകൾ. ഇന്ന് മുഖ്യമന്ത്രി എന്ന ഒന്നാം നമ്പർ പദവിയിലേക്ക് സതീശന് വഴിതെളിയുമ്പോൾ കടമ്പയായി മുന്നിലുണ്ടായിരുന്നതാകട്ടെ അതേ കെ.സിയും ചെന്നിത്തലയും. ഇത്തവണ ചരിത്രം തിരുത്തപ്പെട്ടു. ആ നിയോഗം സതീശനെ തേടിവരുമ്പോൾ പഴയ നഷ്ടങ്ങളുടെ കണക്കൊക്കെ പകരമാവുന്നു. കാലത്തിന്റെ കാവ്യനീതിയായിരിക്കാം.
2011-ൽ മറ്റ് പരിഗണനകൾ വന്ന് അട്ടിമറി സംഭവിച്ചപ്പോൾ പകരമായി മന്ത്രിസ്ഥാനം നൽകിയത് വി.എസ്. ശിവകുമാറിനായിരുന്നു. അതേ ശിവകുമാർ ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നു. ഇവരെയെല്ലാം സാക്ഷിനിർത്തി വി.ഡി. സതീശൻ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിപ്പട്ടത്തിലേക്ക് നടന്നു കയറുകയാണ്. ഇത് വ്യക്തിപരമായ ഒരു വിജയംമാത്രമല്ല, ടീം യുഡിഎഫിന്റെ അധ്വാനത്തിന്റെ പ്രതിഫലമാണെന്നാണ് അദ്ദേഹം ഇപ്പോഴും പറഞ്ഞുവയ്ക്കുന്നത്.
കഴിഞ്ഞ അഞ്ചുവർഷം കേരള നിയമസഭ കണ്ടത് വി.ഡി. സതീശൻ എന്ന പാർലമെന്റേറിയന്റെ വിശ്വരൂപമാണ്. വസ്തുതകൾ നിരത്തി സർക്കാരിനെ പ്രതിരോധത്തിലാക്കിയും ജനകീയ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പോരാടിയും അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചു. സീനിയോരിറ്റിയുടെ പേരിൽ രമേശ് ചെന്നിത്തലയും ഹൈക്കമാൻഡ് സ്വാധീനത്തിന്റെ പേരിൽ കെ.സി. വേണുഗോപാലും മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ചപ്പോഴും, സതീശനെ തുണച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനമികവാണ്. ഗ്രൂപ്പിന്റെ ബലമോ എംഎൽഎമാരുടെ കരുത്തോ ഇല്ലാതിരുന്നിട്ടും തുണച്ചത് കേരളത്തിന്റെ പൊതുവികാരവും.
നൂറിലധികം സീറ്റുകൾ യു.ഡി.എഫ്. നേടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതേ രീതിയിൽ സംഭവിച്ചു. ഒരു ഡസൻ മന്ത്രിമാർ പരാജയപ്പെടുമെന്ന് പറഞ്ഞതും കൃത്യമായി. ഗ്രൂപ്പ് കളികൾക്കും വെട്ടിനിരത്തലുകൾക്കും വഴങ്ങാത്ത, ജനങ്ങൾ ആഗ്രഹിച്ച ഒരു നേതാവെന്ന പരിവേഷത്തിൽ അദ്ദേഹം ഇനി കേരളത്തെ നയിക്കും.
Published: 14 May 2026, 02:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented