തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രിമാരും ചില ഭരണപക്ഷ എംഎല്‍എമാരും സഭ്യേതര പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈ പരാമര്‍ശങ്ങളെല്ലാം സ്പീക്കര്‍ കേട്ടുകൊണ്ടിരുന്നെന്നും അതിന് കുടപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ സഭ വിട്ടിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'സമാധാനപരമായ സമരമാണ് ഞങ്ങള്‍ നടത്തിയത്. പക്ഷേ, വിന്‍സെന്റ് എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞുവെച്ചു. അദ്ദേഹത്തിന് ശ്വാസതടസ്സമുണ്ടായി. സനീഷ്‌കുമാറിന് മുറിവേറ്റു. വാച്ച് ആന്‍ഡ് വാര്‍ഡിനെ നിര്‍ത്തിക്കൊണ്ടാണ് സഭ നടത്തിക്കൊണ്ടുപോകാന്‍ സ്പീക്കര്‍ ശ്രമിച്ചത്. മാത്രമല്ല, സഭ നടത്തിക്കൊണ്ടുപോകുന്ന സമയത്ത് മന്ത്രിമാരും ചില എംഎല്‍എമാരും സഭ്യേതരമായ ഒരുപാട് പരാമര്‍ശങ്ങള്‍ നടത്തി. ആ പരാമര്‍ശങ്ങള്‍ സ്പീക്കര്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു.
ഇന്നലെ ഗ്യാലറിയിലിരിക്കുന്ന കുട്ടികള്‍ ഈ സമരംചെയ്യുന്നത് കാണുന്നില്ലേ എന്ന് ചോദിച്ചയാളാണ് സ്പീക്കര്‍. ഇന്ന് സഭയില്‍ കേട്ടലാറയ്ക്കുന്ന വാക്കുകളാണുണ്ടായത്. പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ ഭിന്നശേഷിക്കാരെ അപമാനിച്ചുകൊണ്ടാണ് സംസാരിച്ചത്. രണ്ടുകൈയും ഇല്ലാത്ത ആളുകള്‍ വേണ്ടാത്തിടത്ത് ഉറുമ്പ് കയറിയാല്‍ എന്തുംചെയ്യുമെന്നാണ് എംഎല്‍എ പറഞ്ഞത്. അദ്ദേഹം വളരെ നിലവാരം കുറഞ്ഞ പരാമര്‍ശം നടത്തി.
മന്ത്രി ഗണേഷ്‌കുമാര്‍ കിട്ടിയ അവസരത്തില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ വിരോധം തീര്‍ത്തു. കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി പ്രസിഡന്റ് കൂടിയായ എം വിന്‍സെന്റിനെക്കുറിച്ച് വളരെ തെറ്റായ പരാമര്‍ശം നടത്തി. ഇതെല്ലാം സ്പീക്കര്‍ കേട്ടുകൊണ്ടിരുന്നു. സ്പീക്കര്‍ ഇതിനെല്ലാം കുടപിടിച്ചുകൊടുത്തു.
ഒരു സമരം നടത്തിയാല്‍, ആ സമരത്തിന്റെ ഭാഗമായി സമാധാനപരമായി പ്രതിഷേധം നടത്താറുണ്ട്. ഇത് നിയമസഭയില്‍ എല്ലാ മുന്നണികളും നടത്താറുണ്ട്. പുതിയതായി വന്ന ചില അംഗങ്ങള്‍, അവരില്‍ ചിലര്‍ മന്ത്രിമാരായി പോയി, ഇതെല്ലാം ആദ്യമായി നടക്കുന്നുവെന്നരീതിയില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുകയാണ്.
മന്ത്രി രാജേഷും മന്ത്രി രാജീവും തുടരെ തുടരെ പ്രതിപക്ഷത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നു. സഭ എങ്ങനെ അലങ്കോലമാക്കാമെന്നാണ് മന്ത്രി രാജേഷ് ആലോചിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പ്രകോപനമുണ്ടാക്കി. ഇന്ന് മന്ത്രിമാരാണ് പ്രകോപനം സൃഷ്ടിച്ചത്. ഞങ്ങള്‍ ഇതുകൊണ്ടൊന്നും തോറ്റുപോകുന്നവരല്ല', വി.ഡി. സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം കോടീശ്വരന് വിറ്റത് ചൂണ്ടിക്കാണിച്ച ഞങ്ങള്‍ വനവാസത്തിന് പോകണമെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. കോടീശ്വരന്റെ പേര് വെളിപ്പെടുത്തണമെന്നാണ് കടകംപള്ളിയോട് ആവശ്യപ്പെട്ടത്. ഇത് വിറ്റത് മുഴുവന്‍ സര്‍ക്കാരിനറിയാം. ശബരിമലയിലെ വാതിലുകൊണ്ടുപോയി, കട്ടിള കൊണ്ടുപോയി, ദ്വാരകപാലക ശില്പം കൊണ്ടുപോയി. വിഷയത്തില്‍ ഇന്ന് പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സമരമുണ്ട്. ഇതേ വിഷയത്തില്‍ 18-ാം തീയതി ചെങ്ങന്നൂരില്‍നിന്ന് പന്തളത്തേക്ക് യുഡിഎഫ് പദയാത്ര സംഘടിപ്പിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
Content Highlights: Opposition leader V.D. Satheesan accuses ministers and ruling MLAs of making unparliamentary remarks in the Kerala Assembly, with the Speaker allegedly condoning them.
Published: 09 Oct 2025, 11:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented