തൊടുപുഴ: വണ്ടിപ്പെരിയാര്‍ പീഡനകേസിലെ പെണ്‍കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എഫ്.ഐ.ആര്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ കുടുംബത്തിനുനേരെ നടന്നത് കരുതികൂട്ടിയുള്ള ആക്രമണമായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു കേസിലെ പ്രതിയായ പാല്‍രാജിന്റെ ലക്ഷ്യം. 

To advertise here,

ആദ്യം പ്രകോപനമുണ്ടാക്കിയത് പാല്‍രാജാണെന്നും കൈയ്യില്‍ കരുതിയ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും എഫ്.ഐ.ആറില്‍ പറയുന്നു. വധശ്രമം, ആയുധംകൊണ്ട് പരിക്കേല്‍പ്പിക്കല്‍ എന്നിവയടക്കമുള്ള കുറ്റങ്ങളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. വണ്ടിപ്പെരിയാര്‍ പീഡനകേസില്‍ പ്രത്യേക പോക്‌സോ കോടതി വെറുതേവിട്ട അര്‍ജുന്റെ അച്ഛന്റെ സഹോദരനാണ് പാല്‍രാജ്. 

എന്നാല്‍, സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നും സ്വയം പ്രതിരോധംമാത്രമാണ് നടത്തിയതെന്നുമാണ് പാല്‍രാജിന്റെ കുടുംബം അവകാശപ്പെടുന്നത്. കുട്ടിയുടെ അച്ഛന്‍ കാലിനും നെഞ്ചിനും പരിക്കേറ്റ് കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. 

ശനിയാഴ്ച രാവിലെ 11 മണിയോടെ പശുമലമൂട് ജങ്ഷനില്‍വെച്ച് കുട്ടിയുടെ പിതാവും മുത്തച്ഛനും ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് അക്രമമുണ്ടായത്.പീഡനക്കേസിലെ  പ്രതിയായിരുന്ന അര്‍ജുനെ വെറുതെവിട്ടുകൊണ്ടുള്ള കോടതിവിധി വന്നതുമുതല്‍ ഇരുവിഭാഗവുംതമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംസാരിച്ചിരുന്നു. കേസില്‍ അപ്പീല്‍പോകുന്നതും കക്ഷിച്ചേരുന്നതും സംബന്ധിച്ച നിയമനടപടികളിലേക്ക് കടക്കാനിരിക്കെയാണ് ആക്രമണം.